- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കീവിൽ നിന്നും രക്ഷപെട്ടോടിയ പത്തു വയസുകാരി കൊല്ലപ്പെട്ട ചിത്രങ്ങൾ നെഞ്ചിലേറ്റി കരഞ്ഞു യുക്രൈനികൾ; സ്കൂളിൽ ബോംബ് വീണു കൊല്ലപ്പെട്ടത് 16 കുട്ടികൾ; റഷ്യൻ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കി കൊല്ലപ്പെട്ട റഷ്യൻ പട്ടാളക്കാരൻ അമ്മക്കെഴുതിയ കത്തും വൈറലാകുന്നു
കീവ്: ഏതൊരു യുദ്ധത്തിന്റെയും കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെയാണ്. യുക്രൈനിലെ റഷ്യൻ അധിനിവേശം സംഹാര രൂപത്തിലേക്ക് മാറിയതോടെ കുരുന്നുകൾ അടക്കം കൊല്ലപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും യുക്രൈനിൽ നിന്നും പുറത്തുവന്നിട്ടുണ്ട്. റഷ്യൻ ആക്രമണത്തിൽ 11 വയസുകാരിയായ പോളിന് എന്ന പെൺകുട്ടി കൊല്ലപ്പെട്ട ചിത്രങ്ങൾ പങ്കുവെച്ച് കീവ് ഡെപ്യൂട്ടി മേയർ രംഗത്തുവന്നപ്പോൾ നെഞ്ചിടിക്കുകയാണ് ലോകത്തിന്.
കീവ് നഗരത്തിൽ യുദ്ധം പടരവേ കാറിൽ കുടുംബത്തോടൊപ്പം രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു പൊളിന. എന്നാൽ, ഇതിനിടെ ആക്രമണത്തിൽ കുട്ടി കൊല്ലപ്പെടുകയാണ് ഉണ്ടായത്. പൊളിനയുടെ സഹോദരനും സഹോദരിക്കും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് ബിബിസി റിപ്പോർട്ടു ചെയ്യുന്നത്. അതേസമയം റഷ്യൻ ബോംബ് ആക്രമണത്തിൽ സ്കൂൾ തകർന്ന് 16 കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ പ്രസിഡൻ സൊലൻസ്കി പറഞ്ഞു. 45 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്.
റഷ്യൻ മുന്നേറ്റം യുക്രെയ്ൻകാർ സർവശക്തിയുമുപയോഗിച്ച് ചെറുക്കുന്ന തുറമുഖനഗരമായ മരിയുപോളിൽ ആറു വയസുകാരി ചോരയിൽ കുളിച്ചു എത്തിയ കാഴ്ച്ചയും ഞെട്ടിക്കുന്നതായിരുന്നു. റഷ്യൻ ഷെല്ലാക്രമണത്തിൽ പരിക്കേൾക്കുകയായിരുന്നു പെൺകുട്ടിക്ക്. കാർട്ടൂൺ കഥാപാത്രങ്ങളെക്കൊണ്ട് അലങ്കരിച്ച പൈജാമ ചോരയിൽ കുളിച്ചിരുന്നു. അവളുടെ തവിട്ടുമുടി ഒരു ബാൻഡു കൊണ്ട് പിന്നിലേക്ക് കെട്ടിവെച്ചിട്ടുണ്ടായിരുന്നു.
ഗുരുതര പരിക്കേറ്റ പിതാവിനൊപ്പമാണ് അവളെയും അത്യാഹിത വിഭാഗത്തിലെത്തിച്ചത്. പ്രതീക്ഷയോടെയായിരുന്നു ആ ആറുവയസ്സുകാരിയെ ആരോഗ്യപ്രവർത്തകർ ദുരന്തമുഖത്തുനിന്ന് ആംബുലൻസിലേക്ക് എടുത്തുവെച്ചത്. അവളുടെ അമ്മ പുറത്ത് ആംബുലൻസിനരികിൽ കണ്ണീരോടെ നിൽക്കുകയാണ്. പുറത്തുവന്ന ചിത്രങ്ങളെല്ലാം എല്ലാവരുടെയും നെഞ്ചുലയ്ക്കുന്നതാണ്.
ആശുപത്രിയിൽ ഒരാൾ അവൾക്ക് ഇൻജക്ഷൻ നൽകുന്നു. മറ്റൊരാൾ സി.പി.ആർ നൽകി. ഒരു നഴ്സിന് കണ്ണീരടക്കാനായില്ല. ഡോക്ടർ അവൾക്ക് ഓക്സിജൻ നൽകാൻ ശ്രമിച്ചു. നിലച്ചുപോയ മിടിപ്പ് വീണ്ടെടുക്കാൻ അവളുടെ കുഞ്ഞുനെഞ്ചിൽ ആഞ്ഞമർത്തവെ അയാൾ വിതുമ്പുന്നുണ്ടായിരുന്നു. അവർക്ക് അവളെ രക്ഷിക്കാനായില്ല. അത്യാഹിത വിഭാഗത്തിനുള്ളിൽ ഈ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന അസോസിയേറ്റഡ് പ്രസ് ദൃശ്യമാധ്യമപ്രവർത്തകനോട്, 'ഇതെല്ലാം ആ പുടിനെ കാണിക്കൂ... ഈ കുഞ്ഞിന്റെ കണ്ണുകളും കരയുന്ന ഡോക്ടർമാരെയും' എന്ന് അലറി കരയുകയാണ് ഉണ്ടായത്. എല്ലാ ശ്രമങ്ങളും വിഫലമായതോടെ ഡോക്ടർ അവളുടെ ഇളംകണ്ണുകൾ തഴുകിയടച്ചു.
മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ഈ വാർത്തകൾ യുദ്ധം എത്രത്തോളം ഭീതിതമാണെന്ന് വ്യക്തമാക്കി തരുന്നതാണ്. യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി കീവിലെ ആറ് വയസുകാരനാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈയിനിലെ ഒഖ്തിർക്കയിൽ മാത്രം റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏഴ് വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുമെന്ന് ഗവർണർ ദിമിത്രി ഷിവിറ്റ്സ്കി അറിയിച്ചു.
യുക്രൈനിലെ അനാഥാലയവും കിന്റർ ഗാർഡൻ റഷ്യൻ സൈന്യം ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് റഷ്യ ഇതിനെ തള്ളിക്കളയുകയായിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കണമെന്ന് യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.
കുട്ടികൾ ഉൾപ്പെടെ 352 സാധാരണക്കാരാണ് റഷ്യയുടെ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടതെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 116 കുട്ടികളടക്കം 1,684 പേർക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാൽ യുക്രൈൻ സൈന്യത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന കാര്യത്തിൽ മന്ത്രാലയം വിവരങ്ങൾ നൽകിയിട്ടില്ല.
അതേസമയം കുട്ടിക്കളും കുടുംബവുമായി യുദ്ധമുഖത്തു നിന്നും അതിർത്തി രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന ജനങ്ങളെയും കാണാണ്. തീവണ്ടി കയറാൻ തയ്യാറായി എത്തുന്ന കുടുംബങ്ങളുടെ കണ്ണുകളിലെല്ലാം യുദ്ധഭീതി നിറഞ്ഞിരിക്കയാണ്. വീട്ടിലെ ആണുങ്ങൾ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത യുദ്ധത്തിനായി പോകുമ്പോൾ കുടുംബങ്ങൾ കണ്ണീരോടെ യാത്രയാക്കുന്ന കാഴ്ച്ചകളാണ് എങ്ങും. യുക്രൈനിൽ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്. 5,20,000പേർ പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഒന്നരലക്ഷത്തിലധികം പേർ ഒറ്റപ്പെട്ടു പോയി. നാല് ദശലക്ഷത്തിലധികം പേർ അഭയാർഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ കണക്കുകൂട്ടുന്നു.
വൈറലായി റഷ്യൻ സൈനികന്റെ കത്തും
യുക്രൈൻ ചെറുത്തു നിൽപ്പിനിടെ റഷ്യൻ സൈനികന്റെ കത്തും പുറത്തുവന്നിട്ടുണ്ട്. സൈനികൻ തന്റെ അമ്മക്കെഴുതിയ കത്താണ് പുറത്തുവന്നത്. ഈ കത്ത് യുഎൻ ജനറൽ അസംബ്ലിയിൽ യുക്രൈൻ അംബാസിഡർ ഉയർത്തികാണിക്കുയും ചെയ്തു. യുദ്ധത്തിന് പോയ റഷ്യൻ സൈനികൻ തന്റെ അമ്മയ്ക്ക് ഫോണിൽ അയച്ച സന്ദേശ റഷ്യൻ സൈനികരുടെ നിസ്സഹായാവസ്ഥയും വ്യക്തമാക്കുന്നതാണ്. കൊല്ലപ്പെടുന്നതിന് മുമ്പ് അയച്ച ടെക്സ്റ്റാണ് വിവരങ്ങൾ പുറത്തുവന്നത്.
അമ്മയ്ക്കെഴുതിയ കത്തിൽ അമ്മേ ഞാൻ ഇപ്പോൾ ക്രിമിയയിൽ അല്ല ള്ളത്. ഞാൻ ട്രെയിനിങ് സെഷനിലുമല്ല, എവിടെയാണ് എന്ന് അമ്മ ചോദിക്കുന്നുണ്ട്. പപ്പ നിനക്ക് ഒരു പാർസൽ അയക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പറയുന്നു. എന്ത് പാർസലാണ് അമ്മേ എനിക്ക് നിങ്ങൾ അയയച്ചു തരികയെന്നാണ ്സൈനകൻ തിരിച്ചു ചോദിക്കുന്നു. മകന് എന്തോ വിഷമം ഉണ്ടെന്ന് മനസിലാക്കിയ ആ മാതാവ് എന്തുപറ്റിയെന്നാണ് തിരിച്ചു ചോദിക്കുന്നതും. അപ്പോഴാണ് താൻ യുദ്ധത്തിൽ പങ്കെടുക്കാൻ പോയെന്ന വിവരം കുടുംബത്തെ അറിയിക്കുന്നത്. ഇവിടെ വലിയ യുദ്ധം നടക്കുകയാണ്. എനിക്ക് ശരിക്കും ഭയമുണ്ട്. നമ്മൾ ഇവിടെ എല്ലാ നഗരത്തിലും ബോംബ് ഇടുകയാണ് സിവിലിയന്മാരെയും ലക്ഷ്യമിടുന്നു. അവർ ഞങ്ങളെ ഫാസിസ്റ്റ് എന്നു വിളിച്ച് ആക്രമിക്കയാണ് അമ്മേ എന്നും റഷ്യൻ സൈനികൻ പറയുന്നു. യുദ്ധത്തിൽ യുക്രൈൻ നടത്തുന്നത് ചെറുത്തുനിൽപ്പാണെന്ന് കാണിക്കും വിധത്തിലാണ് ഇത്തരമൊരു കത്തും പുറത്തുവിട്ടിരിക്കുന്നത്.
അതേലമയം റഷ്യൻ പടയെ കൂസാതെ പൊരുതിനിന്ന 13 യുക്രെയ്നിയൻ സൈനികർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളും തെറ്റാണെന്നും സൈനികർ ജീവനോടെയുണ്ടെന്ന സ്ഥിരീകരണവും പുറത്തുവന്നു. യുക്രെയ്ൻ നാവികസേനയാണ് സർപ്പദ്വീപിലെ 13 സൈനികരും റഷ്യൻ സൈന്യത്തിന്റെ പിടിയിൽ ജീവനോടെയുണ്ടെന്ന വിവരം പ്രസ്താവനയിൽ അറിയിച്ചത്. 'ഞങ്ങളുടെ സഹോദരന്മാർ ജീവനോടെയുണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. റഷ്യൻ അധിനിവേശം തടയാൻ ശ്രമിച്ചെങ്കിലും ദ്വീപിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ അധികം പിടിച്ചുനിൽക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല' -പ്രസ്താവനയിൽ യുക്രെയ്ൻ നാവികസേന അറിയിച്ചു.
റഷ്യൻ സൈന്യം ദ്വീപ് ആക്രമിച്ച് സൈനിക കേന്ദ്രം തകർത്തിരുന്നു. ദ്വീപുമായുള്ള ആശയവിനിമയവും നഷ്ടമായിരുന്നു. സൈനികരോട് കീഴടങ്ങാൻ ആവശ്യപ്പെടുന്നതും എന്നാൽ അതിന് തങ്ങൾ തയ്യാറല്ല എന്ന് തിരിച്ച് മറുപടി നൽകുന്നതിന്റേയും ശബ്ദരേഖ പുറത്തുവന്നിരുന്നു. 'ഇത് റഷ്യൻ സൈന്യമാണ്. നിങ്ങളുടെ ആയുധങ്ങൾ താഴെവെച്ച് മുട്ട് മടക്കി കീഴടങ്ങാൻ ആവശ്യപ്പെടുന്നു. അങ്ങനെ അല്ലെങ്കിൽ വെടിവെക്കേണ്ടി വരും' എന്ന റഷ്യൻ സൈന്യത്തിന്റെ അറിയിപ്പിന് രൂക്ഷമായ ഭാഷയിലാണ് യുക്രെയ്ൻ സൈനികർ മറുപടി നൽകുന്നത്. തുടർന്ന് റഷ്യൻ സൈന്യം തുരുതുരാ വെടിയുതിർക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്