- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യം പിന്തുണച്ചപ്പോൾ രാജിവച്ചു: രണ്ടാമത് തെരഞ്ഞെടുപ്പ് നടന്നപ്പോൾ വീണ്ടും പിന്തുണ: ഇക്കുറി രാജിയില്ല: തിരുവൻവണ്ടൂർ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയിൽ സിപിഎം ഭരണം പിടിച്ചു: ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് ഭരണം പോകാൻ കാരണമായത് ഗ്രൂപ്പിസം
ചെങ്ങന്നൂർ: ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത തിരുവൻവണ്ടൂർ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ സിപിഎം ഭരണം പിടിച്ചു. പ്രസിഡന്റായി ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റായി ബീന ബിജുവും തെരഞ്ഞെടുക്കപ്പെട്ടു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ ഇരുവരും പ്രസിഡന്റും വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് കോൺഗ്രസ് പിന്തുണ വേണ്ടെന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യാതെ രാജി വച്ചവരാണ് ഇപ്പോൾ വീണ്ടും ആ പിന്തുണ സ്വീകരിച്ച് അധികാരത്തിൽ എത്തിയിരിക്കുന്നത്.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് ഭരണം പിടിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ, ഗ്രൂപ്പിസം കാരണം നടക്കാതെ പോയി.13 അംഗ പഞ്ചായത്തിൽ ബിജെപി-അഞ്ച്, കോൺഗ്രസ്-മൂന്ന്, സിപിഎം-നാല്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രാംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
പ്രസിഡന്റും വൈസ് പ്രസിഡന്റും സത്യപ്രതിജ്ഞ ചെയ്യാതെ രാജി വച്ചതിന് ശേഷം ഭരണം പിടിക്കാൻ ബിജെപി നീക്കം നടത്തിയിരുന്നു. ഏഴാം വാർഡിൽ നിന്ന് വിജയിച്ച മനു തെക്കേടത്തിനെ പ്രസിഡന്റാക്കിയാൽ എതിർക്കില്ലെന്ന് എൽഡിഎഫും യുഡിഎഫും അറിയിച്ചിരുന്നുവത്രേ. എന്നാൽ, ബിജെപി-ആർഎസ്എസ് നേതൃത്വങ്ങൾക്ക് മനു പ്രസിഡന്റാകുന്നത് താൽപര്യമില്ലായിരുന്നു.
മൂന്നാം തവണയാണ് മനു പഞ്ചായത്തംഗമാകുന്നത്. ജനകീയ നേതാവെന്ന് അറിയപ്പെടുന്ന മനുവിനെ വെട്ടാൻ സജു ഇടയ്ക്കലിന് പ്രസിഡന്റ് സ്ഥാനം നൽകാനായിരുന്നു നേതൃത്വത്തിന് താൽപര്യം. ഈ നീക്കത്തോട് എൽഡിഎഫും യുഡിഎഫും പ്രതികരിച്ചില്ല. കഴിഞ്ഞ തവണ എട്ടാം വാർഡിൽ നിന്നാണ് മനു വിജയിച്ചത്. ഇക്കുറി അത് വനിതാ സംവരണമായതിനാൽ മനു ഏഴാം വാർഡിലേക്ക് മാറ്റി. എട്ടിൽ തന്റെ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുകയും ചെയ്തു. ഈ സ്ഥാനാർത്ഥി വിജയിച്ചാൽ മനുവിന് പിന്തുണ കൂടുമെന്ന് കണ്ട് അവരെ ബിജെപി കാലുവാരിയെന്ന ആരോപണം ശക്തമാണ്.
4,12,13 വാർഡുകളിലും കാലുവാരൽ നടന്നതു കാരണം ബിജെപിക്ക് തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ ആറു സീറ്റുണ്ടായിരുന്ന ബിജെപി ഇക്കുറി അഞ്ച് സീറ്റിലേക്ക് ചുരുങ്ങി. ആറാം വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്രാംഗത്തെ ബിജെപി പിന്തുണച്ചിരുന്നു. ഇയാൾക്ക് വേണ്ടി ഇവിടെ ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിക്കുകയും ചെയ്തു. ഇയാൾ വിജയിച്ചതിന് ശേഷം ഒരാൾക്കും സപ്പോർട്ട് നൽകാതെ മാറി നിൽക്കുകയും ചെയ്തു. കിട്ടുമായിരുന്ന ഭരണം നഷ്ടമാക്കിയത് ആർഎസ്എസിന്റെ പിടിവാശിയാണെന്നാണ് സാധാരണ പ്രവർത്തകരുടെ ആരോപണം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്