കാസർകോട്: മണിചെയിൻ മാതൃകയിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ടുപേർകൂടി അറസ്റ്റിൽ. പ്രിൻസ് ഗോൾഡ് ആൻഡ് ഡയമണ്ട് ഡയറക്ടർമാരായ കുരുവട്ടൂർ സ്വദേശി എം.കെ.ഹൈദരലി (44), ഓർക്കാട്ടേരി സ്വദേശി എം.കെ.ഷാജി (41) എന്നിവരെയാണ് കാസർകോട് ഡിവൈ.എസ്‌പി. പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വടക്കൻ ജില്ലകളിലൊട്ടാകെ മൈ ക്ലബ് ട്രേഡേഴ്‌സ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തിയവരാണ് പിടിയിലായത്. ആയിരക്കണക്കിന് പേരിൽ നിന്ന് അഞ്ഞൂറ് കോടിയോളം രൂപ തട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാസർകോട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രണ്ടിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

പ്രതികളിലൊരാളായ എം.കെ.ഹൈദരലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കാഞ്ഞങ്ങാട് ഗുരുവനത്തുള്ള സി.എഫ്.എൽ.ടി.സി.യിലേക്ക് മാറ്റി. മണിചെയിൻ കമ്പനിയുടെ ഏജന്റും പ്രധാന സൂത്രധാരനുമായ മഞ്ചേശ്വരം ഉദ്യാവറിലെ മുഹമ്മദ് ജാവേദിനെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു.

നിലവിൽ 47 കോടിയുടെ മണിചെയിൻ തട്ടിപ്പിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആയിരത്തോളം പേരാണ് പരാതിയുമായി വന്നിട്ടുള്ളത്. തട്ടിപ്പിനിരയായ മഞ്ചേശ്വരം ഹൊസങ്കടി മൊറത്താനയിലെ മുഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് അറസ്റ്റ്.

കമ്പനിയുടെ മാനേജിങ് ഡയറക്ടറായ മലപ്പുറം സ്വദേശിയെ ഇതുവരെ പിടികൂടാനായിട്ടില്ല. വിദേശത്തുള്ള ഇയാളെ പിടിച്ചാൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കാനാകൂവെന്ന് ഡിവൈ.എസ്‌പി. അറിയിച്ചു.

മൈ ക്ലബ്ബ് ട്രേഡേഴ്‌സ് എന്നപേരിൽ മലേഷ്യൻ കമ്പനി സ്‌കീം പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. മലേഷ്യൻ കമ്പനിയിലേക്ക് നിക്ഷേപമെന്ന രീതിയിലാണ് പലരിൽ നിന്നായി കോടികൾ കൈക്കലാക്കിയത്. നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രതിദിനം ഒരുശതമാനം പലിശനിരക്കിൽ ഒരുവർഷത്തേക്ക് പ്രതിഫലം വാഗ്ദാനം ചെയ്താണ് ആളുകളെ ഇതിലേക്ക് ചേർത്തത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് തട്ടിപ്പ് നടത്തിയത്.

മൈ ക്ലബ് ട്രേഡേഴ്‌സ് എന്ന ആപ്പിലൂടെയായിരുന്നു പണ സമാഹരണം. പിരിച്ചെടുത്ത പണമുപയോഗിച്ച് കാസർകോട്ടും വടകരയിലുമുൾപ്പെടെ പ്രിൻസ് ഗോൾഡ് എന്ന പേരിൽ ജൂവലറികളുടെ നിർമ്മാണം നടക്കുന്നുണ്ട്.

മഞ്ചേശ്വരത്ത് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളിൽനിന്നാണ് മണിചെയിൻ തട്ടിപ്പ് കമ്പനിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഹൊസങ്കടി സ്വദേശിയുടെ പരാതിയിലാണ് നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രതികളെ പിടികൂടിയ സംഘത്തിൽ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ. സി.കെ.ബാലകൃഷ്ണൻ നായർ, എസ്‌ഐ. കെ.നാരായണൻ, എഎസ്ഐ. ലക്ഷ്മിനാരായണൻ, ഓസ്റ്റിൻ തമ്പി, ജെ.ഷാജിഷ്, എൻ.രാജേഷ്, പി.ശശികുമാർ എന്നിവരുമുണ്ട്.