- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലയാളി പെൺകുട്ടികൾ സായിപ്പന്മാരെ കല്യാണം കഴിച്ചാൽ എന്തുസംഭവിക്കും? പുതുതലമുറയ്ക്ക് മാതാപിതാക്കളുടെ ആശങ്കകൾ മനസ്സിലാവുമോ? ഒരു പാക്കിസ്ഥാനി പെൺകുട്ടിയുടെ ജീവചരിത്രം
വെള്ളക്കാരുടെ നാട്ടിൽ ജീവിക്കുന്ന, അവരുമായി അടുത്ത സൗഹൃദം സ്ഥാപിക്കുന്ന നമ്മുടെ മക്കൾ മലയാളികളായ നമ്മുടെ മതക്കാരെ തന്നെ കെട്ടണമെന്ന് വാശിപിടിക്കാൻ കഴിയുമോ? യു കെയിൽ താമസിക്കുന്ന മലയാളികൾ നേരിടുന്ന ഒരു പ്രതിസന്ധിയാണ് ഇത്. പല മക്കളും വെള്ളക്കാരെ കല്യാണം കഴിച്ചു പോവുമ്പോൾ മാതാപിതാക്കൾ നിരാശയിലാവുന്നു. അതിൽ എന്തെങ്കിലും ന്യായമുണ്ടോ? നമ്മുടെ സംസ്കാരവും അവരുടെ സംസ്കാരവും ഒന്നാവുന്നത് എങ്ങനെ?
ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് പത്തുവർഷം മുൻപ് ഒരു വെള്ളക്കാരനെ കല്യാണം കഴിച്ച ഒരു പാക്കിസ്ഥാനി കുടുംബത്തിലെ പെൺകുട്ടി. തന്റെ ഭാവിവരനെ ഒരുനാൾ ഒരു കഫറ്റേരിയയിൽ വച്ചു കണ്ടുമുട്ടുമെന്ന് സ്വപ്നം കണ്ടുനടന്ന പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് സത്യത്തിനേക്കാളേറെ കാല്പനികമായ സംഭവങ്ങളായിരുന്നു. തന്റെ ജീവിതപങ്കാളിയെ ഇവൾ കണ്ടുമുട്ടിയത് ഒരു ഓൺലൈൻ ഡേറ്റിങ് സൈറ്റിലൂടെയായിരുന്നു.
തന്റെ പാക്കിസ്ഥാനി മാതാപിതാക്കൾ നിർദ്ദേശിക്കുന്നവരെയല്ലാതെ മറ്റാരുമായും ഓൺലൈൻ ബന്ധങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിരുന്ന പെൺകുട്ടി പറയുന്നത്, താൻ ചെയ്തത് ഒരു തെറ്റല്ല, അറിയാതെ പ്രണയത്തിൽ അകപ്പെടുകയായിരുന്നു എന്നാണ്. പരിചയപ്പെട്ട് മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും അവൾ റിച്ചാർഡ് എന്ന വെള്ളക്കാരനായ യുവാവിനെ വിവാഹം കഴിച്ചു. അയാൾ ഒരു മുസ്ലിം ആയിരുന്നില്ല. സാംസ്കാരികമായും മതപരമായും തങ്ങൾക്കിടയിൽ പൊതുവായ ഒന്നും തന്നെ ഉണ്ടായിരുന്നുമില്ല, പെൺകുട്ടി പറയുന്നു.
ഇന്ന് പത്ത് വർഷം കഴിയുമ്പോൾ മൂന്ന് മക്കൾ കൂടിയുണ്ട് തങ്ങളുടെ ജീവിതത്തിന്റെ സുഖദുഃഖങ്ങൾ പങ്കിടാനെന്ന് ഒരു എഴുത്തുകാരികൂടിയായ ഹുമ ഖുറൈഷി പറയുന്നു. ഇന്ന് കഴിഞ്ഞകാലങ്ങളെകുറിച്ചോർക്കുമ്പോൾ രസം തോന്നുന്നു എന്നാണ് അവർ പറയുന്നത്. ഇപ്പോൾ 39 വയസ്സുള്ള ഹുമ ഖുറൈഷിയും 40 വയസ്സുള്ള, സോഫ്റ്റ്വെയർ എഞ്ചിനീയറായ റിച്ചാർഡും പത്തുവർഷത്തിനു മുൻപ് വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ അവർക്ക് മുന്നിൽ പ്രധാന വിലങ്ങുതടിയായി നിന്നത് മതം തന്നെയായിരുന്നു.
തന്റെ വിവാഹക്കാര്യം താൻ തന്നെ പ്രഖ്യാപിച്ചപ്പോൾ, തന്റെ കുടുംബത്തിലും മറ്റു ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം തന്റെ അമ്മ പറഞ്ഞത് താൻ റിച്ചാർഡിനെ കണ്ടുമുട്ടിയത് റീജന്റ് പാർക്കിലെ മോസ്ക്കിൽ വച്ചായിരുന്നു എന്നായിരുന്നു. ഒഴിവു സമയങ്ങളെല്ലാം മോസ്കിൽ ചെലവഴിക്കുന്ന മതഭയമുള്ള, മുസ്ലിം യുവതയ്ക്ക് മാതൃകയായവർ എന്ന രീതിയിലായിരുന്നു തന്റെ അമ്മ തങ്ങളെ പരിചയപ്പെടുത്തിയത് എന്ന് അവർ പറയുന്നു.
റിച്ചാർഡ് ഇസ്ലാമതത്തിലേക്ക് മാറി എന്ന് കുടുംബത്തെ ബോദ്ധ്യപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു അമ്മ എന്ന് അവർ പറയുന്നു. മാത്രമല്ല, താരതമ്യേന യാഥാസ്ഥിതികമായ ഒരു സമൂഹത്തിൽ തന്റെ പെരുമാറ്റം കുടുംബത്തിന് മാനഹാനി ഉണ്ടാക്കിയേക്കാമെന്നും അവർ ഭയപ്പെട്ടു. താൻ തന്റെ ഭാവി ഭർത്താവിനെ മോസ്കിൽ വച്ച് പരിചയപ്പെട്ടു എന്നതീനർത്ഥം താൻ നല്ലൊരു മതവിശ്വാസമുള്ള, സത്സ്വഭാവിയായ പെൺകുട്ടിയാണെന്നർത്ഥം. അവർ പറയുന്നു. അതേസമയം, മതം മാറുന്നതിനെ കുറിച്ച് റിച്ചാർഡ് ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു എന്നതാണ് സത്യം.
2011 മാർച്ച് മാസം ഒരു ട്യുബ് സ്റ്റേഷനിൽ റിച്ചാർഡിനെ ആദ്യമായി കാണുവാൻ പോയപ്പോൾ താൻ ആകെ പരിഭ്രമിച്ചിരുന്നു എന്ന് അവർ പറയുന്നു. അപ്പോഴേക്കും തന്റെ അമ്മ വഴിയും മറ്റ് ബന്ധുക്കൾ വഴിയും വന്ന ചില വിവാഹാലോചനകളുമായി ബന്ധപ്പെട്ട് ചില യുവാക്കളെ താൻ കണ്ടിരുന്നു. അപ്പോഴൊന്നും തോന്നാത്ത ഒരു ഭയമായിരുന്നു റിച്ചാർഡിനെ കാണൻ പോയപ്പോൾ ഉണ്ടായിരുന്നത്. വാർവിക്ക് യൂണീവേഴ്സിറ്റിയിലെ ബിരുദപഠനത്തിനു ശേഷം തന്നെ വീട്ടുകാർ വിവാഹത്തിനു നിർബന്ധിച്ചപ്പോൾ അത് തട്ടിക്കളഞ്ഞായിരുന്നു താൻ പാരീസിൽ ഉന്നത പഠനത്തിനു പോയതെന്നും അവർ പറയുന്നു.
പിന്നീട് 2005 ൽ പിതാവിന്റെ മരണത്തോടെയാണ് വിവാഹം എന്ന ചിന്ത തന്നിലുണ്ടായത്. എന്നാൽ, ഒരു മുസ്ലിം ലോകത്തിൽ തനിക്ക് ഒരു ഭാവി വധു എന്ന നിലയിൽ വലിയ പരിഗണന ലഭിക്കില്ലെന്ന് മനസ്സിലായതായി അവർ പറയുന്നു. അപ്പോഴേക്കും പ്രായം 30 ആയിക്കഴിഞ്ഞിരുന്നു. മാത്രമല്ല അഞ്ചടി 2 ഇഞ്ച് ഉയരവും. താൻ ഒരു ഡോക്ടറല്ല, ഉറുദു സംസാരിക്കാൻ അറിയില്ല എന്നിവയൊക്കെ വിവാഹക്കമ്പോളത്തിലെ തന്റെ പോരായ്മകൾ വർദ്ധിപ്പിച്ചു.
മുസ്ലിം വിവാഹ സൈറ്റുകളിലൊക്കെ തെന്റെ ഭാഗ്യം പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല എന്ന് അവർ തുറന്നുപറയുന്നു. പിന്നീടാണ് പൊതുവായ ഒരു ഡേറ്റിങ് സൈറ്റിൽ എത്തുന്നത്. അവിടെവച്ചാണ് റിച്ചാർഡിനെ കണ്ടുമുട്ടുന്നത്. തങ്ങളുടെ ആദ്യ കൂടിക്കാഴ്ച്ചയിൽ ട്യുബ്സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഒരു കഫേയിൽ പോയി ഇരുന്നാണ് സംസാരിച്ചത്. അന്ന് അത് അടയ്ക്കുന്നതുവരെ തങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. പക്ഷെ ഒരിക്കൽ പോലും മതം ഒരു വിഷയമായി ഉയര്ന്നു വന്നില്ല എന്ന് അവർ പറയുന്നു.
പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടുംതങ്ങൾ തമ്മിൽ കണ്ടുമുട്ടി. അന്നാണ് റിച്ചാർഡ് ആദ്യമായി തന്റെ കൈയിൽ സ്പർശിച്ച്ത്. അന്നും തങ്ങൾ ഏറെ സംസാരിച്ചതായി അവർ പറയുന്നു. കുടുംബത്തെ കുറിച്ചും, ജീവിത സാഹചര്യങ്ങളെ ക്കുറിച്ചുമൊക്കെ ഏറെ സംസാരിച്ചപ്പോൾ പോലും, അന്നും മതം ഒരു സംസാരവിഷയമായില്ല. പക്ഷെ തുടർന്ന് കൂടുതൽ അടുക്കാൻ തുടങ്ങിയപ്പോൾ മതം തങ്ങൾക്കിടയിൽ കയറിവന്നു എന്ന് അവർ സമ്മതിക്കുന്നു. മതത്തേക്കാളേറെ തന്നെ ആശങ്കപ്പെടുത്തിയത് തികഞ്ഞ യാഥാസ്ഥികയായ അമ്മയുടെ പ്രതികരണം എന്തായിരിക്കും എന്നായിരുന്നു. ഇക്കാര്യം റിച്ചാർഡിനോട് തുറന്നുപറയുകയും ചെയ്തു.
പൂർവ്വികർ യാഥാസ്ഥിക കൃസ്ത്യാനികളായിരുന്നു എങ്കിലും പള്ളിയിൽ പോകുന്ന പതിവൊന്നും ഇല്ലാത്തവരായിരുന്നു റിച്ചാർഡിന്റെ മാതാപിതാക്കൾ. റിച്ചാർഡും മതപരമായ താത്പര്യങ്ങൾ ഇല്ലാത്ത വ്യക്തിയാണ്. താൻ ഇക്കാര്യം പറഞ്ഞപ്പോൾ, ഞാൻ ഇസ്ലാമിലേക്ക് മാറണമോ എന്നായിരുന്നു റിച്ചാർഡ് ചോദിച്ചതെന്ന് അവർ പറയുന്നു. പിന്നീട് റിച്ചാർഡിനൊപ്പം മോസ്കിലേക്ക് പോയി. ഒരു വെള്ളിയാഴ്ച്ച പ്രാർത്ഥനയുടെ സമയത്തായിരുന്നു അത്. അന്ന് താൻ ശിരോവസ്ത്രം അണിഞ്ഞിരുന്നില്ലെന്നു മാത്രമല്ല, ജീൻസ് ധരിച്ചായിരുന്നു പോയതെന്നും അവർ പറഞ്ഞു.
എന്നാൽ, അവിടെയുള്ളവരാരും അതൊരു വലിയ പ്രശ്നമായി കണ്ടില്ല. അവരുടെ ചടങ്ങുകൾ തീർത്ത് അവർ പോയതല്ലാതെ മറ്റൊന്നും അവർ പറഞ്ഞില്ല. പിന്നീടാണ് ഇമാമിനെ കണ്ടത്. ഒരു ചെറിയ പുഞ്ചിരിയോടെ വരവേറ്റ ഇമാം വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്. പിന്നീട് തമ്മിൽ പിരിയാൻ ആകില്ലെന്ന് വന്നാപ്പോഴാണ് ഇരുവരും ഒരുമിച്ച് തന്റെ മാതാവിനെ കണ്ട് കാര്യം പറയാൻ തീരുമാനിച്ചതെന്നും അവർ പറയുന്നു. അസ്ലാം അലൈക്കും എന്നുപറഞ്ഞുകൊണ്ടാണ് ആദ്യ കൂടിക്കാഴ്ച്ചയിൽ റിച്ചാർഡ് തന്റെ അമ്മയെ അഭിവാദ്യം ചെയ്തത്.
എന്തിന് തന്റെ മകളുമായി അടുത്തു എന്ന ചോദ്യത്തിന്, തന്റെ ജീവിത വീക്ഷണങ്ങൾ പിന്തുടരുന്ന ഒരു വ്യക്തിയുമായുള്ള അടുപ്പമാണത് എന്നായിരുന്നു റിച്ചാർഡ് പറഞ്ഞത്. അങ്ങനെയാണ് തങ്ങളുടെ വിവാഹം നടന്നത്. ഇന്ന് പത്തുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മതം ഇന്നുവരെ തങ്ങളുടെ ജീവിതത്തിലേക്ക് എത്തിനോക്കിയിട്ടില്ല. മൂന്നു കുട്ടികൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുമ്പോൾ,അന്ന് ഡേറ്റിങ് സൈറ്റിൽ കയറാൻ തോന്നിയത് ഭാഗ്യമായി കരുതുന്നു എന്നാണ് അവർ പറയുന്നത്.
മറുനാടന് ഡെസ്ക്