- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുടെ ഉമ്മാക്കിക്ക് മുന്നിൽ കീഴടങ്ങില്ല; ബിജെപിയുടെയും ആർഎസ്എസിന്റെയും കൽപനകൾ ശിരസാ വഹിക്കുകയല്ല സിഎജിയുടെ ചുമതല; പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലും കിഫ്ബി വഴി പണം അനുവദിച്ചിട്ടുണ്ട്; അതിൽ ഏതിലെങ്കിലും അഴിമതിയുണ്ടോ? കിഫ്ബിയെ മറ്റൊരു ലാവലിൻ ആക്കാൻ ശ്രമം; ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്
കൊച്ചി: കിഫ്ബിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. കഫ്ബിക്കെതിരെ നടക്കുന്നത് ബിജെപി- കോൺഗ്രസ് ഒത്തുകളിയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെയും ആർഎസ്എസിന്റെയും കൽപനകൾ ശിരസാ വഹിക്കുകയല്ല സിഎജിയുടെ ചുമതല. ബിജെപിയുടെ ഒരു ഉമ്മാക്കിക്ക് മുന്നിലും കീഴടങ്ങില്ലെന്നും ഐസക്ക് പറഞ്ഞു.
കിഫ്ബിയുടെ ഏത് പ്രൊജക്ടിൽ എത്ര രൂപയുടെ അഴിമതിയും ക്രമക്കേടും ആര് നടത്തിയെന്ന് വ്യക്തമായി പറയാൻ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്നും ഐസക് വെല്ലുവിളിച്ചു. ബിജെപി-കോൺഗ്രസ്സ് ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് രമേശ് ചെന്നിത്തലക്ക്. താൻ ഉന്നയിച്ച കാതലായ വിഷയങ്ങൾക്ക് ഇപ്പോഴും ചെന്നിത്തലക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലാവ്ലിൻ കേസിന് തുടക്കം കരട് സിഎജി റിപ്പോർട്ടിൽ നിന്നെന്ന് മറക്കരുത്. എന്നുമുതലാണ് സിഎജിയുടെ കരട് റിപ്പോർട്ട് പ്രതിപക്ഷ നേതാവിനും യുഡിഎഫിനും പവിത്ര രേഖയായത്. കരട് റിപ്പോർട്ടിലെ ലക്കും ലഗാനുമില്ലാത്ത പരാമർശങ്ങളുടെ ഉന്നം രാഷ്ട്രീയമുതലെടുപ്പാണ്. ഇനിയത് അനുവദിച്ചു തരാനാവില്ലെന്നും ഐസക്ക്പറഞ്ഞു. എറണാകുളത്ത് ലെനിൻ സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഐസക്ക്.
താനുയർത്തിയത് ഗുരുതര പ്രശ്നമാണ്. സംസ്ഥാനത്തിന്റെ ഭാവിയും അധികാരവും സംബന്ധിക്കുന്നതാണത്. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്വമുണ്ടെങ്കിൽ ഇതേക്കുറിച്ചാണ് പ്രതികരിക്കേണ്ടത്. സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്കിന്റെയും സെബിയുടെയും നിയമങ്ങൾക്ക് വിധേയമായി വായ്പയെടുക്കാൻ അധികാരമുണ്ടോ എന്താണ് യുഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം ചോദിച്ചു.
മസാല ബോണ്ട് വഴി ധനം സമാഹരിച്ചത് പോലെ മുൻപ് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. എൻടിപിസി രണ്ടായിരം കോടി രൂപ 2016 ലും അയ്യായിരം കോടി രൂപ സമാഹരിക്കാൻ ദേശീയപാതാ അഥോറിറ്റി 2017 ലും ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിനെ സമീപിച്ചിരുന്നു. ഇത് രണ്ടും ഭരണഘടനാ വിരുദ്ധമെന്ന് റിപ്പോർട്ടിൽ എഴുതിവെക്കാൻ സിഎജിക്ക് ധൈര്യമുണ്ടോയെന്നും ഐസക് ചോദിച്ചു.
കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് ബോഡികൾ മസാല ബോണ്ട് വഴി നിക്ഷേപം സ്വീകരിച്ചാൽ ഒരു പ്രശ്നവും സംഭവിക്കില്ല, എന്നാൽ കേരളം ധനം സമാഹരിച്ചാൽ അത് ഭരണഘടനാ വിരുദ്ധമാകുമെന്നുമുള്ള ഇരട്ടത്താപ്പിനെ കുറിച്ച് ചെന്നിത്തല മറുപടി പറയണം. കിഫ്ബിയിൽ എവിടെയാണ് അഴിമതി? പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലും കിഫ്ബി വഴി പണം അനുവദിച്ചിട്ടുണ്ട്. ഏതിലെങ്കിലും അഴിമതിയുണ്ടോ? ഇന്നേവരെ അങ്ങിനെ ഒരു ആരോപണം ഉന്നയിച്ചോയെന്നും ധനമന്ത്രി ചോദിച്ചു.
കിഫ്ബിക്കെതിരെ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഭരണഘടനാ വിരുദ്ധമെന്ന ഉമ്മാക്കിയുമായി രംഗത്ത് വന്നത്. ക്രമക്കേടിന്റെയും അഴിമതിയുടെയും ഒരു കറയും കിഫ്ബിയിൽ പതിഞ്ഞിട്ടില്ല. കിഫ്ബിയിൽ സിഎജി ഓഡിറ്റ് തടയാൻ ശ്രമിച്ചുവെന്നത് പച്ചക്കള്ളം. ഓഡിറ്റ് നടത്തിയതുകൊണ്ടാണ് റിപ്പോർട്ട് ഉണ്ടായത്. കിഫ്ബി നിയമപ്രകാരം സിഎജി തന്നെയാണ് ഓഡിറ്റ് നടത്തേണ്ടത്. ഇഡിയെയും മറ്റും ഉപയോഗിച്ചുള്ള സൂത്രപ്പണിക്ക് സിഎജിയെയും നിയോഗിക്കാമെന്നാണ് ബിജെപി വിചാരിക്കുന്നത്. ആ പരിപ്പ് കേരളത്തിൽ വേവില്ലെന്നും ധനമന്ത്രി പറഞ്ഞു.
കിഫ്ബിയിൽ രാഷ്ട്രീയ ഗൂഢലോചനയില്ല: രഞ്ജിത് കാർത്തികേയൻ
കിഫ്ബിക്കെതിരേ പരാതി നൽകിയതിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന ധനമന്ത്രിയുടെ പ്രതികരണം തരംതാണതെന്ന് ഹർജിക്കാരൻ രഞ്ജിത്ത് കാർത്തികേയൻ. രാഷ്ട്രീയം നോക്കിയല്ല കേസ് മാത്യു കുഴൽനാടനെ ഏൽപ്പിച്ചതെന്നും രഞ്ജിത്ത് കാർത്തികേയൻ പ്രതികരിച്ചു. കിഫ്ബി വായ്പ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചാർട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത്ത് കാർത്തികേയൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പ്രശസ്തമായ നിയമസ്ഥാപനത്തെയാണ് താൻ കിഫ്ബിയിലെ പ്രശ്നവുമായി സമീപിച്ചത്. ഈ സ്ഥാപനത്തിന്റെ ഭാഗമാണ് അദ്ദേഹം. രാഷ്ട്രീയം നോക്കിയല്ല കേസ് മാത്യു കുഴൽനാടനെ ഏൽപ്പിച്ചത്. മാത്യു കുഴൽനാടനെ നേരിട്ട് കണ്ടിട്ടില്ല. പ്രശസ്ത നിയമസ്ഥാപനത്തിന്റെ ഭാഗമായാണ് അദ്ദേഹം കേസ് വാദിക്കുന്നതെന്നും രഞ്ജിത്ത് കാർത്തികേയൻ പറഞ്ഞു.
ബി ജെപിയും കോൺഗ്രസും തമ്മിൽ നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചന എന്നുള്ളത് ശരിയല്ല. ധനമന്ത്രി ഇത്തരം തരംതാണ രീതിയിലുള്ള പ്രതികരണം നടത്തുന്നതിൽ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 293(1) അനുസരിച്ച് ഒരു സംസ്ഥാനത്തിന് പുറത്ത് നിന്ന് കടമെടുക്കുന്നതിനുള്ള അധികാരമില്ല. കിഫ്ബി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനമാണ്. കിഫ്ബി വായ്പകൾ കൊണ്ട് നാട്ടുകാർക്ക് പ്രശ്നമുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും രഞ്ജിത്ത് കാർത്തികേയൻ പ്രതികരിച്ചു.
കിഫ്ബി വിവാദം ആരോപണങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ -ചെന്നിത്തല
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട ഗുരുതര ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയിൽ നടക്കുന്ന കോടികളുടെ അഴിമതി സി.എ.ജി കണ്ടെത്തുമെന്ന് പേടിച്ചാണ് മുൻകൂട്ടിയുള്ള ഐസകിന്റെ പത്രസമ്മേളനമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ധനമന്ത്രി കരട് റിപ്പോർട്ട് പുറത്തുവിട്ടത് നിയമപരമായും ഭരണഘടനാപരമായും തെറ്റാണ്. നിയമസഭയുടെ മേശപ്പുറത്താണ് സി.എ.ജിയുടെ ഫൈനൽ റിപ്പോർട്ട് വെക്കേണ്ടത്. കോടിയേരി മാറിനിന്നതുകൊണ്ട് ഒന്നും അവസാനിക്കാൻ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രിക്ക് ഒരുനിമിഷം അികാരത്തിൽ തുടരാൻ അർഹതയില്ലാത്ത സ്ഥിതിവിശേഷം വന്നിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ