തിരുവനന്തപുരം: രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണത്തിലെത്തുമ്പോഴും തമിഴ്‌നാട് ബിജെപിക്ക് ഇപ്പോഴും ബാലികേറമലയാണ്. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിൽ ഭരണം പിടിക്കാൻ തമിഴ്‌നാടിനെ കേന്ദ്രം വിഭജിക്കാനൊരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ സജീവമായത്. വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി തോമസ് ഐസക്.സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് പോലും കലാപം സൃഷ്ടിക്കുവാനുള്ള ബിജെപിയുടെ ശ്രമമാണ് നീക്കത്തിന് പിന്നിലെന്ന് തോമസ് ഐസക് വിമർശിച്ചു.ഇതോടെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കേന്ദ്രസർക്കാറിന്റെ കൈയിൽ ഭദ്രമല്ലെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്. പ്രതിഷേധം വ്യാപകമാകുമ്പോഴും കേന്ദ്രസർക്കാർ തുടരുന്ന മൗനം ദുരുഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് രാജ്യത്തിനാകെയുള്ള മുന്നറിയിപ്പാണ്.ഈ നീക്കത്തിന് അനുകൂലവും പ്രതികൂലവുമായി ഉയരുന്ന അഭിപ്രായങ്ങൾ നാട്ടിൽ നിലനിൽക്കുന്ന ശാന്തമായ സാമൂഹ്യാന്തരീക്ഷമാണ് ആത്യന്തികമായി തകർക്കുക. ഇതു തന്നെയാണ് ബിജെപിയുടെ ലക്ഷ്യവും.ബിജെപി തമിഴ്‌നാട് ഘടകം മുൻപ്രസിഡന്റായ എൽ മുരുകൻ കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. അദ്ദേഹത്തെ കൊംഗനാടിന്റെ പ്രതിനിധിയായാണ് കേന്ദ്രസർക്കാർ വിശേഷിപ്പിച്ചത്. നാമക്കൽ ആണ് ഇദ്ദേഹത്തിന്റെ സ്വദേശം.തൊട്ടുപിന്നാലെ കൊംഗനാട് രൂപീകരണം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ടുമായി ഒരു പ്രാദേശിക പത്രം രംഗത്തിറങ്ങി. ഈ ആവശ്യത്തിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ രംഗത്തിറങ്ങിയത് ബിജെപി അനുഭാവികളായിരുന്നു. അതോടെയാണ് തമിഴ്‌നാട്ടിലെ സജീവമായ രാഷ്ട്രീയപ്രശ്‌നമായി ഇക്കാര്യം മാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൊംഗനാടിന് അനുകൂലവും പ്രതികൂലവുമായി തമിഴ്ജനത ചേരി തിരിയുന്നതിൽ നിന്ന് രാഷ്ട്രീയനേട്ടം കൊയ്യാനാണ് പുതിയ ശ്രമം.എഐഡിഎംകെയുമായി സഖ്യമുണ്ടാക്കിയിട്ടുപോലും സംസ്ഥാനത്ത് കേവലം രണ്ടു ശതമാനം മാത്രമാണ് ബിജെപിയുടെ ശക്തിയെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലും തെളിഞ്ഞതാണ്. ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കേണ്ട നീക്കമാണിത്. ഇടതുപാർട്ടികളും ഡിഎംകെയും ഈ നീക്കത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്.

വിഭജനരാഷ്ട്രീയത്തിലൂടെ ജനപിന്തുണ ആർജിക്കാനുള്ള ബിജെപിയുടെ കുറുക്കുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്തുകയേയുഉള്ളൂ. ഭാഷാ സംസ്ഥാനങ്ങളെ വിഭജിച്ച് ച്ഛിന്നഭിന്നമാക്കൽ ദേശീയപ്രശ്‌നത്തോടുള്ള ഭരണഘടനാ സമീപനത്തെ അട്ടിമറിക്കുന്നതാണ്. ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയനായിട്ടാണ് ഭരണഘടന നിർവ്വചിക്കുന്നത്. ഇന്നിപ്പോൾ തങ്ങളുടെ തന്നിഷ്ടപ്രകാരം ഏതു സംസ്ഥാനത്തെയും വെട്ടിമുറിക്കുന്നതിനും സംസ്ഥാന പദവിതന്നെ കളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കുന്നതിനും തങ്ങൾക്ക് അധികാരമുണ്ടെന്ന ഹുങ്കാണ് ബിജെപി കേന്ദ്രസർക്കാരിനുള്ളതെന്നം അദ്ദേഹം കുറ്റപ്പടുത്തി.

കശ്മീരിൽ ഇതു നടപ്പാക്കി. ഇത് ഇനി മറ്റു പ്രദേശങ്ങളിലും ആവർത്തിക്കാനാണ് ഉദ്ദേശമെന്നു തോന്നുന്നു. തികച്ചും ദുരുപദിഷ്ഠിതവും രാഷ്ട്രീയലക്ഷ്യംവച്ചുകൊണ്ടുമുള്ള നീക്കമാണ് തമിഴ്‌നാട്ടിൽ ബിജെപി സ്വീകരിച്ചിട്ടുള്ളത്. ബംഗാൾ വിഭജനത്തിൽ ബ്രട്ടീഷുകാർ നേരിടേണ്ടി വന്നതിനേക്കാൾ വലിയ പ്രതിഷേധമായിരിക്കും തമിഴ്‌നാട്ടിൽ ഉണ്ടാവുകയെന്നും തോമസ് ഐസക് ആശങ്ക പങ്കുവെക്കുന്നു.

എ.ഐ.എ.ഡി.എം.കെ. ശക്തികേന്ദ്രമായ കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാനാണ് നീക്കം നടത്തുന്നതെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഒതു തമിഴ്പത്രമാണ് ഇത്തരമൊരു വാർത്ത പുറത്തുവിട്ടത്. ഇതോടെ വിഷയം സോഷ്യൽ മീഡിയയിലും സജീവ ചർച്ചയായി മാറി. ട്വിറ്ററിൽ അടക്കം സജീവമായിരിക്കയാണ് ഈ വിഷയം.

ഡി.എം.കെ. സർക്കാരിന് വെല്ലുവിളി ഉയർത്തുക എന്നതാണ് ഇതിനു പിന്നിലെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ നീക്കം ഭരണഘടനാപരമായി എളുപ്പമായിരിക്കില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അധികാരമേറ്റശേഷം കേന്ദ്ര സർക്കാരിനെ 'ഒൻട്രിയ അരശ്' (യൂണിയൻ സർക്കാർ) എന്ന് വിളിക്കാൻ തുടങ്ങിയതുൾപ്പെടെ പല വിഷയങ്ങളിലും ഡി.എം.കെ. സർക്കാരുമായി ബിജെപി.ക്കു ഭിന്നതയുണ്ട്.

എ.ഐ.എ.ഡി.എം.കെ. കോട്ടയായി അറിയപ്പെടുന്ന മേഖലയാണ് കൊങ്കുനാട്. ഇവിടെ ബിജെപി.ക്കും നേരിയ സ്വാധീനമുണ്ടാക്കാനായിട്ടുണ്ട്. തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യും ബിജെപി.യും സഖ്യത്തിലാണ്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രിയായ എൽ. മുരുഗനും പാർട്ടി നേതാവ് വാനതി ശ്രീനിവാസനും ബിജെപി. തമിഴ്‌നാട് അധ്യക്ഷനും കർണാടക മുൻ ഐ.പി.എസ്. ഓഫീസറുമായ കെ. അണ്ണാമലൈയും കൊങ്കുനാട്ടുകാരാണ്. മുരുഗനെ കൊങ്കുനാട് മേഖലയിലെ മന്ത്രി എന്നാണ് ബിജെപി. വിശേഷിപ്പിച്ചത്. ഇതെല്ലാം കൂട്ടിച്ചേർത്താണ് തമിഴകത്തെ വിഭജിക്കാൻ കേന്ദ്രം നീക്കം നടത്തുന്നു എന്ന വാർത്തകൾ പുറത്തുവന്നത്.

കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന കൊങ്കുനാടിന് കീഴിൽ നിലവിൽ പത്തു ലോക്‌സഭ, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾകൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കുകയാണ് ബിജെപി.യുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് പ്രത്യേക സംസ്ഥാനമാക്കി മാറ്റാനാണ് സാധ്യതയെന്നും വാർത്തയിലുണ്ട്.

തമിഴ്‌നാട് വിഭജിക്കുന്ന വാർത്ത പുറത്തുവന്നതോടെ പ്രതിഷേധവും തലപൊക്കി. നീക്കത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായപ്രകടനങ്ങൾ വന്നു. നീക്കത്തെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്. തമിഴ്‌നാട്ടിൽ നിലവിൽ 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.