ബാംബൂബോയ്സ് എന്ന മലയാള സിനിമയിൽ, പുറംലോകം കണ്ടിട്ടില്ലാത്ത കുറേ ആദിവാസികൾ ഒരു നഗരത്തിൽ എത്തിയപ്പോഴുള്ള പൊല്ലാപ്പുകൾ ചിത്രീകരിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണവും ഏതാണ്ട് അതേ രീതിയിലാണ്. തോക്കുമായി കാബൂൾ പിടിച്ചടക്കിയ താലിബാനികൾ പാർക്കിലെ കറങ്ങുന്ന കസേരകളിൽ അത്ഭുദത്തോടെ വട്ടം കറങ്ങുന്നും, പാർലിമെന്റിലൊക്കെ കയറി ഓടിക്കളിക്കുന്നതും ഒക്കെ കണ്ടപ്പോൾ, പലപ്പോഴും മനസ്സിൽ തോന്നിയത് ബാംബൂബോയ്സ് എന്ന സിനിമ തന്നെയാണ്! ദീർഘകാലം ഒളിപ്പോർ യുദ്ധത്തിലായിരുന്ന താലിബാനികളിൽ പലർക്കും പുറംലോകത്തെക്കുറിച്ച് പരിമിതമായ ധാരണകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഭ്രാന്തന്മാർക്ക് അധികാരം കൊടുക്കുന്നതിന് സമാനമാണ് താലിബാൻ ഭരണമെന്ന്, ലൂയി ഫിഷർ എന്ന വാഷ്ങ്ടൺ പോസ്റ്റിന്റെ ലേഖകൻ എഴുതിയിരുന്നു. പക്ഷേ അതിന് അയാളെ ഇസ്ലാമോഫോബ് ആക്കുകയാണ്, ലിബറൽ ഡെമോക്രാറ്റുകൾവരെ ചെയ്തത്. എന്നാൽ ഈ വാദങ്ങൾ ശരിയാണെന്നാണ് അഫ്ഗാനിലെ പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.

ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന യാതൊരു കാര്യവും താലിബാന് അറിയില്ലെന്ന്, അഫ്ഗാൻ സംബന്ധിച്ച ഏറ്റവും കൂടുതൽ വാർത്തകൾ പുറത്തുവിട്ട ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാൻ കറൻസിയുടെ മൂല്യവും കുത്തനെ ഇടിഞ്ഞുവരികയാണ്. ദാരിദ്രം സഹിക്കവയ്യാതെ പത്തുവയസ്സുള്ള പെൺകുട്ടികളെപ്പോലും വിവാഹ ചന്തയിൽ വിൽക്കേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്. മനുഷ്യക്കടത്ത് മാഫിയയും അവയവ മാഫിയയും രാജ്യത്ത് പിടിമറുക്കി കഴിഞ്ഞു. എന്തിന് മാഫിയകളെ കുറ്റം പറയണം. വരുമാന മാർഗത്തിന് ഒരു രാഷ്ട്രം നേരിട്ട് ഹെറോയിൻ കടത്തിന് നേതൃത്വം കൊടുക്കയാണ്!

അക്കൗണ്ട് മാറിപ്പോയി നഷ്ടമായത് കോടികൾ

കോടികളുടെ തുകയൊക്കെ ട്രാൻസ്ഫർ ചെയ്യുമ്പോൾ സ്വന്തം അക്കൗണ്ട് പോലും വെരിഫൈ ചെയ്യാൻ കഴിയാത്തവരെ നാം എന്താണ് വിളിക്കുക. അതാണ് കഴിഞ്ഞ മാസം അഫ്ഗാനിൽ നടന്നത്. അയൽരാജ്യമായ തജകിസ്ഥാനിൽ അയാർഥികളായി കഴിയുന്ന സ്ത്രീകളുടെയും കുട്ടികളുടെ ആവശ്യത്തിന്, മുൻ പ്രസിഡന്റ് ഗനി, ഒരു ഫണ്ട് ഉണ്ടാക്കിയിരുന്നു. താലിബാൻ അധികാരത്തിൽ കയറിയതോടെ സ്വാഭാവികമായും ഈ തീരുമാനം റദ്ദാക്കി. തുടർന്ന് ഈ ഫണ്ട് ട്രാൻസ്ഫർ ചെയ്യേണ്ടത് അഫ്ഗാൻ ട്രഷറി അക്കൗണ്ടിലേക്കാണ്. അതിന് പകരം തജകിസ്ഥാനിലെ അഫ്ഗാൻ എംബസിയുടെ അക്കൗണ്ടിലേക്കാണ് താലിബാന്റെ വിശ്വസ്തരായ 'അക്കൗണ്ടന്റുമാർ' തുക മാറ്റിയത്. ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ എകദേശം ആറുകോടി രൂപയാണ് ഇങ്ങനെ പോയത്.

തജകിസ്ഥാനിലെ അഫ്ഗാൻ എംബസി താലിബാനെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, താലിബാന്റെ ശത്രുക്കളായിരുന്ന പഞ്ച്ശീർ സഖ്യവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. താലിബാൻ അക്കൗണ്ട് മാറി ഇട്ട കോടികൾ തിരിച്ച് കൊടുക്കില്ലെന്നാണ് തജകിസ്ഥാൻ എംബസിയുടെ നിലപാട്. ഇതിന് തജകിസ്ഥാനും ഔദ്യോഗികമായി പിന്തുണച്ചതോടെ തുക പോയമട്ടാണ്. സംഭവം രാജ്യാന്തരമാധ്യമങ്ങളിൽ വാർത്തയായതോടെ താലിബാന് തീർത്താൻ തീരാത്ത നാണക്കേടുമായി. ഒരു ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ പോലും അറിയാത്തവർ എങ്ങനെയാണ് ഒരു രാജ്യം ഭരിക്കുക എന്ന ചോദ്യമാണ് ഇതോടൊപ്പം ഉയരുന്നത്.

തികച്ചും ദരിദ്രമായ ഒരു ജനതയെയാണ് താലിബാൻ കീഴടക്കിയത്. സാമ്പത്തികമായി ഒരു അടിത്തറയുമില്ലാതെ രാജ്യം. രാജ്യത്തെ റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം പോലും ഉപയോഗിക്കാൻ താലിബാന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അവർക്ക് അത് അറിയുകയുമില്ല. താലിബാൻ കാബൂൾ കീഴടക്കിയ വേളയിൽ രാജ്യം വിട്ടപ്പോൾ, പ്രസിഡന്റിന്റെ വസതിയിലുണ്ടായിരുന്ന കോടിക്കണക്കിന് ഡോളറുമായാണ് മുൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത്. തകർന്ന സമ്പദ് വ്യവസ്ഥയ്ക്കൊപ്പം, അന്താരാഷ്ട്ര സമൂഹം അഫ്ഗാനിസ്ഥാന്റെ വിദേശത്തുള്ള സ്വത്തുക്കൾ മരവിപ്പിക്കുകയും ഫണ്ടിങ് നിർത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ രാജ്യം കടുത്ത സാമ്പത്തിക കുഴപ്പങ്ങളിലേക്കാണ് നീങ്ങുന്നത്.

ഒന്നാം താലിബാന്റെ കാലത്ത് പാക്കിസ്ഥാന്റെ പരോക്ഷമായ പിന്തുണ അവർക്കുണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങൾ അടക്കം ശരിയാക്കിയത് പാക് പിന്തുണയോടെയാണ്. ഇത്തവണ പാക്കിസ്ഥാൻ താലിബാനെ അത്ര കണ്ട് പിന്തുണക്കുന്നില്ല. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നത് പുലിപ്പുറത്തുള്ള യാത്രയാണെന്ന മുൻകാല അനുഭവം ഇംറാൻഖാന്റെ മുന്നിലുണ്ട്. പകരം തുർക്കിയുടെ സപ്പോർട്ടാണ് അവർ തേടുന്നത്. ആഗോള ഇസ്ലാമിക തീവ്രാവാദത്തിന്റെ പ്രഭവകേന്ദ്രമായി ഇപ്പോൾ മാറുന്നത് തുർക്കിയാണ്.

ഗനി ഗവൺമെന്റിന്റെ കാലത്ത് സർക്കാറിനെ നയിച്ച മികച്ച ഉദ്യോഗസ്ഥർ ഇപ്പോഴും അവിടെയുണ്ട്. അതിൽ ചിലർ താലിബാനെ പേടിച്ച് നാടുവിട്ടു. ബാക്കിയുള്ളവർ നിരാശയിലുമാണ്. കാരണം കേന്ദ്ര - സംസ്ഥാന സർക്കാറിന്റെ കീഴിൽ ജോലി ചെയ്യുന്നവർക്ക് മാസങ്ങളായി ശമ്പളമില്ല. ജനങ്ങളിൽ ഭൂരിഭാഗവും പോഷകാഹാരക്കുറവ് മൂലം അങ്ങേയറ്റം ദുർബലരാണ്. രാജ്യത്തെ കുട്ടികളിൽ ഭൂരിഭാഗവും കടുത്ത പട്ടിണിയിലൂടെയാണ് കടന്ന് പോകുന്നത്. പകുതിയിലധികം ജനങ്ങളും രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ പറയുന്നു. അഫ്ഗാൻ കറൻസിയുടെ വിലയും കുത്തനെ ഇടയുകയാണ്. ഈ രീതിയിൽ പോവുകയാണെങ്കിൽ വലിയ തകർച്ചയിലേക്കാണ് ഒരു കാലത്ത് പ്രതാപികളായ ഈ രാജ്യം നീങ്ങുകയെന്നും വിലയിരുത്തലുണ്ട്.

കുട്ടികളെ വിറ്റ് ജീവിക്കുന്ന അഫ്ഗാനികൾ

അഫ്ഗാനിസ്ഥാൻ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ, ക്ഷാമം നേരിടുന്നതിനായി ജനങ്ങൾ കുട്ടികളെ വിൽക്കുന്നതായാണ് പുതിയ റിപ്പോർട്ട്.'ഈ രാജ്യത്ത് അനുദിനം സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് കുട്ടികൾ കഷ്ടപ്പെടുന്നു.' വേൾഡ് വിഷന്റെ ദേശീയ ഡയറക്ടർ അസുന്ത ചാൾസ് പറയുന്നു.

അഫ്ഗാനിസ്ഥാനിലെ എയ്ഡ് ഓർഗനൈസേഷൻ, പടിഞ്ഞാറൻ നഗരമായ ഹെറാത്തിന് സമീപം കുടിയിറക്കപ്പെട്ട ആളുകൾക്കായി ഒരു ഹെൽത്ത് ക്ലിനിക് നടത്തുന്നുണ്ട്. അവിടുത്തെ സോഷ്യൽ വർക്കറായ സയിദ് ആബിദ് ഇങ്ങനെ പറയുന്നു. 'കുടുംബാംഗങ്ങളെ പോറ്റാനായി കുടുംബത്തിലെ ഒരു കുട്ടിയെ വിൽക്കാൻ വരെ ആളുകൾ തയ്യാറാകുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു.' പ്രായം കുറഞ്ഞ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്നത് ഈ മേഖലയിൽ സാധാരണമാണ്. കരാർ ഒപ്പിടാൻ വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് പണം നൽകണം. പണം നേരത്തെ നൽകിയാലും പെൺകുട്ടി ഏകദേശം 15 വയസ്സ് തികയുന്നത് വരെ അവളുടെ മാതാപിതാക്കളോടൊപ്പമായിരിക്കും താമസിക്കുക. എന്നാൽ, പലർക്കും പ്രാഥമിക ഭക്ഷണം പോലും വാങ്ങാൻ കഴിയാത്തതിനാൽ, വളരെ ചെറിയ പെൺകുട്ടികളെ പോലും കൊണ്ട് പോകാൻ വരന്റെ വീട്ടുകാരെ പലരും അനുവദിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇവിടെ അടിമപ്പണിയും ലൈംഗിക ചൂഷണവുമാണ് പെൺകുട്ടികളെ കാത്തിരിക്കുന്നത്.

ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്ന അഫ്ഗാനിലെ മറ്റുചില കാഴ്ചകൾ ഇങ്ങനെയാണ്. അസീസ് ഗുലിൻ എന്നയാൾ തന്റെ 10 വയസ്സുകാരിയായ മകളെ ഭാര്യയോട് പറയാതെ വിവാഹ മാർക്കറ്റിൽ വിറ്റു. അഞ്ച് കുട്ടികളുള്ള തന്റെ കുടുംബത്തെ പോറ്റാനായി അദ്ദേഹം മകളെ വിറ്റ് കാശ് വാങ്ങി. അതല്ലെങ്കിൽ ഏഴ് പേരടങ്ങുന്ന ആ കുടുംബത്തിലെ എല്ലാവരും പട്ടിണി കിടന്ന് മരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു. ബാക്കിയുള്ളവരെ രക്ഷിക്കാൻ അയാൾക്ക് കുടുംബത്തിലെ ഒരു കുട്ടിയെ വിൽക്കുകയെ നിവർത്തിയുണ്ടായിരുന്നുള്ളൂ. നാല് മക്കളുടെ പിതാവായ ഹമീദ് അബ്ദുള്ളയും തന്റെ പെൺമക്കളെ നിശ്ചയിച്ചുറപ്പിച്ച് തുകയ്ക്ക് വിവാഹ കമ്പോളത്തിൽ വിൽക്കുകയായിരുന്നു.തന്റെ അഞ്ചാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന ഭാര്യയെ ചികിത്സിക്കാൻ പണമില്ലെന്നതായിരുന്നു ഹമീദ് അബ്ദുള്ളയുടെ പ്രശ്നം. മൂന്ന് വർഷം മുമ്പ് പണം വാങ്ങി പറഞ്ഞുറപ്പിച്ച മൂത്ത മകളെ അയാൾ ഈ വർഷമാണ് ഭർത്താവിന്റെ വീട്ടുകാർക്ക് വിട്ടുകൊടുത്തത്.

എന്നാൽ, ഇപ്പോൾ അയാൾക്ക് വീണ്ടും പണത്തിന് ആവശ്യമുണ്ട്. അതിനാൽ തന്റെ ആറ് വയസ്സുള്ള നാസിയയെ ഏകദേശം 20,000-30,000 അഫ്ഗാനിക്ക് വിലയുറപ്പിക്കാൻ അയാൾ തയ്യാറാണ്. 'ഞങ്ങൾക്ക് കഴിക്കാൻ ഭക്ഷണമില്ല. ഡോക്ടർക്ക് നൽകാനുള്ള പണമില്ല. തങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു' -അയാൾ പറയുന്നു.

എന്നാൽ, ഇത് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്ന് ഭാര്യ ബിബി ജാൻ പറഞ്ഞു. 'ഞങ്ങൾ തീരുമാനമെടുത്തപ്പോൾ, ആരോ എന്നിൽ നിന്ന് ശരീരത്തിന്റെ ഒരു ഭാഗം എടുത്തത് പോലെയായിരുന്നു അത്.'- ബദ്ഗിസ് പ്രവിശ്യയിൽ, കുടിയിറക്കപ്പെട്ട മറ്റൊരു കുടുംബം അവരുടെ മകൻ 8 വയസ്സുള്ള സലാഹുദ്ദീനെ വിൽക്കാൻ ആലോചിക്കുന്നു. അവന്റെ അമ്മ ഗുൽദാസ്ത പറയുന്നത്, 'മറ്റുള്ളവർക്ക് ഭക്ഷണം കൊണ്ടുവരാനായി, സലാഹുദ്ദീനെ ബസാറിൽ കൊണ്ടുപോയി വിൽക്കാൻ ഞാൻ ഭർത്താവിനോട് പറഞ്ഞു. കഴിക്കാൻ ഒന്നുമില്ലാതെയാകുമ്പോൾ മറ്റെന്ത് ചെയ്യാനാണ്. എന്റെ മകനെ വിൽക്കാൻ എനിക്ക് താൽപ്പര്യമില്ല, പക്ഷേ എനിക്ക് ഇത് ചെയ്തേ പറ്റു. ഒരു അമ്മയ്ക്കും തന്റെ കുട്ടിയോട് ഇത് ചെയ്യാൻ കഴിയില്ല, പക്ഷേ നിങ്ങൾക്ക് മറ്റ് വഴികളൊന്നുമില്ലെങ്കിൽ, നിങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി നിങ്ങൾ തീരുമാനമെടുക്കണം.'- സലാഹുദ്ദീൻ മറയുന്നത് വരെ ആ 35കാരിയായ അമ്മ അവനെ നിശബ്ദമായി നോക്കി. ദിവസങ്ങളായി തന്റെ കുട്ടികൾ പട്ടിണി മൂലം കരയുകയായിരുന്നെന്ന് പിതാവ് ഷാക്കിർ പറയുന്നു. ഒരു കുട്ടിക്ക് വില ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം അഫ്ഗാനി രൂപ വരെ കിട്ടുമെന്നാണ് ടോളോ ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്.

ക്ഷാമം നേരിടാൻ അവയവങ്ങളും വിൽക്കുന്നു

അഫ്ഗാനിസ്ഥാനിൽ 5 വയസ്സിന് താഴെയുള്ള 3.2 ദശലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അഭിമുഖീകരിക്കുന്നതായി യുഎൻ പറയുന്നു. മിസ്. വേൾഡ് വിഷന്റെ അഫ്ഗാനിസ്ഥാന്റെ ദേശീയ ഡയറക്ടർ ചാൾസ് പറയുന്നു. ''അഫ്ഗാന് അന്താരാഷ്ട്രാ സഹായം അത്യന്തം ആവശ്യമാണ്. സഹായ വാഗ്ദാനത്തിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ വാഗ്ദാനങ്ങൾ വാഗ്ദാനങ്ങളായി തുടരരുത്, അവ ഭൂമിയിലെ യാഥാർത്ഥ്യമായി കാണേണ്ടതുണ്ട്.'-അദ്ദേഹം കൂട്ടിചേർക്കുന്നു.

2022 മാർച്ച് വരെ ഭക്ഷ്യ പ്രതിസന്ധി നീളുമെന്നാണ് കണക്കുകൂട്ടൽ. അതിനാലാണ് വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സഹായം അഫ്ഗാന് അടിയന്തരമായി ലഭിക്കേണ്ടതിനായി യു.എൻ ഇടപെടുന്നത്.തകർച്ചയിൽ നിന്ന് കരകയറാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കിൽ രാജ്യത്ത് കുട്ടികളടക്കം ലക്ഷക്കണക്കിന് പേർ പട്ടിണി കിടന്ന് മരിക്കുമെന്ന് നേരത്തെ തന്നെ ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

ഇപ്പോൾ അഫ്ഗാനികൾ അവയവങ്ങൾ വിൽക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കയാണ്. വൃക്കക്ക് ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം (22,0000) രൂപവരെ കിട്ടുമെന്നാണ് റിപ്പോർട്ട്. അഫ്ഗാനിലെ ബാൽക് പ്രവിശ്യയിലെ ക്യാമ്പുകളിൽ താമസിക്കുന്നവരാണ് പണത്തിന് കുഞ്ഞുങ്ങളെ വിൽക്കുന്നതിനൊപ്പം തങ്ങളുടെ അവയവങ്ങളും വിൽക്കുന്നത്. വൃക്കകളാണ് വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ കുട്ടികളെയും അവയവങ്ങളും വിൽപന നടത്തുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കാൻ ചാരിറ്റി കമ്മിറ്റികൾ ഇവർക്ക് സഹായമെത്തിക്കുന്നുണ്ട്.

പട്ടിണിയും കോവിഡ് മൂലമുള്ള പ്രശ്‌നങ്ങളും മറ്റ് സാമ്പത്തിക ബാധ്യതകളും കാരണമാണ് ഇങ്ങനെ വിൽപന നടത്തേണ്ടി വരുന്നതെന്നാണ് ബാൽക് പ്രവിശ്യയിലെ കുടുംബങ്ങൾ പ്രതികരിച്ചത്.കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ഫോറം ഫോർ റൈറ്റ്സ് ആൻഡ് സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോർട്ടിലും അഫ്ഗാനിലെ അവയവ വിൽപ്പന സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നിട്ടും ഒട്ടും മാറാതെ താലിബാൻ

രാജ്യം പട്ടിണിയിലേക്ക് നീങ്ങുമ്പോഴും ഒട്ടും മാറാൻ തയ്യാറാവാത്ത സമീപനമാണ് താലിബാൻ സ്വീകരിക്കുന്നത്. 20 വർഷം മുമ്പ് അഫ്ഗാൻ ഭരിച്ചപ്പോൾ ഒന്നാം തീവ്രവാദ താലിബാൻ സർക്കാർ മുന്നോട്ട് വച്ച നയങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ തയ്യാറല്ലെന്നായിരുന്നു ലോക രാഷ്ട്രങ്ങളുടെ നിലപാട്. എന്നാൽ, 'പഴയ താലിബാനല്ല പുതിയ താലിബാനെ'ന്ന് രണ്ടാം താലിബാൻ സർക്കാർ നിരന്തരം അവകാശപ്പടുന്നുണ്ടെങ്കിലും സ്ത്രീ സ്വാതന്ത്രത്തിലും സംഗീതം പോലുള്ള കലകളുടെ കാര്യത്തിലും താലിബാന് പഴയ നിയമങ്ങളിൽ നിന്ന് വലിയ വ്യതിചലനമുണ്ടായിട്ടില്ലെന്നാണ് അവരുടെ പല പുതിയ തീരുമാനങ്ങളും കാണിക്കുന്നത്.

മതവ്യാഖ്യാനം നടപ്പാക്കുക എന്നതിലപ്പുറത്തേക്ക് ഭരണപരമായ ഒരു തീരുമാനവും എടുക്കാൻ കഴിയാത്ത അശക്തമായ ഒരു ഭരണകൂടമായി താലിബാന്റെ രണ്ടാം അഫ്ഗാൻ സർക്കാർ മാറിയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നിരന്തരമായ ആഭ്യന്തരയുദ്ധവും തൊട്ട് പുറകെയെത്തിയ കടുത്ത വരൾച്ചയും കോവിഡ് രോഗാണുവിന്റെ വ്യാപനവും രാജ്യത്തെ ഇതുവരെ കണ്ടിട്ടില്ലാത്തത്രയും വലിയൊരു തകർച്ചയിലേക്കാണ് എത്തിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിട്ട് താലിബാൻ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ മിനിസ്ട്രി ഓഫ് പീസ്, മിനിസ്ട്രി ഓഫ് പാർലമെന്ററി അഫയേഴ്‌സ്, സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന മിനിസ്ട്രി ഓഫ് വിമൻ അഫയേഴ്‌സ് എന്നിവയും താലിബാൻ സർക്കാർ ഈയാഴ്ച പിരിച്ചുവിട്ടിട്ടുണ്ടെന്ന് സർക്കാർ വക്താവ് വ്യക്തമാക്കിയിരുന്നു.

എന്നാൽ പീഡനത്തിന് യാതൊരു കുറവുമില്ല. സ്ത്രീകളെ പർദക്കുള്ളിലാക്കി വീട്ടിൽ തളച്ചിടുക എന്ന പഴയ നയം തന്നെയാണ് ഇത്തവണയും താലിബാനികൾ ആവർത്തിക്കുന്നത്. സ്ത്രീകൾ അഭിനയിക്കുന്ന സീരിസുകളും മറ്റ് പരിപാടികളും അഫ്ഗാനിലെ ചാനലുകളിൽ സംപ്രേഷണം ചെയ്യരുതെന്ന് കുറച്ച് മുമ്പ് താലിബാൻ പറഞ്ഞിരുന്നു. വനിതാ മാധ്യമപ്രവർത്തകരോട് ടി.വിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ഹിജാബ് ധരിക്കണമെന്നും സർക്കാർ പറഞ്ഞിരുന്നു.ചെറിയ ദൂരപരിധിക്കപ്പുറം യാത്ര ചെയ്യുന്ന സ്ത്രീകളെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷൻ കൂടെയില്ലാത്ത പക്ഷം യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തിൽ കയറാൻ അനുവദിച്ചാൽ മതിയെന്നും താലിബാൻ ഉത്തരവിട്ടിരുന്നു.

സംഗീതവും താലിബാൻ വിലക്കിയിരിക്കയാണ്. വാഹനങ്ങളിൽ പാട്ട് വെക്കുന്നതും വിവാഹച്ചടങ്ങുകളിലെ തത്സമയ സംഗീത പരിപാടികളും താലിബാൻ നിരോധിച്ചിരുന്നു. കലാകാരന്റെ മുന്നിൽ വെച്ച് അയാളുടെ സംഗീതോപകരണത്തിന് തീയിട്ട് താലിബാന്റെ നടപടി കഴിഞ്ഞ ആഴ്ചയിലും രാജ്യാന്തര മാധ്യമങ്ങളിൽ വലില വാർത്ത ആയിരുന്നു. അഫ്ഗാനിലെ പക്ഷ്യ പ്രവിശ്യയിലായിരുന്നു സംഭവം.

സംഭവത്തിന്റെ വീഡിയോ അഫ്ഗാനി മാധ്യമപ്രവർത്തകനായ അബ്ദുൽഹഖ് ഒമേരി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.ദൃശ്യത്തിൽ തന്റെ സംഗീതോപകരണം കത്തിക്കുന്നത് കണ്ട് മ്യുസിഷൻ കരയുന്നതും തോക്കേന്തിയ ഒരാൾ ഇയാളെ നോക്കി ചിരിക്കുന്നതും വ്യക്തമാണ്. ചിരിച്ചുകൊണ്ട് മറ്റൊരാൾ ഈ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതും അന്താരാഷ്ട്ര തലത്തിൽവരെ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.

അവശേഷിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് കൊടിയ പീഡനം

ഒരു കാലത്ത് അഫ്ഗാനിസ്ഥാനിലെ നിർണ്ണായക സാമ്പത്തിക ശക്തിയായിരുന്നു ഹിന്ദുക്കളും സിഖുകാരും. എൺപതുകളിൽ ഏതാണ്ട് 2.50 ലക്ഷത്തോളം ഹിന്ദു -സിഖ് ന്യൂനപക്ഷങ്ങൾ ഈ രാജ്യത്ത് ഉണ്ടായിരുന്നു. കാബൂൾ, കാണ്ഡഹാർ, നാഗ്രഹാർ, ഹേർമന്ദ് തുടങ്ങി ഇറാൻ അതിർത്തി വരെയുള്ള പ്രവിശ്യകളിൽ ഇവർ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. കച്ചവടത്തിൽ മുന്നിൽ നിന്നിരുന്ന സിഖുകാരുടേയും, ഹിന്ദുക്കളുടേയും നല്ല കാലം അസ്തമിച്ചത് 90കളോടെയാണ്. താലിബാന്റെ വരവോടെ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി തുടങ്ങി. സിഖ്- ഹിന്ദു കൂട്ടക്കൊലയും ക്രൂരമായ ആക്രമണങ്ങളും പതിവായി. ഇതോടെ 15000 ത്തോളം പേർ മാത്രമായി ന്യൂനപക്ഷ ജനസംഖ്യ കുറഞ്ഞു.

കച്ചവടത്തിലും, ട്രക്ക് - പെട്രോൾ വ്യാപാരത്തിലും മുൻപന്തിയിലായിരുന്ന സിഖുകാരെ താലിബാൻ പ്രത്യേകമായി നോട്ടമിട്ടു. സിഖുകാർ മഞ്ഞ തലപ്പാവണിഞ്ഞ് മുസ്ലിങ്ങളിൽ നിന്ന് വ്യത്യസ്ഥരാകണമെന്ന വ്യവസ്ഥയും താലിബാൻ മുന്നോട്ടുവച്ചു. റിപ്പോർട്ടേഴ്സ് ബയോണ്ട് ബോർഡേഴസ് എന്ന സംഘടനയും ബി.ബി.സിയുമൊക്കെ ഇത് പലതവണ ചൂണ്ടിക്കാട്ടിയതാണ്. ഐക്യരാഷ്ട്ര സഭയുടെ റഫ്യൂജി കമ്മീഷന്റെ റിപ്പോർട്ട് വായിച്ചാൽ സത്യത്തിൽ ആരും പേടിച്ചുപോവും. കാരണം സമാനതകളില്ലാത്ത ക്രൂരയാണ് താലിബാൻ ഈ രാജ്യങ്ങളിൽ ന്യുനപക്ഷങ്ങളോട് നടത്തിയത്.

ന്യൂനപക്ഷങ്ങളുടെ ഭൂമിയും, വസ്തുക്കളും കൊള്ളയടിക്കുന്നത് ഒന്നാം താലിബാൻ ഭരണകാലത്ത് പതിവായിരുന്നു. ഹിന്ദു - സിഖ് കുട്ടികൾക്ക് വിദ്യഭ്യാസം പോലും നൽകാൻ കഴിയുന്നില്ല . സ്‌കൂളുകളിൽ ക്രൂരമായ പീഡനങ്ങൾ മൂലം പലരും കുട്ടികളെ ഡൽഹിയിലും ,പഞ്ചാബിലുമാണ് പഠിപ്പിക്കുന്നത്. ഡ്രൈ ഫ്രൂട്ട് കച്ചവടത്തിന്റെ കുത്തകയുണ്ടായിരുന്ന സിഖുകാരെ തളർത്താൻ ആസൂത്രിത ശ്രമങ്ങളാണ് നടന്നത്. സമുദായ നേതാക്കളേയും പുരുഷന്മാരെയും കൊല ചെയ്യാൻ പ്രത്യേക സംഘങ്ങൾ തന്നെയുണ്ട്. അനാഥരാക്കിയതിനു ശേഷം സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ പതിവായപ്പോൾ ബഹുഭൂരിപക്ഷം പേരും അഭയാർത്ഥികളായി ഇന്ത്യയിലേക്കും മറ്റും ഓടിപ്പോയി തുടങ്ങി.

മരിച്ച ശേഷം ശവശരീരം ദഹിപ്പിക്കാൻ അനുവദിക്കാത്ത സാഹചര്യം അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പ്രാർത്ഥനകൾ ഉറുദുവിൽ ചൊല്ലണമെന്ന നിബന്ധനയും നിലനിൽക്കുന്നു. സംസ്‌കൃതവും ഹിന്ദിയും അടക്കമുള്ള ഒരു ഭാഷയും ആരാധനാലയങ്ങിൽപോലും അനുവദിക്കില്ല. മത വിശ്വാസങ്ങളിൽ കർക്കശ നിയന്ത്രണങ്ങളുണ്ട്. പത്ത് ആരാധനാലയങ്ങൾ മാത്രമാണ് അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും സ്വന്തമായുള്ളത്.മത പീഡനം സഹിക്കാൻ വയ്യാതെ മിക്കവരും പലായനം ചെയ്തു തുടങ്ങിയതോടെ അമ്പലങ്ങളും ഗുരുദ്വാരകളും നശിച്ചു തുടങ്ങി.

കാബൂൾ, ജലാലാബാദ്, ഗസ്നി, കാണ്ഡഹാർ മേഖലകളിൽ മാത്രമാണ് ഇപ്പോൾ ഹിന്ദു - സിഖ് ന്യൂനപക്ഷമുള്ളത്. അവശേഷിക്കുന്നവർ ഇന്ത്യയിൽ അഭയാർത്ഥികളായി കഴിയുകയാണ്. വർക്ക് പൗരത്വം കൊടുക്കുന്ന നിയമ ഭേദഗതിക്കെതിരെയാണ് കേരളം ഉൾപ്പെടുന്ന ഇടങ്ങളിൽ സമരം അരങ്ങേറിയത് എന്നതും വല്ലാത്ത വിരോധാഭാസമാണ്.

ഒരു രാഷ്ട്രം നേരിട്ട് കഞ്ചാവ് കൃഷിയിലേക്ക്

താലിബാൻ വന്നതോടെ രാജ്യത്തിന്റെ ടൂറിസവും, വ്യവസായവും, വാണിജ്യവുമല്ലൊം ആകെ നശിച്ച മട്ടാണ്. ഇനി രാജ്യത്തെ വികസിപ്പിക്കാനുള്ള അധിക വരുമാനം താലിബാൻ എവിടെനിന്നാണ് ലക്ഷ്യമിടുന്നത് എന്ന് അറിയുമോ. അത് മയക്കമരുന്ന്കടത്തിലൂടെയൊണ്. കേരളത്തിന് ബിവറേജ് കോർപ്പറേഷൻ പോലെയാണ് താലിബാന് ഹെറോയിൻ കടത്ത്.

മലയാളത്തിൽ കറുപ്പ് എന്നും ഇംഗ്ലീഷിൽ ഓപ്പിയം എന്നും ഉർദുവിൽ അഫീം എന്നും പറയുന്ന വസ്തു, കുപ്രസിദ്ധമായ ഒരു ലഹരി പദാർത്ഥമാണ്. ഇതേ ചെടിയിൽ നിന്നാണ് നമ്മൾ പാചകത്തിനുപയോഗിക്കുന്ന കസ്‌കസ് എന്നുപറയുന്ന സാധനം കിട്ടുന്നത്. ഈ ചെടിയുടെ വിത്താണ് കസ്‌കസ്. ഇതേ ചെടിയുടെ പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നില്ക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്ന് ശേഖരിക്കുന്ന കറയിൽ നിന്നാണ് കറുപ്പ് എന്ന ലഹരി വേർതിരിച്ചെടുക്കുന്നത്. ഈ ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വാറ്റിയെടുക്കയാണ് ഇന്ന് താലിബാന്റെ പ്രധാന വരുമാന മാർഗം.

ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാൻ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ട് കണ്ടെത്തുന്നത്. അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഹെറോയിൽവാറ്റ് കുടിൽ വ്യവസായം പോലെ ആയിരിക്കയാണ്. എന്നാൽ ഹറാം ആയതുകൊണ്ട് താലിബാൻ ഇതൊന്നും ഉപയോഗിക്കില്ല. വിദേശരാജ്യങ്ങളിലേക്ക് മയക്കുമരുന്ന് മാഫിയ വഴി കടത്തുകയാണ് ചെയ്യുക.

മുമ്പായിരുന്നെങ്കിൽ ഈ വസ്തുക്കളുടെ കടത്ത് കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. കാരണം വലിയ ബാരലുകളിൽ നിറച്ച് ദ്രാവകരൂപത്തിലായിരുന്നു ഓപ്പിയം സിറപ്പ് കടത്തിയിരുന്നത്. എന്നാൽ, കാലം മാറി. താലിബാനികളും അതിനൊത്ത് മാറി. ഇങ്ങനെ മറ്റുരാജ്യങ്ങൾക്ക് ഓപ്പിയം സിറപ്പ് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്നതിൽ ലാഭം കുറവാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു. ഒപ്പം അതിലുള്ള റിസ്‌കും. ഇപ്പോൾ, ഓപ്പിയം സിറപ്പിനെ പ്രോസസ് ചെയ്ത്, അതിൽ നിന്ന് ഹെറോയിൻ എന്ന വിലപിടിപ്പുള്ള മയക്കുമരുന്ന് നിർമ്മിക്കാനുള്ള ഫോർമുല താലിബാൻ തീവ്രവാദികൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതോടെ കയറ്റുമതി ചെയ്തിരുന്ന അസംസ്‌കൃത ഓപ്പിയത്തിന്റെ അളവ് പാതിയായി കുറഞ്ഞു. ഒന്നുകിൽ മോർഫിൻ അല്ലെങ്കിൽ ഹെറോയിൻ ആക്കി അതിനെ മാറ്റി കുറേക്കൂടി എളുപ്പത്തിലാണ് ഇന്ന് താലിബാനികൾ ഇത് ലോകമാർക്കറ്റിൽ വിൽക്കുന്നത്.

ഇന്ന പോപ്പി വിത്തുകൾ താലിബാൻ നേരിട്ട് വിതരണം ചെയ്ത് പലേടത്തും കൃഷി നടക്കയാണ്.ഒരു രാജ്യം നേരിട്ട് കഞ്ചാവ് കൃഷി പ്രോൽസാഹിപ്പിക്കുന്നത് ചരിത്രത്തിൽ ആദ്യമാവും! കാനഡയിലെ തെരുവുകളിലെത്തുന്ന ഹെറോയിന്റെ 90 ശതമാനവും, ബ്രിട്ടന്റെ തെരുവുകളെ അക്രമാസക്തമാക്കുന്ന ഹെറോയിന്റെ 85 ശതമാനവും പുറപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ താലിബാനി ഹെറോയിൻ ലാബുകളിൽ നിന്നാണ് കണക്കുകൾ. ഭീകരതയുടെ വിത്തിനൊപ്പം ലഹരിയുടെ വിത്തുകളും അങ്ങനെ ലോകമാസകലം എത്തിക്കയാണ് താലിബാൻ.

വാൽക്കഷ്ണം: അതായത് സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കുക. മയക്കുമരുന്നിലൂടെയും ഭീകരവാദത്തിലുടെയും മറ്റ് രാജ്യങ്ങളുടെയും സ്വസ്ഥത തകർക്കുക. ഇതാണ് താലിബാൻ ചെയ്യുന്നത്.ഇസ്ലാമിക രാജ്യം വേണമെന്ന് വാദിക്കുന്ന കേരള 'സ്വത്വഷുഡുക്കൾ' ഒക്കെ താലിബാന്റെ അനുഭവം മറന്നുപോകരുത്.

റഫറൻസ് വാർത്താ ലിങ്കുകൾ:

https://www.newsdirectory3.com/one-and-a-half-lakh-for-a-child-two-lakh-for-a-kidney-the-afghan-people-sell-everything-they-have-to-starve/

https://tolonews.com/afghanistan-176323

https://twitter.com/AbdulhaqOmeri/status/1482222803906617347