- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തര വിപണിയിൽ കുറഞ്ഞ പലിശയിൽ പണം കിട്ടാനുണ്ടായിട്ടും അവഗണിച്ചു; വിദേശത്ത് കടപ്പത്രം ഇറക്കി 9.75 ശതമാനം പലിശ നിരക്കിൽ വാങ്ങിയത് 2,150 കോടി; ഒരു വർഷം പലിശയായി നൽകേണ്ടി വരുന്നത് 210 കോടി! മസാല ബോണ്ട് വാങ്ങിയതാകട്ടെ ലാവലിൻ ബന്ധമുള്ള സിഡിപിക്യു കമ്പനിയും; കിഫ്ബിയുടെ മസാലബോണ്ടിനെ വിവാദത്തിലാക്കുന്ന ഘടകങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്ര്ക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് എന്ന കിഫ്ബി ഇപ്പോൾ കേരളത്തിൽ വിവാദമായിരിക്കയാണ്. വിദേശത്തു കടപ്പത്രം ഇറക്കി സർക്കാർ ഗ്യാരണ്ടി നിന്ന് 2,150 രൂപ സമാഹരിച്ചത് അടക്കമുള്ള കാര്യങ്ങളാണ് ഇപ്പോഴും വിവാദത്തിലാക്കിയിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണങ്ങളാണ് ഉയരുന്നത്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) ഈ കണ്ടെത്തലാണ് കേരളത്തിൽ ചൂടേറിയ ചർച്ചകൾക്കു വഴിതെളിക്കുന്നത്.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിക്ക് സർക്കാർ തുടക്കമിട്ടത്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബർ 11നാണ് കിഫ്ബി ആരംഭിച്ചത്. എൽഡിഎഫ് സർക്കാർ 2016ൽ അധികാരമേറ്റെടുത്തപ്പോൾ കിഫ്ബിയുടെ ചട്ടങ്ങൾ പരിഷ്ക്കരിച്ചു. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. വിദേശത്തു നിന്നും സ്വദേശത്തു നിന്നും കടംവാങ്ങി വികസന പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് ഇതിലൂടെ സർക്കാർ പ്രധാനമായും ലക്ഷ്യമിട്ടത്. സർക്കാർ അവകാശപ്പെടുന്നത് അമ്പതിനായിരം കോടിയുടെ വികസന പ്രവർത്തനങ്ങൾ ഇത്തരത്തിൽ കേരളത്തിൽ നടന്നിട്ടുണ്ട് എന്നതാണ്.
കടം വാങ്ങായാൽ ആ പണം തിരിച്ചടക്കേണ്ടതുണ്ട്. കിഫ്ബിയെന്ന ബോർഡ് വഴി പണം ഇത്തരത്തിൽ പണം കടമെടുക്കുമ്പോൾ സർക്കാർ തരിച്ചടവിനായി പറയുന്നത് രണ്ട് മാർഗ്ഗങ്ങൾ വഴിയാണ്. ഒന്ന് മോട്ടോർവാഹന നികുതിയിലെ ഒരു നിശ്ചിത ശതമാനം വരുമാനവും പെട്രോൾ സെസിലെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം തുകയുമാണ് സർക്കാർ തിരിച്ചടവിനുള്ള മാർഗ്ഗമായി കണക്കാക്കിയിരിക്കുന്നത്. മോട്ടർ വാഹന നികുതി തുടക്കത്തിൽ 10 ശതമാനവും പിന്നീട് ഉയർത്തി 50 ശതമാനവും കിഫ്ബിക്ക് നൽകും. വിദേശത്തു നിന്നും മസാലബോണ്ട് ഇഷ്യു ചെയ്ത് പണം ഉണ്ടാക്കിയപ്പോഴും അവർക്കുള്ള ഗ്യാരണ്ടിയിൽ സർക്കാർ പറയുന്ന കാര്യവും ഇതു തന്നെയാണ്. കേരളത്തിൽ വിവാദമാകുന്നത് മസാല ബോണ്ടുകളാണ്. അതുകൊണ്ട് തന്നെ എന്താണ് മസാല ബോണ്ട് എന്നാണ് ആദ്യം അറിയേണ്ടത്.
എന്താണ് മസാല ബോണ്ടുകൾ? കിഫ്ബിയിലെ മസാലബോണ്ട് എങ്ങനെ?
പേരു സൂചിപ്പിക്കുന്നതു പോലെ ഇന്ത്യയിലെ രുചി വൈവിധ്യം കൂടി അന്താരാഷ്ട്ര വിപണിയിൽ ഇടം പിടിക്കുമെന്നു കരുതായാണ് ഐ.എഫ്.സി മസാല ബോണ്ട് എന്ന പേര് നൽകിയത്. രാജ്യാന്തര നിക്ഷേപങ്ങൾ സ്വീകരിക്കാൻ വിദേശ നാണ്യത്തിലല്ലാതെ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകൾ. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷനാണ് (I.F.C) ഇതാദ്യം പുറത്തിറക്കിയത്.
രൂപയുടെ മൂല്യമിടിഞ്ഞാൽ നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരുക എന്നതാണ് മസാല ബോണ്ടിലെ പ്രധാന റിസ്ക്ക്. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങൾക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുക. 9.75% പലിശനിരക്കിൽ കടപ്പത്ര വിപണിയിൽനിന്നും 25 വർഷത്തെ തിരിച്ചടവ് കാലാവധിയോടെ സംസ്ഥാന സർക്കാരിന്റെ വികസന സംരംഭമായ കിഫ്ബിയിലേക്ക് മസാല ബോണ്ടിങ് വഴി 2,150 കോടിയുടെ നിക്ഷേപം ലഭിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു ഇന്ത്യയിലെ ഒരു സംസ്ഥാനം മസാല ബോണ്ട് വഴി വികസന പ്രവർത്തനത്തിന് തുക സമാഹരിച്ചത്.
മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നതിന്റെ മാനദണ്ഡം റിസർവ് ബാങ്ക് മുമ്പ് ലഘൂകരിച്ചിരുന്നു. അതിനുശേഷം ആദ്യമായി ഹൗസിങ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് (എച്ച്.ഡി.എഫ്.സി) മസാല ബോണ്ടുവഴി 13,000 കോടി രൂപ സമാഹരിച്ചത്. എച്ച്.ഡി.എഫ്.സി സമാഹരിച്ചതുൾപ്പെടാതെ ഇതുവരെ 44,000 കോടി മൂല്യമുള്ള മസാല ബോണ്ടുകളാണ് വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങൾ സമാഹരിച്ചത്.
കിഫ്ബി മസാല ബോണ്ടുകൾ ലണ്ടൻ, സിംഗപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിംഗപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പുറത്തിറക്കിയ മസാല ബോണ്ടുകൾ വഴി സംസ്ഥാനം 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു. 2016ൽ റിസർവ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന് അനുമതി നൽകിയശേഷമുള്ള മൂന്നാമത്തെ വലിയ സമാഹരണമാണ് കിഫ്ബിയുടേത്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ്ങിൽ 'എ.എ.എ.' റേറ്റിങ്ങുള്ള സ്ഥാപനങ്ങൾക്കു മാത്രമേ മസാല ബോണ്ടിറക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, കേന്ദ്രസർക്കാരിന് 'ബി.ബി.ബി.()' റേറ്റിങ്ങാണ്. രാജ്യത്തിന്റെ റേറ്റിങ്ങിനുതാഴെയുള്ള റാങ്കേ ആ രാജ്യത്തുനിന്നുള്ള ഏജൻസിക്ക് ലഭിക്കുകയുള്ളൂ. അതിനാൽ കിഫ്ബിക്കുള്ള 'ബി.ബി.' മികച്ച റേറ്റിങ്ങായാണ് കണക്കാക്കുന്നത്.
ആഭ്യന്തരമായി കുറഞ്ഞ പലിശക്ക് പണം കിട്ടിയിട്ടും കിഫ്ബി വിദേശത്തു പോയത് എന്തിന്?
വിദേശത്തു കടപ്പത്രം ഇറക്കിയത് വഴി സംസ്ഥാന സർക്കാർ സമാഹരിച്ചിരിക്കുന്നത് 2150 കോടി രൂപയാണ്. ഇതിന് 9.75 ശതമാനമാണ് പലിശ നിരക്കും. എന്നിട്ടും എന്തിനാണ് കിഫ്ബി സർക്കാർ ഗ്യാരണ്ടി നിന്ന് വിദേശത്തു നിന്നും പണം കടം എടുത്തത് എന്നതാണ് പ്രധാന ചോദ്യം. ആഭ്യന്തരമായി 6.7 ശതമാനം പലിശയിൽ പണം സംഭരിക്കാൻ സർക്കാറിന് സാധിക്കുമായിരുന്നു. എന്നിട്ടും അതിന് നിൽക്കാതെ സർക്കാർ മറ്റു മാർഗ്ഗങ്ങൾ തേടിയതാണ് വിവാദങ്ങൾക്കും സംശയങ്ങൾക്കും ഇടയാക്കുന്നത്. വായ്പ്പാ തിരിച്ചടവ് ഡോളറിൽ ആണെന്നതും സർക്കാറിന്റെ സാമ്പത്തിക ബാധ്യത കൂട്ടുകയാണ് ഫലത്തിൽ ചെയ്യാറ്.
ഇങ്ങനെ വിദേശത്തു പോയപ്പോഴുള്ള കടപ്പത്രം ഇറക്കി പണം വാങ്ങിയതിനെ വിവാദത്തിൽ ആക്കുന്നത് എസ്എൻസി ലാവലിനുമായി ബന്ധമുള്ള സ്ഥാനത്തിന്റെ സാന്നിധ്യമാണ്. ലാവലിന്റെ 20 ശതമാനം ഓഹരികളാണ് സിഡിപിക്യൂ കൈകാര്യം ചെയ്യുന്നത്. ലാവലിൻ ജീവനക്കാരുടെ പെൻഷൻ ഫണ്ടാണ് സിഡിപിക്യൂവിൽ നിക്ഷേപിച്ചിരിക്കുന്നത് എന്നാതാണ് ഇതിൽ പ്രധാനം. ഇത് നേരത്തെ വിവാദത്തിൽ ആയപ്പോൾ ലാവലിനും സിഡിപിക്യുവും തമ്മിൽ ബന്ധമില്ലെന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്. എന്നാൽ, ഇത് തെറ്റാണെന്ന വിവരങ്ങളും പുറത്തുവന്നു.
ഇരു കമ്പനികളെയും സംബന്ധിച്ച് രാജ്യാന്തര മാധ്യമങ്ങൾ പലപ്പോഴായി പ്രസിദ്ധീകരിച്ച വാർത്തകളിൽ നിന്ന് ബന്ധം വ്യക്തമാണ്. ഇക്കഴിഞ്ഞ വർഷത്തെ വാർഷിക പെൻഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനെനെക്കുറിച്ചുള്ള റോയിട്ടേഴ്സ് റിപ്പോർട്ടിൽ ലാവലിൻ സിഇഒ പറയുന്നത് സിഡിപിക്യൂ ലാവലിന് ഉറച്ച പങ്കാളിയാണ് എന്നാണ്. പ്രമുഖ കനേഡിയൻ പത്രം MONTREAL GAZETTE പറയുന്നതും ഇരു കൂട്ടരും തമ്മിലുള്ള ഓഹരി പങ്കാളിത്തത്തിന്റെ വാർത്തയാണ്.
ലാവലിന്റെ 20 ശതമാനം ഓഹരികളാണ് സിഡിപിക്യൂവിനുള്ളത്. അഴിമതിയുടെ പേരിൽ ഒട്ടേറെ ആരോപണങ്ങൾ നേരിടുന്ന ലാവലിൻ കമ്പനിയോ സിഡിപിക്യൂവോ ഇതുവരെയും ഈ വാർത്തകളൊന്നും തിരുത്തിയിട്ടില്ല എന്നതാണ് വാസ്തവം. മസാല ബോണ്ടിൽ ലാവലിൻ ബന്ധമുള്ള കമ്പനി നിക്ഷേപം നടത്തിയതാണ് ദുരൂഹതകൾക്ക് ഇടയാക്കുന്നത്. കിഫ്ബി ഇഷ്യൂ ചെയ്ത മസാല ബോണ്ട് ആർക്ക് വേണമെങ്കിലും വാങ്ങാം എന്നിരിക്കേയാണ് കേരളത്തിലേക്ക് കാനേഡിയൻ കമ്പനി തന്നെ വീണ്ടും ബോണ്ട് വാങ്ങാൻ എത്തിയത്. ഇത് മസാലബോണ്ടുമായി എസ്എൻസി ലാവ്ലിനുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്നതാണ് വാദം.
ഇപ്പോഴത്തെ അവസ്ഥയിൽ കിഫ്ബി സമാഹരിച്ച പണം രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തിൽ 2024ൽ കേരളം വൻ തുക തിരികെ നൽകേണ്ടി വരുമെന്ന വാദം ഉരുന്നുണ്ടെങ്കിലും സർക്കാർ അത് തള്ളിക്കളയുന്നു. മസാലബോണ്ടിന്റെ കാര്യത്തിൽ രൂപയുടെ വിലയിടിവിനെ ഭയക്കേണ്ട കാര്യമില്ല. രൂപയിൽ ബോണ്ടിറക്കുന്നതിനാൽ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. മൂല്യം ഇടിയുന്ന സ്ഥിതിയുണ്ടായാൽ അതിന്റെ നഷ്ടം നിക്ഷേപകരാണ് സഹിക്കേണ്ടത്. അതുകൊണ്ട് രൂപയുടെ വിലയിടിവിൽ കിഫ്ബി ഭയക്കേണ്ട കാര്യമില്ല. ആഭ്യന്തരമായി കുറഞ്ഞ പലിശക്ക് കിട്ടാവുന്ന മറ്റ് സാധ്യതകൾ സർക്കാർ പരിശോധിച്ചില്ലെന്നുമുള്ള ആക്ഷേപമാണ് വിവാദം കൂടുതൽ ശക്തമാക്കുന്നത്.
കിഫ്ബി കേരളത്തിൽ നടത്തുന്ന സുപ്രധാന പദ്ധതികൾ
കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി വലിയ തുക തന്നെ കിഫ്ബി വഴി മുടക്കി കഴിഞ്ഞു. സ്കൂളുകളും ആശുപത്രികളുമൊക്കെയാണ് ഇതിൽ പ്രധാനമായിരിക്കുന്നത്. കെ ഫോൺ, പെട്രോകെമിക്കൽ ആൻഡ് ഫാർമ പാർക്ക്, തീരദേശമലയോര ഹൈവേ, പവർ ഹൈവേ, ലൈഫ് സയൻസ് പാർക്ക്, ഹെടെക് സ്കൂൾ പദ്ധതി തുടങ്ങിയവയാണ് കിഫ്ബിയുടെ പ്രധാന പദ്ധതികൾ. വിവിധ വകുപ്പുകൾക്ക് കീഴിലായി 54391.47 കോടി രൂപ ചെലവ് വരുന്ന 679 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ടെൻഡർ ചെയ്തത് 364 പദ്ധതികളാണ്. 14133.42 കോടി രൂപയാണ് ടെൻഡർ തുക. ഇതിൽ തന്നെ 11639.78 കോടി രൂപ ചെലവ് വരുന്ന 303 പദ്ധതികളുടെ നിർമ്മാണ പ്രവർത്തികൾ തുടങ്ങിക്കഴിഞ്ഞു. ഇതു വരെയായി 5189.68 കോടി രൂപ കരാറുകാർക്ക് വിതരണം ചെയ്തു.
ഓഡിറ്റിങ് വിവാദം എന്താണ്?
മസാല ബോണ്ട് വഴിയുള്ള കടമെടുപ്പിൽ സർക്കാരിനു 3100 കോടിരൂപയുടെ ബാധ്യത വരുത്തിയെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. കേന്ദ്രത്തിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനുണ്ടെങ്കിൽ കേന്ദ്ര അനുമതി വാങ്ങാതെ ആഭ്യന്തര കടമെടുപ്പു പോലും പാടില്ലെന്നും ഭരണഘടനയിൽ പറയുന്നു. കേന്ദ്ര അനുമതിയില്ലാതെ കിഫ്ബി ആഭ്യന്തര വായ്പയെടുത്തത് ഈ വ്യവസ്ഥയുടെ ലംഘനമാണെന്നാണു സിഎജിയുടെ മറ്റൊരു കണ്ടെത്തൽ. കിഫ്ബിയെ സർക്കാർ സ്ഥാപനമായി സിഎജി കാണുമ്പോൾ ഒരു കോർപറേറ്റ് സ്ഥാപനമെന്ന പോലെയാണ് കേരള സർക്കാർ വ്യാഖ്യാനിക്കുന്നത്. എന്നാൽ സർക്കാർ പണം തിരിച്ചടവിന് ഉപയോഗിക്കുമ്പോൾ അതെങ്ങനെ കോർപ്പറേറ്റ് സ്ഥാപനമാകും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
സിആൻഡ് എജി ആക്ടിലെ സെക്ഷൻ 14 (1) പ്രകാരം കിഫ്ബി, സിഎജി ഓഡിറ്റിനുവിധേയമാണ്. അതനുസരിച്ചുള്ള ഓഡിറ്റ് നടപടികൾ കിഫ്ബിയിൽ നടക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഓഡിറ്റിങ് ചുമതല നൽകിയിരിക്കുന്നത്. കിഫ്ബിയുടെ 2018-19 സാമ്പത്തിക വർഷത്തെ ഓഡിറ്റ് 27-1-2020 മുതൽ നടന്നു വരികയാണ്. ലോക്ഡൗൺ സാഹചര്യത്തിലും സിഎജിയുടെ ആവശ്യപ്രകാരം ഓൺലൈനായി കിഫ്ബിയുടെ വരവു ചെലവു കണക്കുകളുടെ ഫയലുകൾ പരിശോധിക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്