ന്യൂയോർക്ക്: ഇരുത്തം വന്നവരെ പോലെയല്ല, തനിവഴക്കാളികളെ പോലെയാണ് അമേരിക്കയും, ചൈനയും തമ്മിലുള്ള ഇപ്പോഴത്തെ പോര്. മുമ്പ് അത് അമേരിക്കയും, സോവിയറ്റ് യൂണിയനും തമ്മിൽ ആയിരുന്നെങ്കിൽ, ഇന്ന് അതിൽ ഒരുകളിക്കാരൻ മാറിയിരിക്കുന്നു എന്ന് മാത്രം. ആരാണ് നമ്പർ വൺ എന്ന പോരിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഒരുതരം പുതിയ ശീതയുദ്ധം. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗറ്റെറസ് അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമായ മുന്നറിയിപ്പാണ് ഇരുരാജ്യങ്ങൾക്കും നൽകിയത്. ഇപ്പണി നിർത്തിക്കോ, അല്ലെങ്കിൽ കാര്യങ്ങൾ കുഴപ്പത്തിലേക്ക് നീങ്ങും എന്ന മുന്നറിയിപ്പ്.

സ്വാധീനമുള്ള ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള പോര് ലോകത്തെ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കും മുമ്പ് ഇരുകൂട്ടരും പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കണം, യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെടുന്നത് ഇതാണ്. കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തിൽ രണ്ട് സുപ്രധാന സാമ്പത്തിക ശക്തികളും സഹകരിക്കണം. വാണിജ്യം, സാങ്കേതിക വിദ്യ, എന്നിവയിൽ കൂടുതൽ കൂടിയാലോചനകൾ വേണം. മനുഷ്യാവകാശം, സാമ്പത്തികം, ഓൺലൈൻ സുരക്ഷ, ദക്ഷിണ ചൈനാകടലിലെ പരമാധികാരം എന്നിവയിലെ രാഷ്ട്രീയ തർക്കങ്ങൾ തീർപ്പാക്കണം. എന്നാൽ, ദൗർഭാഗ്യവശാൽനമുക്ക് ഇന്ന് ഏറ്റുമുട്ടൽ മാത്രമേയുള്ളു, ഗറ്ററെസ് പറഞ്ഞു.കോവിഡ് വാക്‌സിനേഷൻ, കാലാവസ്ഥാ വ്യതിയാനം, തുടങ്ങിയ ആഗോള വെല്ലുവിളികളും അടിയന്തരമായി നേരിടാൻ രണ്ട് ലോകശക്തികളും, ഒത്തിണക്കത്തോടെ പ്രവർത്തിക്കണം, അദ്ദേഹം പറഞ്ഞു.

രണ്ടുവർഷം മുമ്പ് ഗറ്റെറസ് ലോകം രണ്ടായി ഭിന്നിക്കുന്നതിന് എതിരെ ആഗോള നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്റർനെറ്റിലും, കറൻസിയിലും, വാണിജ്യത്തിലും, സാമ്പത്തിക നിയമങ്ങളിലും എല്ലാം എതിരാളികളെ പോലെ നിൽക്കുന്നതിന്റെ ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇരു രാജ്യങ്ങളുടെയും ജിയോപൊളിറ്റിക്കൽ, സൈനിക തന്ത്രങ്ങൾ ലോകത്തെ വിഭജിക്കാനും നിലവിലെ സമവാക്യങ്ങളെ അപകടകരമായ വിധത്തിൽ മാറ്റാനും കാരമണമാവുന്നതായി അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ വളരെ വേഗം മുറിവുണക്കണം.

പുതിയ ശീതയുദ്ധം കൂടുതൽ അപകടകരം

എന്തുവില കൊടുത്തും ഒരു ശീതയുദ്ധം ഒഴിവാക്കണം പഴയ ശീതയുദ്ധത്തിനേക്കാൾ വ്യത്യസ്തവും, ഒരുപക്ഷേ കൂടുതൽ അപകടകരവും, നിയന്ത്രിക്കാൻ പ്രയാസം ഏറിയതും ആയിരിക്കും ആ ശീതയുദ്ധം, അന്റോണിയോ ഗറ്റെറസ് പറഞ്ഞു. സോവിയറ്റ് യൂണിയനും കിഴക്കൻ സഖ്യരാഷ്ട്രങ്ങളും, അമേരിക്കയും, പാശ്ചാത്യ സഖ്യരാഷ്ട്രങ്ങളും തമ്മിൽ രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ശീതയുദ്ധം 1991 ൽ സോവിയറ്റ് യൂണിയന്റെ പിളർപ്പോടെ ആണ് അവസാനമായത്. കമ്യൂണിസവും, സ്വേച്ഛാധിപത്യവും ഒരുവശത്തും, മുതലാളിത്തവും ജനാധിപത്യവും മറുവശത്തുമായി ആണവ സൂപ്പർ പവറുകളുടെ പോരായിരുന്നു അത്. പുതിയ ശീതയുദ്ധം കൂടുതൽ അപകടകരമാകും എന്നാണ് യുഎൻസെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകിയത്. ആണവനാശത്തിലേക്ക് ലോകം പോകരുതെന്ന് ബോധ്യമുള്ളവരാണ് ഇരുശക്തികളും. അതുകൊണ്ട് തന്നെ കാര്യങ്ങൾ കൈവിട്ടുപോകാതെ നോക്കണം.

പോരിന് ആക്കം കൂട്ടി ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തർവാഹിനി

ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തർവാഹിനി നൽകാനുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും തീരുമാനത്തെയും യുഎൻ സെക്രട്ടറി ജനറൽ വിമർശിച്ചു. ഇത് സങ്കീർണമായ പ്രശ്്‌നത്തിന്റെ ചെറിയ വശമാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിരാഷ്ട്ര സഖ്യ ഉടമ്പടിയിൽ പ്രതിഷേധിച്ച് ഫ്രാൻസ് രംഗത്തെത്തിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്ക് ആണവ അന്തർവാഹിനി നൽകാനുള്ള തീരുമാനത്തിനെതിരെയാണ് ഫ്രാൻസ് അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ ശക്തമായി രംഗത്തെത്തിയത്. അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും സ്ഥാനപതിമാരെയാണ് ഫ്രാൻസ് അടിയന്തിരമായി മടക്കിവിളിച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തിയത്. പസഫിക് മേഖലയിലെ ചൈനയുടെ അധിനിവേശത്തെ ചെറുക്കാനും സമുദ്രസുരക്ഷ ഉറപ്പാക്കാനുമാണ് അമേരിക്കയുടെ നീക്കം. ഓസ്ട്രേലിയയെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആണവ അന്തർവാഹിനികളുടെ കൊടുക്കൽ വാങ്ങലുകൾ നടക്കുന്നത്. ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഓസ്‌ട്രേലിയയ്ക്കൊപ്പം പുതുതായി അറ്റ്‌ലാന്റിക് മേഖലയിൽ ബ്രിട്ടനേയും ഒപ്പം ചേർത്തുള്ള രണ്ടാം സഖ്യത്തിനാണ് അമേരിക്ക ധാരണയിലെത്തിയത്. പസഫിക് മേഖലയ്ക്കു പുറമേ അറ്റ്‌ലാന്റിക് മേഖലയിലും സ്വാധീനമുറപ്പിക്കലാണ് അമേരിക്കയുടെ ലക്ഷ്യം

.

ത്രിരാഷ്ട്ര കരാർ പ്രകാരം ഓസ്ട്രേലിയയുമായി അമേരിക്കയും ബ്രിട്ടനുമാണ് ആണവായുധ കരാർ ഉണ്ടാക്കിയത്. തങ്ങൾ തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന പദ്ധതികളെ തകിടംമറിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചതെന്നും ഓസ്ട്രേലിയ തങ്ങളുമായി യാതൊന്നും ചർച്ച ചെയ്തില്ലെന്നും ഫ്രാൻസ് ആരോപിച്ചിരിക്കുകയാണ്. ഇതിനിടെ ഫ്രാൻസുമായുണ്ടാക്കിയ പ്രതിരോധ കരാറുകളിൽ നിന്നും പിന്നോട്ടു പോയിട്ടില്ലെന്നും തെറ്റിദ്ധാരണകൾ തിരുത്തുമെന്നും ഓസ്ട്രേലിയ അറിയിച്ചു. ഫ്രാൻസ് 2003 മുതൽ അമേരിക്കയുമായി പ്രതിരോധ രംഗത്ത് അത്ര നല്ല ബന്ധത്തിലല്ല. ഇറാഖ് യുദ്ധകാലത്താണ് അമേരിക്കൻ നയങ്ങളോടുള്ള വിയോജിപ്പ് ഫ്രാൻസ് ശക്തമായി പ്രകടിപ്പിച്ചത്. അതിന് ശേഷം ഇതാദ്യമായാണ് അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ പ്രതിഷേധം നടത്തുന്നത്.

ശീതയുദ്ധത്തിന് സമാനമായ സാഹചര്യങ്ങളിലേക്കാണ് ഇരു വൻശക്തികളും തമ്മിലുള്ള വാശിയും വൈരാഗ്യവും പോവുന്നതെന്നാണ് യുഎൻ സെക്രട്ടറി ജനറൽ ആശങ്ക പ്രകടിപ്പിച്ചത്. ഭീകരമായ ഒരു ആണവയുദ്ധത്തിലേക്ക് അടക്കം പോകാവുന്ന വിധത്തിലാണ് ഈ ശീതസമരം വളരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കോവിഡ്, കാലാവസ്ഥാ വ്യതിയാനം, താലിബാൻ എന്നീ മൂന്ന് വിഷയങ്ങൾ നിർണായകമായ തീരുമാനം എടുക്കുന്നതിനുള്ള ലോകനേതാക്കളുടെ സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായാണ് യു എൻ സെകട്ടറി ജനറൽ ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാനിൽ യുഎന്നിന് എന്ത് റോൾ?

അഫ്ഗാനിസ്ഥാനിൽ എല്ലാ വിഭാഗത്തിൽ ഉള്ളവരെയും ഉൾപ്പെടുത്തി സർക്കാർ, മനുഷ്യാവകാശങ്ങൾ ഉറപ്പാക്കൽ, ഭീകരവാദികൾ ഇല്ലാതിരിക്കുക, മയക്കുമരുന്ന് കടത്ത് അവസാനിപ്പിക്കുക, എന്നീ കാര്യങ്ങളിൽ എല്ലാം യുഎൻ ഇടപടൽ അടിയന്തര ഫലം കൊണ്ടുവരുമെന്ന് കരുതുന്നത് വെറും ഫാന്റസി മാത്രം ആയിരിക്കുമെന്ന് അന്റോണിയോ ഗറ്റെറസ് പറഞ്ഞു.

കോടിക്കണക്കിന് ഡോളറുകൾ ചെലവഴിച്ചിട്ടും, ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടും. അഫ്്ഗാനിസ്ഥാന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യുഎസിനോ സഖ്യരാഷ്ട്രങ്ങൾക്കോ സാധിച്ചില്ല. ചിലരുടെ അഭിപ്രായപ്രകാരം പ്രശനങ്ങൾ കൂടുതൽ വഷളായി. എന്നിരുന്നാലും മാനുഷിക സഹായം നൽകാനും, എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള സർക്കാർ രൂപീകരണത്തിനും, സ്ത്രീകളുടെയും കുട്ടികളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും താലിബാന്റെ ശ്രദ്ധ യുഎൻ നിരന്തരം ക്ഷണിക്കുകയാണെന്നും സെക്രട്ടറി ജനറൽ അഭിമുഖത്തിൽ പറഞ്ഞു.