ലണ്ടൻ: ഒഴിയാബാധ എന്ന നിലയിലേക്കാണ് കോവിഡ് പോകുന്നത്. ഇനിയുള്ള ജീവിതത്തിൽ ഈ അദൃശ്യജീവിയുടെ സാന്നിദ്ധ്യം എന്നും നമ്മളോടൊപ്പം ഉണ്ടാകും. കോവിഡിനെ കീഴടക്കി ആദ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബ്രിട്ടൻ ഇപ്പോൾ കോവിഡ് വ്യാപനം മൂലം പെടാപാട് പെടുകയാണ്.ഇംഗ്ലണ്ടിൽ ആകമാനം എല്ലാ ബറോകളിലും തുടർച്ചയായ രണ്ടാം വാരവും രോഗവ്യാപനം വർദ്ധിക്കുകയാണ്. നോർത്ത് ലിങ്കൺഷയറിലും വിൽറ്റ്ഷയറിലും വ്യാപന നിരക്ക് ഒരാഴ്‌ച്ചകൊണ്ട് ഇരട്ടിയായി വർദ്ധിച്ചു.

രാജ്യം കോവിഡിൽ നിന്നും പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുശേഷം കഴിഞ്ഞ രണ്ടാഴ്‌ച്ചയായി രോഗവ്യാപനം വർദ്ധിക്കുകയാണ്. ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നാണ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറയുന്നത്. അതേസമയം, അതിവ്യാപന ശേഷിയുള്ള പുതിയ ബി എ 2 വകഭേദവും വ്യാപന വർദ്ധവിന് കാരണമായി പറയപ്പെടുന്നു. എന്നാൽ ഇപ്പോഴത്തെ ഈ തരംഗം ഈ ആഴ്‌ച്ചയോടെയോ അല്ലെങ്കിൽ അടുത്ത ആഴ്‌ച്ചയോടെയോ മൂർദ്ധന്യഘട്ടത്തിലെത്തി പിന്നീട് താഴാൻ തുടങ്ങും എന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ പ്രൊഫസർ പോൾ ഹണ്ടർ പറയുന്നത്.

അതുപോലെ ഇപ്പൊൾ പ്രാമാണ്യം കൈവരിക്കുന്ന വകഭേദം ഏറെ അപകട സാധ്യതയുള്ള ഒന്നാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ രോഗവ്യാപന കാര്യത്തിൽ ആശങ്ക വേണ്ട എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. രോഗബാധിതരിൽ രോഗം മൂർച്ഛിക്കാതിരിക്കാൻ ബി എ 2 വിനേയും നേരിടാനുള്ള കരുത്ത് നിലവിലുള്ള വാക്സിനുകൾക്ക് ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ കാണിക്കുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും അതിൽ പകുതിപേർ മാത്രമാണ് കോവിഡ് ചികിതസയ്ക്കായി എത്തിയിട്ടുള്ളത്. പകുതിപേരും മറ്റ് രോഗങ്ങൾക്കുള്ള ചികിത്സ തേടി എത്തിയവരാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുന്നോടിയായുള്ള കോവിഡ് പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായാലും അത് രോഗം ഗുരുതരമാകുന്നു എന്നതിന്റെ സൂചനയായി എടുക്കേണ്ടതില്ല. ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ തിരക്ക് കൂടിയിട്ടില്ല എന്നതും ഇക്കാര്യം അടിവരയിട്ടു പറയുന്നു.

ഇംഗ്ലണ്ടിലെ എല്ലാ ബറോകളിലും രോഗവ്യാപന നിരക്ക് തുടർച്ചയായി വർദ്ധിച്ചു വരികയാണ്. നോർത്ത് ലിങ്കൺഷയറിൽ 106 ശതമാനത്തിന്റെ വർദ്ധനവ് ഒരു ആഴ്‌ച്ചക്കുള്ളിൽ രേഖപ്പെടുത്തിയപ്പോൾ വിൽറ്റ്ഷയറിൽ രേഖപ്പെടുത്തിയത് 101 ശതമാനത്തിന്റെ വർദ്ധനവാണ്. സെഫ്റ്റോൺ (98 ശതമാനം) ഡോർസെറ്റ് (97 ശതമാനം) കംബ്രിയ (96 ശതമാനം) എന്നീ ബറോകളാണ് രോഗവ്യാപന കാര്യത്തിൽ തൊട്ടു പിന്നിലുള്ളത്. അതേസമയം, ഏറ്റവും കുറവ് വർദ്ധനവ് ഉണ്ടായിരിക്കുന്നത് ഹാക്ക്നിയിലാണ്. 27 ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണ് ഇവിടെയുണ്ടായിരിക്കുന്നത്.