- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ വാർത്ത നിരപരാധികളായ പൊലീസുകാർക്ക് തുണയായി; എസ്‌പി നേരിട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് റൈറ്ററുടെ കടുംകൈ; കുമ്പഴയിൽ ബാലികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചാടിപ്പോയ സംഭവത്തിൽ പത്തനംതിട്ട സ്റ്റേഷനിലെ റൈറ്റർ രവികുമാറിന് സസ്പെൻഷൻ
പത്തനംതിട്ട: കുമ്പഴയിൽ ബാലികയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രണ്ടാനച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുണ്ടായ സംഭവത്തിൽ പത്തനംതിട്ട സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റൈറ്റർക്ക് സസ്പെൻഷൻ. സീനിയർ സിവിൽ പൊലീസ് ഓഫീസർ കൂടിയായ രവികുമാറിനെയാണ് എസ്‌പി ആർ നിശാന്തിനി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പൊലീസ് അസോസിയേഷന്റെ നേതാവ് കൂടിയായ രവികുമാറിനെ രക്ഷിക്കാനുള്ള നീക്കം പൊളിച്ചത് ഇന്നലെ മറുനാടൻ പുറത്തു വിട്ട വാർത്തയാണ്. ലോക്കപ്പിലായിരുന്ന പ്രതി ചാടിപ്പോകാൻ കാരണം റൈറ്ററായ രവികുമാർ ആണെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിവരം സിസിടിവി പരിശോധിച്ചാൽ വ്യക്തമാകുമെന്നും വാർത്തയിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന് എസ്‌പി ആർ നിശാന്തിനി പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ നേരിട്ട് പരിശോധിച്ചു. ഇതിൽ നിന്ന് രവികുമാറിന്റെ കൃത്യവിലോപം സംബന്ധിച്ച് വ്യക്തമായ തെളിവു കിട്ടി.
പുറത്തെവിടെയോ പോയി മടങ്ങി വന്ന രവികുമാർ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സെല്ലിൽ കിടന്ന പ്രതിയെ പുറത്തിറക്കിയത്. ഇത്രയും ക്രൂരമായ ഒരു കൃത്യം ചെയ്ത പ്രതിക്ക് രണ്ട് ഇടി തന്റെ വക കൊടുക്കുക എന്ന ചേതോവികാരമായിരുന്നു രവികുമാറിന് ഉണ്ടായിരുന്നത്. സംഭവശേഷം കസ്റ്റഡിയിൽ എടുക്കുമ്പോൾ തന്നെ പ്രതി അക്രമാസക്തനായിരുന്നു.
ഇയാൾ ജീപ്പ് തകർക്കാനും പൊലീസുകാരെ ആക്രമിക്കാനും രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. മുൻകരുതൽ എന്ന നിലയിൽ ഇയാളെ സെല്ലിന്റെ ഇരുമ്പഴിയോട് വിലങ്ങിട്ട് ബന്ധിച്ചിരിക്കുകയായിരുന്നു. സെല്ലിൽ കടന്ന രവികുമാർ വിലങ്ങ് കമ്പിയിൽ നിന്ന് അഴിച്ച് തന്റെ കൈയിൽ പിടിച്ച് എസ്ഐയുടെ മുറിയിലേക്ക് പ്രതിയുമായി പോകുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. എസ്ഐയുടെ മുറിയിലെത്തിച്ച പ്രതിയെ രവികുമാർ മർദിക്കുകയും ചെയ്തു. മർദനം നടക്കുന്നതിനിടെയാണ് പ്രതി വിലങ്ങുമായി ഓടി രക്ഷപ്പെട്ടത്.
വധശിക്ഷ വരെ ലഭിക്കാൻ സാധ്യതയുള്ള പ്രതിയാണ് രക്ഷപ്പെട്ടത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു. മാത്രവുമല്ല, ക്രിമിനലായ പ്രതി നാടുവിട്ട് തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നുവെങ്കിൽ കണ്ടെത്താനും ബുദ്ധിമുട്ടാകുമായിരുന്നു. പ്രതിക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നില്ല. കേരളാ പൊലീസിന്റെ ഭാഗ്യം ഒന്നു കൊണ്ടുമാത്രമാണ് പ്രതി കുമ്പഴയിൽ നിന്ന് തന്നെ മണിക്കൂറുകൾക്കകം പിടിയിലായത്.
ശൗചാലയത്തിലേക്ക് പോകും വഴി പ്രതി ചാടിപ്പോയി എന്നൊരു വിശദീകരണമാണ് പൊലീസ് നൽകിയിരുന്നത്. രവികുമാറിനെ രക്ഷിക്കാനും ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ക്രൂശിക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണമായിരുന്നു ഇത്. വിവരം ചോർന്നു കിട്ടി മറുനാടൻ വാർത്തയാക്കിയതോടെ നുണക്കഥ പൊളിഞ്ഞു. എസ്‌പി ഇടപെടുകയും ചെയ്തു. ഇടത് ആഭിമുഖ്യമുള്ള പൊലീസ് അസോസിയേഷന്റെ നേതാവാണ് രവികുമാർ.
അതു കൊണ്ടു തന്നെ ഇയാളെ രക്ഷിക്കാൻ അസോസിയേഷനിലെ ചിലർ രംഗത്തുണ്ടായിരുന്നു. പുളിക്കീഴ് സ്റ്റേഷനിൽ നിന്ന് അടുത്ത കാലത്താണ് ഇയാൾ പത്തനംതിട്ടയിലേക്ക് വന്നത്. മാത്യു ടി. തോമസ് മന്ത്രിയായിരിക്കുമ്പോൾ ഗൺമാൻ ആയിരുന്നു. മദ്യലഹരിയിൽ കുഴപ്പമുണ്ടാക്കിയതിന് മുൻപും നടപടി നേരിട്ടുള്ളയാളാണ്. പ്രതി ചാടിപ്പോയ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകിയത് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പ്രതാപൻ നായരാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്