തിരുവനന്തപുരം: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെതിരെ വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികളെ ചോദ്യം ചെയ്താൽ സിപിഎം നേതാക്കൾക്ക് കേസിലുള്ള പങ്ക് പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും വൻതോതിലുള്ള തട്ടിപ്പ് കരുവന്നൂരിൽ നടന്നുവെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാത്തതിനാലാണ് വീണ്ടും 100 കോടി രൂപ സാധാരണക്കാർക്ക് നഷ്ടമായതെന്നും സതീശൻ ആരോപിച്ചു.

കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചത് അനുസരിച്ച് പത്രങ്ങളിൽ എല്ലാം വാർത്തകൾ വന്നു. എന്നാൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്നും വി.ഡി.സതീശൻ ചോദിച്ചു. സുപ്രീം കോടതി വിധി പാലിച്ചായിരിക്കണം അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയാൽ പ്രതികളെ ചോദ്യം ചെയ്യലിന് വിട്ട് നൽകുമെന്നിരിക്കേ പ്രതികളെ അനധികൃതമായി കസ്റ്റഡിയിൽ വെച്ചിരിക്കുന്നത് എന്തിനാണ്. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പൊലീസ് അന്വേഷിച്ചാൽ സർക്കാർ പൊലീസിനെ സ്വാധീനീക്കാൻ സാധ്യതയുണ്ട് അതിനാൽ ഇക്കാര്യം സിബിഐ. അന്വേഷണത്തിന് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കരുവന്നൂർ സഹകരണബാങ്കിൽ പണം നിക്ഷേപിച്ച മുഴുവൻ ആളുകളുടെയും പണം തിരികെ ലഭിച്ചുവെന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരാണ്. ഇല്ലെങ്കിൽ എല്ലാ സഹകരണ ബാങ്കുകളുടെയും വിശ്വാസ്യത തകരും. അടിയന്തര നിയമനിർമ്മാണത്തിന് സർക്കാർ മുൻകൈ എടുക്കണം, ബാങ്കുകളിലെ നിക്ഷേപങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം, ബാങ്കുകളിലെ അക്കൗണ്ടിങ് നടപടി ക്രമങ്ങൾ സുതാര്യവും കുറ്റമറ്റതും ആകണം.

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെയും വി.ഡി.സതീശൻ വിമർശിച്ചു. ടി.പി.ആർ അനുസരിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ഫലപ്രദമല്ല. ജൂൺ 16ന് ട്രിപ്പിൾ ലോക്ഡൗൺ സംവിധാനം ഏർപ്പെടുത്തിയപ്പോൾ 23 സ്ഥലങ്ങൾ മാത്രമായിരുന്നു ഉൾപ്പെട്ടിരുന്നത്. ജൂലൈ 31-ന് ഇത് 323 ആയി ഉയർന്നു. നിരന്തരമുള്ള ലോക്ക്ഡൗൺ സംസ്ഥാനത്തിന്റെ സാമ്പത്തിക നില അവതാളത്തിലാക്കി. പലരും ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്.

താൻ നിയമസഭയിൽ നേരത്തെ ഉന്നയിച്ച കാര്യങ്ങൾ തന്നെയാണ് മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പറഞ്ഞത്. ഒരു രൂപ പോലും നീക്കിവെയ്ക്കാതെ സർക്കാർ കോടികളുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുകയാണ്. പെൻഷൻ കൊടുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ് അതെങ്ങനെയാണ് ഉത്തേജന പാക്കേജ് ആകുന്നതെന്നും വി.ഡി.സതീശൻ ചോദിച്ചു.