കോവളം: സിപിഎം. വിഴിഞ്ഞം ലോക്കൽ സെക്രട്ടറി സ്റ്റാൻലി രാജി വിവാദത്തിലേക്ക്. പ്രാദേശിക നേതൃത്വത്തിനെതിരേ സാമൂഹികമാധ്യമത്തിൽ ആരോപണം ഉന്നയിച്ചുകൊണ്ടാണ് രാജി. ഇതാണ് പാർട്ടിക്ക് തലവേദനയാകുന്നത്. പാർട്ടി ഏരിയാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് മാനസിക പീഡനവും ജാതീയ അധിക്ഷേപവും ഉണ്ടായിട്ടുണ്ടെന്നും ഇത്തരം അവഗണനക്കെതിരേയാണ് താൻ രാജി വെയ്ക്കുന്നതെന്ന് സ്റ്റാൻലി ഫെയ്‌സ് ബുക്കിൽ ആരോപിച്ചു. ഇതാണ് തിരിച്ചടിയാകുന്നത്.

കഴിഞ്ഞ ദിവസം കൂടിയ ലോക്കൽ കമ്മിറ്റി യോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും നടന്നിരുന്നു. നേരത്തെ തന്നെ ഏരിയാ കമ്മിറ്റി നേതൃത്വവുമായി തെറ്റിലായിരുന്നു രാജിവെച്ച സ്റ്റാൻലി. താൻ കമ്യൂണിസ്റ്റായി തുടരുമെന്ന് സ്റ്റാൻലി പറയുന്നുണ്ട്. എങ്കിലും പാർട്ടി മാറാനുള്ള സാധ്യത സിപിഎം കാണുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ജയസാധ്യതയുള്ള സീറ്റിൽ ഒന്നാണ് കോവളം. ഇവിടെ ജാതി അധിക്ഷേപം ഉന്നയിച്ചുള്ള രാജി പാർട്ടിക്ക് തലവേദനയാകും.

വിഴിഞ്ഞം സ്റ്റാൻലിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

സഖാക്കളേ,
Cpim വിഴിഞ്ഞം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയ ഞാൻ, നിലവിലെ കോവളം ഏരിയ കമ്മിറ്റി സെക്രട്ടറി പി. എസ് . ഹരികുമാർ ന്റെ ജാതി പരമായുള്ള അധിക്ഷേപവും അവഗണനയും ഞാൻ വിശ്വസിക്കുന്ന കമ്മ്യൂണിസ്‌റ് ചിന്താഗതിക്ക് അതീതമായുള്ള പ്രവർത്തനങ്ങളും ഇതിന് പുറമെയുള്ള മാനസിക പരമായ പീഡനവും മൂലം ഞാൻ എന്റെ ലോക്കല് കമ്മിറ്റി സെക്രട്ടറി സ്ഥാനവും ലോക്കല് കമ്മിറ്റി മെംബർ സ്ഥാനവും രാജി വയ്ക്കുന്നത് ആയി ഇതിനാൽ അറിയിക്കുന്നു.( ഒരു കമ്മ്യൂണിസ്‌റ് ആവാൻ എനിക്ക് ഒരു നേതൃ സ്ഥാനത്തിന്റെ യും അവശ്യം ഇല്ലെന്ന് കൂട്ടിച്ചേർക്കുന്നു).
ലാൽ സലാം.

കോവളത്ത് ഇടതു മുന്നണിക്ക് വേണ്ടി ജനതാദൾ എസാണ് മത്സരിക്കാറ്. നീലലോഹിത ദാസൻ നാടാർക്ക് സ്വാധീനം ഏറെയുള്ള മണ്ഡലം. നീലന്റെ ഭാര്യ ജമീലാ പ്രകാശമായിരുന്നു എംഎൽഎ. എന്നാൽ വാശിയേറിയ പോരാട്ടത്തിൽ കോൺഗ്രസിന്റെ എ വിൻസന്റ് ജയിച്ചു കയറി. ഈ മണ്ഡലം തിരിച്ചു പിടിക്കാനാണ് ഇടതു ശ്രമം. ഇതിനുള്ള തന്ത്രങ്ങളിൽ സാമുദായിക സമവാക്യങ്ങൾ വലിയ ഘടകമാണ്. ഇതിനിടെയാണ് സ്റ്റാൻലിയുടെ രാജി. ഇത് സിപിഎമ്മിനും തിരിച്ചടിയായി.

നഗരസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനാണ് ലോക്കൽ കമ്മിറ്റി കൂടിയത്. വർഷങ്ങൾക്ക് മുമ്പ് പാർട്ടി നടപടിയെടുത്ത് പുറത്താക്കിയവരെ നേതൃത്വം ഇടപെട്ട് തിരികെ കൊണ്ടുവരാൻ നീക്കം നടത്തിയിരുന്നു. ഈ നീക്കത്തെ സ്റ്റാൻലി ആദ്യം മുതലേ എതിർത്തു. ലോക്കൽ കമ്മിറ്റി യോഗത്തിലും ഈ വിഷയം ചർച്ചയ്ക്ക് വന്നു. ഏരിയാ നേതൃത്വത്തിന്റെ അറിവോടെ ഇവരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നാരോപിച്ചതോടെ യോഗം തർക്കത്തിലേക്ക് വഴിമാറി. തുടർന്നാണ് സ്റ്റാൻലി പാർട്ടി വിടുന്നത്.

പാർട്ടി ഏരിയാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് മാനസിക പീഡനവും ജാതീയ അധിക്ഷേപവും ഉണ്ടായിട്ടുണ്ടെന്നും ഇത്തരം അവഗണനക്കെതിരേയാണ് താൻ രാജി വെയ്ക്കുന്നതെന്ന് സ്റ്റാൻലി പിന്നീട് ഫെയ്സ് ബുക്കിൽ കുറിപ്പിടുകയായിരുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനം രാജിവയ്ക്കുകയാണെന്ന് ഈ കുറിപ്പിലൂടെയാണ് സ്റ്റാൻലി വ്യക്തമാക്കിയത്.

പാർട്ടിയിലെ ചിലരുടെ സാമുദായിക അവഗണന പരാമർശിക്കുന്ന തരത്തിൽ സ്റ്റാൻലിയുടെ മകനും എസ്.എഫ്.ഐ.യുടെ കോവളം ഏരിയ ജോയിന്റ് സെക്രട്ടറിയുമായ സജിൻ എസ്.ജെ. നേരത്തെ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിനെതിരേ പാർട്ടി രംഗത്തെത്തിയിരുന്നു. ഇതും സ്റ്റാൻലിയുടെ രാജിക്ക് കാരണമായി. തനിക്കൊപ്പം പാർട്ടി സ്ഥാനങ്ങളിൽനിന്ന് മകനും കല്ലുവെട്ടാൻകുഴി ബ്രാഞ്ചംഗവുമായ ഭാര്യ ജെനീറ സ്റ്റാൻലിയും പാർട്ടി അംഗത്വം ഒഴിയുകയാണെന്ന് സ്റ്റാൻലി അറിയിച്ചു.

കോവളത്ത് അതിശക്തമായ ത്രികോണ പോരിന് സാധ്യതയുണ്ട്. ഇവിടെ ബിജെപിക്കും മുപ്പതിനായിരത്തിൽ ഏറെ വോട്ടുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിൽ ഏറെ സ്വാധീനമുള്ള സ്റ്റാൻലിയെ പോലൊരാൾ രാജി വയ്ക്കുന്നത് ഇടത് സാധ്യതകളെ ബാധിക്കും. അടുത്ത തെരഞ്ഞെടുപ്പിലും ജമീലാ പ്രകാശവും വിൻസന്റും തമ്മിൽ മത്സരമുണ്ടാകാനാണ് സാധ്യത. അതുകൊണ്ട് തന്നെ സിപിഎമ്മിലെ ഈ വിവാദം നീലന്റെ ഭാര്യയുടെ വിജയസാധ്യതകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.