- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ കോവിഡ് നൽകിയത് പുനർജ്ജന്മം; ഏഴു മാസം ഗർഭിണിയായിരിക്കെ റോസിനെ സിസേറിയൻ ചെയ്തു കുഞ്ഞിനെ പുറത്തെടുത്തു; ശേഷം ഇരുവരും രണ്ടു മാസത്തോളം അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞു; മൂന്ന് ആങ്ങളാമാരുടെ കുഞ്ഞിപ്പെങ്ങളായി കാതറീൻ ഒടുവിൽ പുഞ്ചിരിയോടെ വീട്ടിലെത്തി
ലണ്ടൻ: നാലാമത്തെ കണ്മണിക്കായുള്ള കൊതിയോടെയുള്ള കാത്തിരിപ്പ്. ബ്രിട്ടനിലെ മലയാളികൾ ജിമ്മിക്കും റോസിനും തങ്ങളുടെ ജീവിതത്തിലെ സുന്ദരമായ ദിവസങ്ങളാണ് ഇക്കഴഞ്ഞ ഡിസംബർ ആദ്യ ആഴ്ച വരെ കൂടെയുണ്ടായിരുന്നത്. മൂന്നു ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങളെ കാത്തിരിക്കുന്ന സന്തോഷമാണ് വീട്ടിലെന്നും. നേഴ്സ് ആയ റോസും ഭർത്താവ് ജിമ്മിയും കോവിഡ് ബാധിതർക്കിടയിൽ ജോലി ചെയ്യുന്നതിന്റെ ആശങ്ക ഉണ്ടായിരുന്നെങ്കിലും തികഞ്ഞ ശ്രദ്ധയോടെ ജീവിക്കുന്നതിനാൽ സുരക്ഷിതർ ആണെന്നാണ് കരുതിയിരുന്നത്. എന്നാൽ കാര്യങ്ങൾ തകിടം മറിഞ്ഞത് വളരെ വേഗത്തിലാണ്.
ആദ്യം കൗൺസിൽ കാറ്ററിങ് മാനേജരായി ജോലി ചെയുന്ന ജിമ്മി കോവിഡ് ബാധിതനായി വീട്ടിലെത്തി. ഒരാഴ്ചത്തെ വിശ്രമത്തിൽ ജിമ്മി ആരോഗ്യ വീണ്ടെടുത്തപ്പോഴേക്കും ഏഴുമാസം ഗർഭിണിയായറോസിനെ കോവിഡ് പിടികൂടി കഴിഞ്ഞിരുന്നു. പിന്നീടുള്ള ദിവസങ്ങൾ ഓരോന്നും ജിമ്മിക്കും റോസിനും മക്കൾക്കും ജീവിതത്തിൽ അവർ അനുഭവിച്ച ഏറ്റവും ദുർഘടം പിടിച്ച ഓർമ്മയായി ഇനിയെന്നും കൂടെയുണ്ടാകും .
ശ്വസനം തികച്ചും വേദനാപൂർവം, ശ്വാസമെടുക്കാൻ പേടിയാകും
ആരോഗ്യമുള്ള ഏതൊരാളും ശ്വാസം എടുക്കുന്നത് ശരീരം അറിയുന്ന ഒരു അനുഭവം പോലുമല്ല . ശാന്തമായ ഉറക്കത്തിലും ശ്വസനം നമ്മൾ അറിയാതെ സംഭവിച്ചു കൊണ്ടേയിരിക്കും . മറ്റു അവയവങ്ങൾ എല്ലാം വിശ്രമിക്കുമ്പോഴും ശ്വാസകോശവും ഹൃദയവും തലച്ചോറും ജനനം മുതൽ മരണം വരെ തുടർച്ചയായി ജോലി ചെയ്തുകൊണ്ടേയിരിക്കേണ്ടവരാണ്. പക്ഷെ ആരോഗ്യത്തോടെ കഴിയുമ്പോൾ ഈ അവയവങ്ങൾ ചെയുന്ന ജോലിയെക്കുറിച്ചൊന്നും സാധാരണ മനുഷ്യർ ഓർക്കാറില്ല. എന്നാൽ എത്രയും ആയാസകരമായ ജോലിയാണ് ശ്വസനം എന്നത് ആരും പറഞ്ഞു കൊടുക്കാതെ ഇപ്പോൾ ജിമ്മിക്കും റോസിനും അറിയാം.
ശരീരം മുഴുവൻ വേദന നിറയുന്ന ആ അനുഭവം ഒരാൾക്കും വാക്കുകൾ കൊണ്ട് വിവരയ്ക്കാനാകില്ല എന്നാണ് ജിമ്മിയും റോസും പറയുന്നത്. റോസ് അതി കഠിന വേദനയിൽ പുളയുന്നത് ഓർക്കുമ്പോൾ ഇന്നും ജിമ്മിക്ക് കാലിൽ കൂടി ഒരു തരിപ്പ് പാഞ്ഞു കയറുന്ന ഓർമ്മയാണ്. ശ്വാസമെടുക്കാനുള്ള വേദന ഓർക്കുമ്പോൾ ശ്വസിക്കാൻ തന്നെ പേടിക്കുന്നതാണ് കോവിഡ് മൂര്ധന്യാവസ്ഥയിൽ എത്തുന്ന പല രോഗികളുടെയും അനുഭവം. പക്ഷെ ഇത് സാധാരണക്കാർക്ക് ഇനിയും ബോധ്യപ്പെടുന്നില്ല എന്നതാണ് മറ്റൊരു സത്യം.
വെന്റിലേറ്ററിനു അരികെ വരെ , ജീവൻ കിട്ടിയത് ഓർക്കുമ്പോൾ അത്ഭുതം മാത്രം ബാക്കി
കോവിഡ് പോസിറ്റീവ് ആയ ഗർഭിണിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ രണ്ടു ജീവനെക്കുറിച്ചാണ് ഡോക്ടർമാർക്ക് ആലോചിക്കേണ്ടത് . തികച്ചും അവശയായ ഘട്ടത്തിലാണ് ഡിസംബർ ആറിന് ആംബുലൻസിൽ റോസിനെ സ്കാൻതോർപ് ആശുപത്രയിൽ എത്തിക്കുന്നത് . ഏഴുമാസം ഗർഭിണി ആയതോടെ ശ്വാസമെടുക്കാൻ സ്വതവേ പ്രയാസപ്പെട്ടിരുന്ന റോസിന് കോവിഡ് മൂർച്ഛിച്ചതോടെ ശ്വാസം എടുക്കാൻ ഏറെ പ്രയാസമായി . 'അമ്മ ശ്വസനം കുറച്ചതോടെ വയറ്റിൽ കിടന്ന കുഞ്ഞിനും ശ്വാസം ലഭിക്കുന്നത് കുറഞ്ഞു തുടങ്ങി. അതിന്റെ പ്രയാസങ്ങൾ കുഞ്ഞും പ്രകടിപ്പിച്ചു തുടങ്ങി. ഈ ഘട്ടത്തിൽ ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും കുഞ്ഞിനേയും അമ്മയെയും രക്ഷിയ്ച്ചെടുക്കുക എന്നതുമായി ഏക വഴി.
കോവിദിന്റെ പ്രയാസം കഠിനമായതോടെ ഹുഡ് ഉപയോഗിച്ച് കനത്ത സമ്മർദ്ദത്തിൽ ശ്വാസം നൽകി , അറ്റകൈയ്ക്ക് പ്രൂണിങ് എന്നറിയപ്പെടുന്ന രീതിയിൽ കമിഴ്ത്തി കിടത്തിയും (ശ്വാസകോശ ഉള്ളറയുടെ ഏതെങ്കിലും കോണിൽ വായു കടക്കാൻ സ്ഥലം ഉണ്ടെങ്കിൽ അതും പ്രയോജനപ്പെടുത്തുന്ന രീതി ) റോസിനെ ജീവിതത്തിലേക്ക് മടക്കി എത്തിക്കാൻ ആശുപത്രി ജീവനക്കാർ നടത്തിയത് യുദ്ധസമാനമായ പോരാട്ടം തന്നെയാണ് . ആ ശ്രമവും പരാജയപ്പെട്ടാൽ നേരെ വെന്റിലേറ്ററിൽ കയറ്റുക മാത്രമാണ് ഏക വഴി. എന്നാൽ വെന്റിലേറ്ററിനു തൊട്ടരികെ വരെ എത്തിയ ശേഷം ജീവിതത്തിലേക്ക് ഒരു കുഞ്ഞു പിച്ചവയ്ക്കും പോലെ തന്നെ റോസും സാവധാനം നടന്നടുക്കുക ആയിരുന്നു.
കാത്തിരിപ്പിൽ കാര്യമില്ല , ഡോക്ടർമാർ ചെയ്തത് നിർണായക തീരുമാനം
ആശുപത്രിയിൽ എത്തി മൂന്നു ദിവസം കൊണ്ട് റോസിന്റെ നില ഏറെ വഷളായി. ഇതോടെ കാത്തിരിക്കുന്നതിൽ കാര്യമില്ല എന്ന തീരുമാനത്തിൽ എത്തുക ആയിരുന്നു ഡോക്ടർമാർ. കാര്യങ്ങൾ കൈവിടുകയാണെന്നു ജിമ്മിയെ ബോധ്യപ്പെടുത്തി. എന്നാൽ റോസിന്റെ തീരുമാനം മറിച്ചായിരുന്നു. കുഞ്ഞിനേയും അമ്മയെയും രക്ഷിക്കാൻ വേറെ വഴിയില്ലെന്ന് ഡോക്ടർമാർ ജിമ്മിയെ അറിയിക്കുമ്പോൾ വെറും 28 ആഴ്ചത്തെ വളർച്ചയെ കുഞ്ഞു കാതറീന് എത്തിയിരുന്നുള്ളൂ. ഹൃദയഭാരത്തോടെ ജിമ്മി പലവട്ടം റോസുമായി സംസാരിചാണ് കുഞ്ഞിനെ സർജറിയിലൂടെ പുറത്തെടുക്കാൻ തീരുമാനം ആകുന്നത്. മുൻപ് മൂന്നു പ്രസവം സാധാരണ നിലയിൽ നടന്നതിനാൽ സർജറിക്കുള്ള മാനസിക പ്രയാസവും റോസിനെ ഭയപ്പെടുത്തിയിരുന്നു. ഏതായാലും അമ്മയുടെ സഹകരണം ഉറപ്പായതോടെ നൊടിയിടയിലാണ് ഡോക്ടർമാർ കാര്യങ്ങൾ കൈകാര്യം ചെയ്തത് .
കുഞ്ഞിനെ പുറത്തെടുക്കാൻ വൻ ഒരുക്കങ്ങൾ
പല ടീമുകളായി തിരിഞ്ഞു വൻ ഒരുക്കങ്ങളാണ് റോസിനെയും കുഞ്ഞിനേയും രക്ഷിച്ചെടുക്കാൻ ആശുപത്രി മാനേജ്മെന്റ് നടത്തിയത് . അത്തരം ശ്രമം ഉണ്ടായിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു എന്ന് ഇപ്പോൾ ആലോചിക്കാൻ പോലും ഇരുവരും ഭയപ്പെടുകയാണ് . കോവിഡ് ഗർഭിണിയെ സർജറി ചെയുന്ന മെഡിക്കൽ ടീമിനെ സഹായിക്കാൻ മറ്റു രണ്ടു ടീമുകൾ കൂടി സദാ സജ്ജമായി നിന്നിരുന്നു. കുഞ്ഞിനെ പുറത്തെടുത്ത നിമിഷം തന്നെ അമ്മയുടെ പക്കൽ നിന്നും പ്രത്യേകം തയാറാക്കിയ ഐ സി യു റൂമിലേക്ക് കുഞ്ഞു കാതറീൻ മാറ്റപ്പെട്ടു. തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും നിരന്തര പരിചരണം. കുഞ്ഞിന് ജനിക്കുമ്പോൾ വെറും ഒന്നേകാൽ കിലോ തൂക്കം എന്നത് ആശങ്ക ആയിരുന്നെങ്കിലും മികച്ച പരിചരണത്തിൽ കാതറീൻ വളരെ വേഗം സാധാരണ നിലയിലേക്കു എത്തിക്കൊണ്ടിരുന്നു. ഒരിക്കലും അമ്മയിൽ നിന്നോ മറ്റോ പോസിറ്റീവ് ആകാതെ കാതറിൻ സംരക്ഷണ കവചത്തിൽ കഴിഞ്ഞതും അത്ഭുതമാണ്.
ഇപ്പോൾ വീട്ടിലെത്തിയ കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കം എത്തിയതോടെ എല്ലാ ആശന്കയും ഇല്ലാതാവുകയാണ് . എങ്കിലും അമ്മയും കുഞ്ഞും ആശുപത്രി ടീമിന്റെ തുടർ നിരീക്ഷത്തിൽ തന്നെയാണ് . ഏഴുമാസം ഗർഭിണിയും കോവിഡ് മൂര്ധന്യവസ്ഥയിൽ എത്തിയ നിലയിൽ അമ്മയെയും കുഞ്ഞിനേയും രക്ഷിച്ചെടുത്ത സംഭവം സ്കാൻതോർപ് ഹോസ്പിറ്റലിലെ ത്തന്നെ ആദ്യ അനുഭവമായി കരുത്തപ്പെടുകയാണ് .
നന്ദി മുഴുവൻ ആശുപത്രി ജീവനക്കാർക്ക് , മാധ്യമങ്ങൾക്കും ആവേശം
ഇക്കാരണത്താൽ ബിബിസി അടക്കമുള്ള മാധ്യമങ്ങൾ വലിയ ആവേശത്തോടെയാണ് റോസിനെയും കുഞ്ഞിനേയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി മാധ്യമ ലോകത്തെ ആവേശ വാർത്തയാണ് അമ്മയുടെയും കുഞ്ഞിന്റെയും പുഞ്ചിരിയോടെ വീട്ടിലേക്കുള്ള വരവ് . എന്നും കോവിഡ് ദുരിതം വാർത്തയായി കൈകാര്യം ചെയുന്ന മാധ്യമങ്ങൾക്കു നേഴ്സ് കൂടിയായ റോസിന്റെ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് നൽകുന്ന ആവേശമാണ് ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിറയുന്നത് . എന്നാൽ ആശുപത്രി മാനേജ്മെന്റിനോടും മലയാളികൾ അടങ്ങിയ ഡോക്ടർമാർ , നേഴ്സുമാർ എന്നിവരോടക്കെ കടപ്പെട്ടിരിക്കുകയാണ് തങ്ങളുടെ ശേഷ ജീവിതം എന്ന് ജിമ്മിച്ചൻ പറയുമ്പോൾ ഹൃദയത്തിൽ നിന്നും എത്തുന്ന വാക്കുകൾ പലപ്പോഴും മുറിയുകയാണ്.
കാരണം ഇന്ന് തങ്ങൾക്കു ചിരിയോടെ ജീവിതത്തിനൊപ്പം നില്ക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഓരോ കോവിഡ് രോഗിയെയും പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വെല്ലുവിളി നിറഞ്ഞ ജീവിതം കണ്ടറിഞ്ഞ നിമിഷങ്ങൾ ജിമ്മിക്കും റോസിനും ഒരിക്കലും കണ്മുന്നിൽ നിന്നും മായുകയില്ല . ഒടുവിൽ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയപ്പോൾ അമ്മയ്ക്കും കുഞ്ഞിനും കയ്യടികളോടെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ആശുപത്രി ജീവനക്കാർ യാത്രയയപ്പ് നൽകിയത് . കാരണം ഇതിനകം ഇരുവരും കോവിഡ് ഹീറോകൾ ആയി മാറിക്കഴിഞ്ഞിരുന്നു.
ഒരു കോവിഡ് രോഗിയെ കണ്ടാൽ ഭയത്തോടെ നോക്കുന്നവർ ഇന്നും ഉണ്ടെങ്കിൽ ഏവരോടും പുഞ്ചിരിയോടെ ഇടപെടുന്ന ജിമ്മിക്കും റോസിനും ഉണ്ടായ പ്രയാസത്തിൽ നാല്പതോളം കുടുംബങ്ങൾ ഉള്ള സ്കാൻതോർപ്പിലെ മലയാളികൾ നൽകിയ താങ്ങും തണലും വാക്കുകൾക്കതീതമാണ്. മൂന്നു കുഞ്ഞുങ്ങളുമായി ജിമ്മി നടത്തുന്ന വീടിനും ആശുപത്രിക്കും ഇടയിലുള്ള ഓട്ടത്തിൽ ഓരോ ദിവസവും താങ്ങായി എത്തിയവർ അനേകമാണ്. ഓരോരുത്തരെയും പേരെടുത്തു പറയാൻ ജിമ്മിക്ക് മടിയില്ല . പലപ്പോഴും ആശുപത്രിയിൽ മണിക്കൂറുകൾ കഴിയേണ്ടി വരുമ്പോൾ കൊടും തണുപ്പിൽ വീട്ടിലെ കുട്ടികൾക്ക് സംരക്ഷണം ഒരുക്കാൻ പുറത്തെ ഡ്രൈവെയിൽ കാറിൽ ഇരുന്നു സമയം കളഞ്ഞ മലയാളികൾ പോലും ഏറെയാണ് .ലോക് ഡൗൺ , കോവിഡ് നിയന്ത്രണം എന്നിവയൊക്കെ മൂലം സഹായിക്കാൻ എത്തുന്നവർക്കും ഏറെ പ്രയാസങ്ങൾ കൂടെയുണ്ടായിരുന്നു . പ്രദേശത്തെ പള്ളിക്കൂട്ടായ്മായിലും മലയാളി അസോസിയേഷൻ പ്രവർത്തനത്തിലും ഒക്കെ സജീവമായ കുടുംബം എന്നത് ജിമ്മിക്കും റോസിനും ഏറ്റവും സഹായകമായി മാറിയത് ഈ പ്രയാസ നാളുകളിലാണ് . സോൾസ്ബറിയിൽ നിന്നും അഞ്ചു വര്ഷം മുൻപ് ഇവിടെയെത്തിയ തങ്ങൾക്കു സ്കാൻതോർപ്പിൽ ജീവിക്കാൻ കഴിയുന്നത് മഹാഭാഗ്യമായാണ് ഇപ്പോൾ തോന്നുന്നതെന്നും ഇരുവരും പറയുന്നു . കോവിഡ് ബബിൾ സൃഷ്ടിച്ചാണ് ഓരോ കുടുംബവും ഊഴമിട്ടെത്തി സഹായം നൽകിയത് , ഇപ്പോഴും നല്കികൊണ്ടിരിക്കുന്നത് .
മൂന്നാങ്ങളമാരുടെ കുഞ്ഞിപ്പെങ്ങൾ , എപ്പോഴും കാവലായി ആരെങ്കിലും കൂടെയുണ്ടാകും
ഏറെ നാളത്തെ കാത്തിരിപ്പാണ് ഫെബിൻ , ഫെലിക്സ് , ഫ്രഡ്ഡി എന്ന ആങ്ങളമാർ കുഞ്ഞിപ്പെങ്ങൾ കാതറീന് വേണ്ടി കാത്തുവച്ചതു . ഡിസംബർ ഒൻപതിന് അവൾ ഭൂമിയിൽ എത്തിയിട്ടും എന്താ വീട്ടിൽ എത്താത്തത് എന്നായിരുന്നു മൂവർക്കും സംശയം . കൂട്ടത്തിൽ മുതർന്ന രണ്ടു പേർക്കും കാര്യങ്ങൾ കുറേയൊക്ക പിടികിട്ടിയെങ്കിലും നേഴ്സറി കുട്ടിയായ ഫ്രഡി ചോദ്യങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു . ഒടുവിൽ ഇക്കഴിഞ്ഞ ജനുവരി 23 നു പെങ്ങൾ വീട്ടിൽ എത്തിയപ്പോൾ മനോഹരമായ കേക്ക് മുറിച്ചാണ് മൂവരും ആഹ്ലാദം പങ്കിട്ടത് . തീർന്നില്ല ഊഴമിട്ടു , മൂവരിൽ ആരെങ്കിലും ഒരാൾ ചുറ്റിപ്പറ്റി തൊട്ടിലിനരികെ കാണും , പെങ്ങൾക്ക് കാവലായി . അവളെയൊന്നു കൈയിൽ കിട്ടിയിട്ട് വേണം കളി തുടങ്ങാൻ എന്ന ഭാവമാണ് മൂന്നു പേർക്കും .
കുഞ്ഞിപ്പെങ്ങൾ എന്ന് നടക്കും , എന്ന് വർത്തമാനം പറയും തുടങ്ങി നൂറുകൂട്ടം ചോദ്യങ്ങളുമുണ്ട് മൂന്നു പേർക്കും . രണ്ടു മാസത്തോളം നീണ്ട ദുർദിനങ്ങൾക്കു ഒടുവിൽ ഇവരുടെ വീട്ടിൽ ഇപ്പോൾ സന്തോഷം വിതറുന്ന ജോലിയാണ് കുഞ്ഞു കാതറീനുള്ളത് . അതിനിടെ എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജിമ്മിയുടെ നാട്ടിലും കുഞ്ഞു കാതറീന്റെ ജനന വാർത്ത ആഹ്ലാദം വിതറുകയാണ് . കോവിഡിനെ തോൽപ്പിച്ച അമ്മയെയും കുഞ്ഞിനേയും കാണാൻ കൊതിയോടെ കാത്തിരിപ്പിലാണ് വീട്ടുകാരും നാട്ടുകാരും . നാട്ടിലും മാധ്യമ ശ്രദ്ധ ലഭിച്ചതോടെയാണ് ഏവരുടെയും സംസാരം ഇവരെക്കുറിച്ചായത് . ബ്രിട്ടനിലെ കോവിഡ് ചികിത്സയെ സംശയത്തോടെ കണ്ടിരുന്ന പലർക്കും ആ ചിന്ത മാറാനും റോസിന്റെ കോവിഡിനെ തോല്പിയ്ച്ചെത്തിയ ''പുനർജ്ജന്മം'' കാരണമായിരിക്കുകയാണ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.