'ലോകത്തിലെ പിടിച്ചുകുലുക്കിയ ആ പത്തുദിനങ്ങൾ'-ഇരുപതാനൂറ്റാണ്ടിലെ ഏറ്റവും പ്രധാന സംഭവങ്ങളുടെ ഒരു ലിസ്റ്റ് എടുത്താൽ അതിൽ ആദ്യ പത്തിൽ വരിക ഒക്ടോബർ വിപ്ലവം ആയിരിക്കും. വ്ളാദിമിർ ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ ബാൾഷെവിക്കുകൾ 1917 നവംബർ ഏഴിനാണ് താൽക്കാലിക ഗവൺമെന്റിൽനിന്ന് അധികാരം പിടിച്ചെടുക്കാനായി മുന്നേറ്റത്തിന് തുടക്കമിട്ടത്. പഴയ റഷ്യൻ കലണ്ടർ പ്രകാരം ഒക്ടോബറിൽ നടന്നതിനാലാണ് ഒക്ടോബർ വിപ്ലവം എന്നറിയപ്പെടുന്നത്. അത് പ്രകാരം ഒക്ടോബർ വിപ്ലവത്തിന്റെ 104ാം വാർഷികമാണ് ഇപ്പോൾ കടന്നുപോകുന്നത്.

ഈ വാർഷിക ദിനം കേരളത്തിൽ സൈബർ സഖാക്കൾ അടക്കം വലിയ ആവേശത്തോടെ കൊണ്ടാടുമ്പോൾ, അങ്ങ് റഷ്യയിലടക്കം കാര്യമായ യാതൊരു പ്രതികരണവും കിട്ടിയില്ല. മാത്രമല്ല ക്രൂരതയുടെ ഇരുണ്ടകാലമായാണ് ഇന്ന് റഷ്യാക്കാർ അതിനെ കരുതുന്നത്. ബോൾഷെവിക്ക് വിപ്ലവത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയ കൂട്ടക്കൊലകളുടെ വെളിപ്പെടുത്തലുകൾ ഈ പതിറ്റാണ്ടിലാണ് ഏറ്റവും കൂടുതൽ പുറത്തുവന്നിരിക്കുന്നത്. വിപ്ലവകാരികൾക്ക് അനകൂല നിലപാട് എടുത്ത പാവപ്പെട്ട കർഷകരെയും തൊഴിലാളികളുമാണ് റഷ്യൻ വിപ്ലവത്തിന്റെ തിക്താനുഭവങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവന്നതും. അതുകൊണ്ടുതന്നെ യൂറോപൻ സ്വതന്ത്രചിന്തകൾ 'അൺ മാസ്‌ക്കിങ്ങ് ബോൾഷെവിക്ക് റെവല്യൂഷൻ' എന്ന ടാഗ്ലൈനോടെയാണ് ഈ വാർഷികം ആചരിച്ചത്.

ഈ വിപ്ലവം വലിയ യുദ്ധമായിരുന്നോ?

ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽ പൊറുതിമുട്ടിയിട്ടാണ് ജനങ്ങൾ യഥാർത്ഥത്തിൽ സാർ ചക്രവർത്തിക്കെതിരെ തിരിഞ്ഞത്. ഒരു കാരണവുമില്ലാതെ നീണ്ടുപോകുന്ന, ലക്ഷങ്ങൾ മരണപ്പെടുന്ന യുദ്ധം എന്തിനാണ് ചെയ്യുന്നതെന്ന് പോലും സാമാന്യജനത്തിന് അറിയില്ലായിരുന്നു. അങ്ങനെയാണ് പട്ടാളക്കാരും കർഷകരും, കമ്യൂണിസ്റ്റുകളുമൊക്കെച്ചേർന്ന് സാർ ചക്രവർത്തിയെ താഴെയിറക്കിയത്. ആദ്യം എല്ലാവരും ചേർന്നാണ് ചക്രവർത്തിയെ സ്ഥാനഭൃഷ്ടനാക്കിയതെങ്കിലും പതിയെ അധികാരം കമ്യൂണിസ്റ്റ് പാർട്ടിയിൽ കേന്ദ്രീകരിക്കയായിരുന്നു.

1917 ലെ ഒക്ടോബർ വിപ്ളവത്തിന് കമ്യൂണിസ്റ്റുകൾ പാടിനടക്കുന്ന വലിയ യുദ്ധമൊന്നും ലെനിന് ചെയ്യേണ്ടി വന്നിട്ടില്ല. അപ്പോഴേയ്ക്ക് പെട്രോഗ്രാഡ് സോവിയറ്റ് (സെന്റ് പീറ്റേഴ്സ്ബർഗ് നഗര കൗൺസിൽ എന്ന് വിശാല അർത്ഥത്തിൽ പറയാം) തലവനായി ബോൾഷെവിക് നേതാവ് ട്രോട്സ്‌കി അധികാരത്തിലെത്തിയിരുന്നു. ഇടക്കാല ഗവണ്മെന്റ് അപ്പോഴേയ്ക്ക് വളരെ ദുർബലമായിരുന്നു. കുറച്ചാളുകൾ വിന്റർ പാലസിലേയ്ക്ക് കയറിച്ചെന്നു ഇവിടം പിടിച്ചടക്കുന്നെന്ന് പ്രഖ്യാപിക്കുകയും, ലെനിൻ പെട്രോഗ്രാഡ് സോവിയറ്റിൽ ഒരു പൊതുപ്രസംഗം നടത്തി ഇടക്കാല ഗവണ്മെന്റ് ഇന്നുമുതൽ ഇല്ലാതായെന്നും പറഞ്ഞു. അത്രമാത്രം. ഒരുപാട് പേരൊന്നും എതിർക്കാനുണ്ടായിരുന്നില്ല. ആരും യുദ്ധം ചെയ്യാനും ചെന്നില്ല. പക്ഷേ കമ്യൂണിസ്റ്റ് സാഹിത്യത്തിലെല്ലാം ഒക്ടോബർ വിപ്ളവം എന്ന് വച്ചാൽ എന്തോ വലിയ യുദ്ധമെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. പക്ഷേ യഥാർത്ഥ യുദ്ധം തുടങ്ങാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ. ജനങ്ങളോടുള്ള യുദ്ധം.

ഈ വിപ്ലവം എന്നാൽ ലെനിന്റെ കഥയാണ്

'അഞ്ചടി അഞ്ചിഞ്ചു മാത്രം ഉയരം. ഭൂമിയിൽ ജീവിച്ചത് ആകെ 53 വർഷം. അതിനിടെ ആ മനുഷ്യൻ എന്തെല്ലാം ചെയ്തു! ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട മനുഷ്യരിൽ ഒന്ന് അയാൾ തന്നെയായാണ്.'- എന്നും ഇടതുപക്ഷത്തെ വിമർശിക്കാറുള്ള ന്യൂയോർക്ക് ടൈംസ്പോലും ഒരിക്കൽ ഇങ്ങനെ എഴുതി. ഒക്ടോബർ വിപ്ലവത്തിന്റെ ചരിത്രം എന്നാൽ ലെനിന്റെ ചരിത്രം കൂടിയാണ്. കാരണം ലെനിൻ ഇല്ലായിരുന്നെങ്കിൽ ഒക്ടോബർ വിപ്ലവം പോയിട്ട്, മാർക്സും ഏംഗൽസും ഓർമ്മിക്കപ്പെടുകപോലും ഉണ്ടായിരുന്നില്ല. യഥാർത്ഥനാമം വ്ളാദിമിർ ഇല്ലിച്ച് ഉല്യാനോവ് എന്നായിരുന്നെങ്കിലും, സൈബീരിയയിലെ ഒരു വൻനദിയായ 'ലെന'യുടെ പേരിൽ അദ്ദേഹം സ്വയം സ്വീകരിച്ച തൂലികാനാമമായ 'ലെനിൻ' എന്നത് പിന്നീട് ജനങ്ങളുടെ നാവിൽ ഉറച്ചു പോവുകയായിരുന്നു.

മാർക്‌സിന്റെ മരണത്തിനും ഏഴുവർഷങ്ങൾക്കപ്പുറം വ്ളാദിമിർ ലെനിൻ എന്ന റഷ്യൻ വിപ്ലവകാരിയുടെ മുന്നിലേക്ക് 'ദാസ് കാപ്പിറ്റൽ'(മൂലധനം) എന്ന കൃതി ആകസ്മികമായി വന്നെത്തിയിരുന്നില്ല എങ്കിൽ, മാർക്‌സിനോടൊപ്പം തന്നെ വിസ്മരിക്കപ്പെടുമായിരുന്നു അദ്ദേഹത്തിന്റെ ചിന്താപദ്ധതികളും. എന്നാൽ, മൂലധനം വായിച്ച് അതിൽ ആകൃഷ്ടനായ ലെനിൻ തന്റെ സ്നേഹിതരുടെയും അണികളുടെയും മുന്നിൽ ചെന്നുനിന്ന് താനൊരു 'മാർക്സിസ്റ്റ്' ആണെന്ന് പ്രഖ്യാപിച്ചതോടെയാണ് കാൾ മാർക്‌സ് എന്ന പേര് വീണ്ടും സമൂഹത്തിന്റെ ഓർമ്മയിലേക്ക് വന്നത്. അവിടെ നിന്നാണ് പിന്നീട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഫ്രഡറിക് ഏംഗൽസും ഒക്കെ ചർച്ചയിലേക്ക് എത്തുന്നതും ജനങ്ങളുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതും.

ലെനിന്റെ നേതൃത്വത്തിൽ നടന്ന ഒക്ടോബർ വിപ്ലവം അടക്കമുള്ള കാര്യങ്ങൾ കേരളത്തിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. പക്ഷേ അതിനുശേഷം എന്ത് സംഭവിച്ചുവെന്നാണ് പ്രധാനം. മഹത്തായ ഒരു ലക്ഷ്യം മുൻനിർത്തി ലെനിന് പിന്തുണ നൽകിയ തൊഴിലാളികൾക്കും കർഷകർക്കും തന്നെതാണ് പിന്നീടുള്ള കമ്യൂണിസ്റ്റ് ഭരണം കൊണ്ട് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത്!

ലെനിന്റെ ഇമേജ് തകർത്ത ടെലിഗ്രാമുകൾ

മാർക്വിസ്റ്റ് വ്യാഖ്യാന ഫാക്ടറികളുടെ തള്ളുകൾ മാറ്റിവെച്ച് നിഷ്്പക്ഷമായി നോക്കിയാൽ സ്റ്റാലിനെപ്പോലെ ശരിക്കും ഏകാധിപതി തന്നെയായിരുന്നു ലെനിനും. അധികാരത്തിലെത്തിയപ്പോൾപ്പോലും എല്ലാ പാർട്ടികളേയും ഉൾക്കൊള്ളിക്കുന്ന ഒരു ജനാധിപത്യവ്യവസ്ഥ അംഗീകരിക്കാമെന്ന് കമ്യൂണിസ്റ്റുകാരല്ലാത്തവരോട് ഉറപ്പ് കൊടുത്ത ലെനിൻ , അധികാരം തനിക്ക് ഭദ്രമെന്നായപ്പോൾ ഏക പാർട്ടി കമ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയാണെന്നാണ് പ്രഖ്യാപിച്ചത്. അപ്പോഴും പലയിടത്തുനിന്നായി എതിർപ്പുകൾ ഉയർന്നുകൊണ്ടിരുന്നു. എതിർപ്പുകളേയെല്ലാം അടിച്ചമർത്തുന്നതിനായി 1917 ഡിസംബർ 20നു ചെക്ക എന്ന രഹസ്യപ്പൊലീസ് സംഘടന രൂപപ്പെടുത്തിയതായി ലെനിൻ പ്രഖ്യാപിച്ചു.

ലോകമനസാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരതകളുടെ ആരംഭമായിരുന്നു അത്. ചുവപ്പ് ഭീകരത എന്നറിയപ്പെടുന്ന ആ കാലത്ത് എതിർത്തവരെയെല്ലാം യാതൊരു കരുണയുമില്ലാതെ കൊന്നൊടുക്കാൻ ലെനിൻ തന്റെ സഖാക്കൾക്ക് ടെലിഗ്രാമുകൾ അയച്ചു. ഇപ്പോൾ ഈ ടെലിഗ്രാമുകളാണ് ലെനിന്റെ ഇമേജിന് ഏറ്റവും കോട്ടം തട്ടിയത്. ഇത് പിന്നീട് ബി.ബി.സി പ്രസിദ്ധീകരിച്ചു. ഇതിൽ ഓരോ ഗ്രാമങ്ങളിലേക്കും കൊല്ലേണ്ട ആളുകൾക്ക് ലെനിൻ ക്വാട്ട നിശ്ചയിച്ച് കൊടുക്കയാണ്! അതിൽ ഒരു പൂജ്യം കൂടിപ്പോയെന്നും ലെനിന്റെ ഒരു ക്ലറിക്കൽ എററിന്റെ പേരിൽ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും പിന്നീട് വാർത്തകൾ പുറത്തുവന്നിരുന്നു!

തനിക്കെതിരെ തിരിയാൻ സാധ്യതയുള്ളവരെയെല്ലാം ലെനിൻ കൊല ചെയ്തു. വിചാരണകൂടാതെ നൂറുകണക്കിന് ആളുകളെ നിരത്തി നിർത്തി വെടിവച്ചു കൊന്നു. ചിലരെ കൂട്ടത്തോടെ നദികളിൽ മുക്കിക്കൊന്നു. സാർ ചക്രവർത്തിയുടെ കുടുംബത്തിലെ എല്ലാവരേയു,ം കുഞ്ഞുകുട്ടികളേയും സ്ത്രീകളേയുമുൾപ്പെടെ കൊലപ്പെടുത്തി. വെടിയേറ്റ് അർധ പ്രാണനായി കിടന്ന സാർ ചക്രവർത്തിയുടെ കുട്ടികളെ പട്ടാളം ലൈംഗികമായി ഉപയോഗിച്ചതായും പിൽക്കാലത്ത് വാർത്തകൾ പുറത്തുവന്നു. ആസിഡൊഴിച്ച് വികൃതമായി പലയിടത്തായി കുഴച്ചിട്ടും സർ നിക്കോളസിന്റെയും മക്കളുടെയും കഴിമാടങ്ങൾ വർഷങ്ങൾക്കുശേഷം കണ്ടെടുത്തു. ലെനിന്റെ ഇമേജിനും ഒക്ടോബർ വിപ്ലവത്തിനും വല്ലാതെ കോട്ടം തട്ടിച്ച ഒന്നായിരുന്നു അത്.

കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ തിരിയുമോ എന്ന് ഭയമുള്ളവരെയെല്ലാം പിടികൂടി തടവിലാക്കാനും ഉന്മൂലനം ചെയ്യുവാനും ലെനിനും അദ്ദേഹത്തിന്റെ വലം കൈയും രഹസ്യപ്പൊലീസിന്റെ തലവനുമായിരുന്ന ഫീലിക്സ് എഡ്മൻടോവിച്ച് ഡിറൻസ്‌കിയും ചേർന്ന് തീരുമാനിച്ചു. ബുദ്ധിജീവികൾ, ചിന്തകർ, ഉയർന്ന ഉദ്യോഗത്തിലിരുന്നവർ എന്നിവരെയെല്ലാം അറസ്റ്റ് ചെയ്തു തടവിലാക്കി. എതിർക്കുന്നവരെയെല്ലാം ജനശത്രുക്കൾ എന്ന് മുദ്രകുത്തിയാണ് ലെനിൻ അടിച്ചമർത്തിയത്.

1918 ഓഗസ്റ്റ് 15നു മെൻഷെവിക് പാർട്ടിയിലെ പ്രമുഖരായ നേതാക്കളെയല്ലാം ലെനിൻ അറസ്റ്റ് ചെയ്തു. ഇത്തരം അക്രമങ്ങളേയും കൊലപാതകപരമ്പരകളേയും ലെനിൻ ന്യായീകരിച്ചത് ബൂർഷ്വാ ജനാധിപത്യത്തിന്റേയും ബൂർഷ്വാ നീതിന്യായവ്യവസ്ഥയുടേയും സഹായം തൊഴിലാളി വിപ്ലവത്തിന് ആവശ്യമില്ല എന്ന് പറഞ്ഞായിരുന്നു. റുഡോൾഫ് സീവേഴ്സ് എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകളോട് സഹകരിക്കുകയില്ല എന്ന് കരുതിയ നൂറോളം പട്ടാളക്കാരെ ബന്ധനസ്ഥരാക്കി ജീവനോടെ തിളയ്ക്കുന്ന ലോഹച്ചൂളകളിലേക്ക് വലിച്ചെറിഞ്ഞു. ഒരുപാട് നാവികരെ കടലിൽ കെട്ടിത്താഴ്‌ത്തി! നോക്കുക ഹിറ്റ്ലറും ലെനിനും തമ്മിൽ ഫലത്തിൽ എന്താണ് വ്യത്യാസം.

ചെറുകിട കർഷകർ വർഗശത്രുക്കൾ

ശരീരഭാഗങ്ങൾ മുറിച്ച് മാറ്റിയും ക്രൂരമായി പീഡിപ്പിച്ചും കൊലപ്പെടുത്തനായി ക്യാമ്പുകളും ഉണ്ടായിരുന്നു. നാസി ജർമ്മനിക്കും ഹിറ്റ്ലർക്കും കോൺസൻട്രേഷൻ ക്യാമ്പുകൾ എന്ന ആശയവും എതിർക്കുന്നവരുടെ ഉന്മൂലനത്തിനു അവയെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന ആശയവും വേറേയെവിടെ നിന്നുമല്ല കിട്ടിയത്. വർഗ്ഗസമരത്തിൽ തൊഴിലാളിവർഗ്ഗം ഏത് വിധേനയും മുതലാളിവർഗ്ഗത്തിനെതിരേ പ്രതികാരം ചെയ്യുന്നതിനെ ലെനിൻ സർവാത്മനാ അനുകൂലിച്ചു. സ്വന്തമായി ചെക്ക യൂണിറ്റുകൾ തുടങ്ങാൻ ഡിറൻസ്‌കി എല്ലാ സോവിയറ്റുകളോടും ആവശ്യപ്പെട്ടു. മിക്കയിടത്തും കൊള്ളയടി സംഘങ്ങളായി അത് മാറി.

കൊള്ളയടിയും ജനങ്ങളെ അടിച്ചമർത്തലും നടത്തുന്നതിനിടയിൽ രാജ്യത്തെ സാമ്പത്തികരംഗം ആകെ തകർന്നടിഞ്ഞു. ക്ഷാമം മൂലം ജനങ്ങൾ പട്ടിണി കിടക്കാൻ തുടങ്ങി. ജനങ്ങൾ പട്ടിണി കിടക്കുന്നതിനേക്കാൾ പട്ടാളക്കാർക്കും ചെക്ക എന്ന രഹസ്യപ്പൊലീസിൽ ഉള്ളവർക്കും ആവശ്യത്തിനു ഭക്ഷണം പോലും എത്തിക്കാനാവുന്നില്ല എന്ന് നേതാക്കൾ വിലപിച്ചു. അവർ എതിരായാൽ രംഗം വഷളാകും എന്ന് നേതാക്കന്മാർക്ക് ഉറപ്പുണ്ടായിരുന്നു. തൊഴിലാളികൾക്കും പട്ടാളക്കാർക്കും ഒപ്പം കമ്യൂണിസ്റ്റുകാരുടെ കൂടെ നിന്ന് ബോൾഷെവിക്കുകൾക്ക് അധികാരം നേടിക്കൊടുത്തവരാണ് ചെറുകിട കർഷകർ. വളരെച്ചെറിയ ഒരു വയലോ ഒരു കഷണം ഭൂമിയോ മാത്രം കയ്യിലുള്ള പാവങ്ങൾ. 1918 സോവിയറ്റുകളുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സാക്ഷാൽ ലെനിൻ ഇങ്ങനെ പ്രഖ്യാപിച്ചു.

'ചെറുകിടകർഷകർ മുതലാളികൾക്കെതിരെയും ജന്മിമാർക്കെതിരേയും തൊഴിലാളിവർഗ്ഗത്തോടൊപ്പം നിന്ന് പൊരുതിയവർ തന്നെയാണ്. എന്നാൽ ഇന്ന് അവരുടേയും നമ്മുടേയും വഴികൾ പിരിഞ്ഞിരിക്കുന്നു. അവർക്ക് അച്ചടക്കത്തേയും വ്യവസ്ഥിതിയേയും എന്നും ഭയമായിരുന്നു. അവരോട് ഒരു കരുണയും ദയയുമില്ലാത്തവിധം പെരുമാറാനുള്ള സമയമെത്തി. അവർക്കെതിരെ നാം തിരിയേണ്ട സമയമായിരിക്കുന്നു''. - കമ്യൂണിസ്റ്റുകാരെ വളരാനും അധികാരം പിടിച്ചെടുക്കാനും ഏറ്റവും സഹായിച്ച ചെറുകിട കർഷകർ ഒറ്റ ദിവസം കൊണ്ട് ചെറുകിട കർഷകരെ വർഗ്ഗശത്രുക്കളായി പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റുകാർ കർഷകരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. പാർട്ടിക്കാർ പറയുന്ന വിളകൾ പറയുന്ന സമയത്ത് വിളവെടുത്ത് നൽകാനുള്ള അടിമകൾ മാത്രമായി കർഷകർ. അവർക്കിഷ്ടപ്പെട്ട വിളകൾ നട്ടുവളർത്താനോ അധികം വരുന്ന ധാന്യം പൊലും സ്വന്തമായി സൂക്ഷിക്കാനോ അവർക്ക് അധികാരമില്ലാതായി. കർഷകർ ഉണ്ടാക്കുന്ന ഒരു വിളയിലും അവർക്ക് അവകാശം ഉണ്ടായിരുന്നില്ല. ധാന്യങ്ങൾ, പാൽ, മുട്ട, പാലുൽപ്പന്നങ്ങൾ ഒക്കെ ഓരോ ഗ്രാമങ്ങളിലും ശേഖരിച്ചയയ്ക്കണം. ഇതേ രീതിതന്നെയാണ് പിൽക്കാലത്ത് സ്റ്റാലിനും ചൈനയിൽ മാവോയും പിന്തുടർന്നത്.

കർഷകരെ ബന്ദിയാക്കുന്നു; കൊള്ളയടിക്കുന്നു

ഗ്രാമപ്രദേശങ്ങളിൽ നിന്ന് കൂട്ടമായി ജനങ്ങളെ അടിമപ്പണിയെടുക്കാൻ പിടിച്ചുകൊണ്ട് പോകാൻ തുടങ്ങി. ഒളിച്ചോടിയവരെ തെരഞ്ഞ് പിടിച്ച് കൊലപ്പെടുത്തി. എന്നാലും ഏതാണ്ട് ഇരുപത് ലക്ഷത്തോളം ഗ്രാമീണർ അധികാരികളുടെ കയ്യിലകപ്പെടാതെ ഒളിച്ച് നടന്നിരുന്നു.അപ്പോഴാണ് ലെനിൻ കുപ്രസിദ്ധമായ 'ബന്ദിയാക്കൽ' പദ്ധതി കൊണ്ട് വരുന്നത്. കർഷകർ ജോലിക്ക് വന്നില്ലെങ്കിൽ അവരുടെ വീടുകളിലെ കുടുംബാംഗങ്ങളെ പിടിച്ച് വെടിവച്ച് കൊല്ലാൻ ലെനിൻ ഉത്തരവിറക്കിയതോടെയാണ് അതിന്റെ തുടക്കം. അടിമപ്പണിയിൽ നിന്ന് ആരെങ്കിലും രക്ഷപെടുന്നെന്ന് തോന്നിയാൽ അവരുടെ കുടുംബാംഗങ്ങളെ തിരഞ്ഞ് പിടിച്ച് പരസ്യമായി കൊലപ്പെടുത്തുകയോ ബന്ദികളായി തടവിലാക്കുകയോ ചെയ്തു.

റഷ്യയുടെ പലഭാഗത്തായി ഇങ്ങനെയുള്ളവരെ പാർപ്പിക്കാൻ കോൺസൺട്രേഷൻ ക്യാമ്പുകൾ തുടങ്ങി. കർഷകരിൽ ചിലരെല്ലാം ഇതിനെ എതിർക്കാനും ബോൾഷെവിക്കുകളുടെ ക്രൂരതകൾ അവസാനിപ്പിക്കുവാനും സ്വന്തമായി സമരസംഘടനകൾ തുടങ്ങി. അതി ക്രൂരമായാണ് കമ്യൂണിസ്റ്റ് ഭരണകൂടം അവരെ അടിച്ചമർത്തിയത്. കൊസാക്കുകൾ എന്നറിയപ്പെടുന്ന ഗോത്രങ്ങൾ ബോൾഷെവിക്കുകൾക്കെതിരാണ് എന്ന ഭീതിയാൽ അവരെ വംശഹത്യ ചെയ്യാൻ കമ്യൂണിസ്റ്റുകാർ തീരുമാനിച്ചു. കൊസ്സാക്ക് ഗ്രാമങ്ങൾ തിരഞ്ഞ് പിടിച്ച് തീവച്ചു. പുരുഷന്മാരിൽ ആരോഗ്യമുള്ളവരെ അടിമപ്പണിയെടുപ്പിക്കാൻ ലേബർ ക്യാമ്പുകളിലയച്ചു. സ്ത്രീകളെയും വൃദ്ധരേയും കുട്ടികളേയും ആ ഗ്രാമങ്ങളിൽ നിന്ന് ആട്ടിപ്പായിക്കുകയും അവരുടെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുകയും ചെയ്തു.

ഏതാണ്ട് അമ്പതിനായിരത്തോളം കൊസക്കുകളെ കൊലചെയ്തെന്നാണ് കരുതുന്നത്. ഏതാണ്ട് മുഴുവൻ കൊസാക്ക് ഗ്രാമങ്ങളും വിജനമായി. ഗ്രീൻ ആർമി എന്ന കർഷകസംഘടനയിലുള്ളവരെ വിപ്പവത്തിനെതിരെ നിൽക്കുന്നവർ എന്ന് ആരോപിച്ച് കൂട്ടമായി കൊലപ്പെടുത്തി. അവരിൽ ചിലർ ഒളിവിൽപ്പോയപ്പോൾ അവരുടെ കൊച്ചു കുട്ടികളുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ നിരത്തി നിർത്തി വെടിവച്ചു കൊന്നു. അടുത്ത ഊഴം തൊഴിലാളികളുടേതായിരുന്നു. കമ്യൂണിസ്റ്റ് പീഡനവും ശമ്പളമില്ലായ്മയും റേഷൻ കിട്ടാത്തതും കാരണം തൊഴിലാളി നേതാക്കൾ രാജ്യവ്യാപകമായ സമരങ്ങൾക്ക് ആഹ്വാനം നൽകി. കമ്യൂണിസ്റ്റുകാർ നോക്കിനിന്നില്ല.

കർഷകസമരത്തെ അടിച്ചമർത്തിയത് പോലെതന്നെ തൊഴിലാളി സമരത്തേയും അവർ അടിച്ചമർത്തി. റേഷനായി റൊട്ടി കൂടൂതൽ തരണം എന്ന ആവശ്യവുമായി ഉപവാസ സമരം ചെയ്ത തൊഴിലാളി സമരക്കാർക്കെതിരെ ചെക്ക വെടിയുതിർത്ത് മോസ്‌കോയിൽ പത്ത് പേരെ കൊലപ്പെടുത്തി. വേറെയൊരിടത്ത് അതേ ദിവസം ബോൾഷെവിക് കമ്മിസാർമാർക്കെതിരേ യോഗം ചേർന്ന തൊഴിലാളികൾക്കെതിരേ ചുവപ്പുസേന വെടിയുതിർത്ത് പതിനഞ്ച് തൊഴിലാളികൾ മരണപ്പെട്ടു. അതേ മാതൃകയിൽ രാജ്യമെമ്പാടും സമരങ്ങൾ അടിച്ചമർത്തി ആയിരക്കണക്കിനു തൊഴിലാളികളെ തടവിലാക്കി. പുടിലോവ് ഫാക്ടറിയിൽ സമരം ചെയ്ത തൊള്ളായിരം സമരക്കാരെ ചെക്ക അറസ്റ്റ് ചെയ്തു. അതിൽ കുറഞ്ഞത് ഇരുനൂറു പേരെയെങ്കിലും വിചാരണകൂടാതെ വധശിക്ഷയ്ക്ക് വിധേയരാക്കി.

വ്യാപാരസ്ഥാപനങ്ങളും പട്ടാളവത്ക്കരിക്കുന്നു

കമ്യൂണിസ്റ്റ് പാർട്ടിയിലെ ലെനിനൊപ്പം വലിയ നേതാവായ ട്രോട്സ്‌കിയുടെ നേതൃത്വത്തിൽ 1920കളുടെ തുടക്കത്തോടെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പട്ടാളവൽക്കരിക്കാൻ തുടങ്ങി. ട്രോട്സ്‌കിയുടെ കണ്ടുപിടിത്തം മനുഷ്യൻ സ്വാഭാവികമായും മടിയൻ ആണെന്നായിരുന്നു.മുതലാളിത്ത സമൂഹത്തിൽ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ മനുഷ്യൻ ജോലി കൂടുതൽ ചെയ്യാൻ നിർബന്ധിതനാകുമ്പോൾ കമ്യൂണിസ്റ്റ് സമൂഹത്തിൽ അവൻ കൂടുതൽ മടിയനായിത്തീരും എന്നായിരുന്നു അയാളുടെ സിദ്ധാന്തം.അതുകൊണ്ട് എല്ലാ ഫാക്ടറികളിലും പട്ടാളച്ചിട്ട കൊണ്ട് വരണമെന്നും പട്ടാളക്കാർ മേലധികരികളെ അനുസരിക്കുന്നതുപോലെ ഫാക്ടറികളിലെ തൊഴിലാളികളും വായടച്ച് പണിയെടുക്കണമെന്നുമായിരുന്നു ട്രോട്സ്‌കിയുടെ കണ്ടെത്തൽ. ഫാക്ടറികൾ പട്ടാളക്യാമ്പുകളെപ്പോലെയായി. യൂണിയനുകൾ കമ്യൂണിസ്റ്റ് കമ്മിറ്റികൾക്കപ്പുറം സംസാരിക്കാനോ അവരെ ചോദ്യം ചെയ്യാനോ പാടില്ലെന്ന് നിയമം വന്നു. സമരങ്ങൾ നിരോധിച്ചു.

''മഞ്ഞപ്പരാദങ്ങളായ സമരക്കാർക്ക് ഏറ്റവും നല്ല സ്ഥാനം കോൺസൻട്രേഷൻ ക്യാമ്പുകളാണ്''- 1920 ഫെബ്രുവരി 12ലെ പ്രവ്ദ പത്രം പ്രഖ്യാപിച്ചു.ഓർക്കുക നാഴികയ്ക്ക് നാപ്പതുവട്ടം ജനകീയ സമരങ്ങളെന്ന് പറഞ്ഞ് വേണ്ടതിനും വേണ്ടാത്തതിനും തൊഴിലാളികളേക്കൊണ്ട് പണിമുടക്കിക്കുന്ന കമ്യൂണിസ്റ്റുകളുടെ യഥാർത്ഥ മുഖം.

ഭരണത്തിലേറി രണ്ട് കൊല്ലം തികയുന്നതിനു മുന്നേ കമ്യൂണിസ്റ്റുകാരെ അധികാരത്തിലെത്തിച്ച ചെറുകിട കർഷകരേയും, തൊഴിലാളികളേയും അടിമകളേക്കാൾ താഴ്ന്ന സ്വാതന്ത്യമുള്ള ജനതയായി അവർ മാറി. പാർട്ടി പത്രത്തിൽ നിറയെ ആയിരക്കണക്കിനു പേരെ വർഗ്ഗസമരം ജയിക്കാൻ കൊലപ്പെടുത്തിയതിന്റേയും ബന്ദികളായി പിടിച്ചതിന്റേയും കോൺസൺട്രേഷൻ ക്യാമ്പുകളിലയച്ചതിന്റേയും വിവരണമായിരുന്നു. എതിർക്കുന്നവർ സാമ്രാജ്യത്തത്തിന്റെ കുഴലൂത്തുകരും മുതലാളിത്ത ചാരന്മാരും ആയി മുദ്രകുത്തപ്പെട്ടു. ഒരുപാട് പേർ റഷ്യ വിട്ട് അഭയാർത്ഥികളായി ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്ക് ഒളിച്ചോടി.

1921 ആയപ്പോഴേയ്ക്കും കുറഞ്ഞത് അഞ്ചുലക്ഷം പേരെയെങ്കിലും ലെനിനും കൂട്ടാളികളും കൊലപ്പെടുത്തിയിരുന്നു. അതിന്റെ എത്രയോ ഇരട്ടി നിരപരാധികൾ തടവിലാക്കപ്പെടുകയും കോൺസൻട്രേഷൻ ക്യാമ്പുകളിലടയ്ക്കപ്പെടുകയും ചെയ്തു.കൊന്നവരെ വലിയ കുഴികളിൽ കുഴിച്ച് മൂടി. ജയിലുകളിലും ക്യാമ്പുകളിലും വച്ച് അതിക്രൂരമായി ആൾക്കാരെ കൊലപ്പെടുത്തി. എത്രയോ പേരെ ബന്ദികളാക്കി പിടിച്ച് വച്ചു. റഷ്യയുടെയും ഉക്രൈന്റേയും ജോർജിയയുടേയുമൊക്കെ ചരിത്രത്തിൽ വലിയൊരു മുറിപ്പാടായി ചുവപ്പുഭീകരത ഇന്നും ഉണങ്ങാതെ നിൽക്കുന്നു. കുറച്ചു കഴിഞ്ഞതോടെ ശത്രുക്കളേക്കാൾ തങ്ങളുടെ കൂടെയുള്ളവരെ കമ്യൂണിസ്റ്റുകാർ സംശയത്തോടെ കാണാൻ തുടങ്ങി. ഒരുതരം സമൂഹ്യ സംശയ രോഗത്തിന്റെ പിടിയിലായിരുന്നു അവർ. അങ്ങനെയും ഒരുപാട് പേർക്ക് ജീവൻ പോയി.

ഒടുവിൽ സ്റ്റാലിന്റെ കൈയിലെ കളിപ്പാവ

അവസാനകാലത്ത് സ്റ്റാലിന്റെ കൈയിലെ വെറും കളിപ്പാവ മാത്രമായിരുന്നു ലെനിൻ. ലെനിൻ പാർട്ടിക്കുള്ളിലെ സമുന്നത നേതാവായി വിരാജിക്കുമ്പോൾ, ജോസഫ് സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

ആദ്യഘട്ടത്തിൽ ലെനിനെ പരസ്യമായി എതിർക്കാൻ സ്റ്റാലിന് സാധിച്ചിരുന്നില്ല. പിന്നീട് ആരോഗ്യം ക്ഷയിച്ച് ലെനിൻ ശയ്യാവലംബിയായ സാഹചര്യത്തിലാണ് തന്റെ നയങ്ങൾ പാർട്ടിയിൽ വേരോട്ടമുണ്ടാക്കാൻ സ്റ്റാലിന് സാധിച്ചത്. സ്റ്റാലിന്റെ വിശ്വസ്തനും റഷ്യൻ രഹസ്യപൊലീസ് മേധാവിയുമായ ഫെലിക്സ് സെർസിൻസ്‌കിയുമായുള്ള ഒരു കടുത്ത വാഗ്വാദത്തിനൊടുവിലാണ് ലെനിനെ കിടപ്പിലാക്കിയ ആ പക്ഷാഘാതമുണ്ടാകുന്നത്. വംശീയ വേർതിരിവോടെ പെരുമാറിയ രഹസ്യപൊലീസ് ഒരു കസാക്കസിലെ ഒരു പൗരനെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിന് സെർസിൻസ്‌കിയെ ശകാരിച്ചു ലെനിൻ അന്ന്. 'സ്റ്റാലിനുവേണ്ടി നിങ്ങൾ റഷ്യയിൽ ഷോവനിസം നടപ്പിലാക്കുകയാണോ ? ' എന്നാണ് അന്ന് ലെനിൻ സെർസിൻസ്‌കിയോട് ചോദിച്ചത്.

എന്നാൽ, പിന്നീടങ്ങോട്ട് ശയ്യാവലംബിയായ ലെനിനിലേക്ക് ഒരു തരത്തിലും രാഷ്ട്രീയ വാർത്തകൾ എത്താതിരിക്കാൻ സ്റ്റാലിൻ പരമാവധി ശ്രമിച്ചു. അതിന്റെ ഭാഗമായി ലെനിന്റെ ഭാര്യ നതാഷ്ദയെപ്പോലും സ്റ്റാലിൻ ശകാരിക്കുന്നുണ്ട്. ആ വിവരം ഭാര്യയിൽ നിന്നറിഞ്ഞ് കോപിഷ്ടനായ ലെനിൻ സ്റ്റാലിനെ കുറ്റപ്പെടുത്തിക്കൊണ്ട് കത്തെഴുതുകയുണ്ടായി. തന്നെയും റഷ്യയെയും സ്റ്റാലിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷിക്കണമെന്നപേക്ഷിച്ചു കൊണ്ട് ലിയോൺ ട്രോട്സ്‌കിക്കും അദ്ദേഹം കത്തെഴുതി. അതായിരുന്നു ലെനിന്റെ അവസാനത്തെ ആശയവിനിമയം. 1923 മാർച്ച് 9 ന് ലെനിന് മൂന്നാമത്തെയും അവസാനത്തെയും പക്ഷാഘാതം ഉണ്ടാവുകയും, അദ്ദേഹത്തിന്റെ സംസാരശേഷി പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. മൂന്നാമത്തെ പക്ഷാഘാതം, ലെനിനെ പൂർണ്ണമായും ശയ്യാവലംബനാക്കി. ഒടുവിൽ രോഗപീഡയുടെ പാരമ്യത്തിൽ, 1924 ജനുവരി 21 ന് ലെനിൻ ഇഹലോകവാസം വെടിഞ്ഞു.

സോവിയറ്റ് സാഹിത്യത്തിലൂടെ ബ്രയിൻവാഷിങ്ങ്

സോവിയറ്റ് യൂണിയന് ലെനിനെ വെളുപ്പിക്കുന്നതിന് അതി ബ്രഹ്ത്തായ ഒരു പ്രൊപ്പഗൻഡാ മാനേജ്മെന്റ് ഉണ്ടായിരുന്നു. കഥയും കവിതയും നോവലുമായി അവർ ലെനിന്റെ വാഴ്‌ത്തുപാട്ടുകൾ എവിടെയും നിറച്ചു. ലോകമെമ്പാടടേക്കും സോവിയറ്റ് യൂണിയൻ കയറ്റുമതി ചെയ്ത ബാലസാഹിതത്തിൽ പോലും ലെനിൻ കഥാപാത്രമായി. കവചിതവാഹനത്തിൽ കയറിനിന്ന് സൈനികരെയും തൊഴിലാളികളെയും കർഷകരെയും അഭിവാദ്യം ചെയ്യുന്ന ലെനിന്റെ ചിത്രം കുട്ടികളുടെ ബോധത്തിന്റെ ഭാഗമായി.

ലെനിനെക്കുറിച്ചുള്ള കഥകളായ ലെനിനും സ്റ്റൗമേക്കറും, ലെനിനും കുട്ടികളും, എങ്ങനെയാണ് ലെനിൻ പുകവലി അവസാനിപ്പിച്ചത് തുടങ്ങിയവ ബെസ്റ്റ് സെല്ലർ ആയിരുന്നു. കുട്ടികളുടെ പുസ്തകങ്ങൾക്ക് യു.എസ്.എസ്.ആറിൽ തുച്ഛമായ വിലയേ ഉണ്ടായിരുന്നുള്ളൂ. എല്ലാ സോവിയറ്റ് കടുംബങ്ങളിലും ഈ ബാലസാഹിത്യവായന നിർബന്ധമായിരുന്നു. അക്കാലത്തെ ഒരു പ്രൊപഗൻഡയെക്കുറിച്ച് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക്ശേഷം സാഹിത്യകാരൻ ആന്ദ്ര കുറേക്കോവ് ഇങ്ങനെ എഴുതുന്നു. ''ലെനിന്റെ മാതാപിതാക്കൾ അദ്ദേഹത്തെയും സഹോദരങ്ങളെയും പാത്രത്തിലെ മുഴുവൻ ഭക്ഷണവും കഴിക്കാൻ നിർബന്ധിച്ചുവെന്നാണ് ഞങ്ങൾ പഠിച്ചിരുന്ന ഒരു കഥ. 'ക്ലീൻ പ്ലേറ്റ് സൊസൈറ്റി' എന്ന ആശയം തന്നെയുണ്ടായി. ലെനിന്റെ അച്ഛനമ്മമാർ ഭക്ഷണസമയത്ത് അത്തരമൊരു നിർബന്ധംവെച്ചിരുന്നോ എന്നതൊന്നും പ്രാധാന്യമുള്ള സംഗതിയേ ആയിരുന്നില്ല. ലെനിനെക്കുറിച്ചുള്ള ബാലകഥകൾ എഴുതിയിരുന്ന സോവിയറ്റ് കഥാകാരൻ വ്‌ളാദിമിർ ബോൺഷ് ബ്രൂവിച്ച് എന്താണോ എഴുതിയിരുന്നത് അത് നമ്മൾ വിശ്വസിച്ചുകൊള്ളണം എന്നേയുള്ളൂ. അതിന്റെ പരിണതഫലമെന്നോണം, ഞങ്ങളുടെ വീട്ടിൽ അച്ഛനും അമ്മയും 'ക്ലീൻ പ്ലേറ്റ് സൊസൈറ്റി' എന്ന ആശയത്തെക്കുറിച്ച് ഭക്ഷണസമയത്ത് ഒർമിപ്പിച്ചുകൊണ്ടേയിരുന്നു. ഞാനും ജ്യേഷ്ഠനും എന്താണോ കഴിക്കാൻ മടിച്ചിരുന്നത് അത് കഴിക്കാൻ അവർ ഞങ്ങളെ നിർബന്ധിച്ചുകൊണ്ടേയിരുന്നു.''- ഇങ്ങനെയാണ് സോവിയറ്റ് നാട്ടിൽ ലെനിനെനെക്കുറിച്ചുള്ള വീരാരാധന നിറച്ചത്. റഷ്യയിൽ മഴ പെയ്താൽ കുട പിടിക്കുന്ന ഉപഗ്രഹ രാഷ്ട്രങ്ങളിലൂടെ അത് കേരളത്തിലും എത്തി.

മഹാസാഹിത്യകാരനായ മാക്സിം ഗോർക്കിപോലും ലെനിനെ വല്ലാതെ പുകഴ്‌ത്തി എഴുതി. അല്ലെങ്കിൽ അദ്ദേഹം ലെനിന്റെ ഒരു മുഖം മാത്രമേ അറിഞ്ഞിട്ടുണ്ടാവൂ.
'ചെലവു കുറഞ്ഞ ഹോട്ടലിൽ കയറി കുറച്ചുമാത്രം ഭക്ഷണം കഴിക്കുന്ന ലെനിൻ, തൊഴിലാളി സഖാക്കൾക്ക് വേണ്ടത്ര ഭക്ഷണം കിട്ടിയോ ആർക്കും വിശക്കുന്നില്ലല്ലോ എന്ന് അന്വേഷിക്കുന്ന പ്രിയപ്പെട്ട സഖാവ്. എല്ലാവരും വിശന്നുവലയുമ്പോ പട്ടാളക്കാരും കൃഷിക്കാരും അയച്ചുകൊടുക്കുന്ന ഭക്ഷണം കഴിക്കാൻ ലെനിൻ ലജ്ജിച്ചു. യാതൊരു സുഖസൗകര്യങ്ങളുമില്ലാത്ത അദ്ദേഹത്തിന്റെ വാസസ്ഥലത്ത് തനിക്കു കിട്ടുന്ന ഭക്ഷണം രോഗികൾക്കോ ക്ഷീണം ബാധിച്ച സഖാക്കൾക്കോ കൊടുക്കാൻ തിടുക്കം കാട്ടി''- ഗോർക്കി എഴുതി.

പക്ഷേ ഇതെല്ലാം കമ്യൂണിസ്റ്റുകളുടെ കൃത്യമായ പ്രൊപ്പഗാൻഡ മനേജ്മെന്റ് മാത്രമാണെന്നും നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ വിപ്ലവത്തിന്റെ പേരിൽ കൊന്നൊടുക്കിയതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ലെനിനും മാറാൻ കഴിയില്ലെന്നാണ് ഇപ്പോഴത്തെ റഷ്യൻ എഴുത്തുകാരും ബുദ്ധിജീവികളും ചൂണ്ടിക്കാട്ടുന്നത്.

ലെനിനും തികഞ്ഞ ക്രൂരനും ഏകാധിപതിയും തന്നെ

സ്റ്റാലിനെപ്പോലെ തന്നെ തികഞ്ഞ ഏകാധിപത്യവാസനകൾ കാത്തുസൂക്ഷിച്ചിരുന്ന ഒരു രാഷ്ട്രീയനേതാവുതന്നെയായിരുന്നു ലെനിനുമെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും. ഏതൊരു വിമതസ്വരത്തെയും നിർദയം ഈ ഭൂമുഖത്തു നിന്നുതന്നെ തുടച്ചു നീക്കാൻ സ്റ്റാലിനെപ്പോലെ ലെനിനും മടിച്ചിട്ടില്ല. എന്നാൽ, ലെനിൻ ആ 'നീക്കം ചെയ്യലുകളെ', അതിനു വേണ്ടിയുള്ള നിഷ്‌കരുണമായ കൊലകളെ, തടസ്സം നീക്കാനുള്ള ഒഴിവാക്കാനാവാത്ത നടപടികൾ എന്നുമാത്രമേ കണ്ടിട്ടുള്ളൂ. സ്റ്റാലിനെപ്പോലെ പട്ടാളവേഷം അണിയുന്നതിൽ അഭിരമിക്കുകയോ, എതിരാളികളുടെ ചിത്രവധങ്ങൾക്ക് നേരിട്ട് സാക്ഷ്യംവഹിക്കുകയോ, അക്രമങ്ങളിൽ അഭിരമിക്കുകയോ ചെയ്തിട്ടില്ല ലെനിൻ. ഇരുവരുടെയും കൈകളിൽ ആയിരക്കണക്കിന് നിരപരാധികളുടെ രക്തം പുരണ്ടിട്ടുണ്ട്. സ്റ്റാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം അത് ആസ്വദിച്ച് ചെയ്തിരുന്ന ഒരു പ്രവൃത്തിയായിരുന്നു, ലെനിന് അതങ്ങനെ ആയിരുന്നില്ല. ആ ഒരൊറ്റ വ്യത്യാസം മാത്രം.

കൂടെനിന്ന് അധികാരം പിടിച്ചെടുക്കാൻ സഹായിച്ച കർഷകർ, തൊഴിലാളികൾ, പട്ടാളക്കാർ എന്നിവരെത്തന്നെയാണ് ലെനിനും ലെനിനിസവും ആദ്യം ചതിച്ചത്. സ്റ്റാലിന്, മാവോ, പോൾപോട്ട് തുടങ്ങിയ സകല ഏകാധിപതികൾക്കും പിന്നീട് ഇത് മാതൃകയായെന്ന് ഡാനിയൽ ഡെന്നറ്റിനെപ്പോലുള്ള ചിന്തകർ ചൂണ്ടിക്കാട്ടുന്നു.

ലെനിന്റെ ആശയങ്ങൾ സ്റ്റാലിൻ തെറ്റായി നടപ്പാക്കുകയായിരുന്നു, അതുകൊണ്ടാണ് സോവിയറ്റ് യൂണിയൻ ഏകാധിപത്യത്തിലേക്ക് പോയതെന്ന കേരളത്തിൽ മാർകിസ്റ്റ് പാർട്ടിയടക്കം ഉന്നയിക്കുന്ന ന്യായീകരണങ്ങൾ ശരിയല്ലെന്ന് സോവിയറ്റ് ചരിത്രം പഠിച്ചാൽ വ്യക്തമാവും. ലെനിന്റെ ആശയങ്ങൾ തെറ്റായല്ല സ്റ്റാലിൻ നടപ്പാക്കിയത്്. മുതലാളിമാരെയും പിന്തിരിപ്പന്മാരെയും കൊന്നൊടുക്കണം എന്നത് ലെനിന്റെ നയം തന്നെയായിരുന്നു.

ലെനിന്റെ ഈ ആശയത്തിന്റെ അടിസ്ഥാനം മാർക്സിന്റെ ആശയങ്ങൾ ആണെന്നും ഡാനിൽ ഡെറ്ററ്റ് വ്യക്തമാക്കുന്നു. ''ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കാമെന്നാണ് മാർക്‌സ് പറയുന്നത്. സർവാധിപത്യം സ്വപ്നം കാണുന്ന ഏത് പ്രസ്ഥാനത്തെയും ഭയക്കണം. മാർക്‌സിസം തൊഴിലാളി വർഗത്തിന്റെ സർവാധിപത്യത്തിനാണ്. അതുതന്നെയാണ് ലെനിൻ നടപ്പാക്കിയത്. വിപ്ലവാനന്തരം അവശേഷിക്കുന്ന ബൂർഷ്വകളെ എന്ത് ചെയ്യണം എന്ന് മാർക്സും ഏംഗൽസും കൃത്യമായി എഴുതിയിട്ടുണ്ടായിരുന്നില്ല. എന്നാൽ ലെനിൽ അതിന് ഒരു തീർപ്പുണ്ടാക്കി. അവരെ കൊല്ലുക!''- ഡെന്നറ്റ് ചൂണ്ടിക്കാട്ടി.

'കമ്യൂണിസം ക്രിസ്ത്യാനിറ്റിയിൽ നിന്ന് ഉണ്ടായതെന്ന് '

ബോൾഷെവിക്ക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും റഷ്യയുടെ സാമൂഹിക സാഹചര്യം കാര്യമായ പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നൂറ്റാണ്ടായുള്ള നിലപാടിന് കടകവിരുദ്ധമായി നിൽക്കുന്ന, ഇപ്പോഴത്തെ പാർട്ടി നേതാവ് ഗെന്നഡി സ്യുഗാനോവ് പറയുന്ന കാരണങ്ങൾ പലർക്കും അങ്ങ് ദഹിച്ചു എന്നുവരില്ല. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാർക്സിയൻ സങ്കല്പമൊക്കെ തോട്ടിലെറിഞ്ഞ് സ്യുഗാനോവ് പറഞ്ഞുകൊണ്ടുവരുന്നത് 'കമ്യൂണിസം സത്യത്തിൽ ക്രിസ്ത്യാനിറ്റിയിൽ നിന്നുത്ഭവിച്ചതാണ്...' എന്നാണ്. 'ഞാൻ ബൈബിൾ വായിച്ചപ്പോൾ, അതിൽ പോൾ എന്ന അപോസ്തലന്റെ വചനങ്ങൾ പഠിച്ചപ്പോൾ, അതിൽ ഞാൻ കണ്ടത് കമ്യൂണിസത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു. 'പണിയെടുക്കാത്തവൻ കഴിക്കുന്നില്ല' എന്ന് അതിൽ പറയുന്നുണ്ട്.' സ്യുഗാനോവ് പറഞ്ഞു, 'സത്യം പറഞ്ഞാൽ, കമ്യൂണിസത്തിന്റെ കട്ടകൾ അടുക്കിവെച്ചിട്ടുള്ളത് ബൈബിളിന്റെ അസ്തിവാരത്തിന്മേലാണ്'.

റഷ്യൻ ഓർത്തഡോക്സ് സഭാധ്യക്ഷനും സഭയിലെ മറ്റംഗങ്ങൾക്കും സ്യുഗാനോവിന്റെ ഈ വാക്കുകൾ കാതിൽ തേന്മഴയായി അനുഭവപ്പെട്ടേക്കാം എങ്കിലും, ലെനിന്റേയും സ്റ്റാലിന്റെയും പിന്നീട് ക്രൂഷ്‌ചേവിന്റെയും കാലത്ത് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി ക്രിസ്ത്യാനികൾക്കെതിരെ നടത്തിയ ഹിംസ, പുരോഹിതന്മാരെയും വിശ്വാസികളെയും പള്ളിക്കാരെയും അവർ നിർദാക്ഷിണ്യം കൊന്നുതള്ളിയത് ഒന്നും അത്രയെളുപ്പത്തിൽ മറന്നുകൊണ്ട് അവരോടടുക്കാൻ റഷ്യയിലെ മതവിശ്വാസികൾക്ക് സാധിച്ചുകൊള്ളണമെന്നില്ല. നേരത്തെ 'യേശുക്രിസ്തുവാണ് ലോകത്തെ ആദ്യത്തെ കമ്യൂണിസ്റ്റുകാരൻ' എന്ന വിവാദപ്രസ്താവന നടത്തിയതും സഖാവ് സ്യുഗാനോവ് തന്നെയായിരുന്നു.

സോവിയറ്റ് യൂണിയന്റെ രൂപീകരണത്തിന് മുമ്പ് റഷ്യ മതവിശ്വാസികളുടെ പറുദീസയായിരുന്നു. സർക്കാരിന്റെ ഭാഗം പോലുമായിരുന്നു ഓർത്തഡോക്സ് സഭ അക്കാലത്ത്. എന്നാൽ, റഷ്യൻ വിപ്ലവത്തിന് ശേഷം വന്ന കമ്യൂണിസ്റ്റ് സർക്കാരുകളുടെ ഔദ്യോഗിക നയം തന്നെ 'നിരീശ്വരവാദം' ആയിരുന്നു. വർഷങ്ങളെടുത്ത് പാഠപുസ്തകങ്ങളിലൂടെയും, പാർട്ടി കോൺഗ്രസുകളിലൂടെയും, ലഘുലേഖകൾ അച്ചടിച്ചും ഒക്കെ നടത്തിയ പ്രൊപ്പഗണ്ടകൾക്ക് ഒടുവിൽ റഷ്യൻ ജനതയുടെ മനസ്സുകളിൽ നിന്നുപോലും മതം എന്ന സങ്കൽപം ഏറെക്കുറെ അസ്തമിച്ചു തുടങ്ങിയിരുന്നു. യു.എസ്.എസ്.ആറിന്റെ പതനം മതങ്ങളുടെ ശക്തമായ തിരിച്ചുവരവിന് കാരണമായി. അതോടെ അതുവരെ പുറമേക്ക് കടുത്ത കമ്യൂണിസ്റ്റ് നാസ്തികരായിരുന്ന പലരും ഒരുസുപ്രഭാതത്തിൽ തങ്ങളുടെ മതാഭിമുഖ്യം വെളിപ്പെടുത്തി രംഗത്തുവന്നു. ഇന്ന് റഷ്യൻ ജനതയുടെ 80 ശതമാനവും മതവിശ്വാസികളാണ്. അതുകൊണ്ടുതന്നെ കമ്യൂണിസവും മതവിശ്വാസവും തോളോടുതോൾ ചേർന്ന് മുന്നോട്ടുപോകുന്ന ഒരു കാഴ്ചയാണിന്ന് റഷ്യയിൽ കാണുന്നത്.

അതായത് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിപോലും കാര്യമായി മാറിയിരിക്കുന്നു. അവർ ഇന്ന് ഒക്ടോബർ വിപ്ലവമൊന്നും കാര്യമായി ആഘോഷിക്കാറില്ല. എന്നിട്ടും റഷ്യയിൽ മഴപെയ്താൽ ഇവിടെ കുടപിടിക്കുന്ന അവസ്ഥ കേരളത്തിൽ തുടരുന്നു!

കടപ്പാട്:

ലെനിൻസ് സീക്രിട്ട് ഫയൽസ്- ഡ്യോക്യുമെന്റി ഡിസ്‌ക്കവറി ചാനൽ

ഡേവിഡ് മോർസെ- എനിമീസ് ഓഫ് പീപ്പിൾ

ക്ലിയോൺ സകൗസെൻ - ദ നേക്കഡ് കമ്മ്യുണിസം