- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫുട്ബോൾ കളിക്കാരനായി കയറിക്കളിക്കുന്ന സ്ട്രൈക്കർ; തിരുവനന്തപുരം മേയറായി പയറ്റിത്തെളിഞ്ഞ ഭരണക്കാരൻ; എല്ലാ ടാക്ലിംഗും അതിജീവിച്ച് ബിജെപിയുടെ ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ചു നേമം തിരിച്ചുപിടിച്ച വമ്പൻ; 'ശിവൻകുട്ടി അണ്ണൻ' ആദ്യമായി മന്ത്രിയാവുമ്പോൾ
തിരുവനന്തപുരം: നേമത്ത് വിരിഞ്ഞ താമരയെ കരിച്ചു കളയാനുള്ള ദൗത്യമായിരുന്നു സിപിഎം വി ശിവൻകുട്ടിയെ ഏൽപ്പിച്ചിരുന്നത്. എന്തായാലും പ്രതീക്ഷ തെറ്റിക്കാതെ നേമത്ത് വിജയിച്ചു കയറിയ ശിവൻകുട്ടിക്ക് പാർട്ടി കൊടുക്കുന്നത് അർഹതയ്ക്കുള്ള അംഗീകാരമാണ് മന്ത്രിപദവി. എസ്എഫ്ഐയിലൂടെ രാഷ്ട്രീയം തുടങ്ങിയ പയറ്റിത്തെളിഞ്ഞ ശിവൻകുട്ടി തിരുവനന്തപുരത്തുകാരുടെ സ്വന്തം ശിവൻകുട്ടി അണ്ണനാണ്.
ഫുട്ബോൾ കമ്പക്കാരനാണു ശിവൻകുട്ടി; തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ്. വീഴ്ത്തിയാലും ചാടിയെഴുന്നേറ്റ് എതിരാളികളെ വെട്ടിച്ചു ഗോളടിക്കുന്ന അറ്റാക്കറുടെ വഴക്കമാണു രാഷ്ട്രീയത്തിലും കരുത്ത്. നേമത്തെ ത്രികോണപ്പോരാട്ടത്തിൽ വിജയത്തിളക്കവുമായാണ് 'ശിവൻകുട്ടി അണ്ണൻ' ആദ്യമായി മന്ത്രിയാവുന്നത്.
നിയമസഭയിൽ മൂന്നാമത്തെ ഊഴമാണ്. 2006 ൽ തിരുവനന്തപുരം ഈസ്റ്റിൽ നിന്നും 2011 ൽ നേമത്തു നിന്നും ജയിച്ചു. കഴിഞ്ഞതവണ ? നേമത്തെ സിറ്റിങ് സീറ്റിൽ ബിജെപിയോടുള്ള പരാജയം അപ്രതീക്ഷിതമായി. എന്നിട്ടും ജനങ്ങൾക്കൊപ്പം നിന്നു നേടിയ ജയത്തിനുള്ള അംഗീകാരം കൂടിയായി മന്ത്രിപദം.
സംസ്ഥാനത്ത് ആദ്യമായി ബിജെപിയെ നിയമസഭയിലേക്ക് എത്തിച്ച നേമം തിരിച്ചുപിടിച്ചുകൊണ്ടാണ് വി. ശിവൻകുട്ടി നിയമസഭയിലേക്ക് എത്തുന്നത്. അയ്യായിരത്തിലേറെ വോട്ടുകൾക്കായിരുന്നു വി. ശിവൻകുട്ടിയുടെ വിജയം. 2016-ലെ തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ബിജെപി നേതാവ് ഒ. രാജഗോപാലിനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1954 നവംബർ 10ന് ചെറുവക്കലിൽ എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. ചരിത്രത്തിൽ ബി.എ. ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. എസ്.എഫ്.ഐ.യിലൂടെയാണ് വി. ശിവൻകുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിഐ.ടി.യു.വിന്റെ ജില്ലാ പ്രസിഡന്റും, സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. ഉള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോർപ്പറേഷന്റെ മേയർ തുടങ്ങിയ പദവികളിലേക്ക് മുമ്പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ദേശീയ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവും. സമരമുഖത്തു നിന്ന് പല തവണ ജയിലിലായി. ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം തിരുവനന്തപുരം മേയറായതോടെ ശ്രദ്ധേയനായി. സിപിഎമ്മിന്റെ സൈദ്ധാന്തികനായിരുന്ന പി.ഗോവിന്ദപ്പിള്ളയുടെ മകളും പിഎസ്സി അംഗവുമായ ആർ. പാർവതി ദേവിയാണ് ഭാര്യ. മകൻ പി.ഗോവിന്ദ് ശിവൻ സോഷ്യൽ ഡിസൈനറാണ്.
മറുനാടന് മലയാളി ബ്യൂറോ