- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിനാൻസ് ഉടമയെ കാറിൽ തട്ടിക്കൊണ്ടു പോയി കൊന്നു; പ്രമാദമായ വാസുക്കുട്ടി കൊലക്കേസിലെ ഒന്നാം പ്രതി ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ ശാന്തിപ്പണി ചെയ്യുന്നു; ആധികാരിക രേഖയായി ബോർഡിന്റെ തിരിച്ചറിയൽ കാർഡും
പത്തനംതിട്ട: പ്രമാദമായ വാസുക്കുട്ടി കൊലക്കേസിലെ ഒന്നാം പ്രതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രത്തിൽ ശാന്തിപ്പണി ചെയ്യുന്നു. ഇലന്തൂർ പരിയാരം മേട്ടയിൽ വീട്ടിൽ എംപി ബിജുമോനാണ് താൻ കൊലക്കേസ് പ്രതിയാണെന്ന വിവരം മറച്ചു വച്ച് അച്ചൻകോവിൽ ക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്യുന്നത്.
2009 ൽ പത്തനംതിട്ടയിലെ ഫിനാൻസ് സ്ഥാപനം ഉടമ വാസുക്കുട്ടിയെ മറ്റു മൂന്നു പേരൂടെ സഹായത്തോടെ കാറിൽ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി, ആഭരണവും പണവും കവർന്ന. മാവേലിക്കരയ്ക്ക് സമീപം ഉപേക്ഷിച്ച കേസിൽ ഒന്നാം പ്രതിയാണ് സോഡാ ബിജു എന്നറിയപ്പെടുന്ന ബിജുമോൻ. കൊലപാതകം, കൊലപ്പെടുത്തുന്നതിനു വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ, കൂട്ടായ്മ കവർച്ച, കളവ് മുതൽ സൂക്ഷിക്കൽ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പത്തനംതിട്ട സെഷൻസ് കോടതിയിൽ വിചാരണ നേരിടുകയാണ്. രഞ്ജിത്ത് എന്ന് വിളിക്കുന്ന ഷിജിൻ, ലുട്ടാപ്പി എന്ന് വിളിക്കുന്ന രഞ്ജിത്ത്, ശ്യാം എം. പിള്ള എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവർ വിചാരണ നേരിടുന്നതിനാൽ ജാമ്യത്തിലാണ്.
വാസുക്കുട്ടിയെ ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തത്. സ്വർണപ്പണയം സ്ഥാപനത്തിൽ വരുന്നതും പണവുമൊന്നും വാസുക്കുട്ടി അവിടെ സൂക്ഷിച്ചിരുന്നില്ല. വൈകിട്ട് വിട്ടിലേക്ക് പോകുമ്പോൾ ഇതും കാറിൽ ഒപ്പം കൊണ്ടു പോകും. പത്തനംതിട്ട ടൗണിലുള്ള സ്ഥാപനത്തിൽ നിന്ന് വീട്ടിലേക്ക് കഷ്ടിച്ച് ഒന്നര കിലോമീറ്റർ മാത്രമാണുള്ളത്. വൈകിട്ട് കട പൂട്ടി വീട്ടിലേക്ക് പോയ വാസുക്കുട്ടിയുടെ വാഹനത്തിന് മുന്നിൽ മറ്റൊരു വാഹനം കൊണ്ട് കുറുക്കിട്ടാണ് പ്രതികൾ കൃത്യം നടത്തിയത്. വാഹനം വാസുക്കുട്ടി നിർത്തിയപ്പോൾ പ്രതികൾ ബലമായി ഉള്ളിൽ കയറി കഴുത്തിൽ കുരുക്കിട്ട് മുറുക്കി കൊലപ്പെടുത്തി.
പിന്നീട് വാഹനമോടിച്ച് പുന്നമൂടിന് സമീപം എത്തി. വാഹനത്തിൽ തന്നെ മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ച് തുമ്പു കിട്ടാതായപ്പോൾ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി. ഇതിനിടെ പ്രതികൾ കൊള്ളയടിച്ച സ്വർണം വെട്ടിപ്രത്തുള്ള വീടിന്റെ വാട്ടർ ടാങ്കിൽ നിന്ന് പൊലിസ് കണ്ടെടുത്തു. നിലത്തു വച്ചിരുന്ന ടാങ്കിൽ പോളിത്തീൻ കവറിൽ സൂക്ഷിച്ചിരുന്ന സ്വർണം വീട്ടുടമയുടെ മകനാണ് കണ്ടത്. തൊട്ടടുത്തുള്ള സോഡ ഫാക്ടറിയിൽ ബിജു ജോലി ചെയ്തിരുന്നു. ഈ പരിചയം വച്ചാണ് വീട്ടുടമ അറിയാതെ സ്വർണം ടാങ്കിൽ ഒളിപ്പിച്ചത്. ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയ അന്നു തന്നെ ലോക്കൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഈ കേസിൽ വിചാരണ നടക്കുമ്പോഴാണ് അച്ചൻകോവിൽ ക്ഷേത്രത്തിൽ പൂജാരി വേഷത്തിൽ ബിജുവിനെ കണ്ടത്.
ഇലന്തൂർ, പരിയാരം മേഖലകളിൽ നിന്ന് അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തിയവർക്ക് പൂജാരിയെ കണ്ട് സംശയം തോന്നി. തുടർന്ന് പരിയാരം പൂക്കോട് പീടികയിൽ പി.എസ്. അജികുമാർ ഇതേപ്പറ്റി അന്വേഷിച്ചിറങ്ങി. കൊലക്കേസ് പ്രതി തന്നെയാണ് ശാന്തി വേഷത്തിലുള്ളത് എന്ന് മനസിലാക്കിയ അജികുമാർ കൊല്ലം എസ്പിക്ക് ഇതു സംബന്ധിച്ച് പരാതി നൽകി. എന്നാൽ, നടപടി ഒന്നുമുണ്ടായില്ല. വിവരം ക്ഷേത്രഭാരവാഹികളെയും അറിയിച്ചിരുന്നു. ഇന്നലെ നിലവിലെ സബ്ഗ്രൂപ്പ് ഓഫീസർ ചുമതലയേറ്റതിന് പിന്നാലെ ബിജുവിനെ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടു.
ഇയാൾക്ക് ജോലി കിട്ടിയതും തിരിച്ചറിയൽ കാർഡ് ലഭിച്ചതുമായ സാഹചര്യം അന്വേഷിക്കും. കൊലക്കേസിൽ ജാമ്യം നേടിയ ശേഷം കുറെ കാലം പൂക്കോട് ജങ്ഷനിൽ ബിജു സ്വന്തമായി ഒരു കോഴിക്കട നടത്തിയിരുന്നു. കുമ്പനാടിന് സമീപം മുട്ടുമൺ ജങഷനിൽ സ്ഥാപനം നടത്തി വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്ന് പണം തട്ടിയതിന്റെ പേരിൽ കേസുമുണ്ട്. അജികുമാർ അയച്ച പരാതിയെപ്പറ്റി അറിഞ്ഞ ബിജു നാട്ടിൽ തിരിച്ചെത്തി ഒരു മധ്യസ്ഥനെ അയച്ച് പരാതി പിൻവലിപ്പിക്കാൻ ശ്രമം നടത്തി.
ദെവിക ശക്തിയുള്ള ചന്ദനവും വെള്ളവും ബിജു മേൽശാന്തിയുടെ പക്കൽ നിന്നും നാട്ടിലുള്ള പലർക്കും എത്തിച്ചു കൊടുത്തു. അമ്പലത്തിൽ എത്തുന്നവർക്ക് പ്രത്യേക സൗകര്യവും ഒരുക്കി കൊടുത്തിരുന്നു. ചെങ്ങന്നൂർ ഉള്ള ഒരു കടയിൽ നിന്നും 32 രൂപക്ക് പൂണൂൽ വാങ്ങിക്കൊണ്ട് പോയാണ് ശാന്തിക്കാരനായി ജോലിക്ക് കയറിയത്.കുറെ കാലം ഒരു പൂജാരിയുടെ ഡ്രൈവറായി പോയിട്ടുണ്ട്.അങ്ങനെ പല പൂജാരിമാരുമായും മറ്റും പരിചയത്തിലായി. ദ്വിജന്മാരെ മാത്രം നിയമിക്കേണ്ട ക്ഷേത്രശാന്തി ജോലിക്ക് വിചാരണ കേസ് പ്രതിയെ നിയമിച്ചതിലൂടെ വിശ്വാസികളെയാണ് അപമാനിച്ചത്. വാസുക്കുട്ടി കേസിന്റെ അടുത്ത പോസ്റ്റിങ് വരുന്ന 23 നാണ്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ബിജു എങ്ങനെ ശാന്തി ആയെന്നതാണ് പലരെയും കുഴയ്ക്കുന്ന ചോദ്യം. അച്ചൻ കോവിൽ ദേവസ്വം അധികൃതർ പറയുന്നത് ലോക്ഡൗൺ കാലത്ത് ഇയാൾ അവിടെ ചെന്നതാണ് എന്നാണ്.
പൂജാരിയാണെന്ന് അവരെ ധരിപ്പിച്ചു. ശാന്തിപ്പണിക്ക് ആളെ കിട്ടാതിരുന്നപ്പോൾ ഇയാളെ നിയമിച്ചു. കൂടുതലൊന്നും അവർ അറിഞ്ഞിരുന്നില്ല. ഇയാൾ കൊലക്കേസ് പ്രതിയാണെന്ന് ബോധ്യമായതോടെ പറഞ്ഞു വിടാൻ തീരുമാനം എടുത്തു. കോവിഡ് കാലത്ത് വീട്ടിലേക്ക് പോയി വരാൻ താൽകാലികമായി നൽകിയതാണ് തിരിച്ചറിയൽ കാർഡെന്നും ഇവർ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്