കോഴിക്കോട്: ഒന്നാം പിണറായി സർക്കാറിന്റെ കാലത്തു നടന്ന നഗ്നമായ അഴിമതിയായിരുന്നു 400 കോടിയുടെ മരം മുറി വിവാദം. മന്ത്രിസഭയിലെ ഉന്നതർക്ക് തന്നെ പങ്കുണ്ടെന്ന് ബോധ്യമായ വിവാദമാണിത്. മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഈ അഴിമതിയുടെ പങ്കുപറ്റിയെന്ന വിവാദത്തിൽ സർക്കാറിന് ശരിക്കും ഉത്തരം മുട്ടിയിരുന്നു. ഇതോടെ ഈ വിവാദത്തിൽ നിന്നും എങ്ങനെയെങ്കിലും തടിയൂരിയാൽ മതിയെന്നതായി. ഇതിനായി മാധ്യമശ്രദ്ധകൾ എങ്ങനെ തിരിച്ചുവിടാം എന്നതായിരുന്നു ഇവരുടെ ആലോചന. ഈ ആലോചന ശക്തമായതോടെ തുടക്കത്തിൽ ബ്രണ്ണൻ കഥകളുമായി പിണറായി വിജയൻ എത്തി. പിന്നാലെ കരിപ്പൂർ സ്വർണ്ണക്കടത്തു വാർത്തകളും ന്യൂനപക്ഷ സ്‌കോളർഷിപ്പ് സംബന്ധിച്ച വാർത്തകളും എത്തിയതോടെ ഒരു വശത്ത് അധികമാരും ശ്രദ്ധിക്കാതെ മരംമുറി വിഷയം കടന്നുപോയി.

ഇപ്പോൾ സംസ്ഥാനത്തെ ഞെട്ടിച്ച മരംകൊള്ള ഒത്തു തീർപ്പാക്കാനുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്. കർഷകരെ ബുദ്ധിമുട്ടിക്കരുതെന്ന സർക്കാർ നിർദ്ദേശം പാലിക്കുന്നതിനു പുറമേ, വനം വകുപ്പ് ജീവനക്കാരുടെ മേൽ ബാധ്യത വരാതിരിക്കാൻ പ്രത്യേക സർക്കുലർ ഇറക്കി പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. അതേയത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ വിഷയം പരിഹരിക്കാനാണ് സർക്കാർ ഒരുങ്ങുന്നതെന്നാണ് ചൂരുക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി സമ്മതത്തോടെയാണ് ഇത്തരമൊരു സർക്കുലർ ഇറക്കാൻ ശ്രമം ശക്തമായിരിക്കുന്നത്.

400 കോടിയുടെ മരംമുറി നടന്നെങ്കിലും വെറും 15 കോടിയുടെ നഷ്ടമായി ചുരുക്കിയാണ് ഈ കൊള്ളയ്ക്ക് തടയിടാൻ സർക്കാർ ശ്രമിക്കുന്നത്. മരം വെട്ടി കടത്തിയവരെ മാത്രം പ്രതികളാക്കി കേസ് നിലനിൽക്കില്ല എന്നതിനാൽ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും ഇതോടെ അപ്രസക്തമായേക്കും. 15 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിൽ ഈ തുക എഴുതിത്ത്തള്ളാനും സർക്കാർ തീരുമാനിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മുൻ റവന്യു മന്ത്രിയുടെയും സിപിഐ നേതൃത്വത്തിന്റെയും നേരെ അന്വേഷണം നീളും എന്ന ഘട്ടം എത്തിയതോടെയാണ് അന്വേഷണം അട്ടിമറിക്കാൻ തീരുമാനമായത്. ഇത് മുൻ മന്ത്രിസഭയുടെ പല നടപടികളെയും സംശയത്തിന്റെ നിഴലിൽ ആക്കും. ഉത്തരവ് ഇറങ്ങിയതിന്റെ ഗൂഢാലോചന പുറത്തു കൊണ്ടുവരും എന്ന് അന്വേഷണ സംഘം പ്രഖ്യാപിച്ചിരുന്നെങ്കിലും ആ വഴിക്കു നീങ്ങിയാൽ കുടുങ്ങുന്നത് വിവാദ ഉത്തരവ് ഇറക്കാൻ അന്തിമ നിർദ്ദേശം നൽകിയ മുൻ റവന്യു മന്ത്രി തന്നെയായിരിക്കും എന്നും സർക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്.

സിപിഐയുടെ മാത്രം തീരുമാനമല്ല ഉത്തരവിനു പിന്നിൽ എന്നും മരം വെട്ട് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദ്ദേശം ഉണ്ടായിരുന്നു എന്നുമുള്ള പ്രതിരോധത്തിലേക്ക് സിപിഐ നീങ്ങിയതും ഇതോടെയാണ്. ഇതോടെ പരസ്പ്പരം പഴിചാരൽ മുന്നണിക്കുള്ളിലും ഉണ്ടായി. അന്വേഷണത്തിനായി പ്രഖ്യാപിച്ച സംഘവും ഇതോടെ നിർജ്ജീവമായി. വകുപ്പിലെ വിവരാവകാശ രേഖകൾ പുറത്തു കൊടുത്ത ഉദ്യോഗസ്ഥയെ തെറിപ്പിക്കുന്ന അവസ്ഥയും പിന്നാലെയുണ്ടായി.

കേസെടുക്കുമ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽ ബാധ്യത വരാതിരിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസം ആലുവയിൽ ചേർന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിൽ ഉണ്ടായത്. ഹൈറേഞ്ച് സർക്കിളിൽ കേസെടുക്കാതെ ഉദ്യോഗസ്ഥർ നിസ്സഹകരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ചർച്ചകൾ. നഷ്ടത്തിന്റെ സാമ്പത്തിക ബാധ്യത വരും എന്നു പേടിച്ചാണ് കേസെടുക്കാത്തതെന്നു വനം ഉദ്യോഗസ്ഥർ വിശദീകരിച്ചു. 'റവന്യുവിന്റെ ഭൂമിയിൽ, റവന്യു ഉടമസ്ഥതയിൽ നിന്ന മരങ്ങൾ നഷ്ടപ്പെട്ടതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു മേൽ ബാധ്യത ഉണ്ടാവില്ല' എന്ന് വ്യക്തമാക്കുന്ന സർക്കുലർ ഇറക്കി പ്രശ്‌നം പരിഹരിക്കാമെന്ന നിർദേശമാണ് ഒടുവിൽ ഉരുത്തിരിഞ്ഞത്. ഈ നിർദേശവുമായി അന്വേഷണ സംഘം നാളെ മുഖ്യമന്ത്രിയെ കാണും.

വനം മന്ത്രി എ.കെ.ശശീന്ദ്രനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കുലർ ഇറങ്ങുന്നതിനു മുൻപ് യോഗത്തിന്റെ മിനിറ്റ്‌സ് ആധാരമാക്കി കേസെടുത്തു തുടങ്ങാനും റേഞ്ച് ഓഫിസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കേസ് രജിസ്റ്റർ ചെയ്തതിന്റെ എണ്ണം മാത്രം മതിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. കേരള ഫോറസ്റ്റ് പ്രൊഡ്യൂസ് ട്രാൻസിറ്റ് റൂൾസിലെ(1975) ഏതെങ്കിലും ദുർബല വകുപ്പുകൾ ചുമത്തി കേസെടുക്കാനും എത്ര മരങ്ങൾ നഷ്ടപ്പെട്ടു എന്ന എണ്ണം തിട്ടപ്പെടുത്താനും മാത്രമാണ് വനം വകുപ്പ് ഒരുങ്ങുന്നത്. മഹസർ പോലും എഴുതേണ്ടതില്ലെന്ന നിർദേശമാണ് ഒരു ഉദ്യോഗസ്ഥൻ നൽകിയിരിക്കുന്നത്.