- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടയ ഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടിമാറ്റാം എന്ന് സർക്കാർ ഉത്തരവ്; തേക്ക് വെട്ടിയാൽ ഓടിയെത്തുന്നത് വനപാലകർ; പിന്നെ കേസും പുക്കാറും; സ്വന്തം ഭമിയിൽ മരംവെട്ടിയാൽ വനംവകുപ്പിന് എന്തു പ്രശ്നമെന്ന് നാട്ടുകാരുടെ ചോദ്യം; പത്തനംതിട്ട കിഴക്കൻ മേഖലയെ സംഘർഷഭരിതമാക്കി തേക്കുവെട്ടൽ പ്രശ്നം; ചില പട്ടയഭൂമികളുടെ സ്റ്റാറ്റസ് റിസർവ് ലാന്റ് തന്നെയാണെന്ന് വനംവകുപ്പും
സീതത്തോട്: പട്ടയഭൂമിയിൽ നിന്നും തെക്ക് ഉൾപ്പെടെയുള്ള മരംമുറിക്കുന്നത് ഫോറസ്റ്റ് അധികൃതർ തടയുന്നത് പത്തനംതിട്ട ചിറ്റാർ, സീതത്തോട് മേഖലയിൽ സംഘർഷത്തിനു കാരണമാകുന്നു. പട്ടയ ഭൂമിയിൽ നിന്നും തേക്ക് വെട്ടിയത് അറിഞ്ഞാൽ വനം വകുപ്പ് അധികൃതർ എത്തുകയും കേസ് എടുക്കുകയുമാണ് ചെയ്യുന്നത്. വർഷങ്ങളായി തങ്ങളുടെ അധീനതയിലുള്ള ഭൂമിയിലെ മരങ്ങൾ വെട്ടുന്നത് വനംവകുപ്പ് തടയുന്നതിൽ കടുത്ത രോഷമാണ് നാട്ടുകാർ പുലർത്തുന്നത്.
ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടാമെന്നു സർക്കാർ ഉത്തരവുണ്ട്. പിന്നെ എന്തിനാണ് തേക്ക് ഉൾപ്പടെയുള്ള മരങ്ങൾ വെട്ടുന്നത് വനംവകുപ്പ് തടയുന്നത് എന്നാണ് നാട്ടുകാരുടെ ചോദ്യം. കരം അടയ്ക്കുന്ന ഭൂമിയാണ്. ആധാരം ബാങ്കിൽ പണയം വയ്ക്കാനും കൈമാറാനും സാധിക്കും. ഈ ഭൂമിയിൽ വനംവകുപ്പ് കടന്നു കയറുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.
സീതത്തോട് രണ്ടാഴ്ച മുൻപ് തേക്ക് വെട്ടിയത് അറിഞ്ഞു എത്തിയ വനവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. ചിറ്റാർ മുസ്ലിം പള്ളിക്ക് മുകളിലായി മോനിച്ചന്റെ പുരയിടത്തിൽ മുറിച്ച തേക്ക് തടികളിൽ ഉദ്യോഗസ്ഥർ സതാ പതിപ്പിച്ചിരുന്നു. തുടർന്ന് നാട്ടുകാരും ഒപ്പം ജനപ്രതിനിധികളും എത്തിയിരുന്നു. പ്രശ്നമായപ്പോൾ നടപടികൾ ഉദ്യോഗസ്ഥർ തത്ക്കാലം നിർത്തിവെച്ചു. ചില സ്ഥലത്ത് തടിവെട്ടാൻ വനംവകുപ്പ് അനുമതി നൽകും. ചില സ്ഥലത്ത് നൽകില്ല.
ഒരേ വില്ലേജിൽ രണ്ടു തരം നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതാണ് നാട്ടുകാരിൽ അമർഷം സൃഷ്ടിക്കുന്നത്. പ്ലാവും ആഞ്ഞിലിയും വെട്ടാനും ആദ്യം വനംവകുപ്പ് സമ്മതിച്ചിരുന്നില്ല. പിന്നീട് ഇതിൽ മാറ്റം വരുത്തി. പക്ഷെ തേക്ക് തടികൾ വെട്ടിയത് അറിഞ്ഞാൽ വനംവകുപ്പ് അധികൃതർ എത്തി മരത്തിൽ 'സതാ' പതിപ്പിക്കും. ഇതോടെ തടി വനംവകുപ്പിന്റെ അധീനതയിലാകും. കേസും പിറകെ വരും. വനംവകുപ്പിന്റെ ഭൂമിയല്ല റവന്യൂ വകുപ്പിന്റെ ഭൂമിയാണ്. റവന്യൂ വകുപ്പ് ഭൂമിയിൽ എങ്ങനെ വനംവകുപ്പിന് അധികാരം വരും?
അതുകൊണ്ട് തന്നെ വനംവകുപ്പ് മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് എന്ന ആരോപണമാണ് ഉയരുന്നത്. ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാം എന്ന സർക്കാർ അനുമതി നിൽക്കുമ്പോൾ അത് മറികടന്നുള്ള വനംവകുപ്പിന്റെ നീക്കം നാട്ടുകാർ തടയുകയാണ് ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ പട്ടയങ്ങൾ കൈവശം ഉള്ളവരാണ് സ്ഥലമുടമകളിൽ പലരും. സർക്കാർ ഉത്തരവും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനമാണ് വകുപ്പിന്റെത് എന്ന ആരോപണമാണ് ഉയരുന്നത്.
1940 മുതലാണ് പത്തനംതിട്ടയിലെ കിഴക്കൻ മേഖലയിലേക്ക് കുടിയേറ്റം വന്നത്. ആ ഘട്ടങ്ങളിൽ കുടിയേറിയവർ ആണ് ഈ ഭാഗങ്ങളിൽ ഉള്ളത്. 1956-ൽ 8200 ഓളം ഹെക്ടർ പ്രദേശം വനംവകുപ്പ് റവന്യൂവകുപ്പിന് കൈമാറിയതാണ്. ആ ഭൂമിയിലാണ് റവന്യൂവകുപ്പ് പട്ടയം നൽകിയത്. പട്ടയം ലഭിക്കുന്ന സമയത്ത് ചില മരങ്ങൾ റിസർവ് മരങ്ങൾ ആയാണ് നിലനിർത്തിയത്. എന്നാൽ ഈ പട്ടയഭൂമിയിലെ മരങ്ങൾ റിസർവ് കാറ്റഗറിയിൽ ആണെന്നാണ് വനംവകുപ്പ് പ്രചരിപ്പിക്കുന്നത്.
ഇതാണ് സംഘർഷത്തിനു കാരണമാകുന്നത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വനംവകുപ്പ് നടത്തുന്ന ചൂഷണമാണ് എന്നാരോപിച്ച് 2014 പത്തനംതിട്ടയിൽ ജനങ്ങൾ സമരത്തിനു ഇറങ്ങിയിരുന്നു. അന്നത്തെ യുഡിഎഫ് സർക്കാർ ഈ കാര്യം അനുഭാവപൂർണം പരിഗണിച്ചിരുന്നു. ഹൈക്കോടതിയിൽ കേസ് വന്നപ്പോഴും കൈവശ ഭൂമിയിൽ മരം മുറിക്കാൻ തടസമില്ല എന്നാണ് വിധി വന്നത്. വില്ലേജ് സർട്ടിഫിക്കറ്റ്, ഫോറസ്റ്റ് കട്ടിങ് പെർമിഷൻ മാത്രം എടുത്താൽ മരം മുറിക്കാം. ഇവിടെയാണ് ഫോറസ്റ്റ് തടസം നിൽക്കുന്നത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിനു തടസമില്ലെന്ന സർക്കാർ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പക്ഷെ ഈ ഉത്തരവ് ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിൽ സർക്കുലേറ്റ് ചെയ്യപ്പെട്ടിട്ടില്ല-ചിറ്റാർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ സുനിൽ മറുനാടനോട് പറഞ്ഞു. . പത്തനംതിട്ട സീതത്തോട് ഉൾപ്പെടുന്ന മേഖലയിൽ ഇപ്പോഴും പട്ടയഭൂമി റിസർവ് ലാന്റ് തന്നെയാണ് ഇപ്പോഴും. പലതും നോട്ടിഫൈഡ് വില്ലേജുകളാണ്. അവിടെ നിന്നും മരങ്ങൾ അങ്ങനെ മുറിച്ചു കൊണ്ടുപോകാൻ തടസങ്ങൾ നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ ഈ കാര്യത്തിൽ മുകളിലുള്ള ഉദ്യോഗസ്ഥ തലത്തിൽ നിന്നും നിർദ്ദേശം തേടിയിട്ടുണ്ട്. അത് ലഭിച്ചു കഴിഞ്ഞാൽ മാത്രമേ എന്തെങ്കിലും തീരുമാനങ്ങൾ ഞങ്ങൾക്ക് എടുക്കാൻ കഴിയുകയുള്ളൂ-സുനിൽ പറയുന്നു.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.