- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സർക്കാരിന്റെ എതിർപ്പുകൾ തള്ളി; തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകും; എയർപോർട്ട് അഥോറിറ്റി ശുപാർശയ്ക്ക് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം; തിരുവനന്തപുരത്തിന് പുറമേ ജയ്പൂർ ഗുവാഹത്തി വിമാനത്താവളങ്ങളും ലീസിന്; ഈ എയർപോർട്ടുകൾ വികസിപ്പിക്കുക പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ; തള്ളിക്കളഞ്ഞത് സ്വകാര്യവത്കരണം അനുവദിക്കില്ലെന്നും ടിയാലിന്റെ കീഴിൽ വിമാനത്താവളം വേണമെന്നുമുള്ള സംസ്ഥാനനിലപാട്
ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം അടക്കം മൂന്നുവിമാനത്താവളങ്ങൾ പാട്ടത്തിന് നൽകാനുള്ള എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാർശയ്ക്ക് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം. തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് ലീസിന് നൽകാനാണ് കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളം വികസിപ്പിക്കും.
ജയ്പ്പൂർ, ഗുവാഹത്തി എന്നിവയാണ് പാട്ടത്തിന് നൽകുന്ന മറ്റു വിമാനത്താവളങ്ങൾ. കേരളത്തിന്റെ എതിർപ്പിനെ അവഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. കേരളത്തിന്റെ ആശങ്ക കണക്കിലെടുത്ത് കേന്ദ്ര സർക്കാർ തീരുമാനം വൈകിച്ചെങ്കിലും, ഒടുവിൽ വിമാനത്താവളം പാട്ടത്തിന് നൽകുന്നതിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. വിമാനത്താവളത്തിന്റെ സുരക്ഷ, കസ്റ്റംസ് തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഏജൻസികൾ മേൽനോട്ടം വഹിക്കും.സ്വകാര്യവത്ക്കരണത്തെ എന്തിനാണ് കേരളം എതിർക്കുന്നതെന്നും, 99ൽ കൊച്ചി വിമാനത്താവളം സ്വകാര്യവത്കരിച്ചതല്ലേയെന്നും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ ചോദിച്ചിരുന്നു.
തിരുവനന്തപുരം ഉൾപ്പെടയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെയും നടത്തിപ്പും വികസനവും 50 വർഷത്തേക്ക് കരാർ നൽകാനാണ് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നത്.യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കരാറെടുക്കുന്നവർ വിമാനത്താവള അഥോറിറ്റിക്ക് ഫീസ് നൽകണം. യാത്രക്കാരിൽ നിന്ന് യൂസർഫീ ഈടാക്കാനുള്ള അധികാരമുണ്ടാകും. എന്നാൽ സ്വകാര്യവത്കരണം അനുവദിക്കില്ലെന്നും വിമാനത്താവളത്തെ ഏതുവിധേനയും ടിയാലിന്റെ കീഴിൽത്തന്നെ ലഭ്യമാക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്നുമായിരുന്നു സംസ്ഥാന സർക്കാർ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നത്.
വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യഘട്ടമായി മോദി സർക്കാർ ലക്നൗ, അഹമ്മദാബാദ്, ജയ്പൂർ, മംഗളുരു, തിരുവനന്തപുരം, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകാൻ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തീരുമാനിച്ചിരുന്നു. എന്നാൽ, സംസ്ഥാനസർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണ തീരുമാനം നീണ്ടത്. ഇന്നലെ നടന്ന ഒരുവെബിനാറിൽ കേന്ദ്രമന്ത്രി ഹർദീപ്സിങ്പുരി കേന്ദ്രസർക്കാർ നയം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുമെന്നാണ് മന്ത്രി സൂചിപ്പിച്ചത്. 2030 നകം 100 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ 100 ലേറെ വിമാനത്താവളങ്ങളുടെ ഉടമസ്ഥർ മാത്രമല്ല അവയുടെ നടത്തിപ്പുകാരുമാണ്. 2018 ൽ ലക്നൗ, അഹമ്മദാബാദ്, ജയ്പൂർ, മംഗളൂരു, തിരുവനന്തപുരം , ഗുവാഹത്തി വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ലക്നൗ, അഹമ്മദാബാദ്, ജയ്പൂർ, മംഗളൂരു,തിരുവനന്തപുരം, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളുടെ ലേലം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്നു. അദാനി എന്റർപ്രൈസസ് ആണ് ഈ ആറ് വിമാനത്താവളങ്ങളുടെയും നടത്തിപ്പിനുള്ള അവകാശം നേടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അമൃത്സർ, വാരണാസി, ഭുവനേശ്വർ, ഇൻഡോർ, റായ്പൂർ, ത്രിച്ചി വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനും എയർപോർട്ട് അഥോറിറ്റി ശുപാർശ ചെയ്തിരുന്നു.
മൂന്നുവിമാനത്താവളങ്ങൾ ഏറ്റെടുക്കാനാണ് എയർപോർട്ട്അഥോറിറ്റിയുമായി അദാനി ഗ്രൂപ്പ് ഇതുവരെ ധാരണയായത്. 2020 ഫെബ്രുവരി, 14ന് അഹമ്മദാബാദ്, മംഗളൂരു, ലക്നൗ വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടിരുന്നു. മറ്റുവിമാനത്താവളങ്ങളുടെ കാര്യത്തിൽ കരാർ ഒപ്പുവയ്ക്കൽ നടക്കാനിരിക്കുന്നതേയുള്ളു.
അദാനി ഗ്രൂപ്പിനെ ഏൽപിക്കുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാർ
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏൽപ്പിക്കാനുള്ള നടപടികൾ നിർത്തിവെപ്പിക്കുന്നതിനും കെഎസ്ഐഡിസിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് വിമാനത്താവള നടത്തിപ്പിന്റെ ചുമതല നൽകുന്നതിനും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നതിനെതിരെ പൊതുജനങ്ങളിൽ നിന്ന് വലിയ എതിർപ്പ് ഉയർന്നുവെന്നും ഈ സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിലും വികസനത്തിലും സ്വകാര്യ ഏജൻസിക്ക് പിന്തുണ നൽകാൻ സംസ്ഥാന സർക്കാരിന് പ്രയാസമായിരിക്കുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിന് കേരളം 635 ഏക്കർ ഭൂമി സൗജന്യമായി നൽകിയിട്ടുണ്ട്. പുതിയ അന്താരാഷ്ട്ര ടെർമിനൽ നിർമ്മിക്കുന്നതിന് 23.57 ഏക്കർ സൗജന്യമായി കൈമാറാൻ 2005ൽ തീരുമാനിച്ചത് ഉപാധിയോടെയായിരുന്നു. ഏതെങ്കിലും കാരണവശാൽ വിമാനത്താവളം ഒരു കമ്പനിയായി മാറ്റുകയോ അതിനുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുകയോ ചെയ്യുകയാണെങ്കിൽ സർക്കാർ സൗജന്യമായി നൽകിയ ഭൂമിയുടെ വില സർക്കാരിന്റെ ഓഹരിയായി മാറ്റണമെന്നായിരുന്നു നിബന്ധന. മാത്രമല്ല, തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്ന തീരുമാനം എടുക്കുന്ന ഘട്ടത്തിൽ സംസ്ഥാന സർക്കാരുമായി ആലോചിക്കുമെന്ന് 2003ൽ സിവിൽ ഏവിയേഷൻ സെക്രട്ടറി രേഖാമൂലം ഉറപ്പുനൽകുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന് സർക്കാർ ഭൂമിയും മറ്റ് സഹായവും നൽകിയത് കണക്കിലെടുത്തു കൊണ്ടാണ് കേന്ദ്ര സർക്കാർ അന്ന് അത്തരമൊരു നിലപാട് എടുത്തത്. കേരളത്തിന് പങ്കാളിത്തമുള്ള പ്രത്യേക ഉദ്ദേശ കമ്പനി (എസ്പി.വി.) രൂപീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാമെന്നും അന്ന് നൽകിയ ഉറപ്പിലുണ്ടായിരുന്നു.
പ്രത്യേക കമ്പനി രൂപീകരിച്ച് രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിലും നടത്തുന്നതിലും സംസ്ഥാന സർക്കാരിന് നല്ല പരിചയമുള്ള കാര്യം നേരത്തെ തന്നെ സിവിൽ ഏവിയേഷൻ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. സിവിൽ ഏവിയേഷൻ സെക്രട്ടറിയും കേരള ചീഫ് സെക്രട്ടറിയും എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യാ ചെയർമാനും അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് കേരളത്തിന് പങ്കാളിത്തമുള്ള കമ്പനിയെ വിമാനത്താവളം ഏൽപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായണമെന്നും നിർദ്ദേശിക്കുകയുണ്ടായി. ഭൂമിയുടെ വില കേരളത്തിന്റെ ഓഹരിയായും എയർപോർട്സ് അഥോറിറ്റിയുടെ മുതൽ മുടക്ക് അവരുടെ ഓഹരിയായും മാറ്റി കമ്പനി രൂപീകരിക്കാമെന്ന നിർദ്ദേശമാണ് സിവിൽ ഏവിയേഷൻ മന്ത്രിയുടെ മുമ്പിൽ വെച്ചിരുന്നത്.
എന്നാൽ നീതി ആയോഗ് സിഇഒ ചെയർമാനായ കേന്ദ്ര സെക്രട്ടറിമാരുടെ കമ്മിറ്റി മുമ്പാകെ കേരളത്തിന്റെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള നിർദ്ദേശമാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന് മുമ്പിൽ കേരളം രണ്ടു നിർദ്ദേശങ്ങളാണ് സമർപ്പിച്ചിരുന്നത്. ഒന്ന്: കേരള സർക്കാർ രൂപീകരിക്കുന്ന പ്രത്യേക കമ്പനിയെ വിമാനത്താവളം ഏൽപിക്കുക. അന്താരാഷ്ട്ര തലത്തിൽ വിമാനത്താവള നടത്തിപ്പിൽ വൈദഗ്ധ്യം തെളിയിച്ച പങ്കാളിയുമായി ചേർന്ന് ഈ കമ്പനി വിമാനത്താവളം നടത്തുകയും വികസിപ്പിക്കുകയും ചെയ്യുക. 99 വർഷത്തേക്ക് വിമാനത്താവളം പാട്ടത്തിന് നൽകണം.
രണ്ട്: ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിന്റെ കമ്പനിയെ അനുവദിക്കുകയും കമ്പനിക്ക് 'റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ' അവകാശം നൽകുകയും ചെയ്യുക. എന്നാൽ ഈ രണ്ടു നിർദ്ദേശങ്ങളും സിവിൽ ഏവിയേഷൻ മന്ത്രാലയം സ്വീകരിച്ചില്ല. 'റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ' അനുവദിച്ചത് 10 ശതമാനം മാത്രം നിരക്ക് വ്യത്യാസം എന്ന ഉപാധിയോടെയാണ്.
ടെണ്ടർ രേഖയിൽ മുൻകാല പരിചയം എന്ന വ്യവസ്ഥ ഇല്ലാതിരുന്നത് അത്ഭുതപ്പെടുത്തുകയാണ്. പകരം പശ്ചാത്തല സൗകര്യവികസനത്തിൽ പരിചയമുണ്ടായാൽ മതി എന്ന് വെച്ചു. വിമാനത്താവള നടത്തിപ്പിൽ ഒരുവിധ പരിചയവുമില്ലാത്ത അദാനി ഗ്രൂപ്പ് ആറ് വിമാനത്താവളങ്ങളുടെ ലേലത്തിലും മുമ്പിൽ വന്നു എന്നത് ഈ പ്രക്രിയയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Union Cabinet approves proposal for leasing out Jaipur, Guwahati and Thiruvananthapuram airports, of Airports Authority of India (AAI), through Public-Private Partnership: Union Minister Prakash Javadekar pic.twitter.com/BVBl7eRAcM
- ANI (@ANI) August 19, 2020
മറുനാടന് മലയാളി ബ്യൂറോ