- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2.74 കോടിയുടെ ട്രഷറി തട്ടിപ്പ് കേസ്: വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്
തിരുവനന്തപുരം: 2.74 കോടിയുടെ ട്രഷറി തട്ടിപ്പ് കേസിൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയിട്ടുണ്ടോയെന്ന റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി ഉത്തരവിട്ടു. വഞ്ചിയൂർ അഡീഷണൽ സബ് ട്രഷറിയിലെ ജില്ലാ കളക്ടറുടെ സ്പെഷ്യൽ ട്രഷറി സേവിങ്സ് അക്കൗണ്ടിൽ നിന്നും 2.74 കോടി രൂപ അപഹരിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഉത്തരവ്. വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടർ ഒക്ടോബർ 16 നകം റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് സ്പെഷ്യൽ ജഡ്ജ് എം.ബി. സ്നേഹലതയാണ് ഉത്തരവിട്ടത്.
അക്കൗണ്ടന്റിൽ മാത്രം കേസൊതുക്കി കൃത്യത്തിൽ ഉൾപ്പെട്ട വമ്പൻ സ്രാവുകളെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നതിനാൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര. പി.നാഗരാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കിയ വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ അഴിമതി നിരോധന നിയമം ചുമത്തിയിട്ടില്ലായെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടത്.
വഞ്ചിയൂർ അഡീഷണൽ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം. ആർ. ബിജുലാൽ , സ്കൂൾ അദ്ധ്യാപിക സിമി. ഡി. അംബി തുടങ്ങിയവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന ഹർജിയിലാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. ട്രഷറിയിൽ ജില്ലാ കളക്ടർക്കുള്ള സ്പെഷ്യൽ ട്രഷറി സേവിങ് സ് അക്കൗണ്ടിൽ നിന്നും 2020 ജൂലൈ 27 ന് 2 കോടി രൂപ അപഹരിച്ചു.
അതിൽ നിന്നും 60 ലക്ഷം അന്ന് തന്നെ മറ്റൊരു റ്റി.എസ്.ബി അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് പലതവണകളായി പിൻവലിച്ചു. കൂടാതെ 2019 ഡിസംബർ 23 മുതൽ 2020 മെയ് 18 വരെയുള്ള കാലയളവിൽ കാഷ് ബാലൻസില്ലാത്ത മൈനസ് ബാലൻസ് അക്കൗണ്ടിൽ നിന്നും 73,99,990 രൂപയും വഞ്ചനാ പൂർവം പിൻവലിക്കപ്പെട്ടു.
അതിൽ നിന്നും 2020 ഏപ്രിൽ 23 ന് 5 ലക്ഷം രൂപയും മെയ് 18 ന് 58 ലക്ഷം രൂപയും അക്കൗണ്ടന്റിന്റെ ഭാര്യയായ അദ്ധ്യാപികയുടെ റ്റി.എസ്.ബി അക്കൗണ്ടിലേക്ക് മാറ്റി. അദ്ധ്യാപിക 50 ഇടപാടുകളിലൂടെ 63 ലക്ഷം രൂപ 2020 ഏപ്രിൽ 24 മുതൽ ജൂലൈ 31 വരെയായി ഓൺലൈൻ ട്രാൻസ്ഫർ ചെയ്ത് എടുത്ത് മൊത്തം 2,73,99,900 രൂപയുടെ അനർഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് കേസ്.