ലണ്ടൻ : ഒടുവിൽ പ്രതീക്ഷിച്ചതു സംഭവിച്ചു . രണ്ടാഴ്ചയിലേറെ വാക്‌സിൻ വിവേചനത്തിന്റെ പേരിൽ ഇന്ത്യ ഉയർത്തിയ പ്രതിഷേധത്തിനു മുന്നിൽ പലതവണ വാക്ക് മാറ്റിയ ബ്രിട്ടൻ ഒടുവിൽ വിട്ടു വീഴ്ചക്ക് തയ്യാറാകുമ്പോൾ അതിനെ ഇന്ത്യയുടെ നയതന്ത്ര വിജയമായി വ്യാഖ്യാനിക്കപ്പെടുകയാണ് യുഎൻ വിദഗ്ദ്ധർ പോലും.

ബ്രിട്ടൻ വാക്‌സിന്റെ പേരിൽ പലതവണ ഇരട്ട നിലപാട് എടുത്തപ്പോൾ ഇന്ത്യയും അതേ നാണയത്തിൽ തിരിച്ചടിച്ചതെന്നു വാക്കുകൾ വേഗത്തിൽ മയപ്പെടുത്തി നിലപാട് തിരുത്താൻ ബ്രിട്ടൻ തയാറായത് എന്നതും ശ്രദ്ധേയമാണ് . താൻ കൂടി അംഗമായ കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ യൂണിയൻ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിലും തന്റെ പുസ്തക പ്രകാശന ചടങ്ങിലും പങ്കെടുക്കാൻ ഹോം ക്വറന്റിൻ വേണ്ടി വരും എന്നറിഞ്ഞപ്പോൾ ചടങ്ങു തന്നെ ഉപേക്ഷിച്ചു പ്രതിഷേധത്തിനു ഇറങ്ങാൻ ലോകത്തിന്റെ മുന്നിൽ ഇന്ത്യയുടെ മുഖമായി തിളങ്ങുന്ന മുൻ കേന്ദ്രമന്ത്രി ശശി തരൂർ തയാറായതാണ് വിവാദങ്ങളുടെ തുടക്കമായി മാറിയത് .ഏതായാലും അടുത്ത തിങ്കളാഴ്ച പുലർച്ചെ നാലു മണി വരെ എത്തുന്നവർക്ക് നയം മാറ്റം മൂലം ക്വറന്റിൻ ഒഴിവാക്കുകയാണ് . എന്നാൽ തൊട്ടു മുൻപുള്ള മണിക്കൂറിൽ പോലും വന്നിറങ്ങുന്നവരും ക്വറന്റൈൻ പോകേണ്ടി വരും , ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരിക്കില്ല . ഇതുവരെ യുകെയിൽ നൽകിയ വാക്‌സിൻ എടുത്തവർ മാത്രമേ വാക്‌സിനേറ്റഡ് എന്ന വിഭാഗത്തിൽ പെടുത്താനാകൂ എന്ന നിലപാടിലായിരുന്നു ബ്രിട്ടൻ ,. കോവിഷീൽഡ് എടുത്തവർ അൺ വാക്‌സിനേറ്റഡ് എന്ന കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരുന്നത് . ഇതാണ് തികഞ്ഞ വിവേചനമായി കണക്കാക്കപ്പെട്ടതും ഒടുവിൽ ബ്രിട്ടന് പറഞ്ഞ വാക്ക് വിഴുങ്ങേണ്ടി വന്നതും .

ഇതിനു ബദലായി വാക്‌സിൻ എടുത്തവരെന്നോ എടുക്കാത്തവരെന്നോ നോക്കാതെ യുകെയിൽ നിന്നെത്തുന്ന മുഴുവൻ പേരും നിർബന്ധിത ക്വറേണ്ടനിൽ പോകണമെന്നും ഇന്ത്യയും നിർദ്ദേശം നൽകി . ബ്രിട്ടനെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതം ആയിരുന്നു ഈ തിരിച്ചടി . ഒടുവിൽ ഇന്ത്യ പറയുന്നതിൽ കാര്യം ഉണ്ടെന്നു അമേരിക്ക അടക്കം ബ്രിട്ടനെ അറിയിച്ചതും നിലപാട് മാറ്റത്തിന് വേഗതയേറ്റി . ബ്രിട്ടനിൽ പുതുതായി ചുമതലയേറ്റ വിദേശ കാര്യാ സെക്രട്ടറി ലിസ് ട്രെസിന് മുൻപ് പലവട്ടം ഇന്ത്യയിൽ വാണിജ്യ സെക്രട്ടറി എന്ന നിലയിൽ എത്തിയപ്പോൾ ലഭിച്ച ഊഷ്മള സ്വീകരണവും തീരുമാനം വേഗത്തിലാക്കാൻ സഹായിച്ചു എന്ന് വിലയിരുത്തപ്പെടുന്നു .

കഴിഞ്ഞ ദിവസം ലിസ് ട്രെസും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ന്യൂയോർക്കിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയും നിർണായകമായി . ഇതോടെ ഇന്ത്യ വിജയ പക്ഷത്തേക്ക് നീങ്ങുമ്പോൾ അഭിമാന ക്ഷതം ഇല്ലാതെ തല ഉയർത്തുകയാണ് യുകെയിലെ ലക്ഷകണക്കിന് ഇന്ത്യൻ വംശജരും .

തരൂർ തുറന്നു വിട്ട വാക്‌സിൻ ഭൂതം

തരൂരിന് പിന്തുണയുമായി വിവിധ നേതാക്കൾ എത്തിയതോടെ ബ്രിട്ടന്റെ വിവേചന നിലപാട് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ ഇന്ത്യൻ സർക്കാർ ഒട്ടും സമയം കളയാതെ ബ്രിട്ടീഷ് നേതാക്കളെ തങ്ങൾ നേരിടുന്ന സമ്മർദം അറിയിക്കുക ആയിരുന്നു . മാത്രമല്ല ബ്രിട്ടൻ തന്നെ നൽകിയ ആസ്ട്ര സേനക വാക്‌സിന്റെ ഫോർമുലയിൽ ഇന്ത്യ നിർമ്മിച്ച കോവി ഷീൽഡ് വാക്‌സിൻ എങ്ങനെ മറ്റൊരു തരത്തിൽ പരിഗണിക്കപ്പെടും എന്ന ഇന്ത്യയുടെ ചോദ്യത്തിന് ഊഡായിപ്പു മറുപടി കണ്ടെത്താൻ ബ്രിട്ടന് കഴിഞ്ഞില്ല . തുടർന്ന് ഇന്ത്യ നൽകുന്ന വാക്‌സിൻ സർട്ടിഫിക്കറ്റിൽ ജനന തിയതി ഇല്ലെന്നായി പ്രശനം . എന്നാൽ ഇന്ത്യയുടെ കോവിന് എന്ന വെബ്പോർട്ടൽ ലോകത്തെ ഏതു വാക്‌സിൻ രേഖയുമായി താരതമ്യപ്പെടുത്തിയാലും കുറ്റമറ്റതാണ് എന്ന് ലോകാരോഗ്യ സംഘടനാ തന്നെ തുറന്നു പറഞ്ഞതോടെ ബ്രിട്ടന് വീണ്ടും വാക്കുകൾ നഷ്ടമായി .

ഇതേതുടർന്ന് ഡൽഹിയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷൻ ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നു ഒരാഴ്ച മുന്നേ പറഞ്ഞപോഴേ വക്തമായിരുന്നു ബ്രിട്ടൻ ചുവടുകൾ പിന്നോട്ട് വയ്ക്കുക ആണെന്ന് . എന്നാൽ അനന്തമായി കാത്തിരിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് വക്തമാക്കുന്ന നീക്കമാണ് പിന്നീട് ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായതു . യുകെയിൽ നിന്നും ഏതു വാക്‌സിൻ എടുത്തു വരുന്നവർക്കും ഇന്ത്യയിൽ പത്തു ദിവസം നിർബന്ധിത ഹോം ക്വറന്റിനെ ഏർപ്പെടുത്തി . മാത്രമല്ല ഒരു പടികൂടി കടന്നു ഇ വിസ ലിസ്റ്റിൽ നിന്നും ബ്രിട്ടനെ എടുത്തു മാറ്റുകയും ചെയ്തു . ഇതിനിടയിൽ ബ്രിട്ടനിൽ സമ്മർദ്ദവും ശക്തമായി .

ഒടുവിൽ തീരുമാനം പുനഃ പരിശോധിക്കപ്പെടുമ്പോൾ രാഷ്ട്രീയമായ ക്ഷീണം പരമാവധി കുറയ്ക്കാൻ നിർണായക തീരുമാനം വെളിപ്പെടുത്താൻ നിയോഗിക്കപ്പെട്ടത് ഡൽഹിയിൽ ഹൈ കമ്മീഷണർ അലക്‌സ് എല്ലിസ് ആയിരുന്നു എന്നതും പ്രത്യേകം ശ്രദ്ധയ്ക്കപ്പെട്ടു . വിവാദത്തിന്റെ തുടക്കം മുതൽ രമ്യമായ പരിഹാരം തേടി ഇദ്ദേഹം നിരന്തര പരിശ്രമം നടത്തി എന്നത് വക്തിപരമായി അദ്ദേഹത്തിനും നേട്ടമായി മാറുകയാണ് .

സൗജന്യ വാക്‌സിൻ നൽകിയ ഇന്ത്യയുടെ കൂടെ നില്ക്കാൻ മറ്റു രാജ്യങ്ങൾ

മാലിക്കാരനായ യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ അബ്ദുല്ല ഷാഹിദ് തന്നെ നേരിട്ട് മാധ്യമ പ്രവർത്തകരെ കണ്ടു ഞാൻ എടുത്തത് ഇന്ത്യൻ വാക്‌സിൻ ആണെന്നും ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതിൽ ഇന്ത്യയോട് നന്ദി പറയുക ആണെന്നും വെളിപ്പെടുത്തി . ഇതോടെ ബ്രിട്ടന് സത്യത്തിൽ വാക്കുകൾ നഷ്ടമാകുക ആയിരുന്നു . ഷാഹിദിന്റെ ജന്മ നാടായ മാലിക്കാണ് ഇന്ത്യ ആദ്യ സ്ലോട്ടിൽ വാക്‌സിൻ കയറ്റുമതി ചെയ്തപ്പോൾ ഗുണം ലഭിച്ച രാജ്യങ്ങളിൽ ഒന്ന് . ഏകദേശം 3.12 ലക്ഷം ഡോസ് വാക്‌സിൻ ആണ് മാലി ഇന്ത്യയിൽ നിന്നും സൗജന്യമായി സ്വന്തമാക്കിയത് .

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ മറ്റു രാജ്യങ്ങൾക്കു വാക്‌സിൻ നൽകിയ നടപടി ചോദ്യം ചെയ്യപ്പെട്ടപ്പോഴും ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഇന്ത്യയ്ക്ക് പല വേദികളിൽ ഗുണമായി മാറും എന്നതിന്റെ നേർ ഉദാഹരണം കൂടിയായി മാറുകയാണ് ഷാഹിദിന്റെ വാക്കുകൾ . വാക്‌സിൻ വിഷയത്തിൽ ലോകത്തെ രണ്ടായി തരം തിരിക്കരുത് എന്ന യുഎൻ നയത്തിന് തന്നെ എതിരായി ബ്രിട്ടന്റെ നയം വിലയിരുത്തപ്പെട്ടതോടെ വിഷയം ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ ഉയർത്തിയാൽ പല രാജ്യങ്ങളും ഇന്ത്യയ്ക്ക് ഒപ്പം നിൽക്കുമെന്ന ധാരണ പരന്നതും ബ്രിട്ടന് തിരിച്ചടിയായി .

ബ്രിട്ടീഷ് രാജ്ഞി തന്നെ ഭരണാധികാരിയായ ഓസ്ട്രേലിയയും ഒടുവിൽ ഇന്ത്യയുടെ കോവിഷീൽഡ് അംഗീകരിക്കുക ആണെന്ന് വക്തമാക്കിയതോടെ ബ്രിട്ടൻ തീർത്തും ഒറ്റപ്പെട്ട നിലയിലായി . ഇതോടെ ഏതുനിമിഷവും ബ്രിട്ടന്റെ പിന്നോക്കം വലിയൽ പ്രതീക്ഷിച്ചിരുന്നതുമാണ് .

യൂറോപ്യൻ യൂണിയന്റെ അനുഭവവും ബ്രിട്ടന് പാഠമായില്ല

ഏതാനും മാസം മുൻപ് കോവി ഷീൽഡ് അംഗീകരിക്കാൻ കഴിയില്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയപ്പോഴും ഞൊടിയിടയിൽ ഫ്രാൻസും ഇറ്റലിയും അടക്കമുള്ള പല പ്രധാന രാജ്യങ്ങളും ആ തീരുമാനത്തിൽ നിന്നും മാറി നിന്നതും ഇന്ത്യയുടെ രാജ്യാന്തര ശക്തിക്കു ലഭിച്ച അംഗീകാരം തന്നെയാണ് . കോവിഷീൽഡ് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓരോ രാജ്യത്തും വാക്‌സിൻ അംഗീകാരം നേടാൻ വേണ്ട രെജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് യൂറോപ്യൻ യൂണിയനിൽ നിന്നും തിരിച്ചടി ഉണ്ടാകാൻ കാരണമായത് . എന്നാൽ അടിയന്തിരമായി ഇക്കാര്യത്തിൽ പരിഹാരം കാണുവാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത് ശ്രദ്ധിക്കാതെ പോയതാണ് ബ്രിട്ടന് സ്വന്തം വാക്കുകൾ വിഴുങ്ങേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടത് .

വാക്‌സിൻ വിവേചന യുദ്ധം തങ്ങൾ ഏതറ്റം വരെയും കൊണ്ട് പോകും എന്ന സൂചനയുമായി ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കായിക ബഹിഷ്‌കരണവും ബ്രിട്ടനെ സമ്മർദ്ദത്തിലാക്കി . ബിർമിൻഹാമിൽ അടുത്തവർഷം നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഹോക്കി മത്സരത്തിൽ നിന്നാണ് ഇന്ത്യ ഏകപക്ഷീയമായി പിന്മാറ്റം അറിയിച്ചത് . ഇതേതുടർന്ന് ബ്രിട്ടനും ഇന്ത്യയിൽ കായിക മത്സരങ്ങൾക്ക് എത്താനിടയില്ല എന്ന റിപോർട്ടുകൾ പുറത്തുവന്നു . ഇതോടെ ബോറിസ് ജോൺസൺ നടത്തുമെന്നു പ്രതീക്ഷക്കപ്പെടുന്ന ഇന്ത്യ സന്ദർശനവും റദ്ദാക്കപ്പെടുന്ന സാഹചര്യമായി .

ഇത് നവംബറിൽ ഇന്ത്യയിൽ നിന്നും മോദി നിർബന്ധമായും പങ്കെടുക്കേണ്ട കാലാവസ്ഥ ഉച്ചകോടിയേയും പ്രതികൂലമായി ബാധിക്കും എന്ന് വക്തമായതാണ് അപ്രതീക്ഷിത വേഗത്തിൽ വാക്‌സിൻ കാര്യത്തിൽ ഇന്ത്യയുടെ വാദങ്ങൾ പൂർണമായും അംഗീകരിക്കാൻ ബ്രിട്ടനെ പ്രേരിപ്പിച്ചത് . സ്‌കോട്‌ലൻഡിലെ കാലാവസ്ഥ ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കാതിരുന്നാൽ സമ്മേളന ലക്ഷ്യം തന്നെ പാളും എന്നതും വാക്‌സിൻ പോര് വേഗത്തിൽ തന്നെ അവസാനിപ്പിക്കണം എന്നത് ബോറിസ് ജോൺസന്റെ കൂടി താല്പര്യം ആയിരുന്നു എന്നാണ് ഈ വിവാദത്തിന്റെ ഉൾവഴികളിലൂടെ സഞ്ചരിക്കുമ്പോൾ വ്യക്തമാകുന്നതും .