- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം: ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകാൻ വൈകി; വേഗത്തിൽ നൽകിയിരുന്നെങ്കിൽ മഹാമാരി ഏൽപ്പിച്ച ആഘാതത്തിന്റെ തോത് കുറയ്ക്കാമായിരുന്നു; വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്നും സ്വതന്ത്ര ആഗോള പാനലിന്റെ റിപ്പോർട്ട്; മറ്റൊരു മഹാമാരിയെ തടയുന്നതിനായുള്ള ദേശീയ മുന്നൊരുക്കങ്ങൾ പുനരുജ്ജീവിപ്പിക്കണമെന്നും ആവശ്യം
ജനീവ: ലോകാരോഗ്യ സംഘടന കൃത്യമായ മുന്നറിയിപ്പ് വേഗത്തിൽ നൽകിയിരുന്നെങ്കിൽ കോവിഡ് 19 മഹാമാരി ഏൽപ്പിച്ച ആഘാതത്തിന്റെ തോത് കുറയ്ക്കാമായിരുന്നുവെന്ന് സ്വതന്ത്ര ആഗോള പാനലിന്റെ റിപ്പോർട്ട്. തെറ്റായ തീരുമാനങ്ങളാണ് കോവിഡ് രൂക്ഷമാകാൻ കാരണമായതെന്ന് ഇൻഡിപെൻഡന്റ് പാനൽ ഫോർ പാൻഡമിക് പ്രിപേർഡ്നസ് ആൻഡ് റെസ്പോൺസ് റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് 19 മഹാമാരിയോട് ലോകമെമ്പാടുമുള്ള പ്രതികരണം അവലോകനം ചെയ്ത പാനൽ ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. 3.3 ദശലക്ഷം ആളുകൾ മരണപ്പെടുകയും ആഗോള സമ്പദ്വ്യവസ്ഥ തകിടം മറിയുകയും ചെയ്തുവെന്നും ഇതു തടയാമായിരുന്നുവെന്നും ആഗോള സ്വതന്ത്ര സംഘടന സമിതി വിലയിരുത്തി. ലോകാരോഗ്യ സംഘടന ഏറെ വൈകിയാണു മുന്നറിയിപ്പ് നൽകിയതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്ക്, ലൈബീരിയൻ മുൻ പ്രസിഡന്റ് എലൻ ജോൺസൻ സർലീഫ് എന്നിവരാണ് സമിതിയുടെ അധ്യക്ഷന്മാർ. 'കോവിഡ് 19: അവസാനത്തെ മഹാമാരിയാകണം'. എന്ന റിപ്പോർട്ടിലാണ് പരാമർശം. ജനങ്ങളെ സംരക്ഷിക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടു. 2019 ഡിസംബറിൽ വുഹാനിൽ വൈറസ് പൊട്ടിപ്പുറപ്പെട്ടു. 2020 ഫെബ്രുവരിയാകുന്നതുവരെ കാര്യത്തിന്റെ ഗൗരവം അറിയിക്കാൻ ചൈന തയാറായില്ല.
അടിയന്തര സാഹചര്യം മനസിലാക്കുന്നതിൽ മറ്റു രാജ്യങ്ങളും പരാജയപ്പെട്ടു. വ്യാപനം നേരിടുന്നതിനു മാർഗങ്ങളില്ലാതിരുന്നതും ഏകോപനമില്ലായ്മയും മാനവരാശിയെ വൻദുരന്തത്തിലേക്കു തള്ളിവിട്ടു. വുഹാനിൽ വൈറസ് കണ്ടെത്തിയപ്പോൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമായിരുന്നു. തുടർച്ചയായ അലംഭാവമാണു ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചത്.
ലോകാരോഗ്യസംഘടനയിൽ പരിഷ്ക്കാരങ്ങൾക്ക് ആഹ്വാനം ചെയ്ത പാനൽ മറ്റൊരുമഹാമാരിയെ തടയുന്നതിനായുള്ള ദേശീയ മുന്നൊരുക്കങ്ങൾ പുനരുജ്ജീവിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 'ലോകാരോഗ്യ സംഘടനയെ ശാക്തീകരിക്കുക എന്നുള്ളത് നിർണായകമാണ്.' പാനലിന്റെ സഹ-അധ്യക്ഷനും മുൻ ന്യൂസീലൻഡ് പ്രധാനമന്ത്രിയുമായ ഹെലൻ ക്ലാർക്ക് പറഞ്ഞു.
രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് അന്വേഷിക്കുന്നതിനും ലഭ്യമായ വിവരങ്ങൾ വേഗത്തിൽ പ്രസിദ്ധീകരിക്കാൻ ലോകാരോഗ്യസംഘടനയെ അനുവദിക്കുകയും ചെയ്യുന്ന സുത്യാരമായ ഒരു നിരീക്ഷണ-ജാഗ്രതാ സംവിധാനം വേണമെന്ന് തങ്ങൾ ആഹ്വാനം തെയ്യുന്നതായി പാനലിന്റെ സഹഅധ്യക്ഷനായ മുൻ ലൈബീരിയൻ പ്രസിഡന്റ് എല്ലെൻ ജോൺസൺ സെർലീഫ് പറഞ്ഞു.
മെയ് 24-ന് ലോകാരോഗ്യസംഘടനയുടെ വാർഷിക അസംബ്ലിയിൽ ആരോഗ്യമന്ത്രിമാർ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചർച്ച ചെയ്യും.
2019 അവസാനത്തിൽ ചൈനീസ് നഗരമായ വുഹാനിൽ ഉത്ഭവിച്ച സാർസ് കോവ് 2 എന്ന വൈറസിനെ മഹാദുരന്തമായി പരിണമിക്കാൻ അനുവദിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ന് നാം അഭിമുഖീകരിക്കുന്ന സാഹചര്യം തടയാൻ കഴിയുമായിരുന്നു. അസംഖ്യം പരാജയങ്ങളും മുൻകരുതലെടുക്കുന്നതിലും പ്രതികരിക്കുന്നതിലുമുണ്ടായ കാലതാമസവും, ആശയവിനിമയത്തിലുണ്ടായ വിടവുകളുമാണ് ഈ സാഹചര്യത്തിലെത്തിച്ചത്.
2019 ഡിസംബറിൽ തന്നെ അസാധാരണമായ ന്യൂമോണിയ സംബന്ധിച്ച് ചൈനീസ് ഡോക്ടർമാർ അധികൃതർക്ക് വിവരം നൽകിയിരുന്നു. രോഗനിയന്ത്രണത്തിനുള്ള തായ്വാൻ സെന്ററിൽ നിന്നും മറ്റുള്ളിടത്തുനിന്നുമാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ടുകളും സ്വീകരിച്ചു. ജനുവരി 30 വരെ കാത്തിരിക്കുന്നതിന് പകരം ലോകാരോഗ്യസംഘടനയുടെ അടിയന്തരസമിതിക്ക് ജനുവരി 22ന് കൂടിയ ആദ്യയോഗത്തിൽ തന്നെ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമായിരുന്നു.
എന്നാൽ ആ സമിതി യാത്രാ നിയന്ത്രണങ്ങൾ ശുപാർശ ചെയ്തില്ല. അതിന് കാരണം ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളാണ്. അത് നവീകരിക്കേണ്ടതുണ്ട്. യാത്രാ നിയന്ത്രണങ്ങൾ വേഗത്തിലും കൂടതൽ വ്യാപകമായും ഏർപ്പെടുത്തുകയായിരുന്നുവെങ്കിൽ രോഗവ്യാപനത്തെ തടയാമായിരുന്നു. - ക്ലാർക്ക് പറയുന്നു.
ലോകാരോഗ്യസംഘടനയുടെ സാധ്യമായ ഏറ്റവും വലിയ അലാറം അടിയന്തര പ്രഖ്യാപനമാണെന്ന് മനസ്സിലാക്കുന്നതിലും മഹാമാരിയായി പ്രഖ്യാപിക്കുന്നതിന് ലോകാരോഗ്യസംഘടനയ്ക്ക് അധികാരമില്ലെന്നും മനസ്സിലാക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
രോഗവ്യാപനം കുറയ്ക്കുകയും തടയുകയും ചെയ്യുന്നതിനായി നടപടികൾ സ്വീകരിക്കേണ്ട സമയമായിരുന്ന 2020 ഫെബ്രുവരി മാസം നഷ്ടപ്പെടുത്തിയെന്ന് പാനലിന് വളരെ വ്യക്തമായി മനസ്സിലാക്കാനായി. തങ്ങളുടെ ആശുപത്രികൾ കോവിഡ് രോഗികൾക്കായി തയ്യാറാക്കുന്നതിന് പകരം പല രാജ്യങ്ങളും മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കുമായുള്ള പോരാട്ടത്തിലായിരുന്നു.
അതേസമയം മഹാമാരിയുടെ സമയത്തെ ലോകാരോഗ്യസംഘടനയുടെ അശ്രാന്തപരിശ്രമങ്ങൾക്ക് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തെ പാനൽ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ടിൽ ചൈനയെയോ ലോകാരോഗ്യ സംഘടന മേധാവി ടെട്രോസ് അഥനോം ഗെബ്രിയേസിസിനെയോ കുറ്റപ്പെടുത്തുന്നുമില്ല. എന്നാൽ രാഷ്ട്രീയ സമ്മർദ്ദങ്ങളെ ഒഴിവാക്കുന്നതിനായി ലോകാരോഗ്യസംഘടനാ മേധാവിയുടെ കാലയളവ് ഏഴുവർഷത്തേക്കായി ചുരുക്കണമെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.
വാക്സിൻ ഉല്പാദനം വർദിപ്പിക്കുന്നതിനായി ലൈസൻസിങ്, സാങ്കോതിക കൈമാറ്റങ്ങൾ എന്നിവ സംബന്ധിച്ച ഒരു കരാർ ഉണ്ടാക്കുന്നതിനായി ലോകാരോഗ്യസംഘടനയും ലോകാവ്യാപനസംഘടനയും സർക്കാരുകളെയും മരുന്ന് നിർമ്മാതാക്കളെയും ഒന്നിച്ചുവിളിച്ചുകൂട്ടണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.
ന്യൂസ് ഡെസ്ക്