ബ്രിട്ടണിലെ ഏജന്‍സിയുടെ സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കിയതിനാല്‍ നാടുകടത്തല്‍ ഭീതി നേരിടുന്നത് നൂറിലധികം കെയറര്‍മാര്‍; വിസയ്ക്ക് നല്‍കിയത് 20 ലക്ഷം രൂപ വരെ
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: സ്പോണ്സര് ചെയ്ത കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയതോടെ നൂറുകണക്കിന് കെയറര്‍മാരും കുടുംബങ്ങളും ബ്രിട്ടനില്‍ നാടുകടത്തല്‍ ഭീഷണി നേരിടുകയായിരുന്നു. ബ്രൈരനിലെ റിനയസന്‍സ് പേഴ്സണല്‍ എന്ന കമ്പനിയിലെ ജീവനക്കാര്‍ക്ക് പുതിയ സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ ഇനി ആഴ്ചകള്‍ മാത്രമെ ബാക്കിയുള്ളു. അതിന് കണ്ടെത്തിയില്ലെങ്കില്‍ അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടതായി വരും.
നിലവിലില്ലാത്ത ഒഴിവുകള്‍ ഉണ്ടാക്കി ആളുകളെ കൊണ്ടു വരുന്നതും, ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാത്തതും ആശങ്ക ആയതോടെയാണ് ഹോം ഓഫീസ് റിനയസന്‍സിന്റെ ലൈസന്റ്സ് റദ്ദാക്കിയത്. നൂറു കണക്കിന് കെയറര്‍മാരെയാണ് കമ്പനി സ്പോണ്സര് ചെയ്ത് ബ്രിട്ടനിലെത്തിച്ചിരിക്കുന്നത്. അവരെല്ലാം ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. അവരിലൊരാളായ പാകിസ്ഥാന് സ്വദേശി മുഹമ്മദ് എന്ന 45 കാരന് 2023 ഏപ്രിലില്‍ ആണ് ബ്രിട്ടനിലെത്തിയത്.
കുടുംബവുമയി എത്തിയ അയാള്‍, ഒരു ചെറിയ വീട് വാടകക്ക് എടുത്ത് താമസമാരംഭിക്കുകയും കുട്ടികളെ അടുത്തുള്ള സ്കൂളില്‍ ചേര്‍ക്കുകയും ചെയ്തു. നല്ലൊരു വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കാനാകും എന്ന പ്രതീക്ഷയായിരുന്നു എന്ന് മുഹമ്മദ് സ്കൈ ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ സ്വപ്നങ്ങള്‍ എല്ലാം തകര്‍ന്നിരിക്കുകയാണെന്നും അയാള്‍ പറയുന്നു.
സ്പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി താന്‍ ഏജന്റിന് 19,000 പൗണ്ട് നല്കി എന്നാണ് മുഹമ്മദ് പറയുന്നത്. റിനയസന്സില് ജോലിയും വാഗ്ദാനം നല്‍കിയിരുന്നത്രെ. എന്നാല്‍, തങ്ങള്‍ക്ക് വിദേശ ഏജന്റുമാരുമായി ഒരു ബന്ധവുമില്ല എന്നാണ് കമ്പനി പറയുന്നത്. ഹോം ഓഫീസ് അംഗീകരിച്ച, മുഹമ്മദിന്റെ സ്പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്, കമ്പനിക്ക് പ്രതിവാരം 1500 മണിക്കൂര്‍ ജോലി പൂര്‍ത്തിയാക്കാന്‍ ആവശ്യമായത്ര കെയറര്‍മാരെ ആവശ്യമുണ്ട് എന്നാണ്. എന്നാല്‍, ബ്രിട്ടനിലെത്തിയപ്പോള്‍ ആണ് മുഹമ്മദ് അറിയുന്നത് തനിക്കായി ജോലിയില്ലെന്ന്.
പിന്നീട് കമ്പനി ഉടമയായ ഡെന്നിസ് മാവാഡ്സിയോട് അപേക്ഷിച്ച് കമ്പനിയില്‍ ഒരു അഡ്മിന് ജോലി തരപ്പെടുത്തുകയും ബ്രൈറ്റണ് ഓഫീസില്‍ ജോലി ചെയ്തു വരികയുമായിരുന്നു അയാള്‍. ഇപ്പോള്‍ അതും ഇല്ലാതെയായിരിക്കുന്നു. റിനയസന്സിന് ബ്രൈറ്റനു പുറമെ ലണ്ടനിലും ബക്കിംഗ്ഹാംഷയറിലും ഓഫീസുകളുണ്ട്. ബ്രൈറ്റണിലെ ഏജന്‍സി 2021 ല്‍ കെയര്‍ ക്വാളിറ്റി കമ്മീഷനില്‍ റെജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവിടെ ഇതുവരെ ഇന്സ്പെക്ഷന് നടന്നിട്ടില്ല എന്ന് സ്കൈ ന്യൂസ് പറയുന്നു.