- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിലെ തദ്ദേശീയരായ ജനതയോടുള്ള കരുതലിന്റെ അടിസ്ഥാനം പഞ്ചശീല തത്ത്വങ്ങൾ; സംഘ് പരിവാർ കാലത്ത് ദ്വീപ് പരീക്ഷണശാലയാകുന്നു; ഇന്ത്യൻ യൂണിയൻ എന്ന ആശയം അപ്രസക്തമാകുന്ന അവസ്ഥ ഉണ്ടായേക്കാം; ആശങ്കകൾ പങ്കുവച്ച് വി ടി ബൽറാം
തിരുവനന്തപുരം: ലക്ഷദ്വീപിലെ തദ്ദേശീയരായ ജനതയോടുള്ള വലിയ കരുതലും ബഹുമാനവുമുള്ള നയസമീപനങ്ങളാണ് കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് ഉണ്ടായിരുന്നതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ പഞ്ചശീല തത്ത്വങ്ങൾ ആയിരുന്നു ലക്ഷദ്വീപിന് വേണ്ടിയുള്ള നിയമങ്ങൾക്കും അടിത്തറയാവുന്നത്.
എന്നാൽ സംഘ് പരിവാർ കാലത്ത് അത് അടിമുടി മാറുകയാണ്. ലക്ഷദ്വീപ് ഇന്ന് ഒരു സംഘ് പരിവാർ പ്രോജക്റ്റിന്റെ പരീക്ഷണശാലയാണ്. ഒരുപക്ഷേ നാളെ കേരളത്തിലും അതിന്റെ ഭേദഗതിപ്പെടുത്തിയ ആവർത്തനങ്ങളുണ്ടാകാം. ഇന്ത്യൻ യൂണിയൻ എന്ന ആശയത്തെത്തന്നെ അപ്രസക്തമാക്കുന്ന അപകടകരമായ അവസ്ഥ ഉണ്ടായേക്കാമെന്നും വി ടി ബൽറാം ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഇന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ ചരമ വാർഷികമാണ്. വിശ്വപൗരനും ജനാധിപത്യവാദിയും മതനിരപേക്ഷ പോരാളിയും ശാസ്ത്ര കുതുകിയുമൊക്കെയായ നെഹ്രു എന്ന സ്വാതന്ത്ര്യ സമര സേനാനിയുടേയും ദീർഘദർശിയായ ഭരണാധികാരിയുടേയും വിവിധ വ്യക്തി/സാമൂഹ്യ തലങ്ങൾ സ്വാഭാവികമായിത്തന്നെ എന്നും ചർച്ചയാവാറുണ്ട്. എന്നാൽ ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ മറ്റൊരു നെഹ്രുവിനേക്കുറിച്ചു കൂടി നമുക്ക് പരിചയം പുതുക്കേണ്ടതുണ്ട്.
രാജ്യത്തിന്റെ ആദ്യത്തെ ഭരണാധികാരി എന്ന നിലയിൽ നെഹ്രുവിന്റെ ഒരു പ്രധാന പരിഗണന തന്നിൽ അർപ്പിതമായ അധികാരത്തിന് ധാർമ്മികമായ ഒരു ലെജിറ്റിമസി സൃഷ്ടിച്ചെടുക്കുക എന്നത് കൂടിയായിരുന്നു. ന്യൂഡൽഹിയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തെ വിദൂര ഗ്രാമങ്ങളിലെ നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായ മനുഷ്യരുടെ കൂടി അംഗീകാരം എല്ലാ അർത്ഥത്തിലും തന്റെ ഭരണകൂടത്തിന് ഉറപ്പു വരുത്തപ്പെടുമ്പോൾ മാത്രമേ ഇന്ത്യ എന്ന ആശയം പൂർണ്ണമാവുന്നുള്ളൂ എന്നദ്ദേഹം കൃത്യമായി തിരിച്ചറിഞ്ഞു. ദേശീയ സർക്കാരിന്റെ അപ്രമാദിത്തത്തോടൊപ്പം ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കും വിവിധ പ്രദേശങ്ങൾക്കും അതുവഴി ഓരോ ജന വിഭാഗത്തിനും പരമാവധി പ്രവർത്തന സ്വാതന്ത്ര്യം ലഭ്യമാകുന്ന ഒരു ഫെഡറൽ ഭരണ സംവിധാനത്തെയാണ് നെഹ്രു വിഭാവനം ചെയ്തത്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും പരസ്പര ബഹുമാനത്തിലധിഷ്ഠിതവുമായ ബന്ധമാണ് ദേശീയ സർക്കാരും വിവിധ സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളും തമ്മിൽ ഉണ്ടാവേണ്ടത് എന്നദ്ദേഹം നിഷ്‌ക്കർഷിച്ചു.
ചൈനയുമായി നെഹ്രു ഉണ്ടാക്കിയ പഞ്ചശീൽ ഉടമ്പടിയേക്കുറിച്ച് നാമെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മറ്റൊരു പഞ്ചശീലിനെക്കുറിച്ചു കൂടി നാം അറിയേണ്ടതുണ്ട്. ജവാഹർലാൽ നെഹ്രുവിന്റെ ട്രൈബൽ പഞ്ചശീൽ എന്നറിയപ്പെടുന്ന ആ കാഴ്ചപ്പാടുകളാണ് സ്വാതന്ത്ര്യാനന്തരം ട്രൈബൽ മേഖലകളുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങൾക്ക് അടിത്തറയായി മാറിയത്. വടക്കു കിഴക്കൻ ഇന്ത്യയിലെ പ്രദേശങ്ങളെപ്പോലെ ആദിവാസി ഗോത്ര സമൂഹങ്ങൾ അധിവസിക്കുന്ന മേഖലകൾക്ക് പുറമേ ആൻഡമാൻ & നിക്കോബാർ, ലക്ഷദ്വീപ്, തുടങ്ങിയ ദ്വീപ സമൂഹങ്ങൾക്കും ഈ നയങ്ങളുടെ പ്രയോജനം ലഭിച്ചിരുന്നു. അഞ്ച് പ്രധാനപ്പെട്ട ആശയങ്ങളാണ് നെഹ്രു മുന്നോട്ടുവച്ചത്:
1) ജനങ്ങൾ വികസിക്കേണ്ടത് അവരുടെ നൈസർഗ്ഗിക പ്രതിഭയുടെ ചുവടുപിടിച്ചാണ്. അവരുടെ പരമ്പരാഗത കലയും സംസ്‌ക്കാരവും കഴിയാവുന്ന എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടണം.
2) ഭൂമിയിലും വനങ്ങളിലുള്ള ഗോത്ര സമൂഹങ്ങളുടെ അവകാശങ്ങൾ ബഹുമാനിക്കപ്പെടണം.
3) ഭരണനിർവ്വഹണവും വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നതിനായി തദ്ദേശീയരായ ജനങ്ങളെ പരിശീലിപ്പിച്ച് ഒരു കൂട്ടായ്മയായി വളർത്തണം. ഗോത്രീയ മേഖലകളിലേക്ക് പുറത്തു നിന്നുള്ളവരെ കെട്ടിയിറക്കുന്നത് പരമാവധി ഒഴിവാക്കണം.
4) ഗോത്രീയ മേഖലകളിൽ അമിത ഭരണവും പദ്ധതികളുടെ ആധിക്യവും ഒഴിവാക്കണം. അവരുടെ സ്വന്തം സാമൂഹ്യവും സാംസ്കാരികവുമായ സ്ഥാപനങ്ങൾ വഴി ഭരണനിർവ്വഹണം നടപ്പാക്കണം.
5) ഭരണത്തിന്റെ ഗുണം നിർണ്ണയിക്കേണ്ടത് സ്ഥിതിവിവരക്കണക്കുകൾ വച്ചോ ചെലവഴിച്ച പണത്തിന്റെ അളവ് വച്ചോ അല്ല, അതിന്റെ മനുഷ്യ സ്വഭാവപരമായ ഉള്ളടക്കം വച്ചാണ്.
നെഹ്രുവിന്റെ ഈ പഞ്ചശീല തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലെ തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളുടെ സംരക്ഷണാർത്ഥമുള്ള The Andaman and Nicobar Islands ( Protection of Aboriginal Tribes ) Regulation, 1956 എന്ന നിയമം പാസാക്കിയത്. പുറം നാട്ടുകാർക്ക് ഈ സംരക്ഷിത മേഖലയിൽ കൃഷിക്കോ മറ്റ് കാര്യങ്ങൾക്കോ ഭൂമി വാങ്ങാനോ പാട്ടത്തിനെടുക്കാനോ തടസ്സങ്ങളുണ്ട്. നിയമ ലംഘനങ്ങളുണ്ടായാൽ പിഴക്ക് പുറമേ തടവുശിക്ഷ വരെ അനുഭവിക്കേണ്ടി വരും. എന്നിട്ടും പക്ഷേ നിരവധി നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഡോ.മന്മോഹൻ സിംഗിന്റെ നേതൃത്ത്വത്തിലുള്ള യുപിഎ സർക്കാർ 2005 ൽ ANPATRനിയമം കൂടുതൽ ശക്തമാക്കി ഭേദഗതി ചെയ്തത്. അൻഡമാനിലെ ജരാവ ട്രൈബൽ റിസർവിന് ചുറ്റും ഒരു ബഫർസോൺ സൃഷ്ടിച്ച് സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടി 2012ൽ യുപിഎ സർക്കാർ വീണ്ടും ANPATR ഭേദഗതി ചെയ്തു.
ലക്ഷദ്വീപിന് വേണ്ടിയുള്ള The Laccadive, Minicoy and Amandivi Islands (Restrictions on Entry and Residence) Rules, 1967 എന്നതടക്കമുള്ള നിയമങ്ങൾക്കും അടിത്തറയാവുന്നത് നെഹ്രുവിന്റെ ഇതേ പഞ്ചശീല തത്ത്വങ്ങൾ തന്നെയാണ്. ആ നിലയിൽ തദ്ദേശീയരായ ജനതയോട് വലിയ കരുതലും ബഹുമാനവുമുള്ള നയസമീപനങ്ങളാണ് ലക്ഷദ്വീപിന്റെ കാര്യത്തിൽ കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് ഉണ്ടായിരുന്നത്. ഉത്തരേന്ത്യക്കാരടക്കമുള്ള ഉദ്യോഗസ്ഥ പ്രമാണിമാർ മുൻകാലങ്ങളിൽ അഡ്‌മിനിസ്‌ട്രേറ്റർമാരായി വന്നിരുന്നുവെങ്കിലും പ്രാദേശിക സംസ്‌ക്കാരത്തോട് സംവേദനക്ഷമത പുലർത്തുന്ന സമീപനമാണ് പൊതുവിൽ സ്വീകരിച്ചിരുന്നത്. എന്നാൽ സംഘ് പരിവാർ കാലത്ത് അത് അടിമുടി മാറുകയാണ്. ലക്ഷദ്വീപ് ഇന്ന് ഒരു സംഘ് പരിവാർ പ്രോജക്റ്റിന്റെ പരീക്ഷണശാലയാണ്. ഒരുപക്ഷേ നാളെ കേരളത്തിലും അതിന്റെ ഭേദഗതിപ്പെടുത്തിയ ആവർത്തനങ്ങളുണ്ടാകാം. ഇന്ത്യൻ യൂണിയൻ എന്ന ആശയത്തെത്തന്നെ അപ്രസക്തമാക്കുന്ന അപകടകരമായ അവസ്ഥ ഉണ്ടായേക്കാം. അതുണ്ടാകാതെ നോക്കാൻ നമുക്ക് തിരിച്ചു പിടിക്കേണ്ടത് നെഹ്രുവിന്റെ ഇന്ത്യയേയാണ്, ബഹുസ്വരതയേയും പ്രാദേശിക സംവേദനക്ഷമതകളേയും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യയെ.
ന്യൂസ് ഡെസ്ക്