- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോജുവിന്റെ കാർ തകർത്ത കേസിൽ ടോണി ചമ്മിണി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം; കോടതി ജാമ്യം അനുവദിച്ചത് വാഹനത്തിന്റെ അറ്റകുറ്റപ്പണിയുടെ 50 ശതമാനം തുക കെട്ടിവെക്കണമെന്ന നിബന്ധനയിൽ; നേതാക്കൾ നാളെ പുറത്തിറങ്ങും
കൊച്ചി: ഇന്ധന വില വർധനവിനെതിരായ ദേശീയപാത ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത കേസിൽ കോൺഗ്രസ് നേതാക്കളായ മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെ അഞ്ചു പ്രതികൾക്ക് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്ന് പ്രതികൾ വാദിച്ചു. എന്നാൽ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നതാണ് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്.
അഞ്ചുപേരും 37,500 രൂപ വീതം കോടതിയിൽ കെട്ടിവെയ്ക്കണം. 50000 രൂപയുടെ രണ്ടു ആൾജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. നേതാക്കൾ നാളെ രാവിലെ പത്തരയോടെ ജയിലിൽ നിന്ന് ഇറങ്ങും. അതിനിടെ, വനിതാ പ്രവർത്തകർക്കെതിരെ മോശം പരാമർശം നടത്തിയ നടൻ ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷിലേക്ക് മാർച്ച് നടത്തി. മരട് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് നടത്തിയ മാർച്ച്, സ്റ്റേഷന് മുന്നിൽ വച്ച് ബാരിക്കേഡുകൾ ഉയർത്തി പൊലീസ് തടഞ്ഞു. രാജ്യത്തെ നിയമങ്ങൾ ഒരു സിനിമാ നടന് വേണ്ടി അട്ടിമറിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആരോപിച്ചു.
ഇന്ധനവില വർധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെയാണ് നടൻ ജോജുവും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. തന്നെ ആക്രമിക്കുകയും കാറിന്റെ ചില്ല് തകർത്തതിനും ജോജുവിന്റെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. കഴിഞ്ഞദിവസങ്ങളിൽ നിരവധി കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്ന് ആരോപിച്ചാണ് കോൺഗ്രസ് സമരം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായാണ് മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
ജോജുവുമായുള്ള പ്രശ്നം ജോജുവുമായി മാഥ്രമുള്ളതാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നടൻ ജോജു ജോർജുമായി ബന്ധപ്പെട്ട വിഷയത്തിൽ ജോജുവിനെതിരെ പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോജുവുമായുള്ള പ്രശ്നത്തിന്റെ പേരിൽ സിനിമാ മേഖലയിലുള്ള മറ്റുള്ളവരുമായി ഉള്ള പ്രശ്നമായി മാറരുത് എന്നാണ് താൻ പറഞ്ഞതെന്നും കെ.സുധാകരൻ വിശദീകരിച്ചു.
അന്ന് ജോജുവിൽ നിന്നുണ്ടായത് അപക്വമായ നടപടിയാണ്. അതിന് സിനിമ ലോകത്തെ എല്ലാവരേയും ശിക്ഷിക്കരുത്. പ്രശ്നം തീർക്കാൻ ജോജു എത്തിയതാണെന്നും എന്നാൽ മുതിർന്ന ചില സിപിഎം നേതാക്കൾ അദ്ദേഹത്തെ പിൻതിരിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇന്ധന നികുതി കുറയ്ക്കാനായി സംസ്ഥാന സർക്കാരിന്റെ കണ്ണ് തുറക്കും വരെ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ചക്ര സ്തംഭന സമരം പൂർണമായും ജനം സ്വീകരിച്ചന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ധനനികുതി ഇളവ് ചെയ്ത കേന്ദ്രസർക്കാരിന്റെ നടപടി തൃപ്തികരമല്ല. പക്ഷേ കേരളം അത്ര പോലും കാണിക്കാത്തത് ജനങ്ങളോടുള്ള ദ്രോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ നടി മീരാ ജാസ്മിൻ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്ന സത്യൻ അന്തിക്കാടിന്റെ സിനിമയ്ക്ക് ചിത്രീകരണ അനുമതി നിഷേധിച്ച് തൃക്കാക്കര നഗരസഭ രംഗത്തുവന്നിരുന്നു. ജയറാം, മീരാ ജാസ്മിൻ ചിത്രത്തിന്റെ ബസ് സ്റ്റാൻഡിൽ വച്ചുള്ള ഷൂട്ടിംഗിനായി തൃക്കാക്കര ബസ് സ്റ്റാൻഡ് വിട്ടുതരണമെന്ന അപേക്ഷയുമായാണ് ചിത്രത്തിന്റെ പിന്നണി പ്രവർത്തകരായ രണ്ടു പേർ ചെയർപേഴ്സണിന്റെ ചേംബറിലെത്തിയത്. എന്നാൽ ഇവർക്കെതിരെ കോൺഗ്രസുകാരിയായ നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വഴിയിലുള്ള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന യൂത്ത് കോൺഗ്രസ് നിലപാടാണ് അനുമതി നിഷേധിച്ചതിന്റെ പിന്നിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.ഇന്നലെ ഉച്ചയോടെയാണ് അനുമതിക്കായി ചലച്ചിത്ര പ്രവർത്തകർ എത്തിയത്. ജനങ്ങൾക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഞാൻ ഷൂട്ടിംഗിന് അനുമതി നൽകണോ? എന്ന മറുപടിയോടെയാണ് ഇവരെ അജിത തങ്കപ്പൻ നേരിട്ടത്. എങ്ങനെ തോന്നി എന്നോട് ഇതു ചോദിക്കാൻ എന്നും അവർ ചോദിച്ചു. എന്നാൽ ഈ സിനിമയിൽ ജോജു അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് അനുമതി സംഘടിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ചെയർപേഴ്സൺ അയഞ്ഞില്ല. പിന്നീട് ഷൂട്ടിംഗിന് അനുമതി നൽകാൻ തടസ്സമില്ലെന്നും അജിത തങ്കപ്പൻ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ