- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതി പ്രവർത്തകൻ 112 ലേക്ക് വിളിച്ച് പറഞ്ഞത് അനധികൃത പാറഖനനത്തിൽ പരാതി; ലോക്കൽ പൊലീസ് വന്ന് മടങ്ങിയത് ഖനനം ഇല്ലെന്ന റിപ്പോർട്ടുമായി; പിന്നാലെ പരാതിക്കാരന് ക്വാറി ഉടമയുടെ വധഭീഷണി; ചിറ്റാറിലെ എസ്ഐ അടക്കം മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ
പത്തനംതിട്ട: അനധികൃത പാറ ഖനനം സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകൻ തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പറഞ്ഞ പരാതിയുടെ വിശദാംശങ്ങൾ പാറമട ഉടമയ്ക്ക് ചോർത്തി നൽകിയെന്ന പരാതിയിൽ ചിറ്റാർ പൊലീസ് സ്റ്റേഷനിലെ എസ്ഐ അടക്കം മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ സാജു പി. ജോർജ്, സിപിഓമാരായ സച്ചിൻ, രതീഷ്(മത്തായി) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പണി വരുന്നുണ്ടെന്ന് മനസിലാക്കി സ്ഥലം മാറ്റം വാങ്ങി പോകാൻ നിൽക്കുന്നതിനിടെയാണ് എസ്ഐയ്ക്ക് സസ്പെൻഷൻ ഓർഡർ ലഭിച്ചത്. പരിസ്ഥിതി പ്രവർത്തകനും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി അംഗവുമായ ബിജു മോടിയിലിനാണ് വധഭീഷണി നേരിടേണ്ടി വന്നത്. ചിറ്റാർ മീൻകുഴി തടത്തിൽ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്ക് സമീപമാണ് അച്ചായൻ എന്ന വിളിപ്പേരിൽ അറിയുന്ന ക്വാറി ഉടമ പാറ പൊട്ടിച്ചത്.
മൈനിങ് ആൻഡ് ജിയോളജിയുടെയും മറ്റ് വകുപ്പുകളുടെയും അനുമതിയില്ലാതെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയിൽ മാസങ്ങളായി തുടരുന്ന ഖനനത്തിനെതിരെ ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് ബിജു പരാതി നൽകിയിരുന്നു. എങ്ങും ഒരു അനക്കവും ഇല്ലാതെ വന്നപ്പോഴാണ് 112 എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. കേരളമൊട്ടാകെ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തിനാണ് 112 എന്ന നമ്പർ ഉള്ളത്.
കൺട്രോൾ റൂമിൽ നിന്ന് വിവരം കിട്ടിയത് അനുസരിച്ച് ചിറ്റാർ പൊലീസ് അവിടെ ചെന്ന് നോക്കിയെങ്കിലും ഖനനം നടന്നിട്ടില്ല എന്ന റിപ്പോർട്ടാണ് നൽകിയത്. ഇതിന് പിന്നാലെയാണ് പരാതിക്കാരനായ ബിജുവിന് നേരെ ക്വാറി ഉടമയുടെ ഭീഷണി ഉണ്ടായത്. ആദ്യം കെ.പി.എം.എസ് സംസ്ഥാന നേതാവ് എന്ന് പരിചയപ്പെടുത്തിയ ആൾ വിളിച്ച് ഒരു വിഷയം സംസാരിച്ച് തീർക്കണം എന്നാവശ്യപ്പെട്ടു. പിന്നാലെ ക്വാറി മാഫിയാ സംഘങ്ങൾ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും വെട്ടിക്കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ചിറ്റാർ പൊലീസിൽ നിന്നും പാറ, മണ്ണ് മാഫിയകൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്ന ഉദ്യോഗസ്ഥരുടെ ഫോൺ രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തകർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ദക്ഷിണ മേഖലാ ഐ.ജിയുടെ നിർദ്ദേശ പ്രകാരം നടന്ന അന്വേഷണത്തിലാണ് സസ്പെൻഷൻ. ചിറ്റാർ പ്രദേശത്തെ കിരീടം വയ്ക്കാത്ത രാജാവാണ് പാറമട ഉടമ. ഇയാൾ പൊലീസുകാർക്കും റവന്യൂ അധികൃതർക്കും കൃത്യമായി പടി നൽകി വരികയും ചെയ്യുന്നു. അതു കൊണ്ടാണ് ഖനനം നടന്നിട്ടും അങ്ങനെ ഒന്നില്ലെന്ന് റിപ്പോർട്ട് നൽകിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്