- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെലിബ്രിറ്റികളായ ലഡ്ബാബിയും ഗാരി ലിനേക്കറും അഭിനയിച്ച വാക്കേഴ്സ് ക്രിസ്പ് ക്രിസ്മസ് പരസ്യത്തിൽ മലയാളി യുവതിയും മകനും; ലക്ഷക്കണക്കിന് ആരാധകർ പരസ്യം ഏറ്റെടുത്തപ്പോൾ താരപരിവേഷത്തോടെ കോട്ടയംകാരിയായ ലണ്ടനിലെ വീട്ടമ്മ; യുട്യൂബിൽ കണ്ടത് 28 ലക്ഷം പേർ; ബ്രിട്ടീഷുകാരനായ ഭർത്താവിനു കേരളം രണ്ടാം വീടുതന്നെ
ലണ്ടൻ: ദശലക്ഷക്കണക്കിനു ആളുകൾ കണ്ടുകൊണ്ടിരിക്കുന്ന ലോകോത്തര ബ്രാൻഡ് പരസ്യത്തിൽ സെലിബ്രിറ്റികൾക്കൊപ്പം മലയാളിയായ അമ്മയും മകനും. അല്പം അവിശ്വസനീയം ആണെന്ന് തോന്നാം , പക്ഷെ സംഗതി ഈ ക്രിസ്മസ് കാലത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വർത്തമാനമായി മാറുകയാണ്. ബ്രിട്ടനിലെ ഏറ്റവും പോപ്പുലർ ബ്രാൻഡ് ആയ വാക്കേഴ്സ് ക്രിസ്പിന്റെ ക്രിസ്മസ് പുതു രുചിയിൽ എത്തിയ ദി പവർ ഓഫ് സോസേജ് റോൾ എന്ന ഇനത്തിന് വേണ്ടിയാണു സെലിബ്രിറ്റികളായ ലഡ്ബാബിയും ഗാരി ലിനേക്കറും അഭിനയിച്ച പരസ്യ ചിത്രത്തിൽ കോട്ടയംകാരിയും ഇപ്പോൾ ഹെൻസ്ലോയിലെ വിറ്റണിൽ താമസിക്കുന്ന അഞ്ജുവും മകനും വേഷമിട്ടത്. കരോൾ പാട്ടിന്റെ അകമ്പടിയോടെ തയ്യാറാക്കിയ പരസ്യം ഈ സീസണിലെ ഏറ്റവും ഹിറ്റ് ആയി ചാനലുകളിൽ എല്ലാം എത്തികൊണ്ടിരിക്കുകയാണ് . സാധാരണ വീട്ടമ്മയായ അഞ്ജു ഈ പരസ്യത്തിൽ എത്തിയത് പൊതുവെ മലയാളികൾ അറിഞ്ഞിട്ടില്ലെങ്കിലും പരസ്യം റിലീസ് ആയതോടെ തദ്ദേശീയർക്കിടയിൽ താരപരിവേഷമാണ് അമ്മയ്ക്കും കൗമാരക്കാരനായ മകനും ലഭിക്കുന്നത് .
ലഡ്ബാബി എന്നറിയപ്പെടുന്ന ഓൺലൈൻ താരമായ ബ്രിട്ടീഷ് ഗ്രാഫിക്സ് ഡിസൈഗ്നർ മാർക്ക് ഇയാൻ ഹൊയ്ലെ , മുൻ ഫുടബോൾ താരവും ഇപ്പോൾ പ്രൊഫഷണൽ ടിവി ഫുടബോൾ കമന്ററിയാനുമായ ഗാരി ലിനേക്കറും മുഖ്യ വേഷത്തിൽ എത്തിയ ഈ പരസ്യത്തിൽ സഹതാരങ്ങളായാണ് അഞ്ജുവും മകനും എത്തുന്നത് . വാക്കേഴ്സ് ക്രിസ്പ് കൊതിമൂത്തു തന്റെ പാന്റിനുള്ളിൽ ഗാരി ലിനേക്കർ ഒളിച്ചു വയ്ക്കുന്ന പരസ്യ രംഗം ആരാധകർ ഏറ്റെടുത്തിരിക്കുയാണ് . ഏതാനും ആഴ്ച കൊണ്ട് ഈ പരസ്യം ആളുകളുടെ ഇഷ്ട്ടം നേടിയിരിക്കുകയാണ് . സ്വതവേ വാക്കേഴ്സ് ക്രിസ്പ് ആരാധകരായ കുട്ടികളും മുതിർന്നവരും പുതിയ പരസ്യത്തിലെ ബ്രാൻഡ് ആനൗഷിച്ചാണ് ഇപ്പോൾ കടകളിൽ എത്തുന്നത് . എന്നാൽ കുട്ടികളെക്കാൾ സോസേജ് ക്രിസ്പ് രുചി മുതിർന്നവർക്കാണ് ഇഷ്ടമായതെന്നു ചില വിപണി വർത്തമാനങ്ങൾ സൂചിപ്പിക്കുന്നു . വാക്കേഴ്സ് തങ്ങളുടെ യുട്യൂബ് ചാനൽ വഴി റിലീസ് ചെയ്ത പരസ്യം ഇതിനകം 28 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു.
വീട്ടമ്മയുടെ റോളിൽ ഒതുങ്ങാതെ സാമൂഹിക പ്രവർത്തകയുടെ റോളിലും തിളങ്ങുന്ന അഞ്ജു യുകെയിലെ പാവങ്ങൾക്കിടയിൽ വിശപ്പനുഭിക്കുന്നവർക്കു ഭക്ഷണം എത്തിക്കുന്ന ഫുഡ് ബാങ്കിന് വേണ്ടിയും പ്രവർത്തിക്കുന്നുണ്ട് . കോവിഡ് വ്യാപനം നടന്നപ്പോൾ അഞ്ജു ഉൾപ്പെടെയുള്ള ടീം അക്ഷീണ പരിശ്രമം നടത്തിയാണ് പാവങ്ങൾക്കായി ഭക്ഷണം എത്തിച്ചത് . യുകെയിൽ പഠനത്തിന് എത്തിയ അനേകം മലയാളി വിദ്യാർത്ഥികൾക്കും ഇത്തരം ഫുഡ് ബാങ്കിന്റെ സേവനം രാജ്യമെങ്ങും ലഭ്യമായിരുന്നു . ട്രെസൽ ട്രസ്റ്റുമായി ചേർന്ന് പാവങ്ങൾക്കായി പണം കണ്ടെത്താൻ ഫുഡ് ബാങ്കുമായി ചേർന്ന് പ്രവർത്തിക്കാനുള്ള വാക്കേഴ്സിന്റെ തീരുമാനമാണ് അഞ്ജുവിനു ഈ പരസ്യത്തിൽ അഭിനയിക്കാൻ വഴി ഒരുക്കിയത് .
അഞ്ജുവിന്റെ ഭർത്താവ്ഷോൺഫ്രീലാൻസ് ആക്ടറും മോഡലുമാണ്. മികച്ച ഗായകൻ കൂടിയായ ഇദ്ദേഹം സ്വന്തമായി മ്യൂസിക് ഇവന്റുകളും നടത്തുന്നുണ്ട് . പിറന്നാൾ പാർട്ടികളും വിവാഹ ആഘോഷ വേദികളും ഒക്കെ രസകരമായ അനുഭവമാക്കാൻ സിയനു പ്രത്യക മിടുക്കാണ് . ഇവർ കുടുംബ സമേതം ഇതിനകം പല ഹ്ര്വസ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് . അഭിനേതാക്കളെ കണ്ടെത്തുന്ന ഏജൻസിയാണ് അഞ്ജുവിനെയും മകനെയും വാക്കേഴ്സിൽ അഭിനയിക്കാൻ ശുപാർശ ചെയ്തത് . ബിടെക് വിദ്യാർത്ഥിയാണ് പരസ്യത്തിൽ അഞ്ജുവിനു ഒപ്പം അഭിനയിച്ച മകൻ ഇമ്മാനുവൽ സാം . ഈഷർ കോളേജ് വിദ്യാർത്ഥിയായ ഇമ്മാനുവൽ സ്വന്തമായി പാട്ടുകളും പുറത്തിറക്കുന്നുണ്ട് . യുകെയിൽ എത്തിയ ശേഷം ഇതിനകം 14 വെത്യസ്ത പരസ്യങ്ങൾ ചെയ്ത അനുഭവവും അഞ്ജു വിവരിക്കുന്നു . അതിൽ പോസ്റ്റ് ഓഫിസ് മുതൽ യുകെയിലെ രഹസ്യനനൗഷണ വിഭാഗമായ എം ഐ 5 ന്റെ പരസ്യങ്ങൾവരെ ഉൾപ്പെടുന്നു .
മാസങ്ങൾക്കു മുൻപ് വാക്കേഴ്സ് ക്രിസ്പിന് വേണ്ടിയുള്ള പരസ്യത്തിൽ അഭിനയിക്കുമ്പോൾ അഞ്ജു ഏഴു മാസം ഗർഭിണി ആയിരുന്നു എന്നതാണ് മറ്റൊരു വിശേഷം. ഗർഭിണിയുടെ മട്ടും ഭാവവും ശരീര മാറ്റങ്ങളും ഒക്കെ ഒരു തടിച്ചിയായി തോന്നിക്കുമല്ലോ എന്ന അഭിപ്രായം പറഞ്ഞപ്പോൾ പരസ്യത്തിന്റെ അണിയറ പ്രവർത്തകർക്ക് അതൊരു പ്രശനമേ ആയിരുന്നില്ല്ല . ബ്രിട്ടനിലെ ഫിലിം രംഗത്ത് വത്യസ്തതക്ക് ഏറെ ഡിമാൻഡ് ഉള്ളതിനാൽ മലയാളികൾക്ക് അല്പം തിളങ്ങാൻ പറ്റുന്ന മേഖലയാണ് ഇതെന്നും അഞ്ജു പറയുന്നു. കിഡിവിൻക് എന്ന മോഡലിങ് ഏജൻസി വഴിയാണ് അഞ്ജുവിനു വാക്കേഴ്സിലെ അഭിനയത്തിന് അവസരം ഒരുങ്ങിയത്.
തന്നെ സംബന്ധിച്ച് ഒരിക്കലും സ്വപ്നം പോലും കണ്ടിരുന്നതല്ല ഈ റോൾ എന്ന് കൂട്ടിച്ചേർക്കാനും ഈ കോട്ടയംകാരി മറക്കുന്നില്ല. ഇന്ത്യയിൽ മിഷൻ പ്രവർത്തനത്തിന് എത്തിയപ്പോൾ ഒരു ഇന്ത്യൻ വധു വേണമെന്ന ഷോൺന്റെ ആഗ്രഹമാണ് അഞ്ജുവിൽ എത്തി നിന്നതു. ഒരു സ്വകാര്യ വിവാഹ രെജിസ്ട്രേഷൻ ഏജൻസി വഴിയാണ് ഇദ്ദേഹം അഞ്ജുവിനെ കണ്ടെത്തിയത്. ഇപ്പോൾ അഞ്ജുവിനോടുള്ള ഇഷ്ട്ടം കാരണം കേരളം ഇദ്ദേഹത്തിന് രണ്ടാം വീടായി മാറിക്കഴിഞ്ഞു. ഇടയ്ക്കിടെ ഉള്ള കേരള സന്ദർശനം ആണ് ഇവരുടെ മറ്റൊരു ഹോബി . കോട്ടയത്തെ നാഗമ്പടം മൈതാനത്തോ മറ്റോ മുണ്ടുടുത്തു നടക്കുന്ന ഷോണിനെ കണ്ടാൽ ഹായ് പറയാത്ത നാട്ടുകാരില്ല . കാരണം അദ്ദേഹം നാട്ടുകാർക്ക് അത്രമാത്രം ചിരപരിചിതനുമാണ് .
കഴിഞ്ഞ എട്ടുവർഷത്തെ യുകെ ജീവിതം നൽകിയ അനുഭവങ്ങൾ തന്നെ സംബന്ധിച്ച് ഏറെ വൈവിധ്യം ഉള്ളതാണ് എന്ന് തുറന്നു പറയുകയാണ് അഞ്ജു. ബ്രിട്ടീഷ് ജീവിതം എന്തെന്നറിയാനുള്ള ഓരോ അവസരവും ശരിക്കും ആസ്വദിക്കുകയാണ് അഞ്ജു . അതിനു തുറന്ന പിന്തുണ നൽകുന്ന ഭർത്താവ് കൂടെയുള്ളപ്പോൾ എന്തിനു മടിക്കണം എന്ന് ചോദിക്കാൻ ഈ മലയാളി യുവതിക്ക് ഒട്ടും ശങ്കയില്ല. ഭാര്യയും മകനും താരപരിവേഷം ലഭിച്ചതിനാൽ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം അടിപൊളിയായിരിക്കും എന്നാണ് സിയാന്റെ പക്ഷം . വീട്ടുകാരും കൂട്ടുകാരും ഒക്കെ പരസ്യം കണ്ടു അഭിനന്ദിക്കുന്നതു ശരിക്കും ആസ്വദിക്കുകയാണ് ഈ കുടുംബം.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.