- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്കുവരവിനായി വീട്ടമ്മയോട് കൈക്കൂലി ചോദിച്ചത് ഒന്നര ലക്ഷം; ഫിനോഫ്തലിൻ പുരട്ടിയ 50,000 രൂപ വീടിനു സമീപം വച്ച് പരാതിക്കാരിയിൽ നിന്നു വാങ്ങി കാറിൽ വെച്ചു; ഇതിനിടെ സ്ഥലത്തെത്തി കയ്യോടെ പൊക്കി വിജിലൻസ് സംഘം; വില്ലേജ് ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ
കോട്ടയം: വീട്ടമ്മയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. മൂന്നിലവ് വില്ലേജ് ഓഫീസിലെ ജീവനക്കാരൻ മേലുകാവ് സ്വദേശി ടി റെജി (52യാണു അറസ്റ്റിലായത്. അടിമാലിയിൽ താമസിക്കുന്ന ഈരാറ്റുപേട്ട മേച്ചാൽ സ്വദേശിനിയുടെ ഇല്ലിക്കൽ കല്ലിലെ 1.40 ഏക്കർ വസ്തു പോക്കുവരവ് ചെയ്തു കൊടുക്കുന്നതിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ട ഇയാൾക്കായി പണം നൽകുന്നതിനിടെയാണ് വിജിലൻസ് സംഘമെത്തി പിടികൂടിയത്.
പരാതിക്കാരിയുടെ മാതാവിന്റെ പേരിലുള്ള സ്ഥലമാണ് മാതാവിന്റെ മരണത്തെ തുടർന്ന് പരാതിക്കാരിക്കു ലഭിച്ചത്. മാതാവിനെ കൊലപ്പെടുത്തിയ സഹോദരനു സ്വത്തിൽ അവകാശമില്ലെന്നുള്ള ഹൈക്കോടതി ഉത്തരവുമായാണ് പരാതിക്കാരി വില്ലേജ് ഓഫീസിൽ എത്തിയത്. സ്ഥലം പോക്കുവരവു ചെയ്യാൻ 4 വർഷത്തിനിടെ പരാതിക്കാരി പല തവണ എത്തിയെങ്കിലും നടന്നില്ല.
തുടർന്നാണു ജോസ് എന്നയാൾ വഴി വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ സമീപിച്ചത്. ഒന്നര ലക്ഷം രൂപയാണു കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 40,000 രൂപ ജോസ് മുഖേന നൽകി. എന്നാൽ 10,000 രൂപ റെജിക്കു നൽകി ബാക്കി 30,000 രൂപ ജോസ് തട്ടിയെന്നു വിജിലൻസ് പറയുന്നു. 50,000 രൂപ കൂടി നൽകിയാലേ സർട്ടിഫിക്കറ്റ് നൽകൂവെന്നും അറിയിച്ചു.
പല തവണ ഫോണിൽ ആവശ്യം അറിയിച്ചതോടെ പരാതിക്കാരി വിജിലൻസ് എസ്പി വിജി വിനോദ് കുമാറിനെ സമീപിച്ചു. വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ 50,000 രൂപ പ്രതിയുടെ മേലുകാവുമറ്റം ഭാഗത്തുള്ള വീടിനു സമീപം വച്ച് പരാതിക്കാരിയിൽ നിന്നു വാങ്ങി കാറിൽ വയ്ക്കുന്നതിനിടെയാണു വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഡിവൈഎസ്പിമാരായ വിജി രവീന്ദ്രനാഥ്, കെകെ വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.