- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല യുവതീപ്രവേശനത്തിൽ കോടതി വിധിയാണ് സർക്കാർ നയം; വിധി വന്ന ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കും; ആചാരലംഘനത്തിന് രണ്ട് വർഷം തടവ് ലഭിക്കുന്ന കരടുമായി രംഗത്തെത്തിയ യുഡിഎഫിന് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്; പ്രചരണ വിഷയമാക്കുന്നത് ഭൂരിപക്ഷ വികാരം മനസ്സിലാക്കിയെന്ന് ശശി തരൂരും
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ആചാരലംഘനത്തിന് രണ്ട് വർഷം തടവ് ലഭിക്കുന്ന കരടു പുറത്തുവിട്ട യുഡിഎഫിന് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. ശബരിമല വിഷയത്തിൽ കോടതി വിധിയാണ് സർക്കാർ നയമെന്ന് ഐസക്ക് വ്യക്തമാക്കി. വിധി വന്ന ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ഇക്കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ അങ്ങനെയെങ്കിലും കുറച്ച് വോട്ടുകൾ പിടിക്കാനാണ് കോൺഗ്രസ് നീക്കം. അതിന് വേണ്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ പയറ്റി പരാജയപ്പെട്ട അടവ് തന്നെ അവർ വീണ്ടും പുറത്തിറക്കുകയാമെന്നും ഐസക്ക് പരിഹസിച്ചു. ശബരിമലയിൽ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്റെ കരട് യുഡിഎഫ് ഇന്ന് പുറത്ത് വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഐസക്കിന്റെ വിമർശനം.
അതേസമയം ശബരിമല വിഷയം വീണ്ടും സജീവമാക്കുന്നത് ഭൂരിപക്ഷ വികാരം മനസ്സിലാക്കിയാണെന്ന് ശശി തരൂർ എംപി പ്രതികരിച്ചു. അതിനിടെ ശബരിമല വിഷയം ജനങ്ങളുടെ മനസിലുണ്ടെന്ന് കെ.സി.വേണുഗോപാൽ. അത് തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കൊണ്ടുവരേണ്ടതില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കൊച്ചിയിൽ പറഞ്ഞു.
സിപിഎം നാലുവോട്ടിനുവേണ്ടി വർഗീയവികാരം ഇളക്കിവിടുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ശബരിമലയിൽ ഭക്തർക്കൊപ്പമാണോ അല്ലയോ എന്ന് സർക്കാർ വ്യക്തമാക്കണം. അയ്യപ്പഭക്തരോട് കാട്ടിയ ക്രൂരതയ്ക്ക് സർക്കാര് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. അതേസമയം, തിരഞ്ഞെടുപ്പിൽ ശബരിമല തന്നെ മുഖ്യവിഷയമാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു.
ശബരിമലയിൽ ആചാര സംരക്ഷണത്തിന് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യുഡിഎഫ് ഇന്നാണ് പുറത്തുവിട്ടത്. തന്ത്രിയെ ശബരിമലയുടെ പരമാധികാരിയാക്കും. ആചാരം ലംഘിച്ചാൽ രണ്ട് കൊല്ലം തടവും ശിക്ഷ നൽകും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയുടെ ഭാഗമാണ് ഇത്. ഈ കരട് ഇടതു സർക്കാരിന് കൈമാറും. മന്ത്രി എകെ ബാലന് തയ്യാറാക്കിയ നിയമത്തിന്റെ കരട് നൽകുമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി പുതിയ നിയമ നിർമ്മാണം നടത്തി പ്രശ്നത്തിനു പരിഹാരം കാണുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. ശബരിമല വിഷയത്തിൽ കോടതി ഉത്തരവിനുശേഷം എന്ത് നടപടിയാണ് സർക്കാർ സീകരിച്ചതെന്നു പറയണം. ജനങ്ങളുടെ കണ്ണിൽ സർക്കാർ പൊടിയിടുകയാണ്. പുതിയ നിയമ നിർമ്മാണമല്ലാതെ കോടതി വിധിയെ മറികടക്കാനാകില്ലെന്നു സർക്കാരിന് അറിയാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയമ നിർമ്മാണത്തിനുള്ള കരട് പുറത്തു വിട്ടത്. ഇതോടെ ഈ കരടിൽ സിപിഎമ്മിന്റെ പ്രതികരണം അതീവ നിർണ്ണായകമാകും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് കരട് പുറത്തുവിട്ടത്. ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും കരട് പറയുന്നു. ശബരിമല നിയമത്തിന്റെ കരട് പ്രസിദ്ധീകരിക്കാൻ യുഡിഎഫിനെ മന്ത്രി എ.കെ. ബാലൻ വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ കരട് യു.ഡി.എഫ്. പുറത്തുവിടണമെന്നും ഇക്കാര്യത്തിൽ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും ബാലൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായായണ് കോൺഗ്രസ് തയ്യാറാക്കിയ നിയമത്തിന്റെ കരട് രൂപം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പുറത്ത് വിട്ടത്.
പ്രമുഖ അഭിഭാഷകനും മുൻ ഡിജിപി ടി. ആസിഫ് അലിയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ നിയമം ഉറപ്പായും നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. ശബരിമലയിലെ ആചാരസംരക്ഷണം എന്നത് മുറുകെപ്പിടിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ഇതിന് പിന്നെലായാണ് കരട് യുഡിഎഫ് തയ്യാറാക്കുന്നത്.
വിഷയത്തിൽ യു.ഡി.എഫ് നിലപാട് സ്വാഗതാർഹമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പിടിവാശി ഉപേക്ഷിക്കണം. വിശ്വാസികൾക്ക് വിരുദ്ധമാണ് സംസ്ഥാന സർക്കാർ നിലപാട്. ജെല്ലിക്കെട്ട് വിഷയത്തിൽ തമിഴ്നാട് ഓർഡിനൻസ് കൊണ്ടുവന്നതും സുപ്രീംകോടതി അതിന് മൗനാനുവാദം നൽകിയതും കീഴ്വഴക്കമായി നിലനിൽക്കുന്നുണ്ടെന്നും ശബരിമല ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു.
ശബരിമല വിഷയത്തിൽ ഇപ്പോൾ സുപ്രീംകോടതിയുടെ മനോഭാവം വിശ്വാസികൾക്ക് അനുകൂലമാണ്. സംസ്ഥാന സർക്കാർ ഒരു നിയമംകൂടി കൊണ്ടുവന്നാൽ കോടതിയിൽ അത് കേസിനെ ബലപ്പെടുത്തും. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശബരിമല ആചാര സംരക്ഷണ സമിതി പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചതായും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ശബരിമല വിഷയത്തിൽ സർക്കാർ ഭക്തർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. നവോത്ഥാനത്തിന്റെ പേരിൽ നടത്തിയ ക്രൂരതയ്ക്ക് മാപ്പ് പറയണം. വിധി വന്നശേഷം സർക്കാർ ചർച്ച നടത്തിയിട്ട് എന്താണ് കാര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
സർക്കാർ ഭക്തർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണം. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് അയ്യപ്പഭക്തന്മാരോട് കാണിച്ച ക്രൂരതയ്ക്ക് മാപ്പ് പറയാൻ മുഖ്യമന്ത്രി തയാറാകുമോ. ഇടത് മുന്നണി നൽകിയ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുകയാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. ചെന്നിത്തലയുടെ കേരള ഐശ്വര്യ യാത്രയുടെ പ്രധാന പ്രചരണ വിഷയവും ശബരിമലയാണ്. ശബരിമല വിഷയത്തിൽ എല്ലാവരുമായും ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പ്രതികരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ