മേരിക്കൻ ഭരണകൂടത്തിന്റെ നയങ്ങളിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും ലോകത്തിന്റെ ഗതിവിഗതികളെ കാര്യമായി സ്വാധീനിക്കും. അതുകൊണ്ടുതന്നെയാണ് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കേവലം അമേരിക്കയുടെ ആഭ്യന്തര കാര്യമായി മാറാത്തത്. ലോക രാഷ്ട്രങ്ങളൊക്കെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് കാലാകാലങ്ങളായി അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്.

കോവിഡ് പ്രതിസന്ധി, ചൈനയുമായുള്ള ബന്ധത്തിലെ ഉലച്ചിൽ തുടങ്ങി ലോകത്തെ കാര്യമായി സ്വാധീനിക്കാവുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്ന ഇപ്പോൾ, അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് മുമ്പത്തേക്കാൾ ലോകപ്രസക്തിയേറുകയാണ്. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഒരു രാത്രിമാത്രം ഇരുണ്ടുവെളുക്കാനിരിക്കെ അമേരിക്കയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കാം.

ജോ ബിഡൻ പിടിച്ച പുലിവാല്

ഇതുവരെയുള്ള അഭിപ്രായ സർവ്വേകളിൽ ഭൂരിഭാഗം സർവ്വേകളിലും മുന്നിട്ടു നിന്നിരുന്നത് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബിഡനായിരുന്നു. കോറോണ പ്രതിസന്ധിയും, വംശീയ പരാമർശങ്ങളുമെല്ലാം ട്രംപിന്റെ സാധ്യത കുറച്ചിരുന്നു. എന്നാൽ, വിധി ട്രംപിന് അനുകൂലമാണെന്ന തോന്നൽ ഉണ്ടാക്കിക്കൊണ്ട്, തെരഞ്ഞെടുപ്പിന് കേവലം ഇരുപത്തിനാല് മണികൂർ മുൻപ് ജോ ബിഡൻ ഒരു പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. അറിയാതെയാണെങ്കിലും, ബിഡന്റെ സ്വന്തം മകൻ തന്നെയാണ് ഇവിടെ ട്രംപിന് അനുഗ്രഹമായി മാറിയിരിക്കുന്നത്.

വളരെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഒരു ലാപ്പ്ടോപ് റിപ്പയറിനായി നൽകി തിരികെ വാങ്ങാൻ മറന്നതുവഴിയാണ് ബിഡന്റെ മകൻ ഹണ്ടർ ബിഡൻ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബ്ലാക്ക് മെയിലിന് വരെ ഉപയോഗിക്കാവുന്ന വിധത്തിലുള്ള വിവരങ്ങൾ അടങ്ങിയ ലാപ്പ്ടോപ്പിന് സുരക്ഷയും തീരെ കുറവാണെന്നാണ് പുറത്തുവന്ന വിവരം. വളരെ ലളിതമായ ''ഹണ്ടർ02'' എന്ന ഒരേയൊരു പാസ്വേർഡ് മാത്രമാണ് ഈ കമ്പ്യുട്ടർ തുറക്കാൻ ആവശ്യമായത് എന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ബിസിനസ്സുകാരനും, സ്വയം മയക്കുമരുന്നിന് അടിമയാണെന്ന് സമ്മതിക്കുകയും ചെയ്തിട്ടുള്ള ഈ 50 കാരൻ 2019 ഏപ്രിലിലാണ് ഈ ലാപ്പ്ടോപ് ഡെലാവെയറിലെ ഒരു സ്റ്റോറിൽ റിപ്പയറിനായി നൽകിയത്. അത് ഇതുവരെ തിരിച്ചു വാങ്ങിയിട്ടില്ല എന്നാണ് മാധ്യമങ്ങൾ പറായുന്നത്. ഇങ്ങനെയൊരു സംഭവം നടന്നതായി ന്യുയോർക്ക് പോസ്റ്റ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അതിൽ ഇത്ര പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ടെന്നുള്ളത് ഇന്നലെ മാത്രമാണ് പുറത്തുവന്നത്. എൻക്രിപ്ഷനും ടു-ഫാക്ടർ ഓതെന്റിഫിക്കേഷനും അടങ്ങുന്ന യാതോരു സുരക്ഷയുമില്ലാതെയാണ് ഇക്കാര്യങ്ങൾ ലാപ്പ്ടോപ്പിൽ സൂക്ഷിച്ചിരിക്കുന്നത്.

ജോ ബിഡന്റെ ഫോൺ നമ്പരുകൾ, വ്യക്തിഗത ഈമെയിൽ വിലാസങ്ങൾ, സീക്രട്ട് സർവ്വീസ് ഏജന്റിന്റെ വിവരങ്ങൾ എന്നിവയോടൊപ്പം മുൻ പ്രസിഡണ്ടുമാരായ ബിൽ ക്ലിൻടൺ, ബാരക്ക് ഒബാമ തുടങ്ങിയവരുടെ നമ്പറുകളും ഇതിലുണ്ട്. സുപ്രധാന വ്യക്തികൾ ഉൾപ്പടെ ഏകദേശം 1500 പേരുടെ സമ്പർക്ക വിവരങ്ങളും ഇതിലുണ്ട്. മാത്രമല്ല, ഹണ്ടറിന്റെ പാസ്സ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സോഷ്യൽ സെക്യുരിറ്റി കാർഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയും ഇതിലുണ്ട്.

ഏറ്റവും അധികം ഞെട്ടിക്കുന്ന വസ്തുത ഹണ്ടർ അഭിമുഖീകരിക്കുന്ന മയക്ക് മരുന്ന്-ലൈംഗിക പ്രശ്നങ്ങളുടെ വിശദാംശങ്ങളും ഇതിലുണ്ട് എന്നതാണ്. ഇതുകൂടാതെ ലൈവ് കാം പോൺ സൈറ്റുകൾക്കായി 21,000 ഡോളർ ചെലവാക്കിയതിന്റെ രേഖകളും ഹണ്ടർ വിവിധ പോസുകളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെയും കൊക്കെയ്ൻ വലിക്കുന്നതിന്റെയും സെൽഫികളും ഇതിൽ അടങ്ങിയിരിക്കുന്നു. ചൈനയുമായി നടത്തി, വിജയിക്കാതെ പോയ ഒരു ഡീലിന്റെ വിശദാംശങ്ങളും ഇതിലുണ്ട്. വലിയ മനുഷ്യന് പത്ത് ശതമാനം എന്ന് അതിൽ എഴുതിയിരിക്കുന്നത് ബിഡനെ ഉദ്ദേശിച്ചാണ് എന്ന ആരോപണം ഇതോടെ ഉയർന്നു വന്നു. എന്നാൽ, താൻ ഏതെങ്കിലും വിദേശ കമ്പനികളിൽ നിന്നും പണം സ്വീകരിച്ചിട്ടില്ലെന്ന് ബിഡൻ വ്യക്തമാക്കി.

ഇന്നലെ പുറത്തായ ഈ വിവരം ബിഡന്റെ ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ഒബാമയ്ക്ക് കീഴിൽ ബിഡൻ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച കാലം മുതൽക്കുള്ള വിവരങ്ങൾ ഈ ലാപ്പ്ടോപ്പിൽ ഉണ്ടെന്നുള്ളത് ഔദ്യോഗിക വൃത്തങ്ങളിലും കനത്ത ആശങ്കയുണർത്തിയിട്ടുണ്ട്. വിലപ്പെട്ട ഔദ്യോഗിക രഹസ്യങ്ങൾ മറ്റാർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ എന്തും സംഭവിക്കാം. എന്നാൽ, ബിഡൻ വൈറ്റ്ഹൗസിൽ എത്തുന്നത് തടയാൻ റഷ്യ നടത്തിയ പണിയാണ് ഈ വാർത്ത എന്ന അവകാശവാദവും പ്രചരിക്കുന്നുണ്ട്. മറ്റുചിലർ ഇതിന് കുറ്റപ്പെടുത്തുന്നത് ചൈനയേയാണ്.

ഹണ്ടർ റിപ്പയറിന് നൽകിയ ലാപ്പ്ടോപ്പ് മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചുവാങ്ങാത്തതിനാൽ, വിവരമറിഞ്ഞ എഫ് ബി ഐ അത് വാങ്ങുകയായിരുന്നു എന്ന് നേരത്തെ ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഏതായാലും ജോ ബിഡനോ, ഹണ്ടർ ബിഡനോ അവരുടെ വക്താക്കളോ ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായി മുന്നോട്ട് വന്നിട്ടില്ല.

സ്വയം വിജയിയായി പ്രഖ്യാപിക്കുമെന്ന വാർത്ത നിഷേധിച്ച് ട്രംപ്

ഇതിനിടയിൽ, വോട്ടെണ്ണലിൽ മുന്നിലാണെന്ന സൂചന ലഭിച്ചാൽ മുഴുവൻ വോട്ടെടുപ്പും പൂർത്തിയാകാൻ നിൽക്കാതെ ട്രംപ് സ്വയം വിജയിയായി പ്രഖ്യാപിക്കും എന്നൊരു വാർത്ത പുറത്തുവന്നു. എന്നാൽ, ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്. എന്നാൽ, തെരഞ്ഞെടുപ്പ് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായാൽ പെൻസിൽവാനിയ പോലുള്ള സംസ്ഥാനങ്ങളിലേക്ക് നിയമജ്ഞരെ അയക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മെയിൽ-ഇൻ- ബാലറ്റുകൾ സ്വീകരിക്കാനുള്ള സമയപരിധി നീട്ടിക്കൊടുക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം രാത്രി തന്നെ ഫലം പ്രഖ്യാപിക്കണമെന്ന് ട്രംപ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദീർഘനാൾ കാത്തിരിക്കുന്നത് നല്ലതല്ല എന്നാണ് അദ്ദേഹം അതിന് കാരണമായി പറഞ്ഞത്. അതുകൊണ്ടു തന്നെ, വോട്ടുനിലയിൽ മുന്നിട്ട് നിൽക്കുകയാണെങ്കിൽ, പൂർണ്ണമായ ഫലം വരുന്നതിനു മുൻപേ ട്രംപ് സ്വയം വിജയിയായി പ്രഖ്യാപിക്കും എന്ന വാർത്തയും പുറത്തുവന്നിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് നടന്ന ദിവസം തന്നെ ഫലം പ്രഖ്യാപിക്കുന്ന പതിവില്ലെന്നാണ് പെനിസിൽവാനിയൻ സ്റ്റേറ്റ് സെക്രട്ടറി കാത്തി ബൂക്ക്വാർ പറഞ്ഞത്. രാജ്യത്തിന് വെളിയിലുള്ള സൈനികർക്ക് വോട്ടവകാശം രേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്‌ച്ച വരെ സമയമുണ്ടെന്നും അവർ പറഞ്ഞു.

മാറിമറയുന്ന സമവാക്യങ്ങളെ ആശ്രയിച്ച് ടെക്സാസ് പിടിക്കാൻ പൊരിഞ്ഞ പോരാട്ടം

ഒരുകാലത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് നാല് ദിവസം മുൻപ് ഡെമോക്രാറ്റ് എന്ന വാക്ക് ഉച്ഛരിച്ചാൽ അട്ടിയുള്ള ഒരു തുപ്പായിരുന്നു ടെക്സാസിൽ ലഭിക്കുമായിരുന്നത്. എണ്ണ സമൃദ്ധമായ ടെക്സാസ് എന്നും ധനികരുടെ പ്രദേശമായാണ് അറിയപ്പെട്ടിരുന്നത്. എണ്ണപ്പണത്തിന് മീതെ നികുതി ചുമത്തി ഹരിത ഇന്ധനത്തിലേക്ക് ജനങ്ങളെ തിരിക്കാൻ ശ്രമിക്കുന്ന ഡെമോക്രാറ്റുകളെ ഇവിടത്തെ എണ്ണമുതലാളിമാർ എന്നും വെറുത്തിരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ എന്നും എളുപ്പത്തിൽ ജയിച്ചുവന്നിരുന്ന ടെക്സാസിൽ പക്ഷെ അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം ഇരു സ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പം വന്നത് റിപ്പബ്ലിക്കൻ ക്യാമ്പുകളിൽ ആശങ്കയുണർത്തിയിട്ടുണ്ട്.

ഏതൊരു കാലത്തേയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി നേടിയ ഏറ്റവും ചുരുങ്ങിയ ഭൂരിപക്ഷമായ ഒമ്പതു പോയിന്റുകളുടെ വ്യത്യാസത്തിലാണ് കഴിഞ്ഞ തവണ ട്രംപ് ഇവിടെ ജയിച്ചത് എന്ന വസ്തുത ഇത്തവണ ഡെമോക്രാറ്റുകളുടെ ആത്മവിശ്വാസം ഉയർത്തുന്നുമുണ്ട്. മാത്രമല്ല, കഴിഞ്ഞ ദിവസം ഇവിടെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി കമല ഹാരിസ് പങ്കെടുത്ത യോഗത്തിൽ സാമാന്യത്തിലധികം ജനക്കൂട്ടവും ഉണ്ടായിരുന്നു. പൊതുവേ ഇടതുപക്ഷ അനുഭാവമുള്ള ഡെമോക്രാറ്റുകൾക്ക്, വലതുപക്ഷ സ്വാധീനമുള്ള ടെക്സാസിൽ ഇത്രയധികം പിന്തുണ ലഭിക്കാറില്ല.

ട്രംപിനെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുവരവിനായി ടെക്സാസ് പിടിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെയാണ് ഇവിടെ നടന്ന സമ്മേളനങ്ങളിലെല്ലാം, ഡെമോക്രാറ്റുകൾ എണ്ണയ്ക്ക് മുകളിൽ നികുതി ചുമത്തുമെന്ന കാര്യം ട്രംപ് വൻകിട എണ്ണക്കമ്പനിയുടമകളെ ഓർമ്മിപ്പിച്ചത്. ഇനി, മറ്റിടങ്ങളിൽ ജയിച്ചാലും ടെക്സാസിലെ പരാജയം ട്രംപിനെ സംബന്ധിച്ചിടത്തോളം ഒരു നാണക്കേട് തന്നെയാണ്. കാരണം, ടെക്സാസ് റിപ്പബ്ലിക്കൻ പക്ഷത്തിന്റെ ഉറച്ച സീറ്റാണ് എന്നതുതന്നെ. എന്നാൽ, 2016 മുതൽ തന്നെ ടെക്സാസിലെ സമവാക്യങ്ങളിൽ മാറ്റങ്ങൾ ദൃശ്യമായി തുടങ്ങിയിരുന്നു.

നേരത്തേ പറഞ്ഞതുപോലെ, ചരിത്രത്തിലെ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിനാണ് ട്രംപ് കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. അതിനു പ്രധാന കാരണം ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്നതാണ്. കഴിഞ്ഞ രണ്ടുവർഷമായി ലാറ്റിനോകൾ വെള്ളക്കാരേക്കാൾ എണ്ണത്തിൽ വർദ്ധിച്ചുവന്നിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും ബിഡനെ പിന്തുണയ്ക്കുന്നവരുമാണ്. മാത്രമല്ല, കമലാ ഹാരിസിന്റെ ലാറ്റിൻ പശ്ചാത്തലവും ബിഡന് അനുകൂലമായി ലാറ്റിനോകളുടെ വോട്ടുകൾ തിരിക്കാൻ സഹായകമാകും.

പൊതുവെ ഇടതുപക്ഷ ചിന്താഗതിക്ക് വേരോട്ടമുള്ള രാജ്യങ്ങളിൽ നിന്നാണ് ഇവർ വരുന്നത്. ഇത് ഡെമോക്രാറ്റിക് പാർട്ടിക്ക് അനുകൂലമായി ചിന്തിക്കാൻ ഇവരെ പ്രേരിപ്പിക്കും. മാത്രമല്ല, കാലിഫോർണിയ, ന്യുയോർക്ക് തുടങ്ങി, ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടേക്ക് കുടിയേറ്റം നടക്കുന്നുണ്ട്. ഇതും ഡെമോക്രാറ്റിക് പാർട്ടിക് അനുകൂലമായ ഘടകമാണ്. അതേസമയം, പാരമ്പര്യമായി റിപ്പബ്ലിക്കൻ പാർട്ടിക്കുള്ള സ്വാധീനം തകർക്കുവാൻ ഇതൊക്കെ മതിയാകുമോ എന്ന സംശയവും നിലനിൽകുന്നു. ഏതായാലും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏറ്റവും ചൂടേറിയ പോരാട്ടം നടക്കുന്നത് ടെക്സാസിലായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.