പത്തനംതിട്ട: വെച്ചൂച്ചിറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ കോവിഡ് വാക്സിനേഷനിടെ ഒരാൾക്ക് മിനുട്ടുകളുടെ വ്യത്യാസത്തിൽ രണ്ടു തവണ മരുന്ന് കുത്തിവച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അവകാശവാദം പൊളിഞ്ഞു. ഇരട്ട വാക്സിനേഷൻ നടന്നുവെന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി. എന്നാൽ, വാക്സിൻ ശരീരത്ത് കടന്നിട്ടില്ലെന്ന അവകാശവാദത്തിൽ കടിച്ചു തൂങ്ങുകയാണ് അധികൃതർ. വെച്ചൂച്ചിറ അച്ചടിപ്പാറ കുന്നം നിരവത്ത് വീട്ടിൽ എൻകെ. വിജയനാണ് മിനുട്ടുകളുടെ വ്യത്യാസത്തിൽ രണ്ടു ഡോസ് വാക്സിനും കുത്തി വച്ചത്.

വെച്ചൂച്ചിറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ വെച്ചൂച്ചിറ പഞ്ചായത്ത് 15ാം വാർഡിൽ അച്ചടിപ്പാറയിലെ പാരിഷ് ഹാളിൽ വെള്ളിയാഴ്ച നടന്ന ക്യാമ്പിലാണ് സംഭവം. ആദ്യ ഡോസ് വാക്സിൻ എടുത്ത ശേഷം നിരീക്ഷണ കേന്ദ്രത്തിൽ വിശ്രമിക്കുകയായിരുന്ന വിജയനെ രണ്ടാമതൊരു നഴ്സ് എത്തി കുത്തി വയ്ക്കുകയായിരുന്നുവെന്ന് പറയുന്നു.

സംഭവം വിവാദമായതോടെ ഡിഎംഓ അന്വേഷണത്തിന് ഉത്തരവിട്ടു. വാക്സിൻ വിതരണത്തിന്റെ ചുമതലയുള്ള ആർസിഎച്ച് ഓഫീസർ സന്തോഷിനോടാണ് ഡിഎംഓ റിപ്പോർട്ട് തേടിയത്. കുത്തിവച്ചെങ്കിലും വാക്സിൻ ഉള്ളിലെത്തിയില്ല എന്ന നിലപാടിലായിരുന്നു നഴ്സ്.
ശനിയാഴ്ച ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ തെളിവെടുപ്പിലാണ് കുത്തിവയ്പ് നടന്നതായി സ്ഥിരീകരിച്ചത്. വെച്ചൂച്ചിറ സി.എച്ച്.സിയിലെ ഡോക്ടർ ആശിഷ് പണിക്കരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ലെൻസുപയോഗിച്ചുള്ള പരിശോധനയിൽ രണ്ടു തവണ കുത്തിവെപ്പെടുത്ത പാടുകൾ കണ്ടെത്തി. എന്നാൽ അധിക ഡോസ് ശരീരത്തിലെത്തിയിട്ടില്ലെന്ന നിലപാടാലാണ് അധികൃതർ. ആദ്യ ഡോസ് എടുത്തെന്നറിഞ്ഞപ്പോൾ തന്നെ സിറിഞ്ചിൽ നിറച്ച അധിക ഡോസ് നശിപ്പിച്ചതായും വേസ്റ്റ്ബിന്നിൽ നിക്ഷേപിച്ചതായും അവർ അവകാശപ്പെട്ടു.

കുത്തിവയ്പെടുത്ത രണ്ടു പാടുകൾ കണ്ടെത്തിയതോടെ വെച്ചൂച്ചിറ ആശുപത്രിയിൽ നിന്നും ആരോഗ്യപ്രവർത്തകരെത്തി വിശദപരിശോധന നടത്തി. പിന്നീട് ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതിനിധികളും സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. എന്നാൽ തെളിവെടുപ്പിൽ ജീവനക്കാർക്കനുകൂലമായ നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്നും തങ്ങളുടെ മൊഴി കൃത്യമായി സ്വീകരിച്ചില്ലെന്നും വീട്ടുകാർ ആക്ഷേപമുന്നയിച്ചു.ആദ്യദിനം സംഭവം പാടെ നിഷേധിച്ച ആരോഗ്യ പ്രവർത്തകർക്ക് രണ്ടു കുത്തിവെപ്പെടുത്ത പാടുകൾ തിരിച്ചടിയാകുവാനാണ് സാധ്യത.സംഭവത്തിൽ പരാതിയുമായി മുന്നോട്ടു പോകാനാണ് വീട്ടുകാരുടെ തീരുമാനം.

താൻ കുത്തിവയ്പ് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുന്നതിന് മുൻപ് നഴ്സ് കുത്തി വച്ചു കഴിഞ്ഞുവെന്നാണ് വിജയൻ പറയുന്നത്. രണ്ടു കുത്തിവയ്പും കഴിഞ്ഞതോടെ പ്രമേഹ രോഗിയായ വിജയന്റെ മുഖത്ത് നീരു വന്നതായി ബന്ധുക്കൾ പറയുന്നു. അബദ്ധം മനസിലാക്കിയ നഴ്സ് താൻ കുത്തിവച്ച ഭാഗത്തെ മരുന്ന് ഞെക്കിക്കളഞ്ഞുവെന്ന് വിജയനോട് പറഞ്ഞുവത്രേ.

വിവിധ രോഗങ്ങൾ ഉള്ളയാൾക്ക് രണ്ടു ഡോസ് മരുന്ന് കുത്തിവച്ചത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു. തെറ്റ് ആരുടെ ഭാഗത്താണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല. കണ്ണിന് തിമിരത്തിന്റെ ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നയാളാണ് വിജയൻ.