കണ്ണൂർ: തളിപ്പറമ്പിൽ സി.പി. എം വിഭാഗീയത പരസ്യപോരിലേക്ക് നീങ്ങുന്നു.തളിപ്പറമ്പ് നോർത്ത് ലോക്കൽകമ്മിറ്റിക്കെതിരെ തളിപ്പറമ്പ് നഗരത്തിൽ ശക്തിപ്രകടനം നടത്താനൊരുങ്ങുകയാണ് വിമതനേതാവ് കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന വിഭാഗം. പാർട്ടി നേതൃത്വത്തിനെതിരെ കനത്ത വെല്ലുവിളിയുയർത്തി സ്ത്രീകളടക്കമുള്ളവർ പാർട്ടി ഗ്രാമങ്ങളിൽ നിന്നും പ്രകടനത്തിനെത്തുമെന്നാണ് സൂചന.

രാത്രിയിലെ പ്രകടനമൊഴിവാക്കി പകൽ തന്നെ പ്രതിഷേധ പ്രകടനം നടത്താനാണ് വിമത വിഭാഗം ആലോചിക്കുന്നത്. ഇതിനായുള്ള അണിയറ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുകയാണ്.പാർട്ടി ഗ്രാമങ്ങളിൽ നിന്നും സമ്മേളനത്തെ തുടർന്നുണ്ടായ വെല്ലുവിളി സി.പി. എം നേതൃത്വത്തെ വെള്ളം കുടിപ്പിക്കുന്നുണ്ട്. താൽക്കാലികമായി വിമത വിഭാഗത്തിനെതിരെ നടപടിയെടുക്കേണ്ടെന്നു പാർട്ടി ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെങ്കിലും പേരാമ്പ്രയിലേതിനെക്കാൾ രൂക്ഷമായ സാഹചര്യമാണ് തളിപ്പറമ്പിലെതെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.

ഇതിനിടെ സി.പി. എം തളിപ്പറമ്പ് നോർത്ത്് ലോക്കൽ സമ്മേളനത്തിൽ മുൻ സിപിഐക്കാരനായ പുല്ലായിക്കൊടി ചന്ദ്രനെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചു മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ പാർട്ടി നേതൃത്വത്തിന് രാജിക്കത്തു നൽകിയത് സ്്ഥിതി വഷളാക്കിയിട്ടുണ്ട്. വിമത സി. പി. എം നേതാവ് കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവരാണ് രാജിക്കത്തു നൽകിയത്. മാന്ധം കുണ്ട് കിഴക്ക്, പടിഞ്ഞാറ് ബ്രാഞ്ച്് സെക്രട്ടറിമാരും പുളിപ്പറമ്പ് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിയുമാണ് കഴിഞ്ഞ ദിവസം രാജിക്കത്തു നൽകിയത്. എന്നാൽ ഈക്കാര്യം പാർട്ടി നേതൃത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അങ്ങനെയൊരു രാജിയുണ്ടായിട്ടില്ലെന്നാണ് പാർട്ടി നേതൃത്വം പുറമെയ്‌ക്കു പറയുന്നത്. രാജി നൽകിയതവരെ പിൻതിരിയിപ്പിക്കാനുള്ള അണിയറ നീക്കങ്ങൾ നേതൃത്വം നടത്തിവരികയാണെന്നാണ് സി.പി. എം കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.തളിപ്പറമ്പ് നോർത്ത് ലോക്കൽകമ്മിറ്റിയിലെ വിഭാഗീയ പ്രശ്നങ്ങൾ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നേതൃത്വം നടത്തുന്നത്. ഏരിയാ സമ്മേളനത്തിനു ശേഷം വിഷയം ചർച്ചചെയ്യാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പുല്ലായിക്കൊടി ചന്ദ്രനെ വീണ്ടും തെരഞ്ഞെടുത്ത വിഷയ നവംബർ 25ന് തളിപ്പറമ്പ് സൗത്തിലെ കൂവോട് എ.കെ.ജി സ്റ്റേഡിയത്തിൽ നടക്കുന്ന ഏരിയാ സമ്മേളനത്തിൽ ചൂടേറിയ ചർച്ചയ്ക്കിടയാക്കുമെന്നാണ് സൂചന.

തൽക്കാലം നേതൃത്വം വെടിനിർത്താൻ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രവർത്തകർ തമ്മിൽ ചേരിപ്പോരു രൂക്ഷമാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് സി.പി. ഐയിൽ നിന്നും പുറത്താക്കിയ നേതാവിനെ പാർട്ടി ചുമക്കേണ്ട കാര്യമില്ലെന്നാണ് പുല്ലായിക്കൊടി ചന്ദ്രനെ പേരെടുത്തു പറയാതെ വിമത വിഭാഗം വിമർശിക്കുന്നത്. എന്നാൽ നോർത്തിലെ കലാപംകീഴാറ്റൂർ ദേശീയ പാതാ വിരുദ്ധ സമരം പോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും പരിഹസിക്കുന്നു.പുല്ലായിക്കൊടിക്കെതിരെ സോഷ്യൽ മീഡിയയിൽ സി.പി. ഐ പ്രവർത്തകരും ഒളിഞ്ഞും തെളിഞ്ഞും വിമർശനമുന്നയിക്കുന്നുണ്ട്.

പാർട്ടി പ്രവർത്തകരെപ്പോലും നേരിട്ടറിയാത്തയാളെ ലോക്കൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തതിനെന്തിനാണെന്നാണ് പുല്ലായിക്കൊടിയെ എതിർക്കുന്നവർ സോഷ്യൽമീഡിയയിലൂടെ ചോദിക്കുന്നത്. മുൻതളിപ്പറമ്പ് നഗരസഭാ പ്രതിപക്ഷ നേതാവും ഏരിയാകമ്മിറ്റിയംഗവുമായ കോമത്ത് മുരളീധരനെ പാർട്ടി നേതൃത്വത്തിൽ നിന്നുമൊഴിവാക്കിയതോടെയാണ് തളിപ്പറമ്പ് നോർത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ബക്കളം പാർത്ഥാസ് കൺവെൻഷൻ സെന്റർ സംരഭകൻ പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്നത്തെ ആന്തൂർ നഗരസഭാ ചെയർപേഴ്സനും സി.പി. എം കേന്ദ്രകമ്മിറ്റിയംഗവുമായ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയ്ക്കെതിരെ നിലപാടു സ്വീകരിച്ചതോടെയാണ് ജനകീയ അംഗീകാരമുള്ള നേതാക്കളിലൊരാളായ കോമത്ത് മുരളീധരൻ സി.പി. എം നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയത്.

ഇതിനു ശേഷം പാർട്ടി വേദികളിൽ നിന്നും പടിപടിയായി മുരളീധരനെ തഴയാൻ തുടങ്ങുകയായിരുന്നു. തളിപ്പറമ്പ് നഗരത്തിലെ ആധാരമെഴുത്തു ജീവനക്കാരൻ കൂടിയായ കോമത്ത് മുരളീധരൻ അണികൾക്കു ഏറെ സ്വീകാര്യനായ നേതാവു കൂടിയാണ്. തളിപ്പറമ്പിൽ യു.ഡി. എഫ് ഉയർത്തുന്ന ഏതുതരം വെല്ലുവിളിയും നെഞ്ചുറപ്പോടെ നേരിടുന്ന നേതാവായാണ് അദ്ദേഹം പാർട്ടി പ്രവർത്തകർക്കിടെയിൽ വിശേഷിപ്പിക്കപ്പെടുന്നത്.

സി.പി. ഐയിൽ നിന്നും പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾക്കു പുറത്താക്കപ്പെട്ട പുല്ലായിക്കൊടി ചന്ദ്രനെ കോമത്തിനു പകരം പാർട്ടി നേതൃത്വം ഉയർത്തിക്കാട്ടാൻ തുടങ്ങിയതോടെയാണ് പാർട്ടിക്കുള്ളിൽ അതൃപ്തി പുകയാൻ തുടങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എം.വി ഗോവിന്ദനു പ്രതീക്ഷിച്ചത്രഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി നേതൃത്വത്തിന്റെ ചൂണ്ടുവിരൽ കോമത്തിനു നേരെ തിരിയുകയായിരുന്നു.

ഇതോടെയാണ് പാർട്ടി നേതൃത്വം നിലപാടു കൂടുതൽ കർക്കശമാക്കിയത്. എന്നാൽ തളിപ്പറമ്പ് നോർത്തിലെ ഭൂരിഭാഗം ബ്രാഞ്ചു സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റിയംഗങ്ങളും കോമത്തിനൊപ്പം അടിയുറച്ചു നിൽക്കുന്നവരാണ്. കഴിഞ്ഞ ലോക്കൽസമ്മേളനത്തിൽ പുല്ലായിക്കൊടിയെ അനുകൂലിക്കുന്നവരെ നേതൃത്വം തിരുകിക്കയറ്റുന്നുവെന്നാരോപിച്ചു കോമത്ത് മുരളീധരൻ സമ്മേളനം കഴിയുന്നതിനു മുൻപേ ഇറങ്ങിപ്പോയത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

ഇതോടെയാണ് തളിപ്പറമ്പിലെ വിഭാഗീയ പ്രശ്നങ്ങൾ സി.പി. എം പാർട്ടി ഇരുമ്പറ ഭേദിച്ചു പുറത്തു വന്നു തുടങ്ങിയത്. എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിച്ച എം.വി ഗോവിന്ദനു പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വോട്ടു ചോർന്നതോടെ വിമതവിഭാഗം സി.പി. എമ്മിന്റെ സംഘടനാസംവിധാനത്തെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തിയെന്ന പ്രചരണവുമുണ്ടായി. ഒഞ്ചിയത്തു ടി.പി ചന്ദ്രശേഖരൻ പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചതു തളിപ്പറമ്പിൽ ആവർത്തിക്കാതിരിക്കാൻ നയപരമായി വിഷയങ്ങൾ പരിഹരിക്കുകയെന്ന ലൈനാണ് ജില്ലാ നേതൃത്വം സ്വീ്കരിക്കുന്നത്.

എന്നാൽ കണ്ണൂർ ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനു ശേഷം പാർട്ടി അച്ചടക്കലംഘനം നടത്തിയവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.