- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണം: ഉന്നതരെ രക്ഷിക്കാനുള്ള തിരക്കഥ യാഥാർഥ്യമാകുന്നു; സ്പിരിറ്റ് മറിച്ചു വിറ്റ മധ്യപ്രദേശിൽ പ്രതികൾ ഇല്ലാതെ പൊലീസിന്റെ തെളിവെടുപ്പ്; പ്രതികളുടെ കോവിഡ് ബാധയിലും സംശയം; ഉന്നത ഉദ്യോഗസ്ഥരെ വെള്ളപൂശി എക്സൈസ് വിജിലൻസിന്റെ റിപ്പോർട്ടും
തിരുവല്ല: പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിലേക്ക് കൊണ്ടു വന്ന സ്പിരിറ്റ് മറിച്ചു വിറ്റ കേസിൽ അട്ടിമറി പൂർണമായി. കേസ് എങ്ങുമെത്തുകയില്ലെന്നും പ്രതികളിൽ ആരും ശിക്ഷിക്കപ്പെടുകയുമില്ലെന്ന കാര്യം ഉറപ്പായി. രാഷ്ട്രീയക്കാരും പൊലീസും എക്സൈസും സർക്കാരും ചേർന്നാണ് കേസന്വേഷണം അട്ടിമറിച്ചിരിക്കുന്നത്. കോടികളുടെ സ്പിരിറ്റ് മോഷണം പുറത്തു വന്നാൽ ഉന്നതർക്ക് പുറമേ എക്സൈസ്, പൊലീസ്, രാഷ്ട്രീയ മേഖലകളിലുള്ളവർക്കും പിടിവീഴും. ഇക്കാര്യം ഉറപ്പായപ്പോൾ പ്രതികളെയും മറ്റുള്ളവരെയും രക്ഷിക്കാൻ ഒരു തിരക്കഥ തയാറാക്കി. അതനുസരിച്ചാണ് ഇപ്പോൾ അന്വേഷണം മൂന്നോട്ടു പോകുന്നത്.
കേസിൽ റിമാൻഡിൽ ഉണ്ടായിരുന്ന ഒന്നു മുതൽ മൂന്നു വരെ പ്രതികളെ കഴിഞ്ഞ ദിവസം തിരുവല്ല കോടതി 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഒന്നും രണ്ടും പ്രതികളായ നന്ദകുമാർ, സിജോ തോമസ് എന്നിവരുമായി മധ്യപ്രദേശിൽ പോയി തെളിവെടുക്കാൻ വേണ്ടിയാണ് കസ്റ്റഡി അപേക്ഷ നൽകിയത്. കസ്റ്റഡിയിൽ കിട്ടിയതിന് പിന്നാലെ രണ്ടാം പ്രതി സിജോയ്ക്കും മൂന്നാം പ്രതി അരുണിനും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ആലപ്പുഴയിലെ പൊലീസ് ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി. അതിന്റെ പിറ്റേന്ന് ഒന്നാം പ്രതി നന്ദകുമാറിനും കോവിഡ് സ്ഥിരീകരിച്ചു.
രാവിലെ 11 ന് നന്ദകുമാർ പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നു. വൈകിട്ട് നാലര വരെ ഇയാളെ എവിടേക്കും മാറ്റാതെ തിരുവല്ല പൊലീസ് സ്റ്റേഷന്റെ സെല്ലിൽ പാർപ്പിച്ചു. കോവിഡ് ബാധിതനായ പ്രതിയെ ഈ നേരമത്രയും സെല്ലിൽ ഇടുകയും നാലരയോടെ ഒരു പിപിഇ കിറ്റ് ധരിപ്പിച്ച് പുറത്തേക്ക് കൊണ്ടു പോവുകയുമായിരുന്നു. അതും മാധ്യമങ്ങൾ ഇടപെട്ട ശേഷമായിരുന്നു. ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ കോവിഡ് രോഗിയെ സ്റ്റേഷനിൽ സൂക്ഷിച്ചതും പുറത്തേക്ക് കൊണ്ടു പോയതുമാണ് സംശയത്തിനിട നൽകിയത്.
മാത്രവുമല്ല, പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് മുൻപ് തന്നെ അവരെ കൂടാതെ മധ്യപ്രദേശിൽ പോയി അന്വേഷണം നടത്തുന്നതിന് പൊലീസ് തീരുമാനിച്ചിരുന്നു. ഇതിനായി പൊലീസ് ഇൻസ്പെക്ടർ ബിജു വി. നായരുടെ നേതൃത്വത്തിൽ തയ്യാറെടുപ്പും നടത്തിയിരുന്നു. അപ്പോഴാണ് പ്രതികൾ ഇല്ലാതെന്ത് തെളിവെടുപ്പ് എന്ന ചോദ്യം ഉയർന്നത്. ഇതോടെ പ്രതികളുമായി പോകാൻ തീരുമാനിച്ചു. തൊട്ടുപിന്നാലെ പ്രതികൾക്ക് കോവിഡ് ആണെന്ന് വാർത്ത വന്നു. പ്രതികൾ ഇല്ലാതെ ഇവർ തെളിവെടുപ്പിന് പോവുകയും ചെയ്തു.
പൊലീസ് ആസൂത്രണം ചെയ്ത പോലെയാണ് കാര്യങ്ങൾ നടക്കുന്നത്. പ്രതികൾക്ക് കോവിഡ് വന്ന കാര്യം കോടതിയെ അറിയിച്ച പശ്ചാത്തലത്തിൽ വീണ്ടും ഇവരെ കസ്റ്റഡിയിൽ വിടാനും ഇവരുമായി മധ്യപ്രദേശിൽ തെളിവെടുപ്പിന് പോകാനും കോടതിയിൽ അപേക്ഷ നൽകാം. കോടതി അതിന് അനുവദിക്കുകയും ചെയ്യും. എന്നിട്ടും പ്രതികളെ കൂട്ടാതെ തെളിവെടുക്കാൻ പോകുന്നതാണ് സംശയത്തിന് ഇട നൽകുന്നത്.
കുറ്റകൃത്യം നടന്നത് മധ്യപ്രദേശിലെ ബെഡൂരിലാണ്. മോഷ്ടിച്ച സ്പിരിറ്റ് അവിടെ തന്നെയുള്ള അബു എന്നയാളാണ് വാങ്ങിയിരിക്കുന്നത്. ഇയാൾ മോഷണക്കേസിൽ ഏഴാം പ്രതിയാണ്. അബുവിനെ അറസ്റ്റ് ചെയ്യണം. സ്പിരിറ്റ് വാങ്ങിയ ഡിസ്റ്റിലറി, കൊണ്ടു വന്ന വഴി, ചോർത്തി വിറ്റ സ്ഥലം എന്നിവയുടെ എല്ലാം തെളിവെടുക്കേണ്ടതുണ്ട്. അതിന് പ്രതികൾ ആവശ്യമാണ് താനും. പ്രതികൾ ഇല്ലാതെ തെളിവെടുക്കുന്നത് കോടതിയിൽ കേസ് ദുർബലപ്പെടുത്തും. കേസ് തള്ളിപ്പോവുകയും അറസ്റ്റിലായ മൂന്ന് പ്രതികളും രക്ഷപ്പെടുകയും ചെയ്യും.
ഇത് അറസ്റ്റിലായ പ്രതികളുടെ കാര്യമാണെങ്കിൽ ഒളിവിലുള്ള മൂന്നു പ്രതികളെ രക്ഷിക്കാൻ മറ്റൊരു തരത്തിലുള്ള നീക്കമാണ് നടക്കുന്നത്. ജനറൽ മാനേജർ അലക്സ് പി. ഏബ്രഹാം, പഴ്സൊണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരെ സ്പിരിറ്റ് മോഷണത്തിൽ നിന്നൊഴിവാക്കാൻ എക്സൈസാണ് ശ്രമിക്കുന്നത്. നാലു മുതൽ ആറു വരെ പ്രതികളായ ഇവർക്ക് സ്പിരിറ്റ് മോഷണത്തിൽ മനസറിവില്ലെന്ന റിപ്പോർട്ട് എക്സൈസ് വിജിലൻസ് തയാറാക്കിയെന്നാണ് അറിയുന്നത്. ഇത് കൈമാറുന്നതോടെ പൊലീസും ഇവർക്കെതിരായ അന്വേഷണം അവസാനിപ്പിക്കാനാണ് സാധ്യത.
മോഷണത്തിന്റെ യഥാർഥ സൂത്രധാരന്മാർ നാലു മുതൽ ആറു വരെ പ്രതികളാണ്. ഇവരുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ഒന്നു മുതൽ മൂന്നു വരെ പ്രതികൾ ചെയ്തത്. അതിന് തുഛമായ പ്രതിഫലമാണ് ഇവർക്ക് നൽകിയിട്ടുള്ളത്. കുറ്റം മുഴുവൻ ഈ മൂന്നു പേരുടെയും തലയിൽ വച്ചു കെട്ടും. ഏഴാം പ്രതിയായ മധ്യപ്രദേശുകാരൻ അബുവിനെ അറസ്റ്റ് ചെയ്യുകയുമില്ല. ഇതോടെ തുമ്പും വാലുമില്ലാത്ത കേസ് കോടതി തള്ളും. അതിനുള്ള കരുക്കളാണ് നീക്കിയത്.
കഴിഞ്ഞ ആറു മാസത്തിനിടെ 50 ലക്ഷം രൂപയുടെ സ്പിരിറ്റ് മോഷണമാണ് ഇവിടെ നടന്നിട്ടുള്ളത്. പുളിക്കീഴിൽ ജവാൻ റം ഉൽപാദനം തുടങ്ങിയ കാലത്തോളം പഴക്കം വരും സ്പിരിറ്റ് മോഷണത്തിന്. അന്നു മുതൽ ഇപ്പോൾ പിടിവീഴുന്നത് വരെ അനസ്യൂതം നടന്നിരുന്ന പ്രക്രിയയാണ് സ്പിരിറ്റ് മോഷണം. ഈയിനത്തിൽ കോടികളാണ് അടിച്ചു മാറ്റിയിട്ടുള്ളത്. അന്വേഷണം വന്നാൽ എക്സൈസിന്റെയും സർക്കാരിന്റെയും തലപ്പത്തുള്ളവർ മാത്രമല്ല, ഇരു മുന്നണികളിലെയും പ്രതിഛായ ഉള്ള രാഷ്ട്രീയക്കാർ വരെ കുടുങ്ങും. ഇതൊഴിവാക്കാനാണ് എല്ലാവരും ചേർന്ന് അന്വേഷണം അട്ടിമറിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്