- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത്തവണ യുഡിഎഫ് മൂന്നാമതായത് ആറിടത്ത്; അതിൽ നാലും തിരുവനന്തപുരത്ത് തന്നെ; എൽഡിഎഫിന്റെ മൂന്നാം സ്ഥാനം മൂന്നിടത്ത്; രണ്ടും കാസർഗോഡ് ജില്ലയിൽ
തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ വൻപരാജയം നേരിട്ട യുഡിഎഫ്. ഇത്തവണ ആറ് മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതിൽ നാല് മണ്ഡലങ്ങളും തലസ്ഥാന ജില്ലയിൽ തന്നെ. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്തെ നേമത്തും കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം പിന്നിലായി യുഡിഎഫ് സ്ഥാനാർത്ഥി. 2016-ൽ മുരളീധരൻ ജയിച്ച വട്ടിയൂർക്കാവിൽ ഇത്തവണ മൂന്നാം സ്ഥാനത്തായി കോൺഗ്രസ് നാണം കെട്ടു. 2016-ൽ മൂന്നാമതായ സിപിഎം. 2019-ൽ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചുകയറി. ഇത്തവണയും അവർ ഭൂരിപക്ഷം 20,000 കടത്തി. 2016-ൽ നിന്ന് 2021-ലേക്ക് എത്തിയപ്പോൾ കോൺഗ്രസിന്റെ അക്കൗണ്ടിൽ നിന്ന് ഒലിച്ചുപോയത് 15,000 ലേറ വോട്ട്. എണ്ണുന്നതിന് മുന്നെ കോൺഗ്രസ് ഇത്തവണ വട്ടിയൂർക്കാവിൽ തോൽവി സമ്മതിച്ചിരുന്നു.
നേമം പിടിക്കാൻ പുറപ്പെട്ട കെ. മുരളീധരൻ ഫലം വന്നപ്പോൾ മൂന്നാം സ്ഥാനത്തായി. വടക്കാഞ്ചേരിയിലെ തിരിച്ചടിക്ക് ശേഷം മുരളിയുടെ കരിയറിൽ മറ്റൊരു തോൽവി കൂടി. ബിജെപിയെ വീഴ്ത്താൻ മുരളി വടകരയിൽനിന്ന് പുറപ്പെടുമ്പോൾ കോൺഗ്രസ് പോലും ഇത്ര വലിയ തോൽവി പ്രതീക്ഷിച്ചിണ്ടാവില്ല. ഘടകകക്ഷിക്ക് കൊടുത്തപ്പോൾ 13,860 വോട്ടായി താഴ്ന്നത് 36,524 വോട്ടായി ഉയർത്താൻ കഴിഞ്ഞതാണ് മുരളിക്കും കോൺഗ്രസിനും ആശ്വസിക്കാനുള്ളത്.
കഴക്കൂട്ടത്ത് കഴിഞ്ഞ തവണത്തേതിൽനിന്നു വീണ്ടും ദയനീയമായി കോൺഗ്രസിന്റെ അവസ്ഥ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 5,600 വോട്ട് പിന്നെയും കുറഞ്ഞു. വാഹിദ് മാറി രാഷ്ട്രീയത്തിന് പുറത്ത് നിന്ന് എസ്.എസ്.ലാലിനെ അവതരിപ്പിച്ചിട്ടും ഗതി ഇത് തന്നെ. ചാത്തന്നൂരിൽ പീതാംബരക്കുറിപ്പ് എന്ന മുതിർന്ന നേതാവ് മത്സരിച്ചിട്ടും 4000 വോട്ട് കൂടിയതല്ലാതെ മൂന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞില്ല.
മലമ്പുഴയിലും 2016 ആവർത്തിച്ചു. സാമുദായിക സമവാക്യം പാലിക്കാതെയുള്ള സ്ഥാനാർത്ഥിത്വമാണ് അന്ന് തിരിച്ചടിയെന്ന് വിലയിരുത്തി ഇത്തവണ മണ്ഡലത്തിലുള്ള ആളെ സ്ഥാനാർത്ഥിയാക്കിയിട്ടും മൂന്നാം സ്ഥാനത്ത് നിന്നൊരു മോചനം ഉണ്ടായില്ല. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 111 വോട്ട് മാത്രം കൂടിയ കോൺഗ്രസ് ഇത്തവണയും മൂന്നാമതായി.
ഘടകകക്ഷിയായ ആർ.എസ്പിക്ക് നൽകിയ ആറ്റിങ്ങലാണ് യുഡിഎഫ്, മൂന്നാമതായ ആറാമത്തെ മണ്ഡലം. 4,000 വോട്ട് കൂടിയിട്ടും ചരിത്രത്തിലാദ്യമായി അവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എന്നാൽ എൽഡിഎഫ് ചരിത്രവിജയം സ്വന്തമാക്കിയപ്പോഴും മൂന്ന് മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കടുത്ത പോരാട്ടം നടന്ന പാലക്കാട്ട് ആദ്യം മുതലേ മത്സരം ഷാഫിയും ശ്രീധരനും തമ്മിലായിരുന്നു. കഴിഞ്ഞ തവണ എൻ.എൻ. കൃഷ്ണദാസ് മത്സരിച്ച് മൂന്നാമതായിടത്ത് സി.പി. പ്രമോദ് എന്ന പുതുമുഖത്തിന് വോട്ടുചോർച്ച തടയാനാകുമോ എന്ന ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്നാം സ്ഥാനത്തായതിനൊപ്പം 2,242 വോട്ട് പിന്നെയും എൽ.ഡി.എഫിന് ഇത്തവണ കുറഞ്ഞു.
യു.ഡി.എഫും ബിജെപിയും തമ്മിൽ മൂന്നു തിരഞ്ഞെടുപ്പായി നേർക്കുനേർ പോരാട്ടമാണ് മഞ്ചേശ്വരത്തും കാസർകോട്ടും. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. വി.വി. രമേശൻ നിന്നിട്ടും മഞ്ചേശ്വരത്ത് 2,500-ഓളം വോട്ട് ഇത്തവണയും കുറഞ്ഞു. കാസർകോട്ട് 6,708 വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞെങ്കിലും മൂന്നാം സ്ഥാനത്ത് തന്നെ തുടരാനായിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിധി.
മറുനാടന് മലയാളി ബ്യൂറോ