- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീരിലെ മുസ്ലിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അവകാശമുണ്ട്; കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന മുൻ നിലപാട് മാറ്റി താലിബാൻ; താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ചയ്ക്ക് ഇന്ത്യയും; ചൈനയെ മുഖ്യപങ്കാളിയാക്കി മുന്നോട്ടുള്ള പ്രയാണത്തിന് താലിബാൻ
ന്യൂഡൽഹി: കാശ്മീർ വിഷയത്തിലെ മുൻ നിലപട് മാറ്റി താലിബാൻ രംഗത്തുവന്നു. കാശ്മീരിലെ മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീദ് പറഞ്ഞത്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതിൽ ഇടപെടുന്നില്ല എന്നായിരുന്നു താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ നിലപാട് മാറ്റുന്ന തരത്തിലുള്ളതാണ് ഇപ്പോൾ വക്താവിന്റെ പരാമർശം.
മുസ്ലിം എന്ന നിലയിൽ ജമ്മു കശ്മീരിലെ മുസ്ലിങ്ങളുടെ വിഷയത്തിൽ തങ്ങൾക്ക് അവർക്കുവേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്നാണ് താലിബാൻ വക്താവ് പറഞ്ഞത്. ജമ്മു കശ്മീരിൽ മാത്രമല്ല, ലോകത്ത് എവിടെയുമുള്ള മുസ്ലിങ്ങളുടെ വിഷയത്തിൽ തങ്ങൾ അവർക്ക് വേണ്ടി നിലകൊള്ളും എന്നും സുഹൈൽ അഭിമുഖത്തിൽ പറഞ്ഞു.
അഭിമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. നേരത്തെ ഇന്ത്യയുടെ വിദേശകാര്യ വക്താവ് താലിബാൻ വക്താവുമായി ചർച്ചകൾ നടത്തിയിരുന്നു. പക്ഷെ കശ്മീർ വിഷയം ഉൾപ്പെടെയുള്ള വിഷയത്തിൽ എന്ത് ചർച്ചകളാണ് നടന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അഫ്ഗാൻ മണ്ണ് ഇന്ത്യയിലേക്കുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കരുതെന്ന് ചർച്ചകളിൽ താലിബാനോട് ആവശ്യപ്പെട്ടതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാൻ വക്താവിന്റെ കശ്മീർ പരാമർശം.
അതേസമയം താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ച നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി വീണ്ടും ചേരും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായിക്കാമെന്ന് ഖത്തർ പറഞ്ഞിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാന്റെ സർക്കാർ രൂപീകരണം ഉടൻ എന്ന റിപ്പോർട്ടുകൾക്കിടെ സുഹൃദ് രാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജനാധിപത്യ രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്ക്കുമെന്ന് ഇന്ത്യ സൂചിപ്പിച്ചിരുന്നു. എംബസി തുറക്കുന്നതിൽ തിടുക്കമില്ലെന്നും വിദേശകാര്യവൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയുമായി നടത്തിയ ചർച്ചയെക്കുറിച്ച് ഇതുവരെ താലിബാൻ പ്രതികരിച്ചിട്ടില്ല. അതിനിടെ, അഫ്ഗാനിസ്ഥാനിലെ എംബസി അടയ്ക്കില്ലെന്ന് ചൈന താലിബാനെ അറിയിച്ചു.
അതേസമയം, അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്വരയിൽ താലിബാനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം നടക്കുകയാണ്. പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തിയതായി വടക്കൻ സഖ്യം അവകാശപ്പെട്ടു. എത്രയും വേഗം കീഴടങ്ങണമെന്ന് പാഞ്ച്ഷിർ നേതാക്കൾക്ക് താലിബാൻ അന്ത്യശാസനം നൽകി. പാഞ്ച്ഷിറിന്റെ സുപ്രധാന ഭാഗങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു. പാഞ്ച്ഷിറിലേക്കുള്ള എല്ലാ വഴികളും അടച്ച താലിബാൻ വാർത്താവിനിമയ ബന്ധങ്ങൾ അടക്കം വിച്ഛേദിച്ചു. അതിനിടെ കാബൂളിൽ താലിബാന്റെ സർക്കാർ പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും. ഇറാൻ മാതൃകയിൽ പരമോന്നത മത നേതാവുള്ള ഭരണകൂടമാണ് താലിബാൻ പ്രഖ്യാപിക്കുക എന്നാണ് സൂചനകൾ. ഹിബത്തുല്ല അഖുൻസാദാ ആയിരിക്കും പരമോന്നത നേതാവ്.
അതേസമയം ചൈനയെ മുഖ്യപങ്കാളിയാക്കി മുന്നോട്ടു പോകാനാണ് താലിബാന്റെ നീക്കം. അമേരിക്കയ്ക്ക് മേൽ ചൈനയും അഫ്ഗാനിസ്ഥാനിലെ വികസന പ്രവർത്തനങ്ങൾക്ക് ചൈനയുടെ സഹായം ഉണ്ടാകുമെന്നും താലിബാൻ. അഫ്ഗാനിൽ ചൈനയ്ക്ക് എംബസിയുണ്ടാകും. അഫ്ഗാനിൽ ചൈന നിർമ്മാണപ്രവർത്തനങ്ങളും നടത്തുമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. താലിബാന്റെ ഖത്തർ പൊളിറ്റിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ സലാം ഹനാഫി ചൈനീസ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വു ജിയാങ്ഹോയുമായി ടെലഫോണിൽ ചർച്ച നടത്തിയാതും താലിബാൻ വക്താവ് ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി ബന്ധങ്ങളും ചർച്ചയായി.
കാബൂളിലെ എംബസി നിലനിർത്തുമെന്ന് ചൈനീസ് മന്ത്രി വു ജിയാങ്ഹോ ഉറപ്പു നൽകി. മുൻകാലങ്ങളിലേതുപോലെ കൂടുതൽ ഊഷ്മളമായ ബന്ധം തുടരും. കോവിഡിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിൽ ചികിൽസാ സഹായങ്ങളും നൽകുമെന്ന് ചൈനീസ് മന്ത്രി അറിയിച്ചു. മേഖലയുടെ സുരക്ഷയിലും വികസനത്തിലും അഫ്ഗാൻ തന്ത്രപ്രധാന റോൾ വഹിക്കുമെന്നും താലിബാൻ വക്താവ് പറഞ്ഞു. അതിനിടെ, അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമസേനാ താവളം പിടിച്ചെടുക്കാൻ ചൈന ശ്രമിക്കുന്നതായി മുൻ യുഎസ് നയതന്ത്ര പ്രതിനിധി നിക്കി ഹേലി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിലയുറപ്പിച്ച ശേഷം പാക്കിസ്ഥാനെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാൻ ചൈന പദ്ധതിയിടുന്നതായി ഹേലി മുന്നറിയിപ്പ് നൽകി. യുഎസ്, ചൈനയെ വീക്ഷിക്കേണ്ടത് ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
അഫ്ഗാനിലെ സൈന്യത്തിന്റെ പിന്മാറ്റം ഭീകരർ വിജയമായി കാണുകയും അവർ ലോകമെമ്പാടും പുതിയ റിക്രൂട്ട്മെന്റ് നടത്താനും സാധ്യതയുണ്ട്. അങ്ങനെയൊരു അവസ്ഥ വന്നാൽ, കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകും. അഫ്ഗാൻ തെരുവുകളിൽ ഭീകരരുടെ അഴിഞ്ഞാട്ടമാണ്. ജോ ബൈഡനു മേൽ യുഎസ് ജനതയ്ക്ക് ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടതായും നിക്കി ഹേലി പറഞ്ഞു.
മറുനാടന് ഡെസ്ക്