തിരുവനന്തപുരം: ഗുരുവായൂരിലും തലശ്ശേരിയിലും കോലിബീ സഖ്യമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തോട് പ്രതികരിച്ചു കേന്ദ്രമന്ത്രി വി മുരളീധരൻ. സിപിഎം എന്നത് വോട്ടുകൾ വിൽക്കാൻ വെച്ചിട്ടുള്ള പാർട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. തലശ്ശേരിയിലും ഗുരുവായൂരും വോട്ടുകൾ കോൺഗ്രസിന് നൽകണമെന്ന സുരേഷ്‌ഗോപിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കേരളത്തിൽ കോലിബി സഖ്യമെന്ന ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടിയാണ് മുരളീധരൻ നൽകിയത്.

പാർട്ടിതന്നെ വിൽക്കുന്ന ആൾക്കാരാണ് സിപിഎമ്മെന്നും അദ്ദേഹം വിമർശിച്ചു. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ്. അദ്ദേഹം പറയുന്നതിനാണ് ഇത്തരം കാര്യങ്ങളിൽ പ്രസക്തിയെന്നും വി. മുരളീധരൻ പറഞ്ഞു. തമിഴ്‌നാട്ടിൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെ സഖ്യത്തിൽ മത്സരിക്കാൻ വേണ്ടി ഡിഎംകെയുടെ കൈയിൽ നിന്ന് പണം വാങ്ങിയ ആൾക്കാരാണ്. മാർക്‌സിസ്റ്റ് പാർട്ടിയുടെ കഴിഞ്ഞ വർഷത്തെ അവരുടെ സംഭാവനയുടെ ലിസ്റ്റ് എടുത്ത് നോക്കി കഴിഞ്ഞാൽ ഡിഎംകെയിൽ നിന്ന് പണം വാങ്ങിയെന്നതിന് തെളിവുണ്ട്. മാത്രമല്ല അത് കമൽഹാസൻ തന്നെ നേരിട്ട് പറയുകയും ചെയ്തു. പണം വാങ്ങി സഖ്യമുണ്ടാക്കുന്ന പാർട്ടിയാണ്. ബിജെപിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചുനിൽക്കാൻ വേണ്ടിയിട്ട് ബിജെപിയുടെ എതിരാളികൾ നടത്തുന്ന പ്രചരണമാണ്.

ഇത്തരം വിലകുറഞ്ഞ പരാമർശങ്ങൾ നടത്താതിരിക്കാനുള്ള മാന്യത പിണറായി വിജയൻ കാണിക്കണം. ഇങ്ങനെ വിലകുറഞ്ഞ ആരോപണം ഉന്നയിച്ച് മലർന്നുകിടന്ന് തുപ്പുന്ന സമീപനം കൊണ്ട് കേരളത്തിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ദോഷം മാത്രമേ ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു.

ലൗജിഹാദ് വിഷയത്തിൽ ജോസ്.കെ.മാണി ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയാണ് പരസ്യമായി പ്രകടിപ്പിച്ചതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ സമുദായത്തിന് രണ്ട് മുന്നണികളിൽ നിന്നും നീതി ലഭിക്കുന്നില്ല എന്നുള്ള ആശങ്ക പല ഘട്ടങ്ങളിൽ പ്രകടിപ്പിച്ചിരുന്നു. ഇത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കേണ്ടത് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഭാഗത്തുനിന്നാണ്.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്ക് വേണ്ടി കേന്ദ്ര ഏജൻസികൾ പോരാടുകയാണെന്ന പി. സായിനാഥിന്റെ വിമർശനത്തോടും അദ്ദേഹം പ്രതികരിച്ചു. ലേഖനങ്ങൾ എഴുതുന്നവർ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നു. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നാണ് വി. മുരളീധരൻ പറഞ്ഞത്. നമ്മുടേത് ജനാധിപത്യ രാജ്യമാണ്. അത്തരം രാജ്യങ്ങളിൽ എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്.