- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ കൊടുങ്ങല്ലൂർ ഭദ്രാസനാധിപൻ; ആശ്രമം സ്ഥാപിച്ചിരിക്കുന്നത് കവിയൂരിൽ; രോഗ ശാന്തി ശുശ്രൂഷയും പ്രാർത്ഥനകളുമായി മെത്രാൻ വേഷത്തിൽ അരങ്ങു തകർക്കുന്നു: നിരണത്തുകാരൻ തോമാച്ചൻ ഒരു സുപ്രഭാതത്തിൽ മാർ ഒസ്താത്തിയോസ് ആയ കഥ
തിരുവല്ല: ആധ്യാത്മിക തട്ടിപ്പുകൾക്ക് പല വേർഷനുകളുമുണ്ട്. അതിൽ ഏറ്റവും മാരകമായ ഒരു വേരിയന്റാണ് തിരുവല്ലയ്ക്ക് സമീപം കവിയൂരിൽ കാണുന്നത്. നാട്ടിൽ തെക്കുവടക്ക് നടന്ന നിരണത്തുകാരൻ തോമാച്ചൻ കവിയൂരിൽ ഒരു ആശ്രമം സ്ഥാപിച്ചു. ഗീക്ക് ഓർത്തഡോകസ് സഭയുടെ കൊടുങ്ങല്ലൂർ ഭദ്രാസന അധിപൻ എന്ന പേരിൽ വിലസുന്നു. കടിച്ചാൽ പൊട്ടാത്ത ഒരു നാമവും ബിഷപ്പ് സ്വയം സ്വീകരിച്ചു-തോമസ് മാർ ഒസ്താത്തിയോസ്. രോഗ ശാന്തി ശുശ്രൂഷയും പ്രാർത്ഥനകളുമായി വ്യാജമെത്രാൻ അരങ്ങു തകർക്കുന്നത്.
നിരണം ഓർത്തഡോക്സ് വലിയ പള്ളി ഇടവകയിലെ സാധാരണ അംഗമായിരുന്ന തോമസിനെ 25 വർഷം മുമ്പ് സഭ പുറത്താക്കിയിരുന്നു. വൈദികനല്ലാത്ത ഇയാൾ വൈദിക വേഷം കെട്ടി നടന്ന് വിശ്വാസികളെ പറ്റിക്കുന്നു എന്ന പരാതിയെ തുടർന്നായിരുന്നു നടപടി. തനിക്ക് ശമ്മാശ പട്ടം നല്കിയത് തിരുവനന്തപുരം ഭദ്രാസന അധിപനായ മാർ ദിയറസ്‌കോറസ് മെത്രാപ്പൊലീത്തായാണെന്നായിരുന്നു ഇയാൾ പറഞ്ഞു നടന്നിരുന്നത്.
എന്നാൽ ഇയാൾ പറഞ്ഞ കാലഘട്ടത്തിന് മുമ്പ് തന്നെ മാർ ദിയറസ്‌കോറസ് കാലം ചെയ്തിരുന്നു. ഇത് സഭാ അധികൃതർ തിരിച്ചറിഞ്ഞതോടെ തോമസ് ചുവടു മാറ്റി. മാർ സേവറിയോസാണ് പട്ടം നല്കിയതെന്നായിരുന്നു തുടർന്നുള്ള പ്രചാരണം. പരാതി വ്യാപകമായതോടെ പട്ടം കൊടുക്കൽ രജിസ്റ്റർ പരിശോധിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. ഇങ്ങനെ ഒരാൾക്ക് പട്ടം നൽകിയതായി രേഖകളിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഓരോ പൗരോഹിത്യം നല്കുമ്പോളും കൈവയ്പ് നൽകുന്ന മേൽപട്ടക്കാരനും സ്ഥാനാർത്ഥിയും ഈ രജിസ്റ്ററിൽ ഒപ്പ് വയ്ക്കണമെന്നും വിവരങ്ങൾ രേഖപ്പെടുത്തണം എന്നുമാണ് സഭാ നീയമം.
ഇയാൾ സ്വയം പ്രഖ്യാപിത വൈദികനാണെന്ന് ബോധ്യമായതോടെ നിരണം ഭദ്രാസന മെത്രാപ്പൊലീത്തായായിരുന്ന ഗീവറുഗീസ് മാർ ഒസ്താത്തിയോസ് തോമസിനെ സഭയിൽ നിന്നും മുടക്കി കല്പന പുറപ്പെടുവിച്ചിരുന്നു. കല്പന ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും വായിക്കുകയും ചെയ്തു.
സഭയിൽ നിന്നും പുറത്തായതോടെ കോട്ടൂരിൽ വീട് വാടകയ്ക്ക് എടുത്ത് രോഗ ശാന്തിയും അത്ഭുത പ്രവർത്തിയുമായി കഴിയുകയായിരുന്നു. സഹായത്തിനായി വിദേശത്ത് ചുമട്ടു തൊഴിലാളിയായിരുന്ന ഇടുക്കി സ്വദേശിയെയും ഒപ്പം കൂട്ടി. ധ്യാനവും ബാധ ഒഴിപ്പിക്കലും രോഗശാന്തിയുമൊക്കെയായി വിരാജിക്കവേ നാട്ടുകാർ ഇടപെട്ടു. ഇവിടെ നിലനില്പ് ഇല്ലാതെ വന്നതോടെ ചങ്ങനാശേരിയിലേക്ക് തട്ടകം മാറ്റി. ഏതാനും വർഷങ്ങൾ ഇവിടം കേന്ദ്രമാക്കിയായിരുന്നു പ്രവർത്തനം. നിലനില്പ് ഭീഷണിയിലായതോടെ പാലക്കാടായി ആത്മീയ പ്രവർത്തനങ്ങൾ.
പാലക്കാട് കുറച്ച് സ്ഥലം വാങ്ങി പള്ളി സ്ഥാപിച്ചു. ഇവിടെ നസ്രാണി ഓർത്തഡോക്സ് മിഷനറി സഭയുടെ മെത്രാനായി സ്വയം അവതരിച്ചു. കൊടുങ്ങല്ലൂർ ഭദ്രാസന മെത്രാപ്പൊലീത്താ എന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. യാക്കോബായ വിഭാഗങ്ങൾ ഒരു ഡസനിലധികം ഉള്ളതിനൽ ആർക്കും സംശയവും തോന്നിയിരുന്നില്ല. ഇടക്കാലത്ത് സഹായിയായി കൂടിയയാൾ ഇയാളുമായി തെറ്റി പിരിഞ്ഞു. പിന്നീട് ഓർത്തഡോക്സ് സഭയിൽ ചേർന്ന് വൈദികനുമായി.
സഹായി പോയതോടെ ചങ്ങനാശേരിയിൽ തിരിച്ചെത്തി. വിദേശ മലയാളിയുടെ വീട് വാടകയ്ക്ക് എടുത്ത് പ്രാർത്ഥനയും മറ്റുമായി കഴിഞ്ഞുവരവെ വീട് ഒഴിഞ്ഞ് കൊടുക്കണമെന്ന് ഉടമസ്ഥർ ആവശ്യപ്പെട്ടതോടെ ഇവിടെ നിന്നും ഏഴു വർഷം മുമ്പ് പോയി. പിന്നീട് ചില രാഷ്ട്രീയ പാർട്ടികളുടെയും കന്യാസ്ത്രീ സമരങ്ങളിലും ഇയാൾ പ്രത്യക്ഷപ്പെട്ടിരുന്നു. അവിടങ്ങളിൽ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ കൊടുങ്ങല്ലൂർ മെത്രാനാണെന്നാണ് പരിചയപ്പെടുത്തിയത്. എന്നാൽ, ഭദ്രാസന ആസ്ഥാനം എവിടെയെന്ന് ആർക്കും അറിവില്ലായിരുന്നു. ഇങ്ങനെ ഒരു ഭദ്രാസനെത്തെ കുറിച്ച് ആ നാട്ടുകാർ പോലും കേട്ടിരുന്നില്ല.
സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായതോടെ മാർപാപ്പ സഭയിൽ നിന്നും പുറത്താക്കിയ ഭോപ്പാലിലെ ലത്തീൻ കത്തോലിക്കാ സഭാ വൈദികൻ ആനന്ദ് മുട്ടുങ്ങൽ മെത്രാൻ പട്ടം നേടിയതോടെയാണ് തോമസിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. ആനന്ദ് മുട്ടുങ്ങൽ താൻ മെത്രാനായ വിവരം വെബ്സൈറ്റിലൂടെ നൽകിയതിൽ നിന്നുമാണ് കവിയൂർ ആസ്ഥാനമായി തോമസ് മെത്രാനായി പ്രവർത്തിക്കുന്ന വിവരം പുറത്തായത്.
തനിക്ക് മെത്രാൻ പട്ടം നല്കിയത് ക്രിസ്തു ശിഷ്യനായ ഫിലിപ്പോസ് സ്ഥാപിച്ച ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽ നിന്നാണെന്നും സഭയുടെ കൊടുങ്ങല്ലൂർ ഭദ്രാസന അധിപനായ തോമസ് മാർ ഒസ്താത്തിയോസാണ് പൗരോഹിത്യം നൽകിയതെന്നുമാണ് ആനന്ദ് മുട്ടുങ്ങലിന്റെ വെബ് സൈറ്റിൽ പറയുന്നത്. അലക്സാന്ത്രിയ,അന്ത്യോഖ്യ, ജറുസലേം, കുസ്തന്തീനോ പൊലിസ് എന്നിവിടങ്ങളിലാണ് ഗ്രീക്ക് ഓർത്തഡോക്സ് സഭകളുള്ളത്. ഇവയ്ക്ക് തനതായ പാത്രിയാർക്കേറ്റുകളുമുണ്ട്. ഈ സഭകളുടെ സ്ഥാപകൻ ഫിലിപ്പോസ് അല്ലെന്നുമാണ് ചരിത്രരേഖകളിൽ പറയുന്നത്.
ഗ്രീക്ക് ഓർത്തഡോക്സ് സഭയ്ക്ക് ഇന്ത്യയിൽ ആകെ ഒരു പള്ളിയുള്ളത് വെസ്റ്റ് ബംഗാളിലെ കാളിഘട്ടിലാണ്. പള്ളിയോട് അനുബന്ധിച്ച് സ്‌കൂളും രണ്ട് അനാഥ മന്ദിരങ്ങളും പ്രവർത്തിക്കുന്നത് ഒഴിച്ചാൽ മറ്റെങ്ങും സ്ഥാപനങ്ങളില്ല.ഗ്രീക്ക് ഓർത്തഡോക്സ് ജീവകാരുണ്യ വിഭാഗമായ പോസ്‌കിന്റെ നീയന്ത്രണത്തിലാണ് പള്ളയും മറ്റു സ്ഥാപനങ്ങളുമെന്നും തങ്ങൾക്ക് രാജ്യത്ത് ഒരിടത്തും ഭദ്രാസനങ്ങളും മെത്രാന്മാരുമില്ലെന്ന് സഭാ അധികൃതർ പറഞ്ഞു.
ഇന്ത്യയിലെ ഏക ഗ്രീക്ക് ഓർത്തഡോക്സ് പള്ളി കൊൽക്കത്തയിലാണുള്ളതെന്ന് സഭയിലെ മുതിർന്ന കന്യാസ്ത്രീ സിസ്റ്റർ നെക്താരിയ പറഞ്ഞു. 1924 മുതൽ ഗ്രീക്ക് ഓർത്തഡോക്സ് സഭ ഇന്ത്യയിൽ പ്രവർത്തിക്കുന്നു. കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർക്കേറ്റിന്റെ (ഇപ്പോൾ ഇസ്താംബുൾ) കീഴിലാണ് ഇന്ത്യയിലെ പള്ളി. ഇന്ത്യയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ചുമതലയുള്ള പാത്രിയർക്കേറ്റിന്റെ എക്സാർച്ച് സിംഗപ്പൂരിലെ മെത്രപ്പൊലീത്തൻ സൗത്ത് ഈസ്റ്റ് ഏഷ്യയാണ്. ദക്ഷിണേന്ത്യയിൽ ഒരു രുപതയോ ബിഷപ്പോ ഇല്ലെന്നും സിസ്റ്റർ നെക്താരിയ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്