- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ലോകം ഇനി ടോക്യോയിലേക്ക്; കോവിഡ് മഹാമാരി കാലത്ത് അതിജീവനത്തിന്റെ ഒളിംപിക്സ്; കാണികളും ആരവങ്ങളുമില്ല; ലോകത്തിനായി മിഴി തുറക്കുക ക്യാമറക്കണ്ണുകൾ; പ്രത്യാശയോടെ താരങ്ങൾ; മെഡൽ കുതിപ്പു തുടരാൻ ചൈന; 120 കോടിയുടെ മാനം കാക്കാൻ മെഡൽ തേടി ഇന്ത്യയും; ലോക കായിക മാമാങ്കത്തിന് വിരുന്നൊരുക്കാൻ ഉദയസൂര്യന്റെ നാട് ഒരുങ്ങി
ടോക്യോ: മൂവായിരത്തിലേറെ ചെറുദ്വീപുകളുടെ സംഗമമാണ് ഉദയസൂര്യന്റെ നാട് എന്ന അപരനാമത്തിലറിയപ്പെടുന്ന ജപ്പാൻ. വികസിതരാജ്യങ്ങളുടെ പട്ടികയിൽ ഏറെ മുന്നിൽ. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ മേഖലകളിലെ വികസനക്കുതിപ്പിനൊപ്പം കായികമേഖലയിലും മികവ് പ്രകടമാക്കിയ രാജ്യമാണ് ജപ്പാൻ. 2016ൽ റിയോ ഡി ജനീറോയിൽ കഴിഞ്ഞ ഒളിമ്പിക്സിലും 12 സ്വർണമുൾപ്പെടെ 41 മെഡൽ കരസ്ഥമാക്കി ഏഷ്യൻ രാജ്യങ്ങൾക്ക് മാതൃകയുമായി.
ആധുനിക ഒളിമ്പിക്സ് ആരംഭിച്ച് നൂറ്റിഇരുപത്തിയഞ്ച് വർഷം കടന്നുപോകുമ്പോൾ മൂന്നുതവണ മാത്രമാണ് ജപ്പാന് ഒളിമ്പിക്സ് മത്സരം സംഘടിപ്പിക്കാൻ ഒളിമ്പിക് കമ്മിറ്റി അവസരം നൽകിയത്. 1940, 1964, 2020 വർഷങ്ങളാണ് ജപ്പാന് നറുക്കുവീണത്. ആദ്യതവണ 1940 സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറുവരെ ടോക്യോവിൽ ഒളിമ്പിക്സ് നടത്താൻ എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. 1936ലെ ബെർലിൻ ഒളിമ്പിക്സിനെക്കാളും മികച്ചതാക്കാൻ അവർ പ്രാപ്തരുമായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി എത്തിയ രണ്ടാം ലോകമഹായുദ്ധം ജപ്പാന്റെ ആദ്യസംഘാടന മോഹം അവസാനിപ്പിച്ചു. 1939 മുതൽ 1945 വരെ തുടർച്ചയായി ആറുവർഷം രണ്ടാം ലോകമഹായുദ്ധം നീണ്ടുനിന്നതോടെ 1940, 1944 വർഷങ്ങളിൽ ഒളിമ്പിക്സ് നടന്നില്ല.
യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ആ വർഷങ്ങളിൽ സംഘാടക രാജ്യങ്ങളായിരുന്ന ജപ്പാനും ബ്രിട്ടനും ഒരുക്കങ്ങൾ നടത്തിയെങ്കിലും കായികപ്രേമികൾക്ക് നിരാശയായിരുന്നു ഫലം. പിന്നീട് 1948ൽ ലണ്ടനിൽ നടന്ന ഒളിമ്പിക്സിൽ സാമ്പത്തിക പരാധീനത വളരെക്കൂടുതലായിരുന്നു. കായികതാരങ്ങൾ സ്വന്തം ചെലവിൽ ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്ന സാഹചര്യമുണ്ടായി. പട്ടാളക്യാമ്പിലും കോളേജ് ക്ലാസ് റൂമുകളിലുമാണ് താരങ്ങൾ താമസിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന് കാരണക്കാരായ അമേരിക്കയെയും ജപ്പാനെയും 1948 ഒളിമ്പിക്സിന് ക്ഷണിച്ചതു പോലുമില്ല.
അമേരിക്ക 1945 ഓഗസ്റ്റ് ആറിന് ജപ്പാനിലെ നാഗസാക്കി നഗരത്തിലും ഒമ്പതിന് ഹിരോഷിമയിലും ആറ്റംബോംബ് വർഷിച്ചു. യുദ്ധത്തിന്റെ ഭീകരത എത്രത്തോളമാണെന്നും അത് മാനവരാശിക്ക് എത്ര ദോഷകരമാണെന്നും വിളിച്ചുപറയുന്ന സാഹചര്യമായിരുന്നു അത്.രണ്ടു നഗരങ്ങൾ പൂർണമായും നശിപ്പിച്ച ആ വലിയ ദുരന്തത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ജപ്പാന്റെ വളർച്ചയാണ് 1950നുശേഷം ലോകം കണ്ടത്. രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന ജപ്പാൻ കൃത്യം 20 വർഷങ്ങൾക്കുശേഷം 1964ൽ ലോകത്തിലെ ഏറ്റവും വലിയ കായികമേള നടത്താൻ പ്രാപ്തരായി എന്നത് ജപ്പാൻ ജനതയുടെ കരുത്തും മനോവീര്യവും തെളിയിച്ചതിന്റെ ഉത്തമോദാഹരണങ്ങളാണ്.
1964 ഒക്ടോബർ 10 മുതൽ 24 വരെ ടോക്യോവിലെ നാഷണൽ സ്റ്റേഡിയത്തിൽ പ്രൗഢഗംഭീരമായി ഒളിമ്പിക്സ് സംഘടിപ്പിച്ചു. ഏഷ്യാ ഭൂഖണ്ഡത്തിൽ ആദ്യമായി അരങ്ങേറിയ ഒളിമ്പിക്സുംകൂടിയായിരുന്നു അത്. മത്സരഫലപ്രഖ്യാപനത്തിന് കംപ്യൂട്ടറിന്റെ സേവനം ഉപയോഗിച്ചുതുടങ്ങിയത് അന്നുമുതലാണ്. 93 രാജ്യം പങ്കെടുത്ത ഈ മത്സരത്തിൽ 5151 കായികതാരങ്ങൾ പങ്കെടുത്തു. കായികതാരങ്ങൾക്ക് പോകുന്നതിനും വിനോദ സഞ്ചാരത്തിനുമായി ബുള്ളറ്റ് ട്രെയിൻ ആദ്യമായി ഓടി. ഒളിമ്പിക്സ് വിജയകരമായി നടത്താൻ ഏകദേശം 282 മില്യൺ യുഎസ് ഡോളർ ജപ്പാൻ ചെലവഴിച്ചു. ജപ്പാന്റെ പുരോഗതിയും ഉയിർത്തെഴുന്നേൽപ്പും ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ഒളിമ്പിക്സ് സംഘാടനത്തിലൂടെ അവർക്ക് സാധിച്ചു. മാത്രമല്ല, കായികപ്രകടനത്തിലും മികവ് പ്രകടിപ്പിച്ച ജപ്പാന് 16 സ്വർണമെഡലോടെ മൂന്നാം സ്ഥാനം നേടാനും സാധിച്ചു.
56 വർഷത്തിനുശേഷമാണ് ജപ്പാന് വീണ്ടും ഇപ്പോൾ അവസരം ലഭിക്കുന്നത്. അർജന്റീനയിൽ നടന്ന അന്തർദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ 125-ാമത് സെഷനാണ് 2013 സെപ്റ്റംബറിൽ ടോക്യോ നഗരത്തെ 2020 ഒളിമ്പിക്സ് വേദിയായി പ്രഖ്യാപിച്ചത്. തുർക്കിയിലെ ഇസ്താംബുളിനെ മറികടന്നായിരുന്നു ടോക്കിയോയുടെ നേട്ടം. തുടർന്നുള്ള ഏഴ് വർഷം ജപ്പാന്റെ കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. ലോകം നാളിതുവരെ കാണാത്ത അതിനൂതന സാങ്കേതികവിദ്യയുടെ വിസ്മയം തീർക്കുന്ന മൽസരമാകും അരങ്ങേറുക എന്നാണ് ജപ്പാന്റെ വാഗ്ദാനം. 2020 ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒമ്പതുവരെയാണ് മത്സരങ്ങൾ നിശ്ചയിച്ചത്. എന്നാൽ അപ്രതീക്ഷിതമായി കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ ഒരു വർഷത്തേക്ക് കായിക മാമാങ്കം നീട്ടിവച്ചു. ഒടുവിൽ ആ നാളുകൾ അടുത്തെത്തിയിരിക്കുന്നു. ഒരു ഏഷ്യൻ രാജ്യം രണ്ടുതവണ ഒളിമ്പിക്സ് നടത്തുക എന്ന റെക്കോഡാണ് ജപ്പാന് സ്വന്തമാകുന്നത്. മത്സരങ്ങൾക്ക് തുടക്കമായതോടെ ആവേശത്തിലാണ് കായിക പ്രേമികൾ.
ജേതാക്കൾക്ക് ലഭിക്കാൻ പോകുന്ന മെഡലുകൾ ഉപയോഗശൂന്യമായ മൊബൈൽ, ചെറുവൈദ്യുത വസ്തുക്കൾ എന്നിവയിൽനിന്ന് പുനർനിർമ്മിച്ചവയാണ്. ഇവയിൽ സ്വർണം, വെള്ളി, വെങ്കലം എന്നിവ നിശ്ചിത തോതിൽ പൂശിയിട്ടുണ്ട്. ഒളിമ്പിക്സ് ചരിത്രത്തിലെതന്നെ ഏറ്റവും ഭാരമേറിയ മെഡലുകളാണ് ഇവയെന്നാണ് സംഘാടകരുടെ അവകാശവാദം. 1964-നു ശേഷം ആദ്യമായി ജപ്പാൻ ലോക കായിക മാമാങ്കത്തിനു വേദിയാകുമ്പോൾ 206 രാജ്യങ്ങളിൽ നിന്നായി പതിനൊന്നായിരത്തിലേറെ അത്ലിറ്റുകളാണ് പങ്കാളികളാകേണ്ടത്. ആദ്യവട്ടം ഗെയിംസിനു വേദിയായ നാഷണൽ സ്റ്റേഡിയം നവീകരിച്ച്, 'ന്യൂ നാഷണൽ സ്റ്റേഡി'യമായാണ് ഇത്തവണ മേളയ്ക്ക് മുഖ്യവേദിയാകുന്നത്. അത്ലറ്റിക്സിനു പുറമേ ഫുട്ബോൾ മത്സരങ്ങൾക്കും പ്രധാന വേദി സാക്ഷ്യം വഹിക്കും. ടോക്കിയോയിൽ മൊത്തം 41 വേദികളിലായാണ് മത്സരങ്ങൾ.
നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള റോബോട്ടുകളടക്കം അത്യാധുനിക സുരക്ഷാസംവിധാനങ്ങളാണ് ജപ്പാൻ ഒരുക്കിയിരിക്കുന്നത്. റോബോട്ടുകൾ കണക്കെ സൂപ്പർ പവറുള്ള സങ്കല്പ സൃഷ്ടിയായ 'മിറൈടോവ'യാണ്, ആധുനിക ഒളിംപിക്സിന്റെ 125-ാം വർഷത്തിൽ ടോക്കിയോയിലേക്ക് വിരുന്നിനെത്തിയ ഈ മേളയുടെ ഭാഗ്യചിഹ്നം. ഒളിംപിക്സിന്റെ ഔദ്യോഗിക ലോഗോയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു സൃഷ്ടിച്ച മിറൈടോവയുടെ അർത്ഥം അനശ്വരമായ ഭാവി എന്നാണ്. കരാട്ടേ, സ്പോർട്സ് ക്ലൈംബിങ്ങ്, സർഫിങ്ങ്, സ്കേറ്റ് ബോഡിങ്ങ് എന്നീ കളികൾ ഒളിംപിക് കലണ്ടറിൽ ആദ്യമായി സ്ഥാനം പിടിക്കുന്നതടക്കം 33 വിഭാഗങ്ങളിലായി 339 ഇനങ്ങളിലാണ് ടോക്കിയോയിൽ പോരാട്ടം നടക്കുക. 2016-ൽ ബ്രസീലിലെ റിയോ ഗെയിംസിൽ 46 സ്വർണ്ണമടക്കം 121 മെഡലുകൾ നേടിയ അമേരിക്കയാണ് ചാമ്പ്യന്മാർ. ബ്രിട്ടൻ രണ്ടാമതും ചൈന മൂന്നാമതുമായി. ബാഡ്മിന്റണിൽ പി.വി. സിന്ധു നേടിയ വെള്ളിയും സാക്ഷി മാലിക് ഗുസ്തിയിലൂടെ നേടിയ വെങ്കലവുമാണ് റിയോയിൽ ഇന്ത്യയുടെ സമ്പാദ്യം.
കാണികളില്ലാതെ, ആരവമില്ലാതെ കായിക മാമാങ്കം
കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച ലോകം ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തെ ഇത്തവണ അനുഭവിച്ച് അറിയുക ക്യാമറക്കണ്ണുകളിലൂടെ പകർത്തപ്പെടുന്ന ദൃശ്യങ്ങളാലാകും. ഒളിംപിക് മത്സരവേദികളിൽ കാണികൾക്കു പ്രവേശനമുണ്ടാവില്ലെന്ന് ജപ്പാൻ സർക്കാർ പ്രഖ്യാപിച്ചതോടെ കായികമാമാങ്കം ലോകം ദൃശ്യമാധ്യമങ്ങളിലൂടെ ആസ്വദിക്കും. ചരിത്രത്തിലാദ്യമായാണ് കാണികളില്ലാതെ ഒളിംപിക്സ് സംഘടിപ്പിക്കുന്നത്. ഒളിംപിക്സ് കാലയളവ് ഉൾപ്പെടുന്ന 12 മുതൽ ഓഗസ്റ്റ് 22 വരെയാണ് ടോക്കിയോ നഗരത്തിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നത്. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിംപിക്സ്. ഉദ്ഘാടന ചടങ്ങിലും കാണികൾക്കു പ്രവേശനമില്ല.
കഴിഞ്ഞ വർഷം നടത്തേണ്ടിയിരുന്ന ഒളിംപിക്സ് കോവിഡ് മൂലം ഈ വർഷത്തേക്കു മാറ്റുകയായിരുന്നു. ഇത്തവണയും കോവിഡ് പിടിമുറുക്കിയതോടെ ഏതുവിധേനയും കായികമാമാങ്കം സംഘടിപ്പിക്കാനുള്ള കരുതലിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ. ഒളിംപിക്സിൽ പങ്കെടുക്കുന്നതിനായി 11,000 അത്ലീറ്റുകളും ഒപ്പം നടക്കുന്ന പാരാലിംപിക്സിനായി 4400 താരങ്ങളും ടോക്കിയോയിലേക്ക് എത്തിയിരിക്കുന്നത്. ഇവർക്കു പുറമേ ഒഫീഷ്യലുകളും മാധ്യമപ്രവർത്തകരുമടക്കം 10,000 പേർ കൂടിയെത്തും. ഒളിംപിക്സ് വില്ലേജിലെത്തുന്ന 80 ശതമാനം പേരും വാക്സിനേഷൻ പൂർത്തിയാക്കിയവരാകുമെന്നാണു രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) കണക്കുകൂട്ടൽ.
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം; ചരിത്രത്തിലേക്ക് തിരിഞ്ഞുനോട്ടം
രാജ്യാന്തരതലത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം. ആഹ്ലാദ ആരവങ്ങളോടെ ലോകം ഒന്നിക്കുന്ന വേദി. ഒളിംപിക്സ്. വിവിധയിന കായികമൽസരങ്ങളുടെ സംഗമഭൂമികയാണ് അല്ലെങ്കിൽ മേളയാണ് ഒളിമ്പിക്സ് അഥവാ ഒളിമ്പിക് ഗെയിംസ്. ഇതിന് വേനൽക്കാലമേള, ശൈത്യകാലമേള എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. രണ്ടും നാല് വർഷം കൂടുമ്പോഴാണ് നടത്തപ്പെടുന്നത്. 1992 വരെ രണ്ടു മേളകളും ഒരേ വർഷം തന്നെയായിരുന്നു നടത്തിയിരുന്നത്. അതിനുശേഷം ഓരോന്നും രണ്ടു വർഷം ഇടവിട്ട് നടത്താനാരംഭിച്ചു. രണ്ട് തലമുറയിലുള്ള ഒളിമ്പിക്സുകളാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ഗ്രീസിലെ ഒളിമ്പിയയിൽ അരങ്ങേറിയ പുരാതന ഒളിമ്പിക്സ് ആണ് ആദ്യത്തേത്. രണ്ടാം തലമുറ ഒളിമ്പിക്സ് ആധുനിക ഒളിമ്പിക്സ് എന്നാണ് അറിയപ്പെടുന്നത്. 1896-ൽ ഗ്രീസിലെ ഏഥൻസിലാണ് ആദ്യ ആധുനിക ഒളിമ്പിക്സ് നടന്നത്.
പുരാതന ഒളിമ്പിക്സിന്റെ ആരംഭത്തെപ്പറ്റി പല ഐതിഹ്യങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായതിൽ ഹെരാക്ലീസിനെയും പിതാവ് സിയൂസിനെയുമാണ് ഒളിമ്പിക്സിന്റെ ഉപജ്ഞാക്കളായി കണക്കാക്കുന്നത്. ആ ഐതിഹ്യമനുസരിച്ച്, താൻ ക്രോണസിനെ പരാജയപ്പെടുത്തി സ്വർഗ്ഗത്തിന്റെ അധിപനായതിന്റെ ഓർമ്മയ്ക്കായാണ് സിയൂസ് കായിക മത്സരങ്ങൾ നടത്തിയത്. അതിലെ ഒരു ഓട്ട മത്സരത്തിൽ സിയൂസിന്റെ മൂത്ത പുത്രനായ ഹെറാക്കിൾസ് സഹോദരന്മാരെ പരാജയപ്പെടുത്തി ഒന്നാംസ്ഥാനത്തെത്തി. കാട്ടൊലിവിന്റെ ചില്ലകൾ കൊണ്ട് നിർമ്മിച്ച ഒരു കിരീടമാണ് ഹെറാക്കിൾസിന് സമ്മാനമായി ലഭിച്ചത്. ഐതിഹ്യമനുസരിച്ച് ഹെറാക്കിൾസാണ് ഒളിമ്പിക്സ് എന്ന പേര് ആദ്യമായി ഉപയോഗിച്ചതും നാല് വർഷം കൂടുമ്പോൾ ഇത് നടത്തുന്ന സമ്പ്രദായം നടപ്പിലാക്കിയതും. എന്നാൽ ഇവിടെനിന്നും ഐതിഹ്യം പലതായി വേർപിരിയുന്നു.
അവയിൽ പ്രശസ്തമായ ഒരു കഥ ഇങ്ങനെയാണ്. ഡെൽഫിയിലെ പ്രവാചകന്റെ നിർദ്ദേശപ്രകാരം, തനിക്ക് ലഭിച്ച 12 ദൗത്യങ്ങൾ നിർവഹിച്ചശേഷം ഒളിമ്പിക് സ്റ്റേഡിയവും അനുബന്ധ കെട്ടിടങ്ങളും സിയൂസിന്റെ ബഹുമാനാർത്ഥം നിർമ്മിച്ചു. സ്റ്റേഡിയം നിർമ്മിച്ചശേഷം അദ്ദേഹം ഒരു നേർരേഖയിൽ 200 ചുവടുകൾ വക്കുകയും ആ ദൂരത്തെ സ്റ്റേഡിയോൺ എന്ന് വിളിക്കുകയും ചെയ്തു. ഇത് പിന്നീട് ദൂരത്തിന്റെ ഒരു ഏകകമായി. ക്രിസ്തുവിനു മുമ്പ് 776ലാണത്രേ പുരാതന ഒളിമ്പിക്സിന്റെ കടന്നുവരവ്. ഒളിമ്പിയയിൽ തന്നെ കണ്ടെത്തിയ ഒരു പുരാലിഖിതമാണ് ഇതിന് ആധാരം. ഇനി ആദ്യത്തെ ഒളിമ്പിക്സ് ജേതാവാരാണെന്നറിയണ്ടേ? ഈലിസിലുള്ള ഒരു പാചകക്കാരൻ! കോറിയോബസ് എന്നാണ് അദ്ദേഹത്തിന്റെ പേര്.
പുരാതന ഗ്രീസിൽ മുഴുവൻ വളരെ പ്രാധാന്യമുള്ള ഒന്നായി ഒളിമ്പിക്സ് വളർന്നു. ബിസി 6-5 നൂറ്റാണ്ടുകളിൽ പുരാതന ഒളിമ്പിക്സ് അതിന്റെ പാരമ്യത്തിലെത്തി. വളരെ മതപ്രാധാന്യമുള്ളതായിരുന്നു ഒളിമ്പിക്സ്. മത്സരാർത്ഥികൾ സിയൂസിനും പെലോപ്സിനും വേണ്ടി യാഗങ്ങൾ നടത്തിയിരുന്നു. മത്സരയിനങ്ങളുടെ എണ്ണം ഇരുപതായും ആഘോഷം ഏഴ് ദിവസമായും വർദ്ധിപ്പിക്കപ്പെട്ടു. വിജയികൾ വളരെ ആരാധിക്കപ്പെട്ടിരുന്നു. കവിതകളിലൂടെയും ശിൽപങ്ങളിലൂടെയും അവർ അനശ്വരരായിത്തീർന്നു. നാല് വർഷങ്ങൾ കൂടുമ്പോഴാണ് ഒളിമ്പിക്സ് നടത്തപ്പെട്ടിരുന്നത്. രണ്ട് ഒളിമ്പിക്സുകൾക്കിറ്റയിലുള്ള കാലം ഒരു ഒളിമ്പ്യാഡ് എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഗ്രീക്കുകാർ ഒളിമ്പ്യാഡ് ഒരു ഏകകമായി ഉപയോഗിച്ചിരുന്നു.
റോമക്കാർ ഗ്രീസിൽ ആധിപത്യം നേടിയതോടെ ഒളിമ്പിക്സിന്റെ പ്രാധാന്യം ക്രമേണ കുറഞ്ഞ് വന്നു. എഡി 393 ചക്രവർത്തി തിയൊഡോഷ്യസ് ഒന്നാമൻ ക്രിസ്തുമതം, റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും പെയ്ഗൺ ആചാരനുഷ്ഠാനങ്ങൾ നിരോധിക്കുകയും ചെയ്തു. പെയ്ഗൺ ആചാരം എന്ന നിലയിൽ അതോടെ ഒളിമ്പിക്സും നിർത്തലാക്കപ്പെട്ടു. പിന്നീട് 1500 വർഷങ്ങൾക്ക് ശേഷമുണ്ടായ പുനർജന്മം വരെ ഒളിമ്പിക്സ് നടത്തപ്പെട്ടിട്ടേയില്ല.അതിനു ശേഷം 19ാം നൂറ്റാണ്ടിൽ കുബർട്ടിന്റെ കാലം വരെ ഒളിമ്പിക്സിനെ മനുഷ്യർ മറന്നു കഴിഞ്ഞിരുന്നു. ആധുനിക ഒളിമ്പിക്സിന്റെ പിതാവായ ഫ്രഞ്ചുകാരൻ പിയർ ഡി ക്യുബർട്ടിനാണ് 1896 ഒളിമ്പിക്സിന്റെ സംഘാടകൻ. പുരാതന ഒളിമ്പിക്സ് നടന്ന ഗ്രീസിന്റെ ഓർമയിൽ ആദ്യത്തെ ആധുനിക ഗെയിംസ് ആ രാജ്യത്തിനുതന്നെ നൽകുകയായിരുന്നു.
14 ദേശങ്ങളിൽ നിന്നായി 43 ഇനങ്ങളിൽ 241 മത്സരാർത്ഥികൾ അങ്കം കുറിച്ചു. ഏതൻസിലെ പനാതെനിയാക് സ്റ്റേഡിയമായിരുന്നു ആധുനിക ഒളിമ്പിക്സിന്റെ ആഥിതേയ വേദി. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മാത്രമാണ് പങ്കെടുത്തത്. 14 രാജ്യങ്ങളിൽ നിന്ന് 241 അത്ലറ്റുകൾ. വനിതാ അത്ലറ്റുകൾക്ക് ആദ്യ ഗെയിംസിൽ പ്രവേശനമുണ്ടായിരുന്നില്ല. അത്ലറ്റിക്സ്, സൈക്ലിങ്, ഫെൻസിങ്, ജിംനാസ്റ്റിക്സ്, ഷൂട്ടിങ്, നീന്തൽ, ടെന്നീസ്, ഭാരോദ്വഹനം, ഗുസ്തി എന്നീ ഇനങ്ങളിലായി 43 മത്സരങ്ങൾ. മാരത്തണിൽ ആദ്യമായി അന്താരാഷ്ട്രമത്സരം നടന്നു. ഏഴ് വേദികൾ.
വിജയികൾക്ക് സമ്മാനിച്ചത് വെള്ളിമെഡലായിരുന്നു. റണ്ണേഴ്സപ്പിന് ചെമ്പ് മെഡലും. കൂടുതൽ സ്വർണം കിട്ടിയത് അമേരിക്കയ്ക്ക് -11. കൂടുതൽ മെഡലുകൾ നേടിയത് ആതിഥേയരായ ഗ്രീസ് -46. ഉദ്ഘാടനച്ചടങ്ങ് നടന്നത് തിങ്ങിനിറഞ്ഞ പനതിനായ്ക് സ്റ്റേഡിയത്തിലാണ്. ഗെയിംസ് വൻവിജയമായിരുന്നു. അതുവരെ, ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുത്ത അന്താരാഷ്ട്ര കായികമേളയായി ഒളിമ്പിക്സ് മാറി. ഇനിയുള്ള എല്ലാ ഗെയിംസുകളും ഗ്രീസിൽതന്നെ വേണമെന്ന് ആ നാട്ടിൽനിന്ന് ചില ശാഠ്യങ്ങളുണ്ടായി. എന്നാൽ, 1900-ലെ ഗെയിംസ് നേരത്തേ തന്നെ പാരീസിന് അനുവദിച്ചിരുന്നു. അക്കാലത്തു തന്നെയാണ് ഒളിമ്പിക്സ് പല ദേശങ്ങളിലായി മാറിമാറി നടത്തപ്പെടുന്ന സമ്പ്രദായവും ആരംഭിച്ചത്. അങ്ങനെ പാരീസിന് രണ്ടാമത്തെ ആഥിതേയ രാഷ്ട്രമാകാനും കഴഞ്ഞു.
പിന്നീട് 108 വർഷങ്ങൾക്കുശേഷം, 2004-ലാണ് ഒളിമ്പിക്സ് ഗ്രീസിലേക്ക് തിരിച്ചെത്തുന്നത്. 1896-ൽ ഉപയോഗിച്ച നാല് സ്റ്റേഡിയങ്ങൾ പുനർനിർമ്മിച്ച് 2004-ലും മത്സരങ്ങൾ നടത്തി. പനതിനായ്ക് സ്റ്റേഡിയത്തിലായിരുന്നു അമ്പെയ്ത്ത് മത്സരങ്ങൾ. ഒളിമ്പിക്സിന്റെ ചരിത്രം പറയുമ്പോൾ ഒളിമ്പിക് ചിഹ്നങ്ങളുടെ ചരിത്രം കൂടി പറയാതെ പോകാനാവില്ല. പരസ്പരം കൊരുത്ത അഞ്ചുവളയങ്ങളാണ് ഒളിമ്പിക്സിന്റെ ചിഹ്നം. ഇവ അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു. ഇവ സൂചിപ്പിക്കുന്ന ഭൂഖണ്ഡങ്ങൾ ഇതാണ് മഞ്ഞ-ഏഷ്യ,കറുപ്പ്ബആഫ്രിക്ക, നീല-യൂറോപ്പ്,പച്ച ഓസ്ട്രേലിയ, ചുവപ്പ് -അമേരിക്ക , വെളുപ്പു നിറമാണ് പതാകയ്ക്ക് . ഇതിൽ അഞ്ചു വളയങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പിയറി കുബേർട്ടിനാണ് ഒളിമ്പിക്സ് വളയങ്ങൾ രൂപകൽപന ചെയ്തത് . 1920ലെ ആൻഡ്വെറ്പ്പ് ഒളിമ്പിക്സ് മുതലാണ് ഇത് ഉപയോഗിച്ചുതുടങ്ങിയത്. ''സിറ്റിയസ്, ആൽറ്റിയസ്, ഫോർട്ടിയസ്'' അഥവാ വേഗത്തിൽ, ഉയരത്തിൽ, ശക്തിയിൽ. എന്നതാണ് ഒളിമ്പിക് ആപ്തവാക്യം.
ഇനി ദീപശിഖയുടെ ചരിത്രം. ഒളിമ്പിയയിൽ നടക്കുന്ന മത ചടങ്ങുകൾക്ക് ശേഷമാണ് ദീപശിഖ തെളിയിക്കുന്നത്. അതും എങ്ങനെയാണെന്നോ? ഗ്രീക്ക് പുരോഹിതയുടെ വേഷം ധരിച്ച നർത്തകി കുഴിഞ്ഞ കണ്ണാടിയിൽ സൂര്യ പ്രകാശം പതിപ്പിച്ച് അതിൽ നിന്നുണ്ടാകുന്ന ജ്വാലയിൽ നിന്നാണ് ദീപ ശിഖ തെളിയിക്കുന്നത്. ഓരോ തവണയും ഒളിമ്പിക്സ് വേദി മാറിക്കൊണ്ടിരിക്കും. ഏഴു വർഷത്തിനു മുമ്പേ ആഥിതേയ രാഷ്ട്രമേതാണെന്ന് പ്രഖ്യാപിക്കും. 2016ൽ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് ഒളിമ്പിക്സ് നടന്നത്. ഒളിമ്പിക്സ് നടക്കുന്ന ആദ്യ ലാറ്റിനമേരിക്കൻ രാജ്യം എന്ന പ്രത്യേകതയായിരുന്നു ബ്രസീലിനെ തേടിയെത്തിയത്.
ഒളിംപിക്സിൽ ഇന്ത്യ ഇതുവരെ; തിളങ്ങിയത് ലണ്ടനിൽ
ഒളിമ്പിക്സിൽ ഇന്ത്യ ഇതുവരെ നേടിയത് 28 മെഡലുകൾ മാത്രം. അതിൽ ഒമ്പത് സ്വർണവും ഏഴ് വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പെടുന്നു. പുരുഷ ഹോക്കിയിലാണ് കൂടുതൽ മെഡൽ. എട്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും. ഇതുവരെ നടന്ന 31 ഒളിമ്പിക്സുകളിൽ 24 എണ്ണത്തിൽ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. 2012ൽ ലണ്ടനിൽ നടന്ന ഒളിമ്പിക്സിലാണ് ഏറ്റവും വലിയ നേട്ടം. 83 അത്ലീറ്റുകൾ അണിനിരന്നപ്പോൾ രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ആറ് മെഡലുകൾ. ഷൂട്ടിങ്ങിൽ വിജയ് കുമാർ പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് പിസ്റ്റളിൽ വെള്ളി നേടി. 66 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സുശീൽ കുമാറും വെള്ളി കരസ്ഥമാക്കി.
ബാഡ്മിന്റണിൽ സൈന നെഹ്വാളും ബോക്സിങ്ങിൽ മേരികോമും വെങ്കലം നേടി. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിളിൽ ഗഗൻ നരംഗ് വെങ്കലം വെടിവച്ചിട്ടു. ഗുസ്തിയിൽ യോഗേശ്വർ റാവുവിന് വെങ്കലമുണ്ട്. പുരുഷ ഹോക്കിയിൽ 1928 ആംസ്റ്റർഡാം ഒളിമ്പിക്സ് മുതൽ തുടർച്ചയായി ആറ് സ്വർണം. തുടർന്ന് 1964ൽ ടോക്യോയിലും 1980ൽ മോസ്കോയിലും പ്രകടനം ആവർത്തിച്ചു. 2008 ബീജിങ്ങിൽ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിൽ നേടിയതാണ് ഏക വ്യക്തിഗത സ്വർണം. ഏഴ് വെള്ളിയിൽ രണ്ടെണ്ണം ബ്രിട്ടീഷുകാരനായ നോർമൻ പ്രിച്ചാഡ് നേടിയതാണ്. 1900 പാരിസ് ഒളിമ്പിക്സിൽ 200 മീറ്റർ, 200 മീറ്റർ ഹർഡിൽസ് എന്നിവയിൽ രണ്ടാമതെത്തി. 1960ലെ റോം ഒളിമ്പിക്സിൽ ഹോക്കിയിൽ വെള്ളി. 2004 ഏതൻസിൽ രാജ്യവർധൻ സിങ് റാത്തോഡ് ഷൂട്ടിങ്ങിൽ വെള്ളി സ്വന്തമാക്കി. ഡബിൾ ട്രാപ്പ് ഇനത്തിലാണ് നേട്ടം. 2016ൽ പി വി സിന്ധു ബാഡ്മിന്റൺ ഫൈനലിൽ തോറ്റില്ലായിരുന്നുവെങ്കിൽ മറ്റൊരു വ്യക്തിഗത സ്വർണം ഇന്ത്യൻ ശേഖരത്തിൽ എത്തിയേനെ.
1952 ഹെൽസിങ്കിയിൽ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഷഹബ ദാദാസാഹേബ് ജാദവ് വെങ്കലം നേടി. 1968ലും 1972ലും ഹോക്കിയിൽ വെങ്കലമാണ്. 1996ൽ ലിയാൻഡർ പെയ്സ് ടെന്നീസിൽ വെങ്കലം കൊണ്ടുവന്നു. 2000ൽ കർണം മല്ലേശ്വരി ഭാരോദ്വഹനത്തിൽ വെങ്കലം ഉയർത്തി. 2008 ബീജിങ്ങിൽ ബോക്സിങ്ങിൽ വിജേന്ദർ സിങ്ങും ഗുസ്തിയിൽ സുശീൽ കുമാർ വെങ്കലവും കരസ്ഥമാക്കി. 2016ൽ സാക്ഷി മാലിക് ഗുസ്തിയിൽ വെങ്കലമെഡൽ സ്വന്തമാക്കി.
മഹാമേളയിലെ മലയാളി താരങ്ങൾ
ഒളിമ്പിക്സിൽ റെക്കോർഡ് പ്രാതിനിധ്യമുണ്ടെങ്കിലും വ്യക്തിഗത മെഡൽ പട്ടികയിൽ ഇടം പിടിക്കാൻ ഇത് വരെ ഒരു കേരള താരത്തിനും കഴിഞ്ഞിട്ടില്ല. ടീമിനത്തിൽ രണ്ട് മലയാളികൾ മെഡൽ നേടിയിട്ടുണ്ട്. മാന്യുവൽ ഫ്രെഡറിക്കും അലൻ ഷെഫീൽഡും. രണ്ടും പേരുടെയും മെഡൽ നേട്ടം ഹോക്കിയിലായിരുന്നു. അത്ലറ്റിക്സിലടക്കം ഇന്ത്യയുടെ കായിക ചരിത്രത്തിൽ പ്രമുഖ സ്ഥാനമാണ് മലയാളി താരങ്ങൾക്കുള്ളത്. ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിലും സ്ഥിതി മറിച്ചല്ല. നാൽപ്പതിലധികം താരങ്ങളാണ് ഇതിനകം രാജ്യത്തെ പ്രതിനിധീകരിച്ച് ലോക കായിക മേളയിൽ പങ്കെടുത്തത്. ഇത്തവണത്തെ ഇന്ത്യൻ സംഘത്തിലെ റെക്കോർഡ് മലയാളി സാന്നിധ്യം കൂടി പരിഗണിക്കുമ്പോൾ ഒളിമ്പിക്സിൽ പങ്കെടുത്ത കേരളാ താരങ്ങളുടെ എണ്ണം ഏതാണ്ട് അർദ്ധ സെഞ്ചുറി തികയും.
വിശ്വകായിക വേദിയിൽ ഇന്ത്യയുടെ വരവറിയിച്ച ആദ്യ മലയാളി കണ്ണൂരിലെ സി കെ ലക്ഷ്മണനാണ്. 1924ലെ പരീസ് ഒളിമ്പിക്സിലാണ് ലക്ഷ്മണൻ രാജ്യത്തിന്റെ അഭിമാനമായത്. 110 മീറ്റർ ഹർഡിൽസിൽ പങ്കെടുത്ത ലക്ഷ്മണൻ എട്ടംഗ ബ്രിട്ടീഷ് ഇന്ത്യൻ സംഘത്തിലെ നാല് ഇന്ത്യക്കാരിൽ ഒരാളാണ്. കണ്ണൂർ പയ്യാമ്പലം തോട്ടത്തിൽ ചെറുവാടി കൊറ്റിയത്ത് ചോയി ബട്ട്ലറുടെയും ചെറുവാരി കല്യാണിയമ്മയുടെയും മകനായ ലക്ഷ്മണൻ അഞ്ചാമത്തെ ഹീറ്റ്സിൽ പുറത്തായെങ്കിലും അതിനകം ചരിത്രത്തിലിടം പിടിച്ചിരുന്നു. ഡൽഹിയിൽ നടന്ന പ്രഥമ ദേശീയ അത്ലറ്റിക് മീറ്റിലെ ഹർഡിൽസ് സ്വർണനേട്ടമാണ് ലക്ഷ്മണനെ ഒളിമ്പിക്സ് ടീമിലെത്തിച്ചത്.
ഒളിമ്പ്യനായിട്ടും സി കെ ലക്ഷ്മണൻ ഇന്ത്യൻ കായിക രംഗത്ത് അധികം അറിയപ്പെടാത്ത താരമാണ്. സ്വന്തം നാടായ കണ്ണൂരിൽപ്പോലും കാര്യമായ സ്മാരകമൊന്നുമില്ല. കണ്ണൂർ ജവഹർ സ്റ്റേഡിയം പവിലിയനുമുന്നിലുള്ള അർധകായ പ്രതിമയാണ് ഏക സ്മാരകം. കണ്ണൂർ ഫുട്ബോൾ ഫ്രണ്ട് സൗജന്യ കോച്ചിങ് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രതിമ സ്ഥാപിച്ചത്. 2008 ഓഗസ്റ്റ് അഞ്ചിന് ഒളിമ്പ്യൻ ഒ ചന്ദ്രശേഖരനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ മലയാളി ഒളിമ്പ്യൻ തിരുവല്ല പാപ്പൻ എന്ന തോമസ് മത്തായി വർഗീസാണ്. 1948ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ഫുട്ബോൾ ടീം അംഗമായിരുന്നു പാപ്പൻ.
ഒളിമ്പിക്സിൽ കേരളത്തിനെ പ്രതിനിധീകരിച്ച ആദ്യത്തെ വനിതയെന്ന നേട്ടം പി.ടി ഉഷയ്ക്കുള്ളതാണ്. 1980 ലെ മോസ്കോ ഒളിമ്പിക്സിൽ പങ്കെടുക്കുമ്പോൾ ഉഷയ്ക്ക് പ്രായം വെറും പതിനാറ് വയസ്സ്. ഒരു പക്ഷെ ഒളിമ്പിക്സ് അത്ലറ്റിക്സിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും കേരളത്തിന്റെ സ്വന്തം പയ്യോളി എക്സപ്രസിന്റെ പേരിലാവും. മോസ്കോയിൽ ഉഷ മത്സരിച്ചത് വനിതകളുടെ 100 മീറ്ററിൽ. ഹീറ്റ്സിൽ 12.27 സെക്കന്റിൽ ഓടിയെത്തിയെങ്കിലും മുന്നേറാൻ സാധിച്ചില്ല. അതിന് ശേഷം ഇത്തവണയാണ് ഒരിന്ത്യൻ താരത്തിന് 100 മീറ്ററിൽ ഒളിമ്പിക്സ് യോഗ്യത മറികടന്ന് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. ഒഡീഷയുടെ ദ്യുതി ചന്ദിന്.
ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ പങ്കെടുത്ത മലയാളി താരമെന്ന നേട്ടം ഷൈനി വിൽസനും പി.ടി. ഉഷയ്ക്കുമുള്ളതാണ്. ഇരുവരും നാല് ഒളിമ്പിക്സുകളിൽ പങ്കെടുത്തിട്ടുണ്ട്. 1980ൽ മോസ്കോയിൽ തുടങ്ങി 1996 ൽ തന്റെ 32-ാം വയസ്സിൽ 1996ൽ അറ്റ്ലാന്റ്യയിൽ വരെയുള്ള നാല് ഒളിമ്പിക്സുകളിലാണ് ഉഷ പങ്കെടുത്തത്. ഇടയ്ക്ക് 1988ലെ ബാർസിലോന ഒളിമ്പിക്സ് ഉഷയ്ക്ക് നഷ്ടമായി. 1984 ലെ ലോസ് ആഞ്ചൽസ് മുതൽ അറ്റ്ലാന്റ വരെ തുടർച്ചയായ നാല് ഒളിമ്പിക്സുകളിലായിരുന്നു ഷൈനിയുടെ പ്രാതിനിധ്യം. പിന്നീടുള്ളവരിൽ കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളും പങ്കെടുത്ത ട്രിപ്പിൾ ജമ്പർ രജ്ജിത്ത് മഹേശ്വരിയാണ് മുന്നിൽ. രജ്ജിത്തിന്റെ തുടർച്ചയായ മൂന്നാമത്തെ ഒളിമ്പിക്സായിരുന്നു റിയോയിലേത്. രണ്ടാമത്തെ ഒളിമ്പിക്സിനിറങ്ങുന്ന രണ്ട് മലയാളി താരങ്ങൾ ഇന്ത്യൻ സംഘത്തിലുണ്ട്. ടിന്റു ലൂക്കയും ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ ശ്രീജേഷും.
ഒളിമ്പിക്സിൽ റെക്കോർഡ് പ്രാതിനിധ്യമുണ്ടെങ്കിലും വ്യക്തിഗത മെഡൽ പട്ടികയിൽ ഇടം പിടിക്കാൻ ഇത് വരെ ഒരു കേരള താരത്തിനും കഴിഞ്ഞിട്ടില്ല. ടീമിനത്തിൽ രണ്ട് മലയാളികൾ മെഡൽ നേടിയിട്ടുണ്ട്. മാന്യുവൽ ഫ്രെഡറിക്കും അലൻ ഷെഫീൽഡും. രണ്ടും പേരുടെയും മെഡൽ നേട്ടം ഹോക്കിയിലായിരുന്നു. 1972മ്യൂണിക് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഹോക്കി ടീം അംഗമായാരുന്ന മാനുവൽ ഫ്രെഡറിക്. 1980ൽ മോസ്കോയിൽ സ്വർണം നേടിയ ടീമിലംഗമായിരുന്നു അലൻ ഷെഫിൽഡ്. ഒളിമ്പിക്സിൽ മെഡൽ നേടിയ മലയാളികൾ എന്ന് പേരിനെങ്കിലും പറയാവുന്ന രണ്ട് പേർ. ഇങ്ങിനെ പറയാൻ കാരണമുണ്ട്. ഇരുവരും മലയാളി വേരുകളുള്ളവരാണെങ്കിലും, കളിച്ച് വളർന്നത് കേരളത്തിന് പുറത്താണ്.
ഇത് രണ്ടും ഒഴിച്ച് നിർത്തിയാൽ ഒളിമ്പിക്സിലെ കേരളത്തിന്റെ മികച്ച പ്രകടനം പുറത്ത് വന്നത് മിക്കതും വനിതാ താരങ്ങളിൽ നിന്നാണ്. അത്ലറ്റിക്സിൽ ഒരു തവണ ഫൈനലിലും രണ്ട് തവണ സെമിഫൈനലിലുമെത്തിയിട്ടുണ്ട് കേരള താരങ്ങൾ. ഒളിമ്പിക്സ് ഫൈനലിലെത്തി ചരിത്രം കുറിച്ചത് ഉഷയാണ്. 1984 ലോസ് ആഞ്ചൽസ് ഒളിമ്പിക്സിൽ 400 മീറ്റർ ഫൈനലിലെത്തിയാണ് ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ താരം എന്ന റെക്കോർഡ് ഉഷ സ്വന്തമാക്കിയത്. അന്ന് സെക്കറ്റിന്റെ നൂറിലൊരു അംശത്തിനാണ് ഉഷയ്ക്ക് മെഡൽ നഷ്ടമായത്. ഇപ്പോഴും ഇന്ത്യയുടെ ഒളിമ്പിക്സ് അത്ലറ്റിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ഉഷയുടെ ലോസ് ആഞ്ചൽസിലെ മിന്നൽ കുതിപ്പ് തന്നെയാണ്.
ഒളിമ്പിക്സിൽ സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം ഷൈനി വിൽസനാണ്. 1984ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലായിരുന്നു ഷൈനിയുടെയും നേട്ടം. ഇരുവരുടെയും നേട്ടത്തിന് ശേഷം അത്ലറ്റിക്സിലെ മലയാളിയുടെ മികച്ച പ്രകടനമുണ്ടാവുന്നത് കഴിഞ്ഞ തവണ ലണ്ടനിലാണ്. ഉഷയുടെ പ്രിയ ശിഷ്യ ടിന്റു ലൂക്ക 800 മീറ്ററിൽ മികച്ച പ്രകടനത്തോടെ സെമിഫൈനലിൽ വരെ എത്തി.
ടോക്യോയിൽ കുതിക്കാൻ ഇന്ത്യൻ താരങ്ങളെത്തി; 'കരുതലോടെ' പരിശീലനം
ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കേണ്ട ഇന്ത്യൻ താരങ്ങൾ എത്തിക്കഴിഞ്ഞു. 228 അംഗ ഇന്ത്യൻ സംഘമാണ് പങ്കെടുക്കുന്നത്. ഇവരിൽ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉൾപ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മാറ്റുരയ്ക്കും. 85 മെഡൽ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഒളിംപിക് ഗ്രാമത്തിൽ താരങ്ങൾക്കും പരിശീലകർക്കും ഒഫീഷ്യൽസിനുമായി 21 കെട്ടിട സമുച്ചയങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ അനുമതിയില്ലാതെ ആർക്കും ഒളിംപിക് ഗ്രാമത്തിന് പുറത്തേക്ക് പോകാനാവില്ല. ദിവസേന കോവിഡ് പരിശോധന, കൂട്ടംകൂടി ഭക്ഷണം കഴിക്കാൻ പാടില്ല, എപ്പോഴും മാസ്ക് ധരിക്കണം. എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് ഒളിംപിക് ഗ്രാമത്തിൽ കായികതാരങ്ങളടക്കം പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ.എല്ലാവരെയും കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഒളിംപിക് ഗ്രാമത്തിൽ പ്രവേശിപ്പിച്ചത്.
വേഗക്കുതിപ്പിന് സുവർണ നിരയില്ല; വനിത പോരാട്ടം ആവേശമാകും
കോവിഡ് തളർത്തിയ ഒളിമ്പിക്സിന് ഇക്കുറി ആരവങ്ങൾ കുറവാണ്. അതിലും നിരാശ അത്ലറ്റിക്സിലെ വൻ താരങ്ങൾ ടോക്യോയിൽ ഇല്ല എന്നതാണ്. സ്പ്രിന്റ് പുരുഷ വിഭാഗത്തിൽ ലോക റെക്കോഡുകാരൻ യുസൈൻ ബോൾട്ട് കളമൊഴിഞ്ഞു. ബോൾട്ടിന്റെ സഹതാരമായ ജമൈക്കയുടെ യൊഹാൻ ബ്ലേക്ക്, അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിൻ എന്നിവരും രംഗത്തില്ല. എന്നാൽ വനിതകളുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഈ മേളയുടെ ഏറ്റവും ആവേശകരമായ ഇനമാകും വനിതാ നൂറ്.
ജമൈക്കയുടെ ഷെല്ലി ആൻഫ്രേസർ പ്രൈസി, ഇലെയ്ൻ തോംപ്സൺ-ഹെറാ, ഷെറീക്ക ജാക്സൺ, നടാഷ മോറിസൺ, ട്വാനിഷ ടെറി, അലെയ് ഹോബ്സ്, ബ്രിട്ടന്റെ ദിന ആഷെർ സ്മിത്ത്, നൈജീരിയയുടെ ബ്ലെസിങ് ഒകഗ്ബാരെ, ഐവറി കോസ്റ്റിന്റെ മരിയ ജോസീ ടാ ലു എന്നിവരാണ് രംഗത്ത്. മരുന്നടിയിൽ വിലക്കിലുള്ള അമേരിക്കയുടെ ഷാകാരി റിച്ചാർഡ്സൺ പട്ടികയിൽ ഇല്ല. ഇതിൽ ഷെല്ലി, ഷെറീക്ക, ഇലെയ്ൻ എന്നിവർ 10.8 സെക്കൻഡിന് താഴെ ഓടിയവരാണ്. അമേരിക്കയുടെ റിച്ചാർഡ്സണും ഇതിൽ ഉൾപ്പെടും. പക്ഷേ, ഷകാരിക്ക് ഒളിമ്പിക്സ് നഷ്ടമാകും.
ഷെല്ലിക്കാണ് സാധ്യത കൂടുതൽ. 2008, 2012 വർഷങ്ങളിൽ ചാമ്പ്യനാണ്. 2016ൽ വെങ്കലും.2017ൽ മകൻ സ്യോണിന് ജന്മം നൽകിയതിനാൽ ഒന്നരവർഷത്തോളം പുറത്തിരുന്നു. 10.63 സെക്കൻഡിൽ ഷെല്ലിക്കാണ് ഈ സീസണിലെ മികച്ച സമയം. 100ന്റെ ചരിത്രത്തിൽ അമേരിക്കൻ താരം ഫ്ളോജോ കഴിഞ്ഞാൽ ഏറ്റവും വേഗമേറിയ താരമാണ് ഷെല്ലി. അതേസമയം, ഷെല്ലിയുടെ കൂട്ടുകാരി ഷെറീക്ക 400ൽ മാത്രം മത്സരിക്കാനാണ് കൂടുതൽ സാധ്യത. ബ്രിട്ടന്റെ ദിനയ്ക്ക് പരിക്കുകാരണം മികച്ച പ്രകടനത്തിലെത്താനായില്ല. അത്ലറ്റിക് മത്സരങ്ങൾക്ക് ഈ മാസം 30നാണ് തുടക്കമാകുക.
സ്വപ്നങ്ങളിലേക്ക് മുന്നേറാൻ അഭയാർഥി ടീമിൽ 29 അത്ലീറ്റുകൾ
യുദ്ധവും ദാരിദ്ര്യവും വെല്ലുവിളിയായപ്പോൾ പിറന്ന നാട്ടിൽനിന്ന് അഭയാർഥികളായി അന്യദേശങ്ങളിലേക്കു കുടിയേറിയവർ. ജന്മനാട്ടിലെ പീഡനങ്ങളും തിരസ്കാരങ്ങളും പിന്നിട്ട്, മനക്കരുത്ത് മാത്രം ആയുധമാക്കി, പോരാട്ടത്തിന് ഇറങ്ങിപ്പുറപ്പെട്ടവർ. ജന്മനാടിന്റെയോ ഇപ്പോൾ താമസിക്കുന്ന രാജ്യത്തിന്റെയോ പേരിലല്ല, മറിച്ച് ഒളിംപിക് പതാകയ്ക്കു കീഴിലാണ് ഇവർ മത്സരിക്കാനിറങ്ങുന്നത്. ഇവർ സ്വർണ മെഡൽ നേടിയാൽ മുഴങ്ങുക ദേശീയഗാനമല്ല, ഒളിംപിക് ആന്തമാണ്. ഒളിംപിക് റെഫ്യൂജി ഫൗണ്ടേഷനാണ് ഇവരുടെ പരിശീലനച്ചെലവു വഹിക്കുന്നത്. ഇത്തവണ 29 പേരാണ് അഭയാർഥി ടീമിലുള്ളത്. പ്രമുഖർ:
യുസ്ര മാർദിനി
ആഭ്യന്തരയുദ്ധത്തിൽ സിറിയയിലെ ജന്മഗ്രാമം തകർന്നപ്പോൾ സഹോദരിയെയും ഒപ്പംകൂട്ടി നാടുവിടുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു പതിനെട്ടുകാരി യുസ്രയ്ക്കു മുന്നിൽ. മറ്റു 18 പേർക്കൊപ്പം ഇരുവരും ഒരു ബോട്ടിൽ ഗ്രീസിലേക്കു യാത്ര തുടങ്ങി. കാറ്റിലും കോളിലുംപെട്ട് ആടിയുലഞ്ഞ ബോട്ടിൽ മറ്റുള്ളവർക്കു ധൈര്യം പകർന്ന് തലയുയർത്തി നിന്നതു നീന്തൽ വശമുള്ള യുസ്ര മാത്രമായിരുന്നു. ഒടുവിൽ ഗ്രീസിലെത്തി. അവിടെനിന്നു ജർമനിയിലേക്ക്. നീന്തൽ പരിശീലത്തിലായിരുന്നു ഏക പ്രതീക്ഷ. സ്വപ്നം വെറുതെയായില്ല. റിയോയിൽ ആദ്യ ഒളിംപിക്സ്. ഇത്തവണ ടോക്കിയോയിൽ രണ്ടാംവട്ടം.
പൊപൊലീ മിസങ്ക
കൺമുന്നിൽ അമ്മ വെടിയേറ്റു വീണപ്പോൾ ഒൻപതു വയസ്സുകാരൻ മിസങ്ക കോംഗോയിലെ സ്വന്തം നാട്ടിൽനിന്ന് ഓട്ടം തുടങ്ങിയതാണ്. ഒരാഴ്ചയ്ക്കുശേഷം കാട്ടിൽനിന്നു കണ്ടെത്തി അനാഥാലയത്തിലാക്കി. അവിടെവച്ചാണു ജൂഡോ പരിശീലിക്കുന്നത്. ദേശീയ മത്സരങ്ങളിൽ വരെ ചാംപ്യനായി. 2013ൽ ലോക ജൂഡോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനായി ബ്രസീലിൽ എത്തിയപ്പോൾ മിസങ്കയെയും കൂട്ടുകാരനെയുംപരിശീലകൻ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടു. ആഹാരവും വെള്ളവും കിട്ടാതെ വലഞ്ഞ മിസങ്ക ഒടുവിൽ ഒരു തീരുമാനമെടുത്തു. ഇനി നാട്ടിലേക്കില്ല. താരത്തിനു ബ്രസീൽ അഭയം കൊടുത്തു. ടോക്കിയോയിൽ മിസങ്ക പോരാട്ടത്തിനുണ്ടാകും.
മസോമ അലി സദാ
അഫ്ഗാനിലെ അരക്ഷിതാവസ്ഥയിൽനിന്നു പലായനം ചെയ്ത് ഇറാനിലെത്തിയപ്പോഴാണ് അലി സദാ സൈക്ലിങ് പരിശീലനം തുടങ്ങിയത്. പിന്നീടു കാബൂളിൽ മടങ്ങിയെത്തിയപ്പോഴും പരിശീലനം തുടർന്നു. ഹെൽമറ്റും ട്രാക് സ്യൂട്ടുമണിഞ്ഞ് അഫ്ഗാനിലെ തെരുവുകളിലൂടെ സൈക്കിൾ ചവിട്ടിയ സദായ്ക്കു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. അസഭ്യവർഷം ചൊരിഞ്ഞു. ദേഹത്തു കൈവച്ചു. കുടുംബത്തെപ്പോലും വെറുതെ വിടില്ലെന്നായപ്പോൾ ഫ്രാൻസിലേക്കു രക്ഷപ്പെടേണ്ടി വന്നു. പരിശീലനം തുടർന്നു. സിവിൽ എൻജിനീയറിങ്ങിൽ ബിരുദപഠനവും നടത്തുന്നു. ടോക്കിയോയിലെ സൈക്ലിങ് ട്രാക്കിൽ സദായുമുണ്ടാവും; മെഡൽ പ്രതീക്ഷയോടെ.
എയ്ഞ്ചലീന നദായ് ലൊഹാലിത
കലാപകാരികളുടെ വെടിയുണ്ടകളിൽനിന്നു രക്ഷപ്പെട്ടാണു 2002ൽ 8ാം വയസ്സിൽ ലൊഹാലിത് ദക്ഷിണ സുഡാനിൽനിന്നു കെനിയയിലേക്കു പലായനം ചെയ്തത്. അവിടെ അഭയാർഥി ക്യാംപിൽ കഷ്ടപ്പാടുകളുടെ നടുവിൽ ജീവിതം. സ്കൂൾ പഠനകാലത്തു മധ്യദൂര ഓട്ടത്തിൽ കരിയർ വളർത്തിയെടുത്തു. ടോക്കിയോയിൽ 1500 മീറ്ററിൽ മത്സരിക്കും.
ഇവർ ടോക്യോയുടെ നഷ്ടം
ടോക്യോ ഒളിംപിക്സിന് അരങ്ങുണരുമ്പോഴും കായിക ലോകം വീണ്ടും കാണാൻ മോഹിച്ച ചില പ്രമുഖ താരങ്ങളുടെ അസാന്നിധ്യവും ഇത്തവണ ശ്രദ്ധേയമാവും. നീണ്ട കാത്തിരിപ്പിന് ശേഷം ഒളിംപിക്സിന്റെ സമാരംഭത്തിന് ദിനങ്ങൾ അടുത്തതിനൊപ്പം ടോക്യോയിൽ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരാവുന്ന താരങ്ങളുടെ പട്ടിക ദിവസം കൂടുംതോറും നീളമേറിയിരുന്നു. ബ്രസീൽ സൂപ്പർ താരം നെയ്മർ, ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പേ എന്നിവരിൽ തുടങ്ങി സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വരെയുണ്ട് ആ പട്ടികയിൽ. ഇതോടൊപ്പം പതിനായിരം മീറ്ററിലെ സ്വർണമെഡൽ ജേതാവ് മോ ഫറയ്ക്കും ടോക്യോയിലേക്ക് യോഗ്യത നേടാനായിട്ടില്ല.
ടെന്നീസിലാണ് കൂടുതൽ താരങ്ങൾ ഒളിംപിക്സിൽ നിന്ന് പിന്മാറിയത്. റോജർ ഫെഡറർ, റാഫേൽ നദാൽ, സെറീന വില്യംസ്, സിമോണ ഹാലെപ്, ഗൗഫ്, സ്റ്റാൻ വാവ്റിങ്ക, ഡൊമിനിക് തീം എന്നിവരൊന്നും ടോക്യോയിലെത്തില്ല. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണമാണ് ഇവരുടെ പിന്മാറ്റം. ടോക്യയോയിൽ മത്സരിച്ചിരുന്നുവെങ്കിൽ 2000ലെ സിഡ്നി ഒളിംപിക്സിനുശേഷം ഒളിംപിക്സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ടെന്നീസ് താരമെന്ന റെക്കോർഡ് ഗൗഫിന് സ്വന്തമാവുമായിരുന്നു.
അമേരിക്കൻ ടെന്നിസ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ടോക്യോ ഒളിംപിക്സിൽ നിന്നും പിന്മാറിയത്. വനിതാ ടെന്നിൽ യുഎസ്എ ടീമിനെ നയിക്കാൻ ഒരുങ്ങുന്നതിനിടെയാണ് 17കാരിയായ ഗൗഫിന് കോവിഡ് സ്ഥിരീകരിച്ചത്. ലോക റാങ്കിങ്ങിൽ 23ആം സ്ഥാനത്തുള്ള ഗൗഫ് ഈ മാസം നടന്ന വിംബിൾഡണിൽ പ്രീക്വാർട്ടറിലാണ് പുറത്തായത്. ഒളിംപിക്സിൽ അമേരിക്കയെ പ്രതിനിധീകരിക്കുക എന്നത് വലിയ സ്വപ്നമായിരുന്നുവെന്നും പങ്കെടുക്കാനാവാത്തത് വലിയ നിരാശയാണെന്നും ഗൗഫ് പറഞ്ഞു.
ഒളിംപിക്സിനായി ടോക്യോയിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓസ്ട്രേലിയൻ ടെന്നീസ് താരം അലക്സ് ഡി മിനൗറിനും ഒളിംപിക്സ് നഷ്ടമായിരുന്നു. ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സൈന നെഹ്വാളിന് ഇത്തവണ യോഗ്യത നേടാനായില്ല. സൈനയ്ക്കൊപ്പം കെ.ശ്രീകാന്തിനും കോവിഡ് കാരണം യോഗ്യതാ മത്സരങ്ങൾ റദ്ദാക്കിയതാണ് തിരിച്ചടിയായത്. പരിക്കേറ്റ സ്പാനിഷ് താരവും കഴിഞ്ഞ തവണ പി വി സിന്ധുവിനെ കീഴടക്കി സ്വർണം നേടിയ കരോളിന മാരിനും ഇത്തവണ ഒളിംപിക്സിനില്ല. റിയോ ഒളിംപിക്സിൽ ബ്രസീലിനെ സ്വർണമെഡലിലേക്ക് നയിച്ച നെയ്മർ, ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പേ, ഈജിപ്ഷ്യൻ താരം മുമ്മഹദ് സലാ എന്നി സൂപ്പർ താരങ്ങളെയും അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരാണ്.
അമ്പരപ്പിക്കുന്ന സൗകര്യങ്ങൾ ഒരുക്കി, വെല്ലുവിളിയായി കോവിഡ്
കോവിഡ് ഡെൽറ്റാ വകഭേദം പടരുന്നതിനാൽ ടോക്യോയിൽ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്സ് നടക്കുന്നത്. ജൂലൈ 12 മുതൽ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ടോക്യോ നഗരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്നതിനാൽ ഇത്തവണ കാണികൾക്ക് പ്രവേശനമില്ല. സമ്മാനദാന ചടങ്ങിൽ ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കാൻ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യമുണ്ടാവില്ല എന്നതടക്കം വലിയ മാറ്റങ്ങൾ ഇക്കുറി ഒളിംപിക്സിനുണ്ട്. കടുത്ത കോവിഡ് പ്രോട്ടോക്കോളാണ് ഒളിംപിക് വില്ലേജിൽ തയ്യാറാക്കിയിരിക്കുന്നത്. ഒളിംപിക് വില്ലേജിൽ താരങ്ങൾക്ക് അടക്കം കോവിഡ് ബാധിച്ചത് ആശങ്കയുയർത്തി. രണ്ട്അത്ലറ്റുകൾക്കും ഒരു ഓഫീഷ്യലിനുമാണ് കോവിഡ് ആദ്യം സ്ഥിരീകരിച്ചത്. ഒളിംപിക് ഗ്രാമത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് വ്യക്തമാക്കി.
ഇനിയുള്ള നാളുകൾ ഹറൂമി ജില്ലയിലെ ഒളിംപിക് ഗ്രാമം പതിനൊന്നായിരം കായികതാരങ്ങൾക്കും ഏഴായിരം ഒഫീഷ്യൽസിനും സ്വന്തം വീട് പോലെ. അമ്പരപ്പിക്കുന്ന സൗകര്യങ്ങളാണ് ഒളിംപിക് വില്ലേജിൽ ജപ്പാൻ ഒരുക്കിയിരിക്കുന്നത്. ഒളിംപിക് വില്ലേജിന്റെ കാഴ്ചകൾ നേരത്തെ സംഘാടകർ പുറത്തുവിട്ടിരുന്നു. താരങ്ങൾക്കും പരിശീലകർക്കും ഒഫീഷ്യൽസിനുമായി 21 കെട്ടിട സമുച്ചയങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ അനുമതിയില്ലാതെ ആർക്കും ഒളിംപിക് ഗ്രാമത്തിന് പുറത്തേക്ക് പോകാനാവില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണപ്പുരയിൽ 700 വ്യത്യസ്ത വിഭവങ്ങൾ തയ്യാർ. ഒരേസമയം മൂവായിരം പേർക്കാണ് പ്രവേശനം. ഒളിംപിക് ഗ്രാമത്തിൽ വിശാലമായ ഷോപ്പിങ് കോംപ്ലക്സും ജിമ്മുകളും പരിശീലന ഗ്രൗണ്ടുകളും വിനോദ കേന്ദ്രങ്ങളും എടിഎമ്മുകളും കഫേകളും സലൂണുകളുമെല്ലാമുണ്ട്. പത്തൊമ്പത് പേർക്ക് വീതം ഇരിക്കാവുന്ന 17 വാഹനങ്ങൾ 24 മണിക്കൂറും സർവീസ് നടത്തും. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് മിക്ക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. ഒളിംപിക് വില്ലേജിൽ നിർമ്മിച്ചിരിക്കുന്ന അപാർട്ട്മെന്റുകൾ ഒളിംപിക്സിന് ശേഷം തദേശീയർക്കായി നൽകും.
അടിയന്തരാവസ്ഥയിൽ ഒളിംപിക്സ്
ഒളിംപിക്സിന്റെ മുഖ്യവേദിയായ ടോക്കിയോക്ക് പുറമേ ഒസാക, ഫുക്കുവോക്ക, ഹൊക്കെയ്ഡോ തുടങ്ങിയ എട്ട് മെട്രോ നഗരങ്ങളിലെ അടിയന്തരാവസ്ഥ നിലനിൽക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ അടിയന്തരാവസ്ഥ നീട്ടുകയല്ലാതെ നിർവ്വാഹമില്ലെന്ന് പ്രധാനമന്ത്രി യോഷിഹിദെ സുഗ നേരത്തെ വ്യക്തമാക്കിയിരുന്നു. ടോക്കിയോ 2020-ന് ഇനി അനിശ്ചിതത്വമില്ലെന്ന് സംഘാടകസമിതി ഉറപ്പാക്കുന്നു. അതേസമയം നാട്ടിൽ ഒളിംപിക്സ് നടത്തുന്നതിൽ ജനങ്ങളുടെ എതിർപ്പ് ശക്തമാണ്. ഒളിംപിക്സ് മാറ്റിവെയ്ക്കുക ഇനി പ്രായോഗികമല്ലെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. ഇപ്പോൾ ഇല്ലെങ്കിൽ ഇക്കുറിയില്ല. ഏതു മഹാമാരിയിലും ഒളിംപിക്സുമായി മുന്നോട്ടു പോകുമെന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ തീരുമാനം.
ഒളിംപിക്സ് നീട്ടിവച്ചാലും റദ്ദാക്കിയാലും കോടികളാണ് ആതിഥേയ രാജ്യമായ ജപ്പാന് നഷ്ടമാവുക. നിശ്ചിത സമയത്ത് നടന്നിരുന്നെങ്കിൽ കണക്കാക്കിയ ആകെ ചെലവ് 1260 കോടി ഡോളറാണ് (93,287 കോടി രൂപ). ഐ.ഒ.സി ഉൾപ്പെടുന്ന സംഘാടകസമിതി, ടോക്കിയോ മെട്രോപ്പൊലിറ്റൻ സർക്കാർ, ജപ്പാൻ സർക്കാർ എന്നിവരാണ് പ്രധാനമായും പണം മുടക്കുന്നത്. ഗെയിംസ് മാറ്റിവെച്ചതുമൂലമുള്ള അധികച്ചെലവായി 280 കോടി ഡോളറാണ് (20,722 കോടി രൂപ) കണ്ടെത്തേണ്ടിവരുക. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ വിഹിതം 130 കോടി ഡോളറാണ് (9,624 കോടി രൂപ). ആഭ്യന്തര സ്പോൺസർഷിപ്പിലൂടെ സ്വരൂപിക്കേണ്ടത് 330 കോടി ഡോളർ (24,431 കോടി രൂപ). അതായത് സംഘാടകർ ഇനിയും കണ്ടെത്തേണ്ടത് ആയിരത്തിലേറെ കോടി ഡോളറാണ് (80,000 ത്തോളം കോടി രൂപ).
ഒളിംപിക്സിനായി ചെലവിടുന്ന വൻതുക സ്പോൺസർഷിപ്പ്, ചാനൽ സംപ്രേഷണാവകാശം, ടൂറിസം എന്നിവയിലൂടെയാണ് പ്രധാനമായും തിരിച്ചുകിട്ടേണ്ടത്. എന്നാൽ, കോവിഡ് മഹാമാരിക്കാലത്ത് ബിസിനസ് ഇടിഞ്ഞതിനാൽ മിക്ക ജപ്പാൻ കമ്പനികളും ഗെയിംസിന് പണംമുടക്കാൻ മടിച്ചുനിൽക്കയാണ്. കോവിഡ് മൂലം ജപ്പാനിലെ വിനോദസഞ്ചാരമേഖലയും വൻ മാന്ദ്യം നേരിടുകയാണ്. കോവിഡ്-19 കാലത്തെ ടോക്കിയോ ഒളിംപിക്സിന് ആദ്യ പ്രഹരമേല്പിച്ചത് ഉത്തരകൊറിയയാണ്. ജപ്പാനിലേക്ക് തങ്ങൾ ഇല്ലെന്ന് പ്രഖ്യാപനമുണ്ടായി. അങ്ങനെ 1984 ലോസ് ഏഞ്ചൽസ്, 1988 സോൾ ഒളിംപിക്സുകളിൽനിന്ന് ശീതയുദ്ധ കാരണം മുൻനിർത്തി പങ്കെടുക്കാതിരുന്ന ഉത്തരകൊറിയ ടോക്കിയോ 2020-ൽനിന്ന് പിന്മാറുന്ന ആദ്യ രാഷ്ട്രവുമായി.
ഇതിനെല്ലാം പുറമേ ടോക്കിയോയിൽ വമ്പൻ കായിക ശക്തിയായ റഷ്യയുടെ പ്രാതിനിധ്യം ഉണ്ടാവില്ലെന്ന വാസ്തവം നിലനിൽക്കുന്നു. റഷ്യയുടെ ദേശീയ ഒളിംപിക് സമിതി ഡോപിങ് സസ്പെൻഷനിലായതിനാൽ അവർക്ക് രാജ്യമെന്ന നിലയിൽ ടോക്കിയോ ഗെയിംസിലോ 2022-ലെ ഖത്തർ ലോകകപ്പ് ഫുട്ബോളിലോ പങ്കെടുക്കാനാവില്ല. ഒടുവിൽ റഷ്യയുടെ 23 അത്ലിറ്റുകൾക്ക് നിഷ്പക്ഷ പതാകയ്ക്കു കീഴിൽ ടോക്കിയോയിലിറങ്ങാൻ ഐ.ഒ.സി അനുമതി നൽകി.
താരങ്ങൾക്ക് വില്ലനായി കടുത്ത ചൂടും
ടോക്യോയിലെത്തിയ കായികതാരങ്ങൾക്ക് ഇത്തവണ പോരാടേണ്ടി വരിക എതിരാളികളോട് മാത്രമല്ല, കോവിഡ് എന്ന വലിയ എതിരാളിയെ ആണ്. കൂടാതെ കനത്ത ചൂടും. ജൂലായ് - ഓഗസ്റ്റ് മാസങ്ങളിൽ ടോക്യോയിൽ ഉഷ്ണകാലം അതിന്റെ അവസാനത്തിലാണ്. ഇക്കാരണത്താൽ തന്നെ കടുത്ത ചൂടും അന്തരീക്ഷ ഈർപ്പവും താരങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2013-ൽ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിച്ചപ്പോൾ തന്നെ വേനലിലെ ടോക്യോയിലെ ചൂടും അന്തരീക്ഷ ഈർപ്പവും ആശങ്ക സൃഷ്ടിച്ചിരുന്നു.
2019-ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മാരത്തൺ, ഓട്ടം, നടത്ത മത്സരങ്ങൾ എന്നിവ ഒളിമ്പിക് സംഘാടകരോട് തണുത്ത കാലാവസ്ഥയുള്ള സാപ്പോറോയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്താൽ തന്നെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് കായികതാരങ്ങൾക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കാൻ ടോക്യോയ്ക്ക് സാധിക്കുമോ എന്ന കാര്യത്തിലും അന്ന് സംശയമുയർന്നിരുന്നു. അന്നത്തെ സംശയം തെറ്റായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് ടോക്യോയിലെ നിലവിലെ സാഹചര്യങ്ങൾ. 1964-ൽ ആണ് ടോക്യോ ആദ്യമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്. അന്ന് അന്തരീക്ഷ താപനില താരതമ്യേന കുറവായ കാലാവസ്ഥയിലാണ് മത്സരങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഇത്തവണ താരങ്ങൾക്ക് റെക്കോഡ് ചൂടുള്ള അന്തരീക്ഷമാകും ഉണ്ടാകുക. കടുത്ത ചൂടും അന്തരീക്ഷ ഈർപ്പവും തികഞ്ഞ വെല്ലുവിളിയായി മാറും.
ഷിയോകേസ് പാർക്കിൽ പരിശീലനം നടത്തുന്ന ബീച്ച് വോളിബോൾ താരങ്ങൾക്ക് മണലിലെ ചൂട് താങ്ങാനാകുന്നില്ലെന്ന് പരാതിപ്പെട്ടതിനാൽ മണൽ നനച്ച് കൊടുത്താണ് അധികൃതർ ഇതിന് പരിഹാരം കണ്ടത്. അന്തരീക്ഷത്തിലെ ചൂട്, ഈർപ്പം, കാറ്റ്, സൗരവികിരണ അളവുകൾ എന്നിവ സംയോജിപ്പിക്കുന്ന വെറ്റ് ബൾബ് ഗ്ലോബ് ടെംപറേച്ചർ (ഡബ്യു.ബി.ജി.ടി) 31.8 ഡിഗ്രിയാണ് ടോക്യോയിൽ അനുഭവപ്പെടുന്നത്. അപകടകരമായ സ്ഥിതിയാണിത്. എന്നാൽ മത്സരത്തിന്റെ ആവേശച്ചൂടിൽ ഇതെല്ലാം താരങ്ങൾ മറക്കും. രാജ്യത്തിനായി അണിനിരക്കുമ്പോൾ ഏറ്റവും നല്ലത് തന്നെ നേടി ടോക്യോയിൽ നിന്നും മടങ്ങാനാകും ഓരോ കായികതാരവും ലക്ഷ്യമിടുക. കാണികളും ആരവങ്ങളും ഇല്ലെങ്കിലും ഒളിംപിക്സിന്റെ ആവേശം കുറയില്ലെന്ന് പ്രതീക്ഷിക്കാം. കോവിഡ് മഹാമാരി കാലത്ത് അതിജീവനത്തിന്റെ പാഠമാകും ടോക്യോ ഒളിംപിക്സ് ലോകത്തിന് നൽകുക.
സ്പോർട്സ് ഡെസ്ക്