- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതിപ്പെട്ടപ്പോള്‍ മാര്‍ക്ക് തിരിച്ചുകിട്ടി, പ്രാക്ടിക്കലില്‍ നിന്നും മാര്‍ക്ക് വെട്ടലും! ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ വിശ്വാസ്യതയും തുലാസില്‍
തിരുവനന്തപുരം: പരീക്ഷക്ക് മാര്‍ക്കിട്ടതിലെ പിഴവ് ചൂണ്ടിക്കാട്ടിയപ്പോള്‍ മാര്‍ക്ക് തിരിച്ചു കിട്ടിയെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷയിലെ സമാനമായ മാര്‍ക്ക് വെട്ടിക്കുറച്ച സംഭവം ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. കണക്കുകൂട്ടലിലെ പിഴവുമൂലം പ്ലസ്ടു ഫിസിക്‌സ് പരീക്ഷയിലെ 7 മാര്‍ക്ക് നഷ്ടപ്പെട്ടതു കണ്ടെത്തി പരാതിപ്പെട്ട വിദ്യാര്‍ഥിക്കാണ് പ്രാക്ടിക്കലില്‍ നിന്നും ഏഴു മാര്‍ക്ക് വെട്ടിയത്. ഇത് സംബന്ധിച്ച വാര്‍ത്തു പുറത്തുവരുമ്പോള്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണായത്തിന് നേരെയും വിമര്‍ശനം ഉയരുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പോകുമ്പോള്‍ ഓരോ മാര്‍ക്കും നിര്‍ണായകമാണെന്ന സാഹചര്യത്തില്‍ ഈ മാര്‍ക്കുവെട്ടല്‍ നടപടി വിദ്യാര്‍ഥിയുടെ ഭാവിയെയും തുലാസിലാക്കുന്നതായി പോയി.
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗത്തിന്റേ വിചിത്ര നടപടി ഏറെ വിമര്‍ശിക്കപ്പടുന്നുണ്ട്. അംജിത് അനൂപ് എന്ന വിദ്യാര്‍ഥിക്ക് നേരിട്ട അനുഭവം വാര്‍ത്തയാക്കിയത് മലയാള മനോരമയാണ്. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ വാര്‍ത്തയാണ് ഇത്. ഇതുമായി ബന്ധപ്പെട്ട് തുടര്‍വാര്‍ത്തകളും മനോരമ പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കണ്ടറി അധികാരികളുടെ ശ്രദ്ധപതിയേണ്ട സംഭവമാണെന്ന് കാണിച്ച് പത്രം മുഖപ്രസംഗവും എഴുതിയിട്ടുണ്ട്.
പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ഗവ.എച്ച്എസ്എസ് വിദ്യാര്‍ഥിയായിരുന്ന അംജിത് അനൂപിനാണ് അധികൃതരുടെ പിഴവ് മൂലം രണ്ട് തവണയായി അര്‍ഹമായി മാര്‍ക്ക് നഷ്ടപ്പെട്ടത്. പ്ലസ്ടു ഫലം വന്നപ്പോള്‍ ഫിസിക്‌സ് എഴുത്തുപരീക്ഷയില്‍ 60ല്‍ 44 മാര്‍ക്കാണ് ഉണ്ടായിരുന്നത്. നേരത്തേ നടന്ന പ്രാക്ടിക്കല്‍ പരീക്ഷയില്‍ 40ല്‍ 35 മാര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ മൂല്യനിര്‍ണയത്തിന് 20 മാര്‍ക്കുമുണ്ട്. ഇതിനൊപ്പം സ്‌കൗട്ടിന്റെ ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്ത് 120ല്‍ 115 മാര്‍ക്കാണ് ആകെ ലഭിച്ചത്.
ഹയര്‍ സെക്കന്‍ഡറിയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ എഴുത്തുപരീക്ഷയില്‍ 2 പേര്‍ 2 തവണയായി മൂല്യ നിര്‍ണയം നടത്തി അതില്‍ ഉയര്‍ന്ന മാര്‍ക്കാണ് പരിഗണിക്കുന്നത്. ഡബിള്‍ വാല്യുവേഷനായതിനാല്‍ ഈ വിഷയങ്ങള്‍ക്ക് പുനര്‍മൂല്യ നിര്‍ണയം സാധ്യമല്ല. എന്നാല്‍ ഫിസിക്‌സിന് ഇതിലുമേറെ മാര്‍ക്ക് കിട്ടാന്‍ സാധ്യതയുണ്ടെന്ന് ഉറപ്പായിരുന്ന അംജിത് ഉത്തരക്കടലാസിന്റെ പകര്‍പ്പ് ഫീസടച്ച് വാങ്ങിയപ്പോഴാണ് കണക്കുകൂട്ടിയതിലെ പിഴവ് വ്യക്തമായത്. ആദ്യ മൂല്യനിര്‍ണയത്തില്‍ 50, രണ്ടാമത്തെ മൂല്യ നിര്‍ണയത്തില്‍ 51 എന്ന ക്രമത്തിലാണ് മാര്‍ക്ക് ഉത്തരക്കടലാസില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ടാബുലേഷന്‍ ഷീറ്റില്‍ മാര്‍ക്ക് പകര്‍ത്തി എഴുതിയതില്‍ സംഭവിച്ച പിഴവു മൂലം കൂട്ടിയെടുത്തപ്പോള്‍ 44 ആയി കുറഞ്ഞു.
ഈ സംഭവം ഒറ്റപ്പെട്ടതാണെന്ന കരുതിയിരിക്കുമ്പോഴാണ് അതല്ലെന്ന് വ്യക്തമാകുന്ന മറ്റു വിവരങ്ങളും പുറത്തുവരുന്നത്. മൂവാറ്റുപുഴ കല്ലൂര്‍കാട് സെന്റ് അഗസ്റ്റിന്‍സ് എച്ച് എസ്എസ് വിദ്യാര്‍ഥിയായിരുന്ന ആഷിന്‍ ജോയിസിന് ബയോളജിയില്‍ 8 മാര്‍ക്ക് സമാനമായ രീതിയില്‍ 'വെട്ടി'യെന്ന വിവരവും പുരത്തായി.
ഇരട്ട മൂല്യനിര്‍ണയമുള്ള ബയോളജി എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസില്‍ ആഷിന് ലഭിച്ച മാര്‍ക്ക് 60ല്‍ 53 ആയിരുന്നു. ടാബുലേഷന്‍ ഷീറ്റില്‍ ഇതു രേഖപ്പെടുത്തിയതിലെ പിഴവു മൂലം 45 മാര്‍ക്കായി. അത്രയും മാര്‍ക്ക് കുറയില്ലെന്ന ഉറപ്പില്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പ് ഫീസടച്ച് എടുത്ത് പരിശോധിച്ചപ്പോഴാണ് പിഴവ് വ്യക്തമായത്. ഇതു തിരുത്താന്‍ അപേക്ഷ നല്‍കിയപ്പോള്‍ 53 മാര്‍ക്കാക്കി നല്‍കിയെങ്കിലും നേരത്തേ നടന്ന പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു ലഭിച്ച മുഴുവന്‍ മാര്‍ക്കില്‍ (40) നിന്ന് 8 മാര്‍ക്ക് വെട്ടിക്കുറച്ച് 32 ആക്കി.
കണക്കുകൂട്ടലിലെ പിഴവുമൂലം 60ല്‍ 45 മാര്‍ക്കാണ് എഴുത്തു പരീക്ഷയ്ക്ക് ആദ്യം ലഭിച്ചതെങ്കിലും പ്രാക്ടിക്കലിനും (40) തുടര്‍ മൂല്യനിര്‍ണയത്തിനും (20) മുഴുവന്‍ മാര്‍ക്കും നേടിയ ആഷിന് ഗ്രേസ് മാര്‍ക്ക് (15) കൂടി ആയതോടെ ബയോളജിക്ക് മുഴുവന്‍ മാര്‍ക്കും (120) ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പിഴവ് തിരുത്തി 8 മാര്‍ക്ക് കൂടി ലഭിക്കുന്നതോടെ ആകെ മാര്‍ക്കിനെക്കാള്‍ മുകളിലാകും. ഇതു പരിഹരിക്കാനായി ബയോളജിക്ക് എ പ്ലസ് ഉറപ്പാക്കുന്നതിനാവശ്യമായ മാര്‍ക്ക് കഴിഞ്ഞുള്ള ഗ്രേസ് മാര്‍ക്ക്, മാര്‍ക്ക് കുറവുള്ള മറ്റൊരു വിഷയത്തിനു നല്‍കാമായിരുന്നു.
ഇതിനു പകരമാണ് ബയോളജിക്ക് ലഭിച്ച 8 മാര്‍ക്ക് വെട്ടിക്കുറച്ച് പരിഹാരം കണ്ടെത്തിയത്. ഇതോടെ നിലവിലുള്ള ആകെ മാര്‍ക്കിലോ മറ്റു വിഷയങ്ങളുടെ മാര്‍ക്കിലോ വ്യത്യാസമില്ലാതായി. വ്യത്യാസം സംഭവിച്ചാല്‍ നേരിടാന്‍ സാധ്യതയുള്ള ശിക്ഷാ നടപടിയും ഒഴിവാക്കാനായി. പ്രാക്ടിക്കല്‍ പരീക്ഷയിലെ വെട്ടിക്കുറച്ച മാര്‍ക്ക് തിരികെ നല്‍കണമെന്നും ശേഷിക്കുന്ന ഗ്രേസ് മാര്‍ക്ക് മറ്റു വിഷയത്തിനു നല്‍കണമെന്നും ആവശ്യപ്പെട്ട് ആഷിന്‍ പരാതി നല്‍കിയിട്ടുണ്ട്.
ഒന്നിലേറെ കുട്ടികളുടെ ഉത്തരക്കടലാസില്‍ കണക്കുകൂട്ടലില്‍ പിഴവ് സംഭവിച്ചതിനൊപ്പം അതു പരിഹരിക്കാന്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് വെട്ടിയ സംഭവം കൂടിയായപ്പോള്‍ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും കത്തുകയാണ്. പരീക്ഷ നടത്തിപ്പും ക്രമക്കേടുകളുമെല്ലാം ചര്‍ച്ചയാകുന്ന കാലത്താണ് വിദ്യാര്‍ഥികളുടെ ജീവിതത്തിലെ ടേണിംഗ് പോയിന്റെ അധികൃതര്‍ സില്ലിയായി കാണുന്നത്. ഇത് അലംഭാവമാണെന്ന് വ്യക്തമാണ്. ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയത്തെ കൂടുതല്‍ ഗൗരവത്തോടെ കാണണം എന്ന ആവശ്യമാണ് ശക്തമാകുന്നത്.