- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാവ്ലിനിലേത് അഴിമതിക്കെതിരായ പോരാട്ടം; പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിച്ചില്ല; കിളിരൂർ കേസിലെ ഇടപെടൽ വളച്ചൊടിച്ചു; വിഷയത്തിൽ നേരിട്ടത് സഹിക്കാവുന്നതിലും അപ്പുറമുള്ള ആക്ഷേപം; തുറന്ന് പറച്ചിലുകളുമായി വിഎസിന്റെ ജീവചരിത്രം വരുന്നു; ജീവിതത്തിലെ ശ്രദ്ധേയ അധ്യായങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി 'വിഎസിന്റെ ആത്മരേഖ'
തിരുവനന്തപുരം: ലാവ്ലിൻ കേസിൽ എടുത്ത നിഷ്പക്ഷനിലപാടിന്റെ പേരിൽ ഏൽക്കേണ്ടി വന്നത് സഹിക്കാവുന്നതിലും അപ്പുറമുള്ള ആക്ഷേപമായിരുന്നുവെന്ന് വി എസ് അചുതാനന്ദൻ.നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കപ്പെടൽ പോലുള്ള നടപടികൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും വി എസ് പറയുന്നു. ഉടൻ പുറത്തിറങ്ങുന്ന വിഎസിന്റെ അത്മരേഖ എന്ന പുസ്തകത്തിലാണ് തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വി എസ് അചുതാനന്ദൻ തുറന്ന് പറയുന്നത്.
2009 ജൂലൈ 12ന് ആണ് വിഎസിനെ പിബിയിൽ നിന്നു പുറത്താക്കാൻ കേന്ദ്ര കമ്മിറ്റി (സിസി) തീരുമാനിച്ചത്. സംഘടനാതത്വങ്ങളും അച്ചടക്കവും ലംഘിച്ചതിന് വിഎസിനെ പുറത്താക്കാനും പിണറായി വിജയനെ പാർട്ടി സെക്രട്ടറിയായി നിലനിർത്തി സംരക്ഷിക്കാനുമായിരുന്നു സിസി തീരുമാനം.ലാവ്ലിൻ കേസിൽ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള നിലപാടിന്റെ പേരിൽ സിപിഎം പൊളിറ്റ്ബ്യൂറോ(പിബി)യിൽ നിന്നു പുറത്താക്കപ്പെടുമെന്ന് പാർട്ടിയുടെ സ്ഥാപക നേതാവ് വി എസ്. അച്യുതാനന്ദൻ പ്രതീക്ഷിച്ചിരുന്നോ? 'ആ നടപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മറ്റെന്തെങ്കിലും ഉണ്ടായേക്കുമെന്നേ കരുതിയുള്ളൂ.'
പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് ജീവചരിത്രഗ്രന്ഥമായ ആത്മരേഖയിൽ വി എസ് തന്നെ പറയുന്നത് ഇങ്ങനെ: 'മനസ്സിൽ ഒരു യുദ്ധമായിരുന്നു. ക്രമക്കേടിന്റെ എല്ലാ സാധ്യതകളും ഉറപ്പിക്കുന്ന തെളിവുകളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ബോധ്യമുണ്ടായിരുന്നു. പക്ഷേ, പാർട്ടി ഒരു ക്രമക്കേടും ഇല്ലെന്നു പ്രഖ്യാപിച്ചു. ഏതു സ്വീകരിക്കണം. എന്റെ രാഷ്ട്രീയ സുതാര്യത മനഃസാക്ഷിക്കനുസരിച്ചുള്ള പ്രവർത്തനമാണ്. അപ്പോൾ എങ്ങനെ ഈ പ്രശ്നത്തിൽ മനഃസാക്ഷിയെ മാറ്റിനിർത്തും? ആ പ്രതിസന്ധിയിലായിരുന്നു ഞാൻ. അതു ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചു. പിബി അംഗീകരിച്ചില്ല. എന്നെ പുറത്താക്കി.'
നേരത്തേ, അച്ചടക്കലംഘനത്തിന്റെ പേരിൽ 2007 മേയിൽ വിഎസിനെയും പിണറായിയെയും പിബിയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. ഏതാനും മാസത്തിനുശേഷം ഇരുവരെയും തിരിച്ചെടുത്തു. എന്നാൽ, മുഖ്യമന്ത്രിയായിരിക്കെ പിബിയിൽ നിന്ന് 2009 ൽ വീണ്ടും പുറത്താക്കപ്പെട്ട വിഎസിനെ തിരികെയെടുത്തില്ല. 2007 ലെ നടപടിക്കു ശേഷം വിഎസും പിണറായിയും പിബിയിൽ തിരിച്ചെത്തിയെങ്കിലും യോജിപ്പിന്റെ തിരുത്തൽ പ്രക്രിയ ഉണ്ടായില്ല.
എന്നാൽ കിളിരൂർ കേസിലെ കാര്യക്ഷമമായ ഇടപെടലിന് തനിക്കുണ്ടായത് സമാനതകളില്ലാത്ത ദുരനുഭവവും ആക്ഷേപവുമാണെന്നും വി എസ് പറയുന്നുണ്ട്. ആ ഇടപെടലിനെ വല്ലാത്ത രീതിയിലാണ് വളച്ചൊടിച്ചത്.വി എസ് ഡൽഹിയിൽ പോയതും ആഭ്യന്തരമന്ത്രിയെയും പ്രധാനമന്ത്രിയെയും കണ്ടതും എസ്എൻസി ലാവ്ലിൻ കേസിലെ പ്രതികൾക്കെതിരെ സ്വാധീനിക്കാനായിരുന്നു എന്ന ആരോപണമുയർന്നു; പുറത്തല്ല, അകത്ത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ അലോസരങ്ങൾ രൂപപ്പെട്ട ഘട്ടം. ഓഫിസിലെ താക്കോൽസ്ഥാനത്തുണ്ടായിരുന്ന പഴ്സനൽ സ്റ്റാഫിൽ ഒരാളുടെ സാക്ഷ്യമായിരുന്നു ആരോപണത്തിന് അടിസ്ഥാനമാക്കപ്പെട്ടത്. ആരോപണം അന്വേഷിക്കാൻ കമ്മിഷനും നിയോഗിതമായി.
വി എസ് വല്ലാതെ ദുഃഖിച്ചു. മനസാ വാചാ കർമണാ അറിയാത്ത കാര്യത്തിന് അഭിശപ്തമായ ആക്ഷേപം. തന്റെ രാഷ്ട്രീയ സത്യസന്ധതയെ അപമാനിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. ചതിവിന്റെ രാഷ്ട്രീയ അടവുകൾ നാളിതുവരെ ആർക്കെതിരെയും പ്രയോഗിച്ചിട്ടില്ലെന്ന ആത്മവിശ്വാസം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിത സമ്പത്താണ്. അതേസമയം, ചതിക്കപ്പെട്ട അനുഭവം അദ്ദേഹത്തിനുണ്ടായി. ഒന്നല്ല, പല തവണ... .''കമ്മിഷൻ അന്വേഷണം നടത്തി. പക്ഷേ, അലസമായിരുന്നു. സിപിഎമ്മിന്റെ ഏറ്റവും മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ സഖാവ്, അതീവ ഗൗരവതരമായ ആരോപണം. അവസാനം ഉള്ളിപൊളിച്ചപോലെ അന്വേഷണ റിപ്പോർട്ട്. 'ആ ആക്ഷേപം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.' എന്നാണ് ഈ സംഭവത്തെക്കുറിച്ച് വി എസ് പ്രതികരിക്കുന്നത്.
'വിഎസിന്റെ ആത്മരേഖ' എന്ന പേരിൽ തൃശൂർ കറന്റ് ബുക്സ് ഉടൻ പുറത്തിറക്കുന്ന ജീവചരിത്രത്തിലാണ് ടിപി വധം, ലാവ്ലിൻ കേസ്, 1996 ൽ മാരാരിക്കുളത്തെ തോൽവി, പൊളിറ്റ്ബ്യൂറോയിൽ നിന്നുള്ള പുറത്താക്കൽ, 2006 ലെ സ്ഥാനാർത്ഥിത്വം തുടങ്ങി തന്റെ ജീവിതത്തിലെ ശ്രദ്ധേയമായ പല അധ്യായങ്ങളെക്കുറിച്ചും വി എസ് തുറന്നുപറയുന്നത്. ടിപി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ചും പുസ്തകത്തിൽ തുറന്ന് പറച്ചിലുകളുണ്ട്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ എങ്ങിനെ ഇത്ര മൃഗ്രീയമായി കൊലപ്പെടുത്താൻ കഴിയുന്നുവെന്നാണ് ഈ സംഭവത്തെക്കുറിച്ച് വി എസ് പറയുന്നത്.'ഒന്നും വേണ്ട, ഒരു മനുഷ്യനെ ഇങ്ങനെ വെട്ടിനുറുക്കാൻ മറ്റൊരു മനുഷ്യന് എങ്ങനെ കഴിയും? അതു മാത്രമെങ്കിലും ആലോചിക്കൂ. പിന്നെ മനുഷ്യരാണെന്നു പറഞ്ഞു നടന്നിട്ട് എന്തു കാര്യം?' വി എസ് ചോദിക്കുന്നു.
2012 മെയ് 4ന് രാത്രിയിലായിരുന്നു ടിപി ചന്ദ്രശേഖരന്റെ കൊലപാതകം. അതേക്കുറിച്ച് വിഎസിന്റെ ആത്മരേഖ പറയുന്നത്: 'വെട്ടിനുറുക്കപ്പെടുകയായിരുന്നു. അരുംകൊലയിൽ നാടാകെ ഞെട്ടിത്തെറിച്ചു എന്നതാണ് വാസ്തവം. സർവവിഭാഗം ജനങ്ങളും ആ നിഷ്ഠുരതയെ അപലപിച്ചു. അരോഗദൃഢഗാത്രനായ ചെറുപ്പക്കാരൻ, ക്രിമിനൽ പശ്ചാത്തലമില്ലാത്ത യുവാവ്. പ്രദേശത്തെ ജനസേവകൻ, ജനസമ്മതി ആർജിച്ച പൊതുപ്രവർത്തകൻ, സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗം. വന്ദ്യവയോധികൻ മാധവന്റെ മകളുടെ ഭർത്താവ്, എല്ലാറ്റിലുമുപരി മകനും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. അതൊക്കെയായിരുന്നു ചന്ദ്രശേഖരൻ. മൃതദേഹത്തിനരികെ വി എസ് കനത്ത ഹൃദയഭാരത്തോടെ നിന്നു.
മകന്റെ സ്ഥാനത്ത് കണ്ടു സ്നേഹിച്ച ആ യുവാവിന് അന്ത്യചുംബനംപോലെ പുഷ്പചക്രം അർപ്പിച്ചു. അന്ത്യാഭിവാദ്യം നേർന്നു. പുറത്തിറങ്ങിയ വിഎസിനെ മാധ്യമപ്രവർത്തകർ പൊതിഞ്ഞു. അവരുടെ ആവശ്യപ്രകാരം പ്രതികരണം. വി എസ് ഒരു വാചകം മുഴുമിപ്പിച്ചു: 'ചന്ദ്രശേഖരൻ ധീരനായ കമ്യൂണിസ്റ്റ് പോരാളിയായിരുന്നു.' ആ വിശേഷണത്തിൽ അസ്വസ്ഥരായവരുണ്ട്. വിഎസിന് അത് ഒഴിവാക്കാൻ ആവില്ലായിരുന്നു. അദ്ദേഹം എന്തു പറയുന്നതിനും നിലപാട് എടുക്കുന്നതിനും അടിസ്ഥാനമായി ഉത്തമബോധ്യമുണ്ട്. ഇവിടെയും അതുതന്നെ.'
കേരളരാഷ്ട്രീയത്തിൽ താൻ പിന്നിട്ട വഴികളെക്കുറിച്ചുള്ള ശ്രദ്ധേയമായ വെളിപ്പെടുത്തലും അവയെക്കുറിച്ചുള്ള വിഎസിന്റെ നിലപാടുകളുമായാണ് 'വിഎസിന്റെ ആത്മരേഖ' ഒരുങ്ങുന്നത്.ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ പി.ജയനാഥ് തയാറാക്കിയ ജീവചരിത്രത്തിന് വി എസ് തന്നെയാണ് അവതാരികയെഴുതിയിട്ടുള്ളത്. 'ഈ പുസ്തകത്തിലൂടെ കടന്നുപോയപ്പോൾ, പഴയകാല ജീവിതത്തിലേക്ക് ആത്മാർഥമായി എത്തിനോക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. ഒരർഥത്തിൽ, ഒരോർമപ്പെടുത്തലാണ് ഈ പുസ്തകമെന്നു നിസ്സംശയം പറയാം' അവതാരികയിൽ വി എസ് എഴുതുന്നു.