- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോറ്റിട്ടും വെറ്റ്ഹൗസിൽനിന്ന് ട്രംപ് ഒഴിഞ്ഞില്ലെങ്കിൽ എന്ത് സംഭവിക്കും; തന്റെ ലീഡിന്റെ മാറ്റം വിചിത്രമെന്ന ട്രംപിന്റെ ട്വീറ്റ് ഭീഷണിയോ? തപാൽ ബാലറ്റുകൾ തനിക്ക് അനുകൂലമാവില്ലെന്ന് കണ്ട് മൂൻകൂട്ടി തയ്യാറാക്കിയ തന്ത്രമായിരുന്നോ വിജയ പ്രഖ്യാപനം; ഫോട്ടോ ഫിനീഷിലേക്ക് നീങ്ങുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ അടിമുടി അനിശ്ചിതത്വം; യുഎസിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാവുമെന്നും ആശങ്ക
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫോട്ടോ ഫിനീഷിലേക്ക് നീങ്ങവേ എവിടെയും ആശങ്ക മാത്രം. രാജ്യത്തെ നാണം കെടുത്തുന്ന ഒരു തെരഞ്ഞെടുപ്പായി ഇത് മാറുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കാരണം താൻ തോൽക്കുകയാണെങ്കിൽ അത് അംഗീകരിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ വരുന്ന സൂചനകൾ ബൈഡന് അനുകൂലമായതോടെ തന്റെ ലീഡിന്റെ മാറ്റം വിചിത്രമെന്ന ട്രംപിന്റെ ട്വീറ്റ്, അധികാരം ഒഴിയില്ല എന്നതിന്റെ ഭീഷണിയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
അങ്ങനെ ഒരു സാഹചര്യം വന്നാൽ അമേരിക്കൻ ജനാധിപത്യത്തിന് അത് തീർത്താൽ തീരാത്ത നാണക്കേടാവും. പുലർച്ചെ നാലുമണിക്കുശേഷം കിട്ടിയ തപാൽ വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ട് താൻ സൂപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. തുടക്കം മുതലേ ട്രംപ് ഏർലി വോട്ടുകളെ എതിർക്കയായിരുന്നു. എന്നാൽ ഡെമോക്രാറ്റുകൾ ആവട്ടെ പരാവധി ഇത്തരം വോട്ടുകളെ പ്രോൽസാഹിപ്പിച്ചു. അതുകൊണ്ടുതന്നെയാണ് തപാൽ വോട്ടുകളിൽ നല്ലൊരു ശതമാനവും ബൈഡന് പോകുമെന്ന് പൊതുവെ കരുതുന്നത്.
ഫലം പ്രഖ്യാപിക്കുന്നത് മുമ്പേ തന്നെ ട്രംപ് നടത്തിയ വിജയപ്രഖ്യാപനം ഈ അട്ടിമറി സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള നാടകം ആണെന്നും ഇപ്പോൾ സംശയം ഉയരുന്നുണ്ട്. തോറ്റാലും തെരഞ്ഞെടുപ്പ് കൃത്രിമം പറഞ്ഞ് പിടിച്ചു നിൽക്കാനുള്ള എല്ലാവകുപ്പും അദ്ദേഹം ഉണ്ടാക്കുന്നുണ്ട്. ഇങ്ങനെ ഒരു അനിശ്ചിത്വം ഉണ്ടായാൽ സെനറ്റിന് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്ത് ഭരണം മുന്നോട്ട് കൊണ്ടുപോകേണ്ട അവസ്ഥയുണ്ടാവും. അതുപോലുള്ള എല്ലാവിധ ഭരണഘടനാ സാധ്യതയും ഇപ്പോൾ പരിശോധിക്കുന്നുണ്ട്.
നിലവിലെ ലീഡ് നില അനുസരിച്ച് ജോ ബൈഡന് 270 ഇലക്ട്രൽ വോട്ടുകളുണ്ട്. മിഷിഗണിൽ 11 ശതമാനം വോട്ടുകൾ മാത്രം എണ്ണാൻ ശേഷിക്കെ ബൈഡനാണ് മുന്നിൽ. വിസ്‌കോൺസിനിലും നെവാഡയിലും ബൈഡൻ ലീഡ് നിലനിർത്തുന്നുണ്ട്. ഇനി ഏഴിടങ്ങളിലെ ഫലമാണ് പുറത്തുവരാനുള്ളത്. ഇതിൽ അഞ്ചിടത്തും ട്രംപിനാണ് ലീഡ് എന്നായിരുന്നു അൽപസമയം മുമ്പ് വരെ പുറത്തു വന്ന വിവരം. ഇതാണ് ഇപ്പോൾ മാറിമറിഞ്ഞിരിക്കുന്നത്. പെൻസിൽവേനിയയിലും മിഷിഗണിലും ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അന്തിമഫലം ഇന്ന് പുറത്തുവരാൻ സാധ്യതയില്ലാത്തത്. തപാൽവോട്ടുകൾ എണ്ണാൻ വൈകുന്നതിനാൽ പെൻസിൽവേനിയയിലും മിഷിഗണിലും വെള്ളിയാഴ്ച മാത്രമേ അന്തിമഫലം വരൂ എന്നാണ് നിലവിൽ അധികൃതർ പറയുന്നത്. അതിനിടെ വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. വോട്ടെണ്ണൽ തുടരുന്നത് ക്രമക്കേട് നടത്താനെന്നാണ് ട്രംപിന്റെ വാദം.
ലീഡ് നിലയിൽ മുൻതൂക്കം വന്നപ്പോൾ തന്നെ ആഘോഷങ്ങൾക്ക് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. റിപബ്ലിക്കൻ കോട്ടകൾ എല്ലാം നിലനിർത്തിയ ട്രംപ് സർവ്വേഫലങ്ങളെയെല്ലാം മറികടന്ന് മുന്നേറുകയാണെന്നായിരുന്നു നേരത്തെ വന്ന ഫലസൂചനകൾ. അപ്പോഴും ഉറച്ച വിജയപ്രതീക്ഷയുണ്ട് എന്നായിരുന്നു ബൈഡന്റെ പ്രതികരണം. താൻ ലീഡ് ചെയ്ത സംസ്ഥാനങ്ങളിൽ നിന്ന് പിറകോട്ട് പോയത് വിചത്രമെന്ന് ട്രംപ് ട്വീറ്റ് ചെയ്യുമ്പോൾ ജയസാധ്യതയുണ്ടെന്നാണ് ബൈഡൻ ക്യാമ്പ് ഇപ്പോൾ പ്രതികരിക്കുന്നത്.
അമ്പത് സംസ്ഥാനങ്ങളിൽ വോട്ടെണ്ണിയ 43 ഇടത്തേയും ഫലങ്ങൾ പുറത്തുവന്നപ്പോൾ ഇരുകക്ഷികൾക്കും വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ നേടാനായില്ല. ഇതുവരെ പുറത്തുവന്ന ഫലങ്ങൾ പ്രകാരം ബൈഡന് 238 വോട്ടുകളും ഡൊണാൾഡ് ട്രംപ് 213 ഇലക്ടറൽ വോട്ടുകളുമാണ് ലഭിച്ചത്. നെവാഡ,വിസ്‌കോൺസിൻ ,മിഷിഗൺ ,പെൻസിൽവാനിയ, നോർത്ത് കറോലിന, ജോർജിയ,അലാസ്‌ക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.എന്നാൽ മിഷിഗൺ, നെവാഡ, വിസ്‌കോൺസിൻ എന്നിവിടങ്ങളിൽ ബൈഡൻ മുന്നേറുകയാണ്. ലീഡ് നിലനിറുത്തുന്ന മൂന്ന് സംസ്ഥാനങ്ങളിൽ വിജയം നേടാനായാൽ 270 ഇലക്ടറൽ വോട്ട് നേടി ബൈഡന് പ്രസിഡന്റ് ആകാനാകും. പക്ഷേ അപ്പോഴും സമാധനപരമായ അധികാരകൈമാറ്റം ട്രംപ് അനുവദിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
അഞ്ചുവോട്ടിന് ജയിച്ച കാലം അവർത്തിക്കുമോ
ഈ രീതിയൽ ഫോട്ടോ ഫിനീഷിലേക്ക് പോയാൽ അത് 2000 ത്തിന്റെ ആവർത്തനം ആണെന്ന് പറയാതെ വയ്യ.അന്ന് ബുഷിന് ഇലക്ട്രൽ കോളജിൽ വെറും അഞ്ചുവോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ബിൽക്ലിന്റൺ പ്രസിഡന്റായിരിക്കുമ്പോൾ വൈസ് പ്രസിഡന്റായിരുന്ന അൽ ഗോറും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ജോർജ്ജ് ബുഷുമായിരുന്നു മൽസരിച്ചത്. അമേരിക്കൻ സുപ്രീം കോടതി പോലും ഇടപ്പെട്ട് തീർപ്പ് കൽപ്പിക്കേണ്ടി വന്ന തെരഞ്ഞെടുപ്പായിരുന്നു അത്. ഇപ്പോഴും അത് സംബന്ധിച്ച വിവാദങ്ങൾ അവസാനിച്ചിട്ടില്ല.
ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി അൽ ഗോർ വന്നത് വളരെ എളുപ്പത്തിലായിരുന്നു. എന്നാൽ ജോൺ മെക്കെയ്ൻ എന്ന എതിരാളിയെ മറികടന്നാണ് ജോർജ്ജ് ബുഷിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിത്വം ലഭിച്ചത്. ആദ്യ ഘട്ടങ്ങളിൽ നടന്ന അഭിപ്രായ സർവെകളിൽ ജോർജ്ജ് ബുഷിനായിരുന്നു നല്ല മുൻതൂക്കം. എട്ട് വർഷത്തെ ഡെമോക്രാറ്റ് ഭരണത്തിന് ശേഷം റിപ്പബ്ലിക്കൻ ഭരണം ഉറപ്പാക്കിയതുപോലെയായിരുന്നു കാര്യങ്ങൾ. എന്നാൽ ഒക്ടോബർ മാസത്തോടെ സ്ഥിതിയിൽ ചെറിയ മാറ്റമുണ്ടായി. അഭിപ്രായ സർവെകളിൽ ജോർജ്ജ് ബുഷിന്റെ ലീഡ് കുറഞ്ഞു.
ഈ സാഹചര്യത്തിലാണ് 2000 ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. എക്സിറ്റ് പൊളുകൾ വ്യത്യസ്ത അഭിപ്രായങ്ങളാണ് മുന്നോട്ട് വെച്ചത്. ന്യൂ മെക്സിക്കോയും ഒറിഗോൺ സംസ്ഥാങ്ങളിലാവും കടുത്ത മൽസരം എന്നായിരുന്നുഎക്സിറ്റ് പോളുകൾ പ്രവചിച്ചത്. എന്നാൽ അവസാനം ഫ്ളോറിഡയാണ് അനിശ്ചിതതത്വത്തിലേക്കും കോടതിയിലേക്കും പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ എത്തിച്ചത്. ഫ്ളോറിഡയിൽ ഗോർ വിജയിക്കുമെന്നായിരുന്നു ആദ്യ എക്സിറ്റ് പോൾ പ്രവചനങ്ങൾ. പിന്നീട് ലീഡ് ബുഷിനായി. ഇതിനിടയിൽ ഒരു ഘട്ടത്തിൽ അൽ ഗോർ ബുഷിനെ വിളിച്ച് പരാജയം സമ്മതിക്കുക പോലും ചെയ്തു. എന്നാൽ പിന്നീട് അൽ ഗോറിന് ലീഡ് ലഭിച്ചു. ഈ ഘട്ടത്തിൽ ഗോർ വീണ്ടും ജോർജ്ജ് ബുഷിനെ വിളിച്ചു. നേരത്ത വിജയം സമ്മതിച്ചത് പിൻവലിക്കുകയാണെന്ന് പറഞ്ഞു. അത് ജോർജ്ജ് ബുഷിനെയും അത്ഭുതപ്പെടുത്തി. നിങ്ങൾ വിജയം സമ്മതിച്ചുവെന്ന പ്രസ്താവന പിൻവലിക്കുകയാണോ എന്നായിരുന്നുവത്രെ ബുഷിന്റെ പ്രതികരണം. 45 മിനിറ്റിനകം എല്ലാം മറിയുകയായിരുന്നു. ആരെയും വിജയായി പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല.
ബാലറ്റ് പേപ്പറിൽ പേരുകൾ അച്ചടിച്ചതടക്കമുള്ള കാര്യങ്ങളിൽ വലിയ തോതിൽ തർക്കമുണ്ടായി. ബാലറ്റു പേപ്പറുകൾ വീണ്ടും എണ്ണി. ഫ്ളോറിഡയിലെ ചില കൗണ്ടികളിൽ ഉപയോഗിച്ച ബാലറ്റുകളെക്കുറിച്ചും ആക്ഷേപമുണ്ടായി. ഈ ഘട്ടത്തിലാണ് ഫ്ളോറിഡ കോടതി ഇടപെടുന്നതും വോട്ടെണ്ണൽ വീണ്ടും നടത്തുന്നതും. ഫ്ളോറിഡയിലെ മുഴുവൻ കൗണ്ടിയിലേയും വോട്ട് എണ്ണനായി കോടതി ഉത്തരവിട്ടു. ഇതിനെതിരെ ബുഷ് സുപ്രീം കോടതിയിൽ അപ്പീൽ പോയി സ്റ്റേ വാങ്ങി. തർക്കങ്ങളും കോടതി ഇടപെടലുകളും തുടർന്നു.
ഒടുവിൽ നവംബർ അവസാനം ബുഷ് 537 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ വീണ്ടും കോടതി ഇടപെടൽ ഉണ്ടായി. ബാലറ്റ് പേപ്പറിൽ അവ്യക്തമായി പതിഞ്ഞ 45,000 വോട്ടുകൾ വീണ്ടും എണ്ണാൻ ഉത്തരവിട്ടു. ഈ ഘട്ടത്തിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടാകുന്നതും ഈ വോട്ടെണ്ണൽ നിർത്തിവെയ്ക്കുന്നതും. രണ്ടിനെതിരെ ഏഴ് വോട്ടിനായിരുന്നു സുപ്രിം കോടതിയുടെ ഇടപെടൽ. ഫ്ളോറിഡ കോടതിയുടെ തീരുമാനത്തിനനുസരിച്ച് നിശ്ചിതസമയത്തിനുള്ളിൽ വോട്ടെണ്ണൽ പൂർത്തിയാക്കാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിഗമനം. ഇതോടെ ഫലത്തിൽ വിജയം ജോർജ്ജ് ബുഷിനായി. ഫ്ളോറിഡ ജയിച്ച ബുഷ്, പ്രസിഡന്റ് പദവിയും ഉറപ്പിച്ചു.
അഞ്ചു വോട്ടിനായിരുന്നു ബുഷിന്റെ വിജയം. 266 നെതിരെ 271 വോട്ടിന്. പ്രസിഡന്റാകാൻ വേണ്ടതിന് ഒരു വോട്ടു മാത്രം കൂടുതൽ. അൽ ഗോറിന്റെ ഒരു പ്രതിനിധി വോട്ടെടുപ്പിൽ പങ്കെടുത്തുമില്ല! ജനങ്ങളുടെ ആകെ വോട്ടിൽ ബുഷിനെക്കാൾ അഞ്ച് ലക്ഷം കൂടുതലായിരുന്നു ഗോറിന്. 1888 ന് ശേഷം അമേരിക്കയിൽ ആദ്യമായിട്ടായിരുന്നു കൂടുതൽ ജനകീയ വോട്ട് നേടിയ ആൾ ഇലക്ടറൽ വോട്ടിൽ പരാജയപ്പെടുന്നത്. സമാനായ അനിശ്ചിതത്വങ്ങൾ അമേരിക്കയെ തുറിച്ച് നോക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
മറുനാടന് മലയാളി ബ്യൂറോ