- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാൻ യുദ്ധം 'തന്ത്രപരമായി പരാജയം'; കാബൂൾ ശത്രുവിന്റെ നിയന്ത്രണത്തിൽ; താലിബാന് കീഴിൽ അൽ ഖായിദയോ ഇസ്ലാമിക് സ്റ്റേറ്റോ ശക്തി പ്രാപിച്ചേക്കും; സേനാ പിന്മാറ്റത്തിൽ 'അതൃപ്തി' തുറന്നുപറഞ്ഞ് യുഎസ് സംയുക്ത സൈനിക മേധാവി
ന്യൂയോർക്ക്: അഫ്ഗാൻ യുദ്ധം 'തന്ത്രപരമായി പരാജയ'മായിരുന്നെന്ന് തുറന്നു പറഞ്ഞും താലിബാന് പിന്നിൽ ആഗോള ഭീകര ശക്തികൾ ശക്തിപ്രാപിക്കുമെന്നതിൽ ആശങ്ക പങ്കുവച്ചും യുഎസ് സംയുക്ത സൈനിക മേധാവി മാർക് മില്ലി. യുഎസ് സെനറ്റിലെ സേനാ സമിതിക്കു മുന്നിലാണ് മില്ലിയുടെ ഈ വെളിപ്പെടുത്തൽ.
അഫ്ഗാൻ സർക്കാരിനു പിന്തുണയേകി 2,500 യുഎസ് സൈനികരെയെങ്കിലും അവിടെ നിലനിർത്തണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സേനാ പിന്മാറ്റത്തിൽ യുഎസ് സൈന്യത്തിന്റെയും പ്രസിഡന്റ് ജോ ബൈഡന്റെയും നിലപാടുകളിൽ വ്യത്യസ്തമായിരുന്നെന്നു സൂചിപ്പിക്കുന്ന വെളിപ്പെടുത്തലാണിത്.
സെൻട്രൽ കമാൻഡ് ജനറലായിരുന്ന ഫ്രാങ്ക് മകെൻസി അഫ്ഗാൻ വിഷയത്തിൽ പ്രകടിപ്പിച്ച അഭിപ്രായത്തോടും മില്ലി യോജിപ്പ് പ്രകടിപ്പിച്ചു. ഫ്രാങ്ക് മകെൻസിയാണ് അവസാന മാസങ്ങളിൽ അഫ്ഗാനിലെ യുദ്ധത്തിന് നേതൃത്വം നൽകിയത്.
''ശത്രുവിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ കാബൂൾ'' മില്ലി പറഞ്ഞു. അമേരിക്കൻ സൈനിക സാന്നിധ്യത്തെയും സാങ്കേതിക മികവിനെയും അമിതമായി ആശ്രയിക്കാൻ അഫ്ഗാൻ സൈന്യത്തെ പ്രേരിപ്പിച്ചതാണ് യുഎസ് സൈന്യത്തിന്റെ വലിയ പരാജയം. താലിബാനു കീഴിൽ അൽ ഖായിദയോ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല വിഭാഗമോ അഫ്ഗാനിൽ പുനഃസംഘടിക്കാൻ സാധ്യതയേറെയാണ്. 12 മുതൽ 36 മാസത്തിനുള്ളിൽ അമേരിക്കയ്ക്ക് മേൽ ഒരു ഭീകരാക്രമണ ഭീഷണിയും അതുയർത്തുന്നു. അൽ ഖായിദയുമായി ബന്ധം നിലനിർത്തുന്നവരാണ് താലിബാൻ എന്നതും താലിബാൻ ഇപ്പോഴും ഒരു തീവ്രവാദ സംഘടനയാണെന്നതും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ വിഷയത്തിൽ ജോ ബൈഡന്റെ നിലപാടിനെ പിന്തുണച്ച് വൈറ്റ് ഹൗസ് രംഗത്തുവന്നു. ''സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് സൈനിക മേധാവികളുടെ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്. എന്നാൽ കൃത്യതയ്യാർന്ന നിലപാടിനാണ് പ്രസിഡന്റ് പരിഗണന നൽകിയത്. ഇക്കാര്യത്തിൽ വിദഗ്ധ സമിതിയുടേയും ദേശീയ സുരക്ഷാ സംഘത്തിന്റേയും അഭിപ്രായങ്ങൾ പരിഗണിച്ചിരുന്നു.
സൈനിക സാന്നിധ്യം ഉറപ്പാക്കി താലിബാനുമായി യുദ്ധത്തിനല്ല, കൂടുതൽ മരണം ഒഴിവാക്കാനാണ് തീരുമാനമെടുത്തത്. അമേരിക്കൻ ജനതയുടെയും സൈന്യത്തിന്റെയും താൽപര്യം അതായിരുന്നതായി അദ്ദേഹം കരുതുന്നു. അഭിപ്രായങ്ങൾ എന്താണെങ്കിലും സർവ സൈന്യാധിപനാണ് അതിൽ തീരുമാനം കൈകൊള്ളേണ്ടത്. 20 വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനാണ് അദ്ദേഹം തീരുമാനിച്ചതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
അതേ സമയം താലിബാനെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലവതരിപ്പിച്ച് 22 റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്തെത്തി. അഫ്ഗാനിസ്ഥാനിലെ ഭീകരവാദ സംഘടനകളെ സഹായിക്കുന്ന വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തണമെന്ന് ഈ ബിൽ ആവശ്യപ്പെടുന്നുണ്ട്. മുൻ പ്രസിഡന്റ് നോമിനി മിറ്റ് റോംനി ഉൾപ്പെടെയുള്ള 22 പേരാണ് യുഎസ് സെനറ്റിൽ ഈ ബിൽ അവതരിപ്പിച്ചത്.
'അഫ്ഗാനിസ്ഥാൻഭീകരവിരുദ്ധതാനീക്കം, മേൽനോട്ടം, ഉത്തരവാദിത്വ നിയമം 2021' എന്ന പേരിലുള്ള ബില്ലിലാണ് താലിബാനുമായി ബന്ധപ്പെട്ട് ഉപരോധം ഏർപ്പെടുത്തേണ്ടതിനെക്കുറിച്ച് വിശദമാക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഭീകരവാദ സംഘടനകളെ സഹായിക്കുന്ന വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തണമെന്ന് ഈ ബിൽ ആവശ്യപ്പെടുന്നു. പാക്കിസ്ഥാനെ മനഃപൂർവ്വം ഉപദ്രവിക്കാൻ ലക്ഷ്യമിടുന്നതാണ് ഈ ബില്ലെന്ന് പാക്കിസ്ഥാനിലെ മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി അഭിപ്രായപ്പെട്ടു.
ഈ ബിൽ നിയമമാക്കുന്ന അന്ന് മുതൽ 180 ദിവസങ്ങൾക്കുള്ളിൽ പാക്കിസ്ഥാൻ താലിബാന് നൽകുന്ന പിന്തുണയെക്കുറിച്ച് യുഎസ് കോൺഗ്രസ് സമിതിക്ക് മുമ്പാകെ യുഎസ് ആഭ്യന്തര സെക്രട്ടറി നിർബന്ധമായും റിപ്പോർട്ട് സമർപ്പിക്കേണ്ടി വരും. പാക്കിസ്ഥാനിലെ സർക്കാരോ മറ്റ് ശക്തികളൊ 2001 മുതൽ 2020 വരെ താലിബാന് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ചെയ്തിട്ടുണ്ടോ എന്ന കാര്യം ഈ റിപ്പോർട്ടിൽ വിശദീകരിക്കേണ്ടതുണ്ട്.
അതായത് താലിബാൻ തീവ്രവാദികൾക്ക് അഭയം , സാമ്പത്തിക സഹായം , രഹസ്യസേന പിന്തുണ, പോക്കുവരവിന് സഹായം , പരിശീലനം, ഒരുക്കൽ, വൈദ്യസംബന്ധമായ പിന്തുണ, തന്ത്രപരവും സൈനികവുമായ നിർദ്ദേശങ്ങൾ എന്നിങ്ങനെ ഏതെങ്കിലും വിധത്തിൽ താലിബാന് പാക്കിസ്ഥാൻ സഹായം നൽകിയിട്ടുണ്ടോ എന്ന് റിപ്പോർട്ടിൽ വിശദമാക്കേണ്ടി വരും. ഇക്കാര്യത്തിൽ പാക്കിസ്ഥാന്റെ നിഴൽ നീക്കം പിടിക്കപ്പെടുമെന്ന് ഏതാണ്ടുറപ്പാണ്.
അഷ്റഫ് ഗനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ സർക്കാരിനെ അട്ടിമറിക്കുന്നതിന് താലിബാന് സഹായം നൽകിയതിൽ പാക്കിസ്ഥാനുള്ള പങ്ക്, പഞ്ച്ശീറിലെ താലിബാൻ വിരുദ്ധ പോരാളികളെ തോൽപിക്കാൻ പാക്കിസ്ഥാൻ നൽകിയ പിന്തുണ എന്നീ കാര്യങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കേണ്ടതുണ്ട്. പഞ്ച്ശീറിലെ താലിബാൻ വിരുദ്ദ പോരാളികളെ തോൽപിക്കാൻ പാക്കിസ്ഥാൻ ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിക്കാൻ പാക്കിസ്ഥാൻ രഹസ്യസേനയായ ഐഎസ് ഐയുടെ തലവൻ തന്നെ മേൽനോട്ടം നൽകി എന്നത് വ്യക്തമായിക്കഴിഞ്ഞതാണ് താലിബാന്റെ അതിക്രമങ്ങൾ കുറയ്ക്കാൻ എന്ത് ശ്രമങ്ങളാണ് യുഎസ് നടത്തിയതെന്ന കാര്യങ്ങളും സെനറ്റർമാർ മുമ്പാകെ യുഎസ് ആഭ്യന്തര സെക്രട്ടറി വിശദീകരിക്കേണ്ടതായി വരും.
അഫ്ഗാനിസ്ഥാനിൽ ഏതെങ്കിലും തീവ്രവാദ സംഘടനകൾക്ക് പുറത്ത് നിന്നുള്ള ഏതെങ്കിലും വ്യക്തി സഹായം നൽകുന്നുവെങ്കിൽ അവർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസ് പ്രസിഡന്റിന് ഈ ബിൽ അധികാരം നൽകുന്നു. അപ്ഗാനിസ്ഥാനിൽ ഏതെങ്കിലും തരത്തിൽ മനുഷ്യാവകാശ ലംഘനം നടത്തിയാലും മയക്കമരുന്ന് കടത്തിന് സഹായിച്ചാലും ഉപരോധം ഏർപ്പെടുത്തും. ഈ ഉപരോധം പാക്കിസ്ഥാനിലേക്ക് നീളാനും സാധ്യത ഏറെയാണ്.
കാരണം താലിബാൻ അധികാരത്തിൽ വരുന്നതിന് പിന്നിലെ പാക്കിസ്ഥാന്റെ ഗൂഢനിക്കങ്ങൾ വ്യക്തമാണ്. സ്വത്ത് കൈമാറ്റം തടയൽ, യുഎസിലേക്കുള്ള പ്രവേശനം തടയൽ, ഇപ്പോഴുള്ള വിസ റദ്ദാക്കൽ എന്നിങ്ങനെയുള്ള ശിക്ഷാനടപടികളാണ് ഉപരോധത്തിന്റെ ഭാഗമായി കൈക്കൊള്ളുക. താലിബാനെതിരെ നിലവിലുള്ള ഉപരോധം തുടരാനും യുഎസിന്റെ സഖ്യരാഷ്ട്രങ്ങളെ താലിബാനെതിരെ ഉപരോധത്തിന് പ്രേരിപ്പിക്കാനും ബിൽ ആവശ്യപ്പെടുന്നു.
യുഎസിലെ അഫ്ഗാൻ നയതന്ത്ര പ്രതിനിധി താലിബാൻ അംഗമാണെങ്കിൽ അംഗീകരിക്കരുതെന്നും ബിൽ നിർദ്ദേശിക്കുന്നു. ചൈനയും റഷ്യയും താലിബാനും ഉയർത്തുന്ന സരുക്ഷാ സാമ്പത്തിക വെല്ലുവിളികൾ അഭിസംബോധന ചെയ്യാൻ ഇന്ത്യ പ്രാപ്തമാക്കണമെന്നും ബിൽ നിർദ്ദേശിക്കുന്നു. ഇതിനായി ഇന്ത്യയ്ക്ക് ആവശ്യമായ നയതന്ത്ര, സാമ്പത്തിക, പ്രതിരോധം സഹകരണം യുഎസ് നൽകണം.
ന്യൂസ് ഡെസ്ക്