- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണ്ടായത് ശൈത്യകാലത്ത് പോലും കേട്ടുകേൾവിയില്ലാത്ത ദുരന്തം; അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അട്ടിമറി സാധ്യതയും പരിശോധിക്കുന്നു; ഡിആർഡിഒയുടെ പ്രത്യേക സംഘം ജോഷിമഠിലേക്കു തിരിച്ചു; പ്രളയം മഴമൂലമല്ലെന്ന് സ്ഥിരീകരിച്ചു ഭൗമശാസ്ത്ര സെക്രട്ടറി; രക്ഷാപ്രവർത്തനത്തിന് സേനയിറങ്ങിയെങ്കിലും കുഴപ്പിക്കുന്നത് ഭൂമിശാസ്ത്രം
ചമോലി: ഉത്തരഖണ്ഡിൽ അപ്രതീക്ഷിതമായി ഉണ്ടായ മിന്നൽ പ്രളയത്തിന് പിന്നിൽ എന്തെങ്കിലും അട്ടിമറിയുണ്ടോ? ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ സാഹചര്യവും പരിശോധിക്കുകായണ് ഇന്ത്യ. ചമോലിയിലെ മഞ്ഞുമല ദുരന്തത്തിൽ പ്രതിരോധ ഗവേഷണരംഗത്തെ വിദഗ്ദ്ധർക്ക് ആശ്ചര്യമുള്ളത്. കടുത്ത ശൈത്യകാലത്ത് കേട്ടുകേൾവി പോലുമില്ലാത്ത ദുരന്തമാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇതിൽ ദുരൂഹത ഉയരാൻ കാരണവും. ഈ പശ്ചാത്തലത്തിൽ അട്ടിമറിയാണോ എന്ന കാര്യത്തിൽ കൂടുതൽ പരിശോധന നടത്താൻ പ്രതിരോധ മന്ത്രാലയവും തീരുമാനിച്ചിട്ടുണ്ട്.
ഹിമാലയത്തിൽ അടുത്തകാലത്ത് ഇന്ത്യ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ചൈന അതീവ അസ്വസ്ഥരാണ്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് വെറും ഹിമാനിയാണ് എന്ന വിലയിരുത്തലിന് അപ്പുറത്തേക്ക് അന്വേഷണം നടത്താൻ പ്രതിരോധ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ പഠിക്കുന്നതിനായി ഡിആർഡിഒയുടെ ഡിഫൻസ് ജിയോഇൻഫർമാറ്റിക് റിസർച് എസ്റ്റാബ്ലിഷ്മെന്റിലെ (ഡിജിആർഇ) പ്രത്യേക സംഘം ജോഷിമഠിലേക്കു തിരിച്ചു.
ഇന്ത്യ-ചൈന അതിർത്തിയിലെ തപോവന മേഖലയിൽ സംഭവിച്ചത് മഞ്ഞുമലകൾക്കിടയിൽ രൂപംകൊണ്ട തടാകം പൊട്ടിയുണ്ടായ ദുരന്തമാണെന്ന വിലയിരുത്തലാണ് വിദഗ്ദ്ധർ നൽകുന്നത്. മൈനസ് 20 ഡിഗ്രിയിൽ പ്രദേശമാകെ മഞ്ഞുമൂടി കിടക്കുകയാണ്.
മഞ്ഞുരുകാത്ത ശീതകാലത്താണ് ഇത്തരം തടാകങ്ങൾ രൂപപ്പെടുക. അപൂർവമായതാണ് സംഭവിച്ചിരിക്കുന്നത്. 50 വർഷത്തിനിടെ ഇത്തരമൊന്ന് ഞാൻ കണ്ടിട്ടില്ല ഒരു പ്രതിരോധ ശാസ്ത്രജ്ഞൻ പറഞ്ഞു.
അട്ടിമറി സാധ്യതയും തള്ളിക്കളയാനാവില്ല. മലമുകളിലെ പോരാട്ടവേദികളിൽ ലഭ്യമായ മഞ്ഞുതടാകങ്ങളെ ശത്രുവിനെതിരെ പ്രയോഗിക്കുന്ന സേനകളുണ്ട്. അപ്രതീക്ഷിത പ്രളയത്തിൽ റേനി ഗ്രാമത്തിലെ ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കു കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. സുപ്രധാനമായ ഒരു പദ്ധതിയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിശ്ചിത അകലത്തിൽ നിന്ന് മഞ്ഞുതടാകം പൊട്ടിച്ചുവിടാനുള്ള സ്ഫോടനം നടത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്.
ഡിആർഡിഒയുടെ ചണ്ഡിഗഡ് ആസ്ഥാനമായ സ്നോ ആൻഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്മെന്റിനെ (എസ്എഎസ്ഇ) ഇക്കാര്യം പരിശോധിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. അതേസമയം ഉത്തരാഖണ്ഡിലെ പ്രളയത്തിനു മഴയുമായി ബന്ധമില്ലെന്ന് ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ഡോ. എം.രാജീവൻ വ്യക്തമാക്കുന്നത്. ചമോലിയിൽ ഇന്നലെ വരണ്ട കാലാവസ്ഥയായിരുന്നു. ഇന്നും അങ്ങനെതന്നെയെന്നാണു വിലയിരുത്തൽ. കാലാവസ്ഥാ മുന്നറിയിപ്പു നൽകാൻതക്ക സാഹചര്യം ഇല്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മഞ്ഞുമലയുടെ അടിത്തട്ടു ദുർബലമായത് വിള്ളലുകൾക്കു കാരണമാകുകയും അതുമൂലം ഇടിയുകയും ചെയ്തതാകാമെന്നാണ് കാലാവസ്ഥാ മേഖലയിലെ സ്വകാര്യ ഏജൻസിയായ സ്കൈമെറ്റും വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരാഖണ്ഡിൽ പുതുമഞ്ഞു പെയ്തിരുന്നു. ഇതു മഞ്ഞുമലകളിൽ മഞ്ഞിന്റെ അളവ് വർധിപ്പിച്ചു. തെളിഞ്ഞ ആകാശവും ശക്തമായ സൂര്യപ്രകാശവുമുള്ളപ്പോൾ മഞ്ഞുമലയുടെ താഴ്ഭാഗം ദുർബലമാകും. മഞ്ഞുമലയുടെ ഒരുഭാഗം അതിവേഗം താഴേക്കു പതിക്കുമ്പോൾ ആ ഭാഗത്തെ മണ്ണും കല്ലുകളുമുൾപ്പെടെ നദിയിലേക്കെത്തും. ഇതു കടന്നുപോകുന്ന പ്രദേശങ്ങളിൽ ആദ്യ മണിക്കൂറുകളിൽ കനത്ത ആഘാതമുണ്ടാകും. ഒഴുക്കിന്റെ വേഗം ക്രമേണ കുറയുമെന്നും ഇവർ വ്യക്തമാക്കുന്നു.
രക്ഷാദൗത്യം അതീവ ദുഷ്കരം
അതേസമയം ഉത്തരാഖണ്ഡിലെ രക്ഷാദൗത്യം ഇപ്പോഴും പുരോഗമിക്കുയാണ്. 2013 ലെ പ്രളയദുരന്തം നടുക്കമായെത്തുന്നു. അതിന് സമാനമായ രക്ഷാദൗത്യത്തിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കരസേന, വ്യോമസേന, ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ്, ദേശീയ ദുരന്തപ്രതികരണ സേന എന്നിവരുടെ നേതൃത്വത്തിലായിരുന്നു 17 ദിവസം നീണ്ടുനിന്ന രക്ഷാദൗത്യം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. മലനിരകൾ, ചെങ്കുത്തായ ഇടുങ്ങിയ താഴ്വരകൾ, പിടിതരാത്ത കാലാവസ്ഥ.. ഇങ്ങനെ വെല്ലുവിളികൾ ഏറെയാണ്.
ഇത്തരം പ്രദേശങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ ആകാശമാർഗമുള്ള രക്ഷാപ്രവർത്തനമാകും കൂടുതൽ ഫലപ്രദം. അതുകൊണ്ടു തന്നെ വ്യോമസേനയുടെ പങ്ക് നിർണായകമാകുന്നു. ദുരന്തഭൂമിയിൽ അതിവേഗം എത്താനാകുന്നതും അവർക്കാണ്. അതേസമയം, ആകാശമാർഗമുള്ള രക്ഷാപ്രവർത്തനത്തിനും വെല്ലുവിളികൾ ഏറെയാണ്. ആവശ്യത്തിനു ഹെലികോപ്റ്ററുകൾ ഉണ്ടെങ്കിലും കാര്യങ്ങൾ എളുപ്പമല്ല. ഇടുങ്ങിയ താഴ്വരകൾ തടസ്സം തീർക്കും. എല്ലാത്തരം ഹെലികോപ്റ്ററുകൾക്കും ഇവിടത്തെ എല്ലാ താഴ്വരകളിലും എത്തിപ്പെടാനാവില്ല. യോജ്യമായ ഹെലികോപ്റ്ററുകൾ കണ്ടെത്തി വിന്യസിക്കണം. ചില കോപ്റ്ററിൽ ഒരുസമയം 23 ആളുകളെ മാത്രമേ രക്ഷിക്കാനാവൂ. ഇക്കുറി എഎൽഎച്ച് (അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ) ആണ് വിന്യസിച്ചിരിക്കുന്നത് എന്നാണു വിവരം.
ഡെറാഡൂണിലെ ജോളി ഗ്രാന്റ്, ജോഷിമഠ് ഹെലിപാഡ്, ഗൗച്ചർ, ധറാസു എന്നിങ്ങനെ പരിമിതങ്ങളായ സൗകര്യങ്ങളാണുള്ളത്. ഇതിൽത്തന്നെ ഗൗച്ചറും ധറാസുവും തീരെച്ചെറിയ റൺവേകളാണ്. സ്ഥിരമായി ഉപയോഗിക്കുന്നവയുമല്ല. ഡെറാഡൂണിൽ പാർക്കിങ് സ്ഥലം കുറവാണ്. ദുഷ്കരമായ ഈ പ്രദേശങ്ങളിൽ ഹെലികോപ്റ്ററുകൾക്ക് ഇന്ധനമെത്തിക്കാനും ബുദ്ധിമുട്ടാണ്. കാലാവസ്ഥ മാറിക്കൊണ്ടേയിരിക്കും. ഇന്നത്തെ പ്രശ്നങ്ങളാവില്ല നാളെ കാത്തിരിക്കുന്നത്. രാത്രി രക്ഷാപ്രവർത്തനം ഏറെ പ്രയാസകരമാണെന്നാണ് വിദഗ്ധരർ അഭിപ്രായപ്പെടുന്നത്.
നന്ദാദേവി മഞ്ഞുമലയുടെ ഭാഗം ഇടിഞ്ഞ് വെള്ളം കുതിച്ചൊഴുകിയ ധൗളി ഗംഗ, ഗംഗാനദിയുടെ പ്രധാന പോഷകനദികളിലൊന്നാണ്. നന്ദാദേവി നാഷനൽ പാർക്കിലൂടെ കടന്നുപോകുന്ന ധൗളി ഗംഗ, റേനിക്കു സമീപം റിഷി ഗംഗയുമായി ചേരുന്നു. ധൗളി ഗംഗയിലൂടെ ആർത്തലച്ചുവന്ന വെള്ളമാണ് റിഷി ഗംഗ ജലവൈദ്യുത പദ്ധതി ഭാഗികമായി തകരുന്നതിന് ഇടയാക്കിയത്. 94 കി.മീ ദൂരത്തിൽ ഒഴുകുന്ന ധൗളി ഗംഗ, ജോഷിമഠിനു സമീപം വിഷ്ണുപ്രയാഗിൽ അളകനന്ദയുമായി ചേരുന്നു. ദേവപ്രയാഗിലാണ് അളകനന്ദയും ഭാഗീരഥിയും സംഗമിച്ചു ഗംഗയാകുന്നത്.
ദുരന്തത്തിൽ ആളപായം എത്രയെന്നതു സംബന്ധിച്ച് ഇനിയും വ്യക്തതയില്ലെന്നു സർക്കാർ വൃത്തങ്ങൾ. പ്രളയം ഹരിദ്വാറിൽ പ്രശ്നമാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ഈ മാസം 27നു തുടങ്ങുന്ന കുംഭമേളയ്ക്കായി ഹരിദ്വാറിൽ ഒരുക്കിയ സജ്ജീകരണങ്ങൾ നശിക്കുമെന്നായിരുന്നു ആശങ്ക. എന്നാൽ, പ്രളയം താഴ്ന്ന പ്രദേശങ്ങളെ ബാധിച്ചില്ല. ചമോലിയിൽ മൃഗങ്ങൾക്കും വലിയതോതിൽ ജീവഹാനി സംഭവിച്ചിട്ടുണ്ട്.
ദുരന്തത്തിൽ വൻ നാശനഷ്ടമുണ്ടായ ജലവൈദ്യുത പദ്ധതികളിൽ എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് പദ്ധതിയുമുണ്ട്. 520 മെഗാവാട്ട് വൈദ്യുതി ഉൽപാദനം ലക്ഷ്യമിട്ട്, 3000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്നതാണിത്. തപോവൻ പിപൽകോട്ടി, വിഷ്ണുപ്രയാഗ് എന്നിങ്ങനെ 2 ജലവൈദ്യുത പദ്ധതികൾക്കുകൂടി ഭാഗിക കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വികസന പദ്ധതികൾക്കായുള്ള വനനശീകരണവും മറ്റും ഉത്തരാഖണ്ഡിൽ പല പ്രദേശങ്ങളിലും കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തിൽ മാത്രം സംസ്ഥാനത്തെ വനഭൂമി 21,207 ഹെക്ടർ കുറഞ്ഞു; ഇന്നലെ ദുരന്തമുണ്ടായ ചമോലി ജില്ലയിൽ മാത്രം 3,636 ഹെക്ടർ.
മറുനാടന് ഡെസ്ക്