ന്യൂഡൽഹി: കെ റെയിൽ പദ്ധതിയിൽ നിന്നും ഇനി പിന്നോട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു. കോൺഗ്രസ് എം പി ശശി തരൂർ പറഞ്ഞത് കേരളത്തിന്റെ പൊതുവികാരമാണെന്നും മറ്റ് കോൺഗ്രസ് നേതാക്കളെ പോലെ നിഷേധാത്മക സമീപനം തരൂരിന് ഇല്ലെന്നും കോടിയേരി പറയുന്നു. അങ്ങനെ സിപിഎമ്മുകാരുടെ ഹീറോയാകുകയാണ് തരൂർ. ആദ്യമായാണ് തരൂരിന്റെ വികസന അജണ്ടയെ സിപിഎം കൈയടിക്കുന്നത്. മുമ്പ് സ്ഥിതി ഇതല്ലായിരുന്നു.

കഴിഞ്ഞതൊന്നും തരൂർ മറന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇത്. ആദ്യമായി തിരുവനന്തപുരം എംപിയായി തരൂർ എത്തിയപ്പോൾ തിരുവനന്തപുരത്തെ അന്തർദ്ദേശിയ നിലവാരത്തിലേയ്ക്ക് ഉയർത്താൻ തരൂർ കൊണ്ടുവന്ന വികസനപദ്ധതികളെയൊക്കെ തുരങ്കം വച്ചതും അദ്ദേഹത്തെ അദാനിയുടെ ഏജന്റും സംഘിയുമാക്കി മുദ്രകുത്തിയതും സിപിഎമ്മായിരുന്നു. സുനന്ദ പുഷ്‌കർ കേസിൽ തരൂരിനെ കൊലപാതകിയും പെണ്ണുപിടിയനുമാക്കി പ്രചരണം നടത്താൻ മുന്നിൽ നിന്നതും സിപിഎം തന്നെ. തിവനന്തപുരം വിമാനത്താവളത്തിനെ അദാനിക്ക് കൈമാറുന്നതിനെ തരൂർ അനുകൂലിച്ചിരുന്നു. ഇതോടെ അദാനിയുടെ ഏജന്റ് എന്നായിരുന്നു സിപിഎമ്മുകാർ തരൂരിനെ വിശേഷിപ്പിച്ചിരുന്നത്.

ഇതെല്ലാം മറന്ന് കൂടെ നിൽക്കാൻ കഴിയില്ലെന്നും തന്റെ രാഷ്ട്രീയം വികസനമാണെന്നും അതിനപ്പുറമുള്ള മുതലെടുപ്പുകൾക്ക് ഒപ്പമുണ്ടാകില്ലെന്നുമുള്ള വ്യക്തമായ സന്ദേശമാണ് ഒറ്റവരി പോസ്റ്റിലൂടെ തരൂർ വ്യക്തമാക്കിയിരിക്കുന്നത്. തലസ്ഥാനനഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന തരൂരിന്റെ സ്വപ്നപദ്ധതിയായ ബാഴ്സലോണ ഇരട്ടനഗരപദ്ധതി ഈ മേഖലയിലെ വിദഗ്ദ്ധർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്. എന്നാൽ സിപിഎമ്മിന്റെയും അന്നത്തെ തിരുവനന്തപുരം കോർപ്പറേഷൻ മേയറായിരുന്ന ചന്ദ്രികയുടെയും പിടിവാശിയാണ് ആ പദ്ധതിയെ തകർത്തുകളഞ്ഞത്.

കോർപ്പറേഷനോട് ആലോചിക്കാതെ തരൂർ തന്റെ സ്വാധീനങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് കൊണ്ടുവരാൻ ശ്രമിച്ച ഇരട്ടനഗര പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നതായിരുന്നു കോർപ്പറേഷൻ ഭരിച്ചിരുന്ന സിപിഎം നിലപാട്. ആ സിപിഎമ്മാണ് ഇപ്പോൾ വികസനത്തിൽ രാഷ്ട്രീയം കാണരുതന്നെ തന്റെ നിലപാടിനൊപ്പം നിൽക്കുന്നതെന്ന ബോധ്യം തരൂരിനുണ്ട്. ബാഴ്‌സലോണ പദ്ധതി നശിപ്പിച്ചപ്പോൾ അതിന്റെ നഷ്ടം തിരുവനന്തപുരത്തുകാരനായി.

ഇന്നലെവരെ മുതലാളിത്ത സാമ്പത്തിക നയത്തിന്റെ വക്താവും വൈറ്റ് കോളർ പൊളിറ്റിഷ്യനെന്നും അധിക്ഷേപിച്ചിരുന്ന ശശി തരൂർ സിപിഎമ്മിന് ഇന്ന് പ്രിയപ്പെട്ടവനാണ്. കെ റെയിൽ അടക്കമുള്ള സിപിഎമ്മിന്റെ പുത്തൻ വികസന നയങ്ങളോട് പരസ്യപിന്തുണ പ്രഖ്യാപിച്ചതാണ് തരൂരിനെ സഖാക്കളുടെ സഖാവാക്കിയത്. തിരുവനന്തപുരം ലുലൂ മാൾ ഉത്ഘാടനവേദിയിൽ തരൂർ പിണറായി വിജയനെ പരസ്യമായി പ്രശംസിച്ചതും തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ വികസനത്തിൽ രാഷ്ട്രീയം കാണരുതെന്ന നിലയിൽ ഇട്ട പോസ്റ്റുകളും സിപിഎമ്മിനെ തരൂരിനോടടുപ്പിച്ചു.

ശശി തരൂരിനെ പരമാവധി പ്രോൽസാഹിപ്പിച്ച് കെ റെയിൽ വിഷയത്തിൽ പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ട് കോടിയേരി ബാലകൃഷ്ണനും ജോൺ ബ്രിട്ടാസും തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കെ റെയിൽ പദ്ധതിക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കോൺഗ്രസ് എംപി ശശി തരൂരിനെ വാനോളം പുകഴ്‌ത്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് രംഗത്തെത്തിയത്. കോൺഗ്രസിലെ മറ്റ് നേതക്കളെപ്പോലെ വികസനത്തിന്റെ കാര്യത്തിൽ തരൂരിന് നിഷേധാത്മക സമീപനമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തരൂർ പറഞ്ഞതാണ് കേരളത്തിന്റെ പൊതുവികാരമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

അതേസമയം വികസനത്തിന്റെ കാര്യത്തിൽ ശശി തരൂർ കൈക്കൊണ്ടിരിക്കുന്ന നിലപാട് ആശാവഹവും സ്വാഗതാർഹവുമാണെന്ന് പുകഴ്‌ത്തികൊണ്ട് ജോൺ ബ്രിട്ടാസും രംഗത്തെത്തി. കോൺഗ്രസിന് അദ്ദേഹത്തെ മാതൃകയാക്കാവുന്നതാണെന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു.

വിമാനത്താവളത്തിൽ തരൂരിനെ തിരുത്താൻ ശ്രമിച്ചതും കോടിയേരി

കെ റെയിലിൽ തരൂരിനെ കയ്യടിക്കുന്ന കോടിയേരിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ തരൂരിനെ വിമർശിച്ചതും. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാൻ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോവിഡ് കാലത്ത് നടന്ന അഴിമതിയാണിതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് കൂടി സഹകരിച്ചതോടെ ഇക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണ്. ശശി തരൂർ നിലപാട് മാറ്റി സംസ്ഥാന സർക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിൽ ഏറെ പ്രതീക്ഷയെന്ന് ശശി തരൂർ ആവർത്തിക്കുകയും ചെയ്തു. വിമാനത്താവളം പ്രഫഷനൽ ആകേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. പാർട്ടിയുടെ അഭിപ്രായത്തിൽനിന്ന് വ്യത്യസ്തമാണ് തന്റെ അഭിപ്രായം. ചർച്ചകൾ നടത്താതെയാണ് പാർട്ടി അഭിപ്രായ രൂപീകരണം നടത്തിയതെന്നും ശശി തരൂർ പറഞ്ഞിരുന്നു. 'വിമാനത്താവളം കൈമാറ്റം ചെയ്യുന്നതിന് എല്ലാവരും സഹകരിക്കണം. നമ്മുടെ തലസ്ഥാനത്ത് നല്ല ഒരു ആധുനിക വിമാനത്താവളം പ്രവർത്തിക്കുന്നത് കണ്ടാൽ, ഇനിയും കൂടുതൽ വിമാനങ്ങൾ വരാൻ ആരംഭിച്ചാൽ, ഇവിടുത്തെ കണക്ടിവിറ്റി കണ്ട് പുതിയ കമ്പനികൾ വരാൻ തുടങ്ങിയാൽ എല്ലാവർക്കും അത് ഗുണം ചെയ്യും' ഇതായിരുന്നു തരൂരിന്റെ നിലപാട്.