- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോറ്റ സ്ഥാനാർത്ഥിയുടെ കാറിന് കീഴിൽ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ മാതാവിനെ വെട്ടി; വെട്ടേറ്റത് 62 കാരിക്ക്; ബിജെപിക്ക് വേണ്ടി വോട്ട് പിടിച്ച കരയോഗം പ്രസിഡന്റിനെയും കുടുംബത്തെയും ആക്രമിച്ചു; തിരുവല്ലയിൽ സിപിഎം തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് ഇങ്ങനെ
തിരുവല്ല: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ പേരിൽ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎമ്മിന്റെ അഴിഞ്ഞാട്ടം. തോറ്റ ബിജെപി സ്ഥാനാർത്ഥിയുടെ അമ്മയുടെ കൈ വെട്ടി. ബിജെപി സ്ഥാനാർത്ഥിക്കി വേണ്ടി വോട്ട് തേടിയ കരയോഗം പ്രസിഡന്റിനെയും കുടുംബത്തെയും ആക്രമിച്ചു.നിരണത്താണ് സിപിഎം സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിനിടെ വീട്ടമ്മയ്ക്ക് വെട്ടേറ്റത്.
ആറാം വാർഡിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീജിത്ത് സോമന്റെ മാതാവ് സരസമ്മ (62)യ്ക്കാണ് വെട്ടേറ്റത്. സി പി എം സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച ബിനീഷ് കുമാറിന്റെ വിജയാഘോഷത്തിനിടെയായിരുന്നു ആക്രമണം. വീടിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ശ്രീജിത്തിന്റെ കാറിന്റെ അടിയിൽ വെച്ച് പടക്കം പൊട്ടിക്കുവാൻ സി പി എം പ്രവർത്തകർ തുനിഞ്ഞു. ഇത് തടയുന്നതിനിടെയാണ് സരസമ്മയ്ക്ക് വെട്ടേറ്റത്. വലതു കൈയുടെ തോളെല്ലിന് വെട്ടേറ്റ സരസമ്മയെ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.സരസമ്മ ഐ സി യുവിൽ തുടരുകയാണ്.
സംഭവം സംബന്ധിച്ച് നിരണം നോർത്ത് പുത്തൻ പുരയ്ക്കൽ അനന്ദു രാജ് (24), പുത്തൻ പുരയ്ക്കൽ ബെറിൻ ചാക്കോ (24), മൊബൈൽ ഷാജി എന്നു വിളിക്കുന്ന നിരണം പണിക്കോട്ടിൽ വീട്ടിൽ ഷാജി കുര്യൻ (38) എന്നിവരെ റിമാൻഡ് ചെയ്തു.
ബിജെപി സ്ഥാനാർത്ഥിക്കു വേണ്ടി പ്രചാരണം നടത്തിയെന്നാരോപിച്ച് നഗരസഭ മുൻ കൗൺസിലറുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ കരയോഗം പ്രസിഡന്റിനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചു. കാവുംഭാഗം എൻ എസ് എസ് കരയോഗം പ്രസിഡന്റ് രാജ് ഭവനിൽ ഗിരീഷ് കുമാറിനും ഭാര്യയ്ക്കും മകനുമാണ് മർദ്ദനമേറ്റത്.
വീട്ടു മുറ്റത്ത് നിൽക്കുകയായിരുന്ന ഗിരീഷിനെ പത്തോളം പേർ ചേർന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്കും മകനും മർദ്ദനമേറ്റത്. മൂന്നു പേരെയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ ഗിരീഷിനെ വിദഗ്ധ ചികിത്സയ്ക്കായി രാത്രി ഏഴരയോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്