- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിലയിടത്ത് ഇംഗ്ലീഷ് സിനിമകളെ പോലെ; ചിലയിടത്ത് ലോജിക്കില്ലാത്ത പാണ്ടിപ്പടം ശൈലി; ക്യാമറക്കും ബിജിഎമ്മിനും കൈയടി; ഗൗതം മേനോന്‍ മാസ്; മമ്മൂട്ടിയുടെ പ്രകടനത്തില്‍ പക്ഷേ പഞ്ച് കുറവ്; ബസൂക്ക ആവറേജില്‍ ഒതുങ്ങുന്നു; നൂറുകോടി ക്ലബ് എന്ന 'ഇക്കാ ഫാന്‍സിന്റെ' സ്വപ്നം ഇനിയുമകലെ!
'ചിലയിടത്ത് ചാരം ചിലയിടത്ത് പുക' എന്നതുപോലെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ, പതുമുഖം ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത, പുതിയ ചിത്രം ബസൂക്കയുടെ അവസ്ഥ. ചില സീനുകള്‍ കണ്ടാല്‍, ഘടാഘടിയന്‍ ക്യാമറയും, പൊളപ്പന്‍ ബിജിഎമ്മുമൊക്കെയായി, നാം ഒരു ഇംഗ്ലീഷ് മൂവിയാണോ കാണുന്നത് എന്ന് അമ്പരന്നുപോവും. എന്നാല്‍ മറ്റുചിലയിടത്ത് പാണ്ടിപ്പടം എന്ന് പണ്ട് മലയാളി പരിഹസിച്ചിരുന്ന ലോജിക്കില്ലാത്ത സീനുകളുമാണ്. 'ആകെ മൊത്തം ടോട്ടലായിട്ട്' പറഞ്ഞാല്‍, ഒരു ആവറേജ് മൂവി. 'കണ്ടിരിക്കാം, കുഴപ്പമില്ല' എന്ന വാക്കുകളില്‍ മലയാളി വിശേഷിപ്പിക്കുന്ന ഒരു സാധനമില്ലേ. അത് തന്നെയാണിത്. മെഗാഹിറ്റുമല്ല, ഫ്ളോപ്പുമല്ല.
പക്ഷേ ഈ ലേഖകന്റെയൊക്ക വിഷമം, പുതുമയുള്ള ഒന്നാന്തരം ഒരു ഹിറ്റ് ഉണ്ടാക്കാവുന്ന ത്രെഡിനെ വേണ്ടരീതിയില്‍ വികസിപ്പിച്ചില്ല എന്നതാണ്. തിരക്കഥയില്‍ ആവശ്യമായ റീ വര്‍ക്കുകള്‍ നടത്തുകയും, കുറച്ച് വളിപ്പുകള്‍ ചെത്തിക്കളയുകയും ചെയ്തിരുന്നെങ്കില്‍ അസാധാരണമായ ഒരു അനുഭവമായിരുന്നു ബസൂക്ക. കാരണം മലയാളത്തില്‍ തീരെ വന്നിട്ടില്ലാത്ത ഒരു വണ്‍ലൈന്‍ ആണിത്. കമ്പ്യൂട്ടര്‍ ഗെയിമുകളുമായി ബന്ധപ്പെട്ടുന്നതി, ഒരു സൈക്കോ കുറ്റവാളി പൊലീസിനെ വെല്ലുവിളിക്കുന്നു. കുറ്റകൃത്യത്തിന് മുമ്പ്, അയാള്‍ അത് ഗെയിമിന്റെ കോഡുകളിലൂടെ പൊലീസിനെ അറിയിക്കുന്നുമുണ്ട്. അല്‍പ്പം വിചിത്രമായ കഥതന്നെ. ഷെര്‍ലക്ക്ഹോംസ് തൊട്ട് അഗതാക്രിസ്റ്റിവരെയുള്ള ഒരു പാട് സീരിയല്‍ കില്ലേഴ്സിന്റെയും, ക്രൈംസിന്റെയും കഥവായിച്ചിട്ടുണ്ടെങ്കിലും, ഈ ഗെയിം ഓറിയന്‍ഡഡ് പസില്‍ ത്രില്ലര്‍ പുതുമയുള്ളതുതന്നെയാണ്.
ഗൂണ്ടകളെയൊക്കെ ഒതുക്കി കൊച്ചി ക്ലീനാക്കിയ, ബഞ്ചമിന്‍ എന്ന ഡെപ്യൂട്ടി കമ്മീഷണറായ ഗൗതംമേനോന്റെ കഥാപാത്രത്തിലുടെയാണ് കഥ നീങ്ങുന്നത്. ഗൗതം വസുദേവ് മേനോന്‍ എന്ന ഒരുപാട് ഗംഭീര സിനിമകള്‍ എടുത്ത ഡയറക്ടര്‍ ഇപ്പോള്‍ നടനായും ഞെട്ടിക്കയാണ്. അവര്‍ കുറ്റവാളികളെ പിടിക്കുന്ന രീതിയും, ഫൈറ്റുമൊക്കെ നന്നായിട്ടുതന്നൊണ് ചിത്രീകരിച്ചത്. ഗൗതമിന്റെ എന്‍ട്രി സീനില്‍തന്നെ കിട്ടുന്ന കൈയടി അദ്ദേഹത്തിന്റെ ജനപ്രീതിക്ക് തെളിവാണ്. ( ഒറ്റ സര്‍പ്രൈസ് സീനില്‍ മുഖം കാണിക്കുന്ന നമ്മുടെ ആറാട്ടണ്ണന് വേണ്ടി ജനം ആര്‍ത്തുവിളിക്കയാണ്! സോഷ്യല്‍ മീഡിയ അയാളെയും താരമാക്കിയിരക്കുന്നു) ഗൗതം സംവിധാനം ചെയ്ത, മമ്മൂട്ടി നായകനായ തൊട്ടുമുമ്പത്തെ ചിത്രം, 'ഡൊമനിക്ക് ആന്‍ഡ് ദ ലേഡീസ് പേഴ്സിലും' ഒരു ഇന്‍വസ്റ്റിഗേഷന്‍ തന്നെയായിരുന്നു കഥ. പക്ഷേ ഇതിന്റെ കഥയും മേക്കിങ്ങും അതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്.
ബഞ്ചമിനും ടീമും, സിറ്റി ക്ലീനാക്കിയെങ്കിലും, ബുദ്ധികൊണ്ട് അവരെ തോല്‍പ്പിക്കുന്ന ഒരു ശക്തനായ എതിരാളി ഉയര്‍ന്നുവരികയാണ്. ഇത്തരം ഇന്‍വസ്റ്റിഗേഷന്‍ ഴോണറിലുള്ള സിനിമകളില്‍ സാധാരണ കണ്ടുവരുന്നതുപോലെയുള്ള, കൊലപാതകപരമ്പരകളും, ചോരക്കളുമൊന്നും ഈ പടത്തിലല്ല. ഒളിഞ്ഞിരിക്കുന്ന ക്രമിനല്‍ സത്യത്തില്‍ പൊലീസിനെ നാണം കെടുത്തുകയാണ് ചെയ്യുന്നത്. ആയിരക്കണക്കിന് ആളുകളുള്ള ഉല്‍സവപ്പറമ്പില്‍നിന്ന് അയാളും ടീമും സ്ഫോടകവസ്തുവെറിഞ്ഞ്, വിഗ്രഹം എടുക്കാതെ അടുത്തുള്ള കരിങ്കല്‍ എടുത്തുപോവുന്നു. പതിനായിരങ്ങളും പൊലീസുമുള്ള കൊച്ചി സ്റ്റേഡിയത്തില്‍വെച്ച് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ വിജയിക്ക് കൊടുക്കാനുള്ള ട്രോഫി അടിച്ചുമാറ്റുന്നു, നഗരത്തിന്റെ സ്നേക്ക് ഷോക്കിടെ നാഗമാണിക്യം കവരുന്നു... അങ്ങനെ പോവുന്ന അയാളുടെ കലാപരിപാടികള്‍. ആരാണീ സൈക്കോ മോഷ്ടാവ് എന്നും എന്താണ് അയാളുടെ ഉദ്ദേശവുമെന്നുള്ള അന്വേഷണമാണ് ചിത്രം.
ഇതില്‍ രണ്ടാം പകുതിലേക്ക് എത്തുമ്പോള്‍ ചിത്രം അതുവരെകൊണ്ടുന്ന യുക്തിഭദ്രതയ്ക്ക് പരിക്കേല്‍ക്കുന്നുണ്ട്. (സ്നേക്ക് ഷോക്കിടെ നാഗമാണിക്യം മോഷ്ടിക്കുന്നതായി ചിത്രത്തില്‍ പറയുന്നതൊക്കെ വലിയ അബദ്ധമാണ്. ഈ നാഗമാണിക്യം എന്ന സാധനം ആരും സര്‍പ്പക്കൂട്ടിലൊന്നും വെക്കാറില്ല. അത് അത്ഭുതസിദ്ധിയുണ്ടെന്ന് കരുതുന്ന ഒരു മിത്തിക്കല്‍ സാധനമാണ്. ചില നാഗങ്ങള്‍ അത് ചൂടുന്നുവെന്നാണ് സങ്കല്‍പ്പം. പിന്നെ എങ്ങനെയാണ് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഒരു സ്നേക്ക് ഷോക്കിടെ നാഗമാണിക്യം മോഷണം പോവുക! ഏത് പൊട്ടനും മനസ്സിലാവുന്ന ഇത്തരം കാര്യങ്ങള്‍പോലും, കോടികള്‍ ചെലവിട്ട് എടുക്കുന്ന സിനിമാക്കാര്‍ ശ്രദ്ധിക്കുന്നില്ല എന്നത് കഷ്ടമാണ്) പുതമയുള്ള ഒരു ത്രെഡിലേക്ക് പിന്നീട് പതിവ് മസാലകള്‍തന്നെയാണ് വന്നുചേരുന്നത്.
മമ്മൂട്ടിയെ സംബന്ധിച്ച് പറയുമ്പോള്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഔട്ട് സ്റ്റാന്‍ഡിങ്ങ് കഥാപാത്രം എന്നൊന്നും ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല. മമ്മൂട്ടിയുടെ പ്രകടനം ഫാന്‍സ് തള്ളിമറക്കുന്നതുപോലെ, അതിഗംഭീരമായി എന്ന അഭിപ്രായവും ഈ ലേഖകന് ഇല്ല. പല സീനുകളിലും, പ്രത്യേകിച്ച് സംഘട്ടനരംഗങ്ങളില്‍ പ്രായത്തിന്റെ അസ്‌ക്യത, അദ്ദേഹത്തിനുണ്ടെന്ന് പറഞ്ഞാല്‍ ആരാധകര്‍ കോപിക്കേണ്ട കാര്യമില്ല. 73-വയസ്സുള്ള ഒരു മനുഷ്യന് പ്രായം എത്രകണ്ട് പിടിച്ചു നിര്‍ത്താന്‍ കഴിയും. പ്രായം കൂടുന്തോറും സൗന്ദര്യം വര്‍ധിക്കുന്ന ലോകമഹാത്ഭുതമെന്ന് നേരത്തെ ഈ ലേഖകന്‍ തന്നെ മമ്മൂട്ടിയെ വിശേഷിപ്പിച്ചിരുന്നു.
ഇനി ഇത്തരം ആക്ഷന്‍ ഓറിയന്‍ഡഡ് റോളുകള്‍ എടുക്കുമ്പോള്‍ മമ്മൂക്കയും രണ്ടുവട്ടം ചിന്തിക്കണം. എന്നുവെച്ച് ഈ റോള്‍ തീര്‍ത്തും പാളിയെന്നും ഇതിന് അര്‍ത്ഥമില്ല. ചിലയിടത്തൊക്കെ സ്റ്റെലിഷ് പ്രസന്‍സിലൂടെയും വിഖ്യതമായ ആ ഡയലോഗ് ഡെലിവറിയിലൂടെയുമൊക്കെ, ഫാന്‍സിനെ കൈയടിപ്പിക്കുന്നുണ്ട് മെഗാസ്റ്റാര്‍. സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് താരങ്ങള്‍.
പക്ഷേ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് എന്ന് പറയുന്നത് ക്യാമറും, ബിജിഎമ്മുമാണ്. ആ ടീമിന് ശരിക്കും അഭിമാനിക്കാം. അതുപോലെ എഡിറ്റിങ്ങ് ടീമും തങ്ങളുടെ ജോലി ഭംഗിയാക്കി. മമ്മൂട്ടി കണ്ടെത്തിയ പുതുമുഖ സംവിധായകന്‍ ഡീനോ ഡെന്നീസ് കൈയില്‍ മരുന്നുള്ള പ്രതിഭ തന്നെയാണ്. സ്‌ക്രിപ്റ്റിങ്ങില്‍ അല്‍പ്പം കൂടി ശ്രദ്ധിച്ചാല്‍ ഇദ്ദേഹം കയറിവരുമെന്ന് ഉറപ്പാണ്.
വാല്‍ക്കഷ്ണം: മെസ്സിക്ക് ഒരു ലോകകപ്പ് എന്ന് ആരാധകര്‍ കാത്തിരുന്നപോലെ, 'ഇക്കാക്ക് ഒരു നൂറുകോടി' എന്ന രീതിയില്‍ മമ്മൂട്ടി ഫാന്‍സ് ഓരോ സിനിമയെത്തുമ്പോഴും കാത്തിരിക്കാറുണ്ട്. ആരാധകര്‍ തള്ളിമറയ്ക്കാറുണ്ടെങ്കിലും, ഇതുവരെയും ഒരു മമ്മൂട്ടി ചിത്രംപോലും നൂറുകോടി ക്ലബില്‍ എത്തിയിട്ടില്ല എന്നതാണ് വാസ്തവം. മധുരരാജ, മാമാങ്കം, ഭീഷ്മ പര്‍വം, കണ്ണുര്‍ സ്‌ക്വാഡ്, ടര്‍ബോ തുടങ്ങിയ ചിത്രങ്ങളൊക്കെ നുറുകോടി ക്ലബില്‍ എത്തിയെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും ഇതൊന്നും വാസ്തവമായിരുന്നില്ല. നിലവിലുള്ള അവസ്ഥവെച്ച് ബസൂക്ക മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്ന ഒരു വിജയചിത്രമാവുമെങ്കിലും അത് നൂറുകോടി ക്ലബിലൊന്നും എത്താന്‍ സാധ്യതയില്ല. നുറുകോടി ക്ലബിനായുള്ള മമ്മൂട്ടി ഫാന്‍സിന്റെ കാത്തിരിപ്പ് തുടരുമെന്ന് ചുരുക്കം.