- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടൽ വനമേഖലയിൽ കൊള്ള നടത്തിയ അച്ഛൻ; മകൻ ആദ്യം കാടുകയറിയത് തേൻ ശേഖരിക്കാൻ; ടൈഗർ വേട്ട ഹോബിയാക്കിയത് കൂടുതൽ പണം നേടാൻ; 'ടൈഗർ ഹബീബ്' രണ്ട് പതിറ്റാണ്ടിനിടെ കൊന്നൊടുക്കിയത് എഴുപതോളം കടുവകളെ; ബംഗ്ലാദേശിലെ 'പുലിമുരുകനെ' വലയിലാക്കി പൊലീസ്
ധാക്ക: തേൻ ശേഖരിക്കാനായി കാട്ടിലെത്തി കുപ്രസിദ്ധ വേട്ടക്കാരനായി മാറിയ 'ടൈഗർ ഹബീബ്' ഒടുവിൽ ബംഗ്ലാദേശ് പൊലീസ് ഒരുക്കിയ വലയിൽ കുരുങ്ങി. 20 വർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ബംഗ്ലാദേശിലെ കുപ്രസിദ്ധ വേട്ടക്കാരനെ പൊലീസ് പിടികൂടിയത്.
ഒന്നും രണ്ടുമല്ല, 20 വർഷത്തിനിടെ എഴുപതോളം കടുവകളെയാണ് ടൈഗർ ഹബീബ് എന്ന ഹബീബ് താലുക്ക്ദർ ക്രൂരമായി വേട്ടയാടി കൊന്നത്. ഇത്രയുംകാലം ആർക്കും പിടികൊടുക്കാതിരുന്ന ടൈഗറിന് പക്ഷേ, ഇത്തവണ പിഴച്ചു. രഹസ്യമായി നാട്ടിലെത്തിയ ടൈഗറിനെ ബംഗ്ലാദേശ് പൊലീസ് കത്രിക പൂട്ടിട്ട് പൂട്ടി.
കാടിനടുത്ത് താമസിച്ചിരുന്ന ഇയാൾ ഉദ്യോഗസ്ഥർ പരിശോധനയ്ക്കു വരുമ്പോൾ കണ്ണുവെട്ടിച്ച് രക്ഷപ്പെടാറാണു പതിവെന്നും ഇപ്പോൾ പിടിയിലായെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സൈദുർ റഹ്മാൻ പറഞ്ഞു.
കടുവകളെ വേട്ടയാടുന്നയും അധികൃതരുടെ കണ്ണുവെട്ടിച്ചു മാറിനിൽക്കുന്നതും പതിവായതോടെ നാട്ടുകാർക്കിടയിൽ ഇയാൾക്ക് 'നായക' പരിവേഷം ലഭിച്ചു.
ബംഗാളിലെ സൊനത്താലയാണ് ടൈഗർ ഹബീബിന്റെ സ്വദേശം. പിതാവ് ഖാദം അലിയും ഒരു കൊള്ളക്കാരനായിരുന്നു. സുന്ദർബൻ കണ്ടൽ വനമേഖല കേന്ദ്രീകരിച്ച് കൊള്ള നടത്തിയ അലിയുടെ മകന് അതിനാൽ കാട് അത്രയും സുപരിചിതം. അങ്ങനെയാണ് തേൻ ശേഖരിക്കാനായി കാട്ടിൽ പോയിത്തുടങ്ങിയ ചെറുപ്പക്കാരൻ കടുവകളെ വേട്ടയാടുന്നതിലേക്ക് കടന്നത്.
ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചുകിടക്കുന്ന സുന്ദർബൻ കണ്ടൽ വനമേഖല വംശനാശ ഭീഷണി നേരിടുന്ന ബംഗാൾ കടുവകൾ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ്. ഇവിടെയുള്ള എഴുപതോളം ബംഗാൾ കടുവകളെയാണ് ടൈഗർ ഹബീബ് കൊന്നൊടുക്കിയത്. ഇവയുടെ തൊലിയും എല്ലുകളും ഇറച്ചിയുമെല്ലാം വിൽപന നടത്തി ടൈഗർ ഹബീബ് പണമുണ്ടാക്കി.
മിക്കതും ചൈനയിലേക്കും മറ്റുമാണ് വിറ്റുപോയിരുന്നത്. കാലം കടന്നുപോയപ്പോൾ മകനും മരുമകനും ടൈഗർ ഹബീബിനൊപ്പം പങ്കാളികളായി. കടുവയുമായി ഒറ്റയ്ക്ക് ഏറ്റുമുട്ടുന്ന അപകടകാരിയായ മനുഷ്യൻ എന്നാണ് പ്രദേശവാസികൾ ടൈഗർ ഹബീബിനെക്കുറിച്ച് പറയാറുള്ളത്. അവർക്ക് അയാളോട് ഒരുപോലെ ബഹുമാനവും ഭയവുമാണ്.
ഇറച്ചിയിൽ വിഷം കലർത്തി കെണിയൊരുക്കിയും ഹബീബ് കടുവകളെ വേട്ടയാടിയിരുന്നു. സുന്ദർബനിൽ പ്രവേശിക്കാൻ ഹബീബിന് വിലക്കുണ്ടായിട്ടും പല പഴുതുകളിലൂടെയും ഇയാൾ വനമേഖലയിൽ നുഴഞ്ഞുകയറി. ഹബീബിനെ സഹായിക്കാൻ വൻ ശക്തികൾ തന്നെയുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വേട്ടയാടലും കുറ്റകൃത്യങ്ങളുമാണ് ഹബീബിന്റെയും കുടുംബത്തിന്റെയും ബിസിനസെന്ന് സുന്ദർബൻ കോ-മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് വദൂദ് അക്കോണും പറഞ്ഞു.
കടുവകൾക്ക് പുറമേ മാനുകളെയും മുതലകളെയും വേട്ടയാടിയതിനും ഹബീബിനെതിരേ കേസുകളുണ്ട്. പക്ഷേ, ഒരു കേസിലും ഹബീബ് ഇതുവരെ പിടിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ ജനുവരിയിൽ ഗൗസ് ഫക്കീർ എന്ന വേട്ടക്കാരനിൽനിന്ന് പൊലീസ് സംഘം കടുവാത്തോൽ പിടികൂടിയിരുന്നു. പിന്നീട് മറ്റൊരു സംഘത്തിൽനിന്ന് നിരവധി മാൻത്തോലുകളും കണ്ടെടുത്തു. ഇവയെല്ലാം ടൈഗർ ഹബീബ് വേട്ടയാടിയതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടെ എങ്ങനെയും ഹബീബിനെ പിടികൂടാനായിരുന്നു പൊലീസിന്റെ ശ്രമം.
പിടികൊടുക്കാതെ മുങ്ങിനടന്നിരുന്ന ടൈഗർ ഹബീബ് രഹസ്യമായി നാട്ടിലെത്തിയതാണ് ഈ അന്വേഷണത്തിൽ നിർണായകമായത്. ഹബീബ് ഗ്രാമത്തിലുണ്ടെന്ന് വിവരം ലഭിച്ചതോടെ മെയ് 29-ന് പൊലീസ് സംഘം പ്രദേശത്ത് വ്യാപകമായ റെയ്ഡ് നടത്തി. തുടർന്ന് അയൽക്കാരന്റെ വീട്ടിൽനിന്ന് ടൈഗർ ഹബീബിനെ കൈയോടെ പിടികൂടുകയും ചെയ്തു.
ഹബീബിനെ ബഹുമാനിക്കുകയും അതേസമയം ഭയക്കുകയും ചെയ്യുന്നതായി പ്രദേശവാസിയായ അബ്ദുസലാം ദേശീയ മാധ്യമത്തോടു പറഞ്ഞു. കാട്ടിനുള്ളിൽവച്ച് കടുവയോടു പോരാടാൻ ശേഷിയുള്ള അപകടകാരിയാണ് അദ്ദേഹമെന്നും അബ്ദുസലാം വെളിപ്പെടുത്തി. 2004ൽ 440 എണ്ണമുണ്ടായിരുന്ന ബംഗാൾ കടുവകൾ 2015 ആകുമ്പോഴേക്കും 106 ആയി കുറഞ്ഞെന്നാണു വനം വകുപ്പിന്റെ കണക്ക്. 2019ൽ എണ്ണം 114 ആയി ഉയർന്നു.
ഹബീബിന്റെ അറസ്റ്റ് ആശ്വാസം നൽകുന്നതാണെന്നു വനം വകുപ്പ് ഉദ്യോഗസ്ഥനായ മയ്നുദ്ദീൻ ഖാൻ വ്യക്തമാക്കി. ഹബീബ് വലിയ തലവേദനയായിരുന്നു. വനത്തിലെ ജൈവവൈവിധ്യത്തിന് ഇയാൾ ഭീഷണിയായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്