- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടയഭൂമിയിലെ മരംമുറി തീരുമാനം വകുപ്പുകൾ അറിഞ്ഞു തന്നെ; വനം വകുപ്പ് ഉന്നയിച്ച എതിർപ്പ് കാര്യമാക്കാതെ മുന്നോട്ടു പോയത് റവന്യൂ വകുപ്പ്; വിവാദ സർക്കുലറും ഉത്തരവും പുറപ്പെടുവിച്ചത് നിയമ വകുപ്പും അറിയാതെ; വിവാദം മുറുകുമ്പോൾ പ്രതിക്കൂട്ടിൽ സിപിഐ; വ്യാപക മരം വെട്ടലിൽ പലയിടത്തായി അന്വേഷണം
തിരുവനന്തപുരം: പട്ടയഭൂമിയിൽ മരം മുറിക്കാൻ അനുവദിച്ചു അനുവദിച്ച തീരുമാനം വിവിധ വകുപ്പുകൾ അറിഞ്ഞു കൊണ്ടു തന്നെയായിരുന്നു. കഴിഞ്ഞ സർക്കാറിൽ രണ്ട് വകുപ്പുകളും കൈവശം വെച്ച സിപിഐയാണ് ആരോപണം മുറുകുമ്പോൾ വിവാദക്കുരുക്കിലാകുന്നത്. കാരണം റവന്യൂ, വനം വകുപ്പുകൾക്ക് വ്യക്തമായ ധാരണ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിൽ ഉണ്ടായിരുന്നു. ഉത്തരവിനെ മറയാക്കി മുതലെടുപ്പുകാർ രംഗത്തുവരുമെന്ന ബോധ്യമുണ്ടായിട്ടും ഇക്കാര്യത്തിൽ തിരുത്തൽ വരുത്താതെ മുന്നോട്ടു പോയതിലെ താൽപ്പര്യമാണ് വിവാദങ്ങൾക്ക് ഇട നൽകുന്നത്.
റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ വിവാദ സർക്കുലറിലെ വ്യവസ്ഥകൾ സങ്കീർണവും സംശയം നിറഞ്ഞതുമാണെന്നു വനം വകുപ്പ് ആവർത്തിച്ചു ചൂണ്ടിക്കാട്ടിയിട്ടും റവന്യു വകുപ്പ് അവഗണിക്കുകയാണ് ഉണ്ടായത്. ഇതിന് പിന്നിലെ കാരണം എന്താണെന്ന ചോദ്യം മുന്ണിക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. സർക്കുലറിലെ വ്യവസ്ഥകൾ കേരള ഭൂപതിവു നിയമ (1960)ത്തിൽ ഉൾപ്പെടുത്തണമെങ്കിൽ നിയമ വകുപ്പിന്റെയും നിയമസഭയുടെയും അംഗീകാരം വേണമെന്ന വനം വകുപ്പിന്റെ നിർദേശവും അവഗണിച്ചു. വനംറവന്യു മന്ത്രിതല സംയുക്ത യോഗത്തിലെ നടപടിക്കുറിപ്പുകൾക്ക് അനുസൃതമായിട്ടല്ല റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചതെന്നു ചൂണ്ടിക്കാണിച്ചതും റവന്യു വകുപ്പ് കാര്യമാക്കിയില്ല.
വകുപ്പ് ഉയർത്തിയ സംശയങ്ങൾ പാടെ അവഗണിച്ചാണു മരം മുറിക്കാൻ അനുമതി നൽകി റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബർ 24 ന് വിവാദ ഉത്തരവു പുറപ്പെടുവിച്ചതെന്ന് ഇതോടെ വ്യക്തമായി. 2020 മാർച്ച് 11 നാണ് മരംമുറി അനുമതിയുമായി അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചത്. ഇത് അവ്യക്തത നിറഞ്ഞതാണെന്നും, 2017 ലെ ചട്ടഭേദഗതി വിജ്ഞാപനത്തെക്കുറിച്ചു മാത്രമാണ് ഇതിൽ പറയുന്നതെന്നും ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്) അഡീഷനൽ ചീഫ് സെക്രട്ടറിക്ക് (വനംവന്യജീവി വകുപ്പ്) ജൂൺ 30 ന് കത്തയച്ചു. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കും ഇതു കൈമാറി. എന്നാൽ പിന്നീട് ഉത്തരവ് ഇറക്കിയപ്പോൾ ഇതു പരിഗണിച്ചില്ല.
മരം മുറി വിഷയത്തിൽ വ്യക്തത വരുത്തുന്ന സ്റ്റാറ്റിയൂട്ടറി ഓർഡേഴ്സ് ആൻഡ് റൂൾസ് (എസ്ആർഒ) പുറപ്പെടുവിക്കണമെന്നും വനം വകുപ്പ് 2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അയച്ച കത്തുകളിൽ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീടു മാർച്ചിൽ സർക്കുലർ ഇറങ്ങിയപ്പോൾ കേരള ഭൂപതിവു നിയമത്തിൽ ഇതിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെങ്കിൽ നിയമവകുപ്പിന്റെയും നിയമസഭയുടെയും അംഗീകാരം വേണമെന്നതും വനം വകുപ്പ് റവന്യു വകുപ്പിനെ അറിയിച്ചിരുന്നു.
കൃഷിക്കാർ വച്ചു പിടിപ്പിക്കുന്ന മരങ്ങൾ അവർക്കു തന്നെ നൽകണമെന്നാണു സർക്കാർ തീരുമാനമെന്നും സർക്കുലറിൽ പരാമർശിച്ചിരിക്കുന്ന ഷെഡ്യൂളിൽ പെട്ട മരങ്ങൾ സംരക്ഷിക്കണം എന്നാണു പറഞ്ഞിരിക്കുന്നതെന്നും മരങ്ങൾ സർക്കാരിന്റേത് എന്നു സർക്കുലറിൽ പരാമർശിച്ചിട്ടില്ലെന്നും ഇതു വ്യക്തമാക്കണമെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ നിർദേശിച്ചു. 1960 ലെ ഭൂപതിവു നിയമത്തിൽ സർക്കുലറിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നാണു വനം വകുപ്പ് ആവശ്യപ്പെട്ടതെങ്കിലും 1964 ലെ ഭൂപതിവു ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാൽ മതിയെന്ന നിലപാടാണു റവന്യു വകുപ്പ് സ്വീകരിച്ചത്.
അതേസമയം പട്ടയഭൂമിയിലെ മരം മുറിക്ക് അനുമതി നൽകുന്ന റവന്യു വകുപ്പിന്റെ വിവാദ സർക്കുലറും ഉത്തരവും പുറപ്പെടുവിച്ചത് നിയമ വകുപ്പും അറിയാതെ ആണെന്നതും ദുരൂഹത വർധിപ്പിക്കുന്നതാണ്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിന്റെ പേരിൽ തർക്കം ഉയർന്നപ്പോൾ മാത്രമാണു നിയമോപദേശം തേടിയത്. എന്നാൽ സർക്കാർ ഉത്തരവ്, സർക്കുലർ എന്നിവ പുറപ്പെടുവിക്കുന്നതിൽ നിയമവകുപ്പിന്റെ സൂക്ഷ്മ പരിശോധന ആവശ്യമില്ലെന്നാണ് ഇതുസംബന്ധിച്ച സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.
2020 ഒക്ടോബർ 24ന് റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ നിയമം തെറ്റായി വ്യാഖ്യാനിച്ചതായും തെറ്റുണ്ടെന്നും കണ്ടെത്തി. തുടർന്നാണു റദ്ദാക്കാൻ തീരുമാനിക്കുകയും ഫയൽ നിയമ സെക്രട്ടറിക്ക് അയയ്ക്കുകയും ചെയ്തത്. ഫയൽ പരിശോധിച്ച അന്നത്തെ നിയമസെക്രട്ടറി പി.കെ.അരവിന്ദ ബാബു ഉത്തരവിലെ അപാകതകൾ കണ്ടെത്തി, റദ്ദാക്കണമെന്നു രേഖപ്പെടുത്തി റവന്യു വകുപ്പിനു ഫയൽ കൈമാറി. ഇതു പരിശോധിച്ച അഡ്വക്കറ്റ് ജനറൽ സർക്കാർ ഉത്തരവു റദ്ദാക്കാൻ അനുമതിയും നൽകി. തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ ഉത്തരവു റദ്ദാക്കിയത്.
അതിനിടെ ഉത്തരവിന്റെ മറവിൽ സംസ്ഥാന വ്യാപകമായി മരംവെട്ട് നടന്നിട്ടുണ്ട്. ഇക്കാര്യത്തിൽ പലയിടത്തായി അന്വേഷണം മുറുകുകയാണ്. ഉടുമ്പൻചോല - ചിത്തിരപുരം റോഡ് നിർമ്മാണത്തിനിടെ അനുമതിയില്ലാതെ പൊതുമരാമത്ത് വകുപ്പും കരാറുകാരനും ചേർന്നു മരങ്ങൾ മുറിച്ച സംഭവത്തിൽ ഒന്നരക്കോടി രൂപയുടെ മരങ്ങൾ കടത്തിയെന്നു നിഗമനം. വിലപിടിപ്പുള്ള മരങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യ വാദം. 35,000 രൂപയുടെ മരങ്ങളാണ് കടത്തിയതെന്നായിരുന്നു ഔദ്യോഗിക കണക്ക്. ശാന്തൻപാറ ഓഫിസിനു കീഴിലുള്ള പൊന്മുടി സെക്ഷനിൽ നിന്നു മാത്രം പതിറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ നഷ്ടപ്പെട്ടതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ വീതം വിലവരുന്ന 18 മരങ്ങളാണ് മുറിച്ചുകടത്തിയത്. വനം വകുപ്പിന്റെ വിജിലൻസ് സംഘം ഇന്നു ദേവികുളം റേഞ്ചിൽ വിശദമായ പരിശോധനയ്ക്കെത്തിയേക്കും.
മരങ്ങൾ മുറിച്ചുകടത്തിയ ടിപ്പർ ലോറി അടിമാലിയിലെ പൊളിഞ്ഞപാലത്തുള്ള വർക്ഷോപ്പിൽ നിന്ന് ഇന്നലെ കണ്ടെത്തി. റോഡ് കരാറുകാരൻ കെ.എച്ച്.അലിയാരുടെ ഉടമസ്ഥതയിലുള്ള ലോറിയാണിത്. ലോറിയിൽ പൊതുമരാമത്ത് വകുപ്പിന്റെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ദേവികുളം റേഞ്ച് ഓഫിസർ ബി.അരുൺ മഹാരാജിന്റെ നേതൃത്വത്തിലുള്ള സംഘം കരാറുകാരന്റെ വീട്ടിലെത്തി. എന്നാൽ പുലർച്ചെ രക്തസമ്മർദം കൂടിയതിനെ തുടർന്ന് കരാറുകാരനെ പെരുമ്പാവൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നാണ് ബന്ധുക്കൾ അറിയിച്ചത്. തുടർന്നാണ് അടഞ്ഞുകിടന്ന വർക്ഷോപ്പിൽ നിന്നു വാഹനം പിടികൂടിയത്.
ഇടുക്കിയിലെ പട്ടയഭൂമിയിൽനിന്നു റിസർവ് മരങ്ങൾ വെട്ടിക്കടത്തിയ സംഭവത്തിൽ വനംവകുപ്പ് വിജിലൻസ് വിഭാഗം ജില്ലയിലെ വനംവകുപ്പ് ഓഫീസുകളിൽ പരിശോധന ആരംഭിച്ചു. 2020 മാർച്ച് മുതൽ മരംമുറിക്കാൻ അനുവദിച്ചിരിക്കുന്ന ഉത്തരവുകളാണ് പരിശോധിക്കുന്നത്. പട്ടയഭൂമിയിൽനിന്നു മരം മുറിക്കാനാണ് വനംവകുപ്പ് പാസ് നൽകിയത്. എന്നാൽ, റവന്യൂ പുറമ്പോക്കിൽനിന്നും റിസർവ് വനമേഖലയിൽനിന്നും മരങ്ങൾ വെട്ടിയിട്ടുണ്ട്. പാസ് പ്രകാരം കർഷകർ സമർപ്പിച്ച പട്ടയരേഖയിൽ കോടികളുടെ മരങ്ങളില്ല. അതിനാൽ വെട്ടിയ മരങ്ങളിൽ കൂടുതലും വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള റവന്യൂ പുറമ്പോക്ക് ഭൂമിയിൽനിന്നാണെന്ന് വിജിലൻസ് കണ്ടെത്തി.
അടിമാലി റെയ്ഞ്ചിൽനിന്ന് 40 ഉത്തരവ് നൽകിയിട്ടുണ്ട്. വില്ലേജ് ഓഫീസർമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാസ് നൽകിയതെന്ന് റെയ്ഞ്ച് ഓഫീസർമാർ മൊഴി നൽകിയിട്ടുണ്ട്. അടിമാലി റെയ്ഞ്ചിലെ മുക്കുടം സെക്ഷനിൽ വനപാലകർ നേരിട്ടെത്തി മരംമുറിക്കു ചുക്കാൻപിടിച്ചതിന് വിജിലൻസ് സംഘം റെയ്ഞ്ച് ഓഫീസറോട് വിശദീകരണം തേടി.
തൃശ്ശൂർ ജില്ലയിൽ പട്ടയഭൂമിയിലെ മരംമുറിക്കാനുള്ള പാസിന്റെ മറവിൽ വനഭൂമിയിലെ 500 മരങ്ങളും മുറിച്ചെന്ന വിവരത്തെത്തുടർന്ന് അന്വേഷണം തുടങ്ങി. ഇക്കാര്യം പിടിക്കപ്പെടാതിരിക്കാനാണ് മുറിച്ച മരങ്ങളുടെ കുറ്റി വ്യാപകമായി കത്തിക്കുന്നതെന്നാണ് വിലയിരുത്തൽ. മച്ചാട് റേഞ്ചിലെ അകമല സ്റ്റേഷൻ പരിധിയിലും പങ്ങാരപ്പിള്ളി എളനാട് സ്റ്റേഷൻ പരിധിയിലുമായി നാല്പതോളം കുറ്റികൾ കത്തിച്ചുകളഞ്ഞതായി കണ്ടെത്തിയിരുന്നു.
അകമല ആറ്റൂരിൽ ചപ്പുചവറുപയോഗിച്ചു് കുറ്റിമൂടി പഞ്ചസാര വിതറി ബ്ലോവർ ഉപയോഗിച്ചു വേരടക്കം കത്തിച്ചുകളഞ്ഞിട്ടുണ്ട്. അതുകൊണ്ട് തടി കണ്ടെടുത്താലും വനഭൂമിയിൽനിന്നു മുറിച്ചതാണെന്നു തെളിയിക്കാനോ കുറ്റിയുമായി തടിയുടെ അളവ് ഒത്തുനോക്കാനോ എളുപ്പത്തിൽ കഴിയില്ല. എളനാട്, പുലാക്കോട്, പാരിപ്പള്ളി, പരിയാരം മേഖലകളിൽനിന്നാണ് മരങ്ങൾ മുറിച്ചത്. ഉത്തരവ് റദ്ദാക്കിയതിനു ശേഷവും പാസ് നൽകിയിട്ടുണ്ടെന്നാണ് നിഗമനം. ഈ പാസുകൾ ഉപയോഗിച്ചും വ്യാപക മരംമുറി നടന്നു.
അതേസമയം വിവാദം മുറുകുമ്പോൾ മരംവെട്ട് ഉത്തരവിൽ റവന്യു വകുപ്പ് പ്രതിക്കൂട്ടിൽ അല്ലെന്നും എല്ലാ വകുപ്പുകൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും റവന്യു മന്ത്രി കെ.രാജൻ പ്രതികരിച്ചു. റവന്യു വകുപ്പിനു മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും വിഷയം ഇതുവരെ സിപിഐ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടി നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിക്കും. മന്ത്രി എ.കെ.ശശീന്ദ്രന്റെ പരസ്യ പ്രതികരണങ്ങളെപ്പറ്റി ഇപ്പോൾ പ്രതികരിക്കുന്നില്ല. കർഷകർക്കു വേണ്ടി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക് സദുദ്ദേശ്യപരമായി ഇറക്കിയ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. പൊതു ആവശ്യ പ്രകാരമാണ് ഉത്തരവിറക്കിയത്. പ്രശ്നം ഉത്തരവിന്റെയല്ല. നടന്നതു ദുർവ്യാഖ്യാനമാണ്. മരംവെട്ടു വിഷയത്തിൽ വനംറവന്യു വകുപ്പുകൾ തമ്മിൽ ഭിന്നതയില്ലെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ