കോട്ടയം: ചാറ്റിങ്ങിലൂടെ യുവതിയുടെ ഫോട്ടോ സ്വന്തമാക്കി പ്രചരിപ്പിക്കുകയും ഇതുപയോഗിച്ച് പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുപി സ്വദേശി യുവാവ് പിടിയിലായി. ഗൊരഖ്പൂർ രപ്തിനഗർ സ്വദേശി മോനുകുമാർ റാവത്താണ് (25) പിടിയിലായത്.മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് അധികൃതർ തടഞ്ഞുവച്ച് പാലാ പൊലീസിനെ അറിയിച്ചു. പൊലീസ് ഡൽഹിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.2020 ജൂലൈയിലാണ് സംഭവങ്ങൾക്ക് തുടക്കം.പാലാ സ്വദേശിനിയുമായി മോനുകുമാർ സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചു. സൗഹൃദം വളർന്നതോടെ ചാറ്റിങ് വാട്‌സാപ്പിലായി.ഇതുവഴി യുവതിയുടെ ഫോട്ടോകളും വിഡിയോകളും മോനുകുമാർ കരസ്ഥമാക്കി.

ബന്ധം വളർന്നതോടെ സഹോദരിയുടെ വിവാഹത്തിനെന്നു പറഞ്ഞ് യുവാവ് പണം ആവശ്യപ്പെട്ടു.എങ്കിലും യുവതി നൽകിയില്ല. അതോടെ 2021 ഏപ്രിലിൽ മോനുകുമാർ വിഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചു. യുവതി പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ ഇയാൾ വിദേശത്താണെന്നു വ്യക്തമായതോടെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി.അങ്ങിനെയാണ് എയർപോർട്ടിൽ വച്ച് ഇയാൾ പിടിയിലായത്.

ഡിവൈഎസ്‌പി ഷാജു ജോസ്, എസ്എച്ച്ഒ കെ.പി.ടോംസൺ, എസ്‌ഐമാരായ അഭിലാഷ്, തോമസ് സേവ്യർ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലെത്തിച്ച പ്രതിയെ ഇന്നു പാലാ കോടതിയിൽ ഹാജരാക്കും.